Advertisment

നാളുകള്‍ക്ക് മുമ്പാണ് നമ്മുടെ സുഹൃദ് രാജ്യം, അവരുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഒരു ഭീകരാക്രമണത്തിന് ഇരയായത്. ഇസ്‌ലാമോ ഫോബിയ ആയിരുന്നു അതിന്റെ പ്രചോദനം ; ഭീകരനും ഭീരുവുമായ ഒരു വികൃത ജന്തുവാണവരെ വെടിവെച്ചിട്ടത് ; മരിച്ചു വീഴുകയല്ല, കൊന്ന് തള്ളുകയാണ് , ഈ വിദ്വേഷത്തിനെതിരെ ഒന്നിച്ചു പോരാടിയേ തീരൂ’- ന്യൂസിലന്‍ഡ് ആക്രമണത്തില്‍ തീപ്പൊരിയായി കനേഡിയന്‍ പ്രധാനമന്ത്രി 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കാനഡ : ന്യൂസിലന്‍ഡ് ആക്രമണത്തില്‍ തീപ്പൊരിയായി കനേഡിയന്‍ പ്രധാനമന്ത്രി . പാര്‍ലമെന്റിലായിരുന്നു അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗം

Advertisment

publive-image

പ്രസംഗത്തിന്റെ പൂര്‍ണരൂപം ചുവടെ

ന്യൂസീലാന്‍ഡില്‍ പ്രയാസമനുഭവിക്കുന്ന മുഴുവന്‍ മനുഷ്യരോടുമുള്ള അഗാധമായ അനുശോചനം അറിയിക്കാന്‍ വേണ്ടിയാണ് ഞാനിന്നിവിടെ എഴുന്നേറ്റ് നില്‍ക്കുന്നത്.

നാളുകള്‍ക്ക് മുമ്പാണ് നമ്മുടെ സുഹൃദ് രാജ്യം, അവരുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഒരു ഭീകരാക്രമണത്തിന് ഇരയായത്. ഇസ്‌ലാമോ ഫോബിയ ആയിരുന്നു അതിന്റെ പ്രചോദനം. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുള്‍പ്പെടെ പ്രാര്‍ഥനാ നിരതരായിരുന്ന അമ്പത് പേര്‍ അതില്‍ വധിക്കപ്പെട്ടു. ഡസന്‍ കണക്കിനാളുകള്‍ക്ക് മുറിവേറ്റു. ഭീകരനും ഭീരുവുമായ ഒരു വികൃത ജന്തുവാണവരെ വെടിവെച്ചിട്ടത്.

ഞാന്‍ പ്രധാനമന്ത്രി ആര്‍ഡേണിനെ വിളിച്ച് കാനഡയുടെ അകം നിറഞ്ഞ പിന്തുണയും അനുകമ്പയും അറിയിച്ചിരുന്നു. ഒപ്പം ഈ ദുരന്ത മുഖത്ത് അവര്‍ കാണിക്കുന്ന സഹാനുഭൂതി നിറഞ്ഞ നേതൃ പാടവത്തെ അഭിനന്ദിക്കുകയും ചെയ്തു.

തങ്ങളുടെ ഉറ്റവരോടും ഉടയവരോടും ഒന്ന്! യാത്ര പറയാന്‍ പോലും ഇട കിട്ടാതെ വിട പറയേണ്ടി മാതാപിതാകളെയും സഹോദരീ സഹോദരന്മാരെയും സുഹൃത്തുക്കളെയും ഓര്‍ത്ത് നമ്മുടെ ഹൃദയം വിങ്ങുകയാണ്. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രവുമായി ചേര്‍ക്കപ്പെട്ട, വിദ്വേഷത്താല്‍ നിറക്കപ്പെട്ട ഒരു മനുഷ്യനാണവരുടെ പ്രിയപ്പെട്ടവരുടെ ജീവനെടുത്തത്.

മി.സ്പീക്കര്‍, പത്ത് ലക്ഷത്തിലേറെ മുസ്‌ലിങ്ങള്‍ സ്വതന്ത്രമായ, തുറന്ന ജനാധിപത്യമനുഭവിച്ചു കൊണ്ട് ജീവിക്കുകയും വളരുകയും ചെയ്യുന്ന അവരുടെ വീടാണ് കാനഡ. ആക്രമണ ഭീതിയില്ലാതെ, അവരവര്‍ തെരഞ്ഞെടുക്കുന്ന വിശ്വാസം പുലര്‍ത്തിക്കൊണ്ട് ജീവിക്കാനാവും വിധം ഈ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

കാനഡയിലും ന്യൂസിലന്‍ഡിലും ലോകത്തുടനീളവുവുമുള്ള മുസ്‌ലിം സുഹൃത്തുക്കളോട് പറയട്ടെ, നിങ്ങളുടെ വേദന ഞങ്ങള്‍ തൊട്ടറിയുന്നുണ്ട്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്. വരാനിരിക്കുന്ന പ്രയാസത്തിന്റെ നാളുകളില്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും.

ഖുര്‍ആന്‍ നമ്മളോട് പറയുന്നു: ‘കരുണാമയനായ ദൈവത്തിന്റെ യഥാര്‍ഥ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി ചരിക്കുന്നവരാകുന്നു. അവിവേകികള്‍ തര്‍ക്കിക്കാന്‍ വന്നാല്‍, അവര്‍ പറയും: ‘സലാം'(സമാധാനം നേരുന്നു ).’

ഒരുപക്ഷെ മത്തായിയുടെ സുവിശേഷത്തിലും ഈ ആശയം കേട്ടിട്ടുള്ളത് കൊണ്ടായിരിക്കാം നിങ്ങള്‍ക്കിത് പരിചിതമായി തോന്നുന്നത്. പ്രതികാരത്തെയും തിരിച്ചടിയെയും കുറിച്ചല്ല മറിച്ച് മറ്റേ കവിളും കൂടി കാണിച്ചു കൊടുക്കുന്നതിനെ കുറിച്ചാണ് അവിടെ സംസാരിക്കുന്നത്. നമ്മള്‍ ഒന്ന് കാര്യമായി പരിശോധിക്കുകയാണെങ്കില്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ സാധിക്കുന്നതിലുമെത്രയോ അപ്പുറം നമ്മളെ ചേര്‍ത്ത് നിര്‍ത്താന്‍ ശേഷിയുള്ള പാഠങ്ങള്‍ നമുക്ക് നമ്മുടെ വിശ്വാസങ്ങളില്‍ നിന്ന് തന്നെ കണ്ടെത്താന്‍ സാധിക്കും.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യുബക് നഗരത്തിലെ സ്റ്റെഫോയിലും ഇത് പോലെ ആറു നിരപരാധികളുടെ മരണത്തിനു ഞാന്‍ സാക്ഷിയായിട്ടുണ്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ ഇരകളെ പോലെ തന്നെ അന്നും പിതാക്കളും സഹോദരന്മാരും മക്കളുമൊക്കെ നമസ്‌കാരത്തിനിടയില്‍ വെടിയേറ്റ് വീഴുകയായിരുന്നു. അവരുടെ ദുഖത്തില്‍ ഞാന്‍ പങ്ക് ചേരുകയുണ്ടായി. ഇത്തരമൊരു വിദ്വേഷം അവരുടെ സമൂഹത്തെ സ്പര്‍ശിക്കുമെന്ന് അവര്‍ക്ക് വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല.

മി.സ്പീക്കര്‍ , സ്റ്റെഫോയിലും ക്രൈസ്റ്റ് ചര്‍ച്ചിലും ഉണ്ടായത് പോലുള്ള ദുരന്തങ്ങള്‍ പലതവണ നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രാഷ്ട്രങ്ങള്‍ അരാജകത്വവുമായും കലാപങ്ങളുമായും മല്‍പിടുത്തം നടത്തേണ്ടി വന്നതിനെ കുറിച്ച വാര്‍ത്തകള്‍ തലക്കെട്ടുകളായിട്ടുണ്ട്. കൂട്ട വെടിവെപ്പുകള്‍, വിശ്വാസത്തിന്റെ പേരിലുള്ള അരും കൊലകള്‍, ഭീകരാക്രമണങ്ങള്‍ . അങ്ങിനെ പലതും.

ഇതില്‍ ലോക നേതാക്കള്‍ക്ക് കൂടി ഉത്തരവാദിത്തമുണ്ടെന്നത് ലജ്ജാകരവും ദുഖകരവുമാണ്. മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടി അധിക കാലം ഈ ഉത്തരവാദിത്തത്തെ നമുക്ക് അവഗണിക്കാനാവില്ല. കാരണം രോഷം ഉള്ളിലൊതുക്കി കഴിയുന്നവര്‍ക്ക് മുമ്പത്തെ അപേക്ഷിച്ച് വലിയ പ്ലാറ്റ്‌ഫോമുകള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്.

വിഷലിപ്തമായ പദപ്രയോഗങ്ങള്‍ മുഖ്യധാരയിലേക്ക് ഇടിച്ചു കയറിയിരിക്കുന്നു. അത് ചിലപ്പോള്‍ സെമിറ്റിക് വിരുദ്ധമാകാം, ഇസ്‌ലാം ഫോബിക്കാകാം.അല്ലെങ്കില്‍ കറുത്തവര്‍ക്കെതിരെയുള്ളതോ പാരമ്പര്യ വിരുദ്ധമോ സ്ത്രീ വിരുദ്ധമോ സ്വവര്‍ഗ വിരുദ്ധമോ ഒക്കെ ആകാം.

ഇത്തരം ശൈലീ പ്രയോഗങ്ങള്‍ അത്യന്തം അപകടവും ഹീനവും വെറുപ്പുളവാക്കുന്നതുമാണ്. ഓണ്‍ ലൈന്‍ ലോകത്ത് ജീവിച്ചു പഴുത്ത് വ്രണമാവുന്ന ഇവ പിന്നീട് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉളവാക്കിക്കൊണ്ട് വസ്തുതാ ലോകത്തേക്ക് വമിച്ചിറങ്ങുകയാണ് ചെയ്യുന്നത്.

കൊലപാതകം അക്രമം, ആരാധനനാലയങ്ങളുടെ മുഖം വികൃതമാക്കല്‍, ഓണ്‍ ലൈന്‍ അധിക്ഷേപങ്ങള്‍ തുടങ്ങിയ രീതികളിലൊക്കെ നമുക്കത് കാനഡയിലും കാണാം.

പൂര്‍ണ ബോധ്യത്തോടെ വിദ്വേഷ നിലപാടുകളെ തള്ളിപ്പറയുന്നതില്‍ നാം പരാജയപ്പെട്ടാല്‍ അത്തരക്കാരെ ശക്തിപ്പെടുത്തലും അവരുടെ അതിക്രമങ്ങളെ ശരിവെക്കലുമായിരുക്കും അത്.

മി.സ്പീക്കര്‍ വര്‍ഷങ്ങളായി നോക്കിയാല്‍ ലോകത്തുടനീളം മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായാണ് കാണുന്നത്. അത് കൊണ്ട് തന്നെ അനേകം കുടുംബങ്ങള്‍ അഭയം തേടി കാനഡ, യു.എസ് തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തെത്തുന്നു. അവരുടെ പുതിയ വീടുകളിലെങ്കിലും സുരക്ഷിത ജീവിതം നല്‍കണേ എന്നാണവര്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നത് . വിശ്വാസത്തിന്റെ പേരില്‍ വെട്ടയാടപ്പെടാത്ത ഒരഭയ കേന്ദ്രം തങ്ങളുടെ മക്കള്‍ക്കെങ്കിലും ലഭ്യമാകുമെന്നവര്‍ പ്രതീക്ഷിക്കുന്നു.

പക്ഷെ ദുഖകരമെന്ന് പറയട്ടെ മി. സ്പീക്കര്‍. സ്വന്തം നാടുകളിലെ സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷ തേടി പുതിയ തീരങ്ങളിലെത്തുന്ന ഇവര്‍ക്ക് പുതിയ രീതിയിലുള്ള മറ്റ് അതിക്രമങ്ങളെയാണ് നേരിടേണ്ടി വരുന്നത്. കുടിയേറ്റ വിരുദ്ധ വിദ്വേഷം, വലത് പക്ഷ തീവ്ര വാദം, വെള്ള ദേശീയത, നിയോ നാസി ഭീകരത തുടങ്ങിയ പലരീതികളിലും.

ലോറിയെറും ദീഫെന്‍ ബെക്കെറും എന്റെ പിതാവുമൊക്കെ നേതൃത്വം നല്‍കിയ രാജ്യമാണു കാനഡ. അവരൊക്കെ വിജയകരമായി ന്യൂന പക്ഷ അവകാശങ്ങള്‍ ഉറപ്പു വരുത്തുകയും നമ്മുടെ ഏറ്റവും വലിയ കരുത്തായി വൈവിധ്യത്തെ മുന്നോട്ട് വെക്കുകയും ചെയ്ത ഇവിടെയും ഇത്തരം വിദ്വേഷക്കൂട്ടങ്ങള്‍ സജീവമായിരിക്കുന്നു. അങ്ങിനെയൊക്കെ ആണെങ്കിലും രാജ്യത്തെ വലിയൊരു വിഭാഗം രാജ്യത്തേക്ക് വരുന്നവരെ ഇരു കയ്യും നീട്ടി സ്വീകരിക്കുമ്പോഴും മറ്റൊരു ചെറിയൊരു വിഭാഗം വൈവിധ്യ പൂര്‍ണത ഒരു ദൗര്‍ബല്യമാണെന്ന് പ്രചരിപ്പിക്കുന്നു.

വിരോധാഭാസം എന്താണെന്ന് വെച്ചാല്‍, ഇത്തരക്കാര്‍ ഐസിസ് , അല്‍ ഖായിദ, ബോകോ ഹറം തുടങ്ങിയവരെ എതിര്‍ക്കുന്നു എന്നാണവകാശപ്പെടുന്നത്. അതെ സമയം തന്നെ കടുത്ത വിദ്വേഷം പുറന്തള്ളുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും നിരപരാധികളെ കൊല്ലുകയും ചെയ്യുന്ന കാര്യത്തില്‍ അതേ നയം പിന്തുടരുന്നു. അക്കാര്യത്തില്‍ ആ ഗ്രൂപ്പുകളെക്കാള്‍ ഒട്ടും പുറകിലല്ല ഇവരും.

മി.സ്പീക്കര്‍, രാഷ്ട്രീയക്കാര്‍ ഈ വിദ്വേഷ പ്രചാരകരെ തള്ളിപ്പറയുന്നില്ലെന്നത് മാത്രമല്ല പ്രശ്‌നം; പല കേസുകളിലും ഇത്തരക്കാരുമായി സജീവ ബാന്ധവം പുലര്‍ത്തുന്നു എന്നത് കൂടിയാണ്.ലോക നേതാക്കളോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും നമുക്കൊന്നേ പറയാനുള്ളൂ. തീവ്ര വാദ ആശയങ്ങളുമായി ചേര്‍ന്നു കൊണ്ടുള്ള ജനവഞ്ചക രാഷ്ട്രീയം അവസാനിപ്പിക്കണം.

ജനങ്ങള്‍ വെറുതെ മരിച്ചു വീഴുകയല്ല. അവരെ കൊന്ന് തള്ളുകയാണ്. അച്ഛനമ്മമാര്‍ അവരുടെ കുടുംബങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെടുകയാണ്. കളിച്ച് നടക്കുന്ന നിഷ്‌കളങ്ക ബാല്യങ്ങളെ പോലും ഒരു മടിയുമില്ലാതെ വെടിവെച്ച് വീഴ്ത്തുന്നു. അമ്പലങ്ങള്‍, ജൂത ക്രിസ്ത്യന്‍ മുസ്‌ലിം പള്ളികള്‍, എവിടെയും പ്രതിരോധിക്കാന്‍ പോലുമാവാതെ ആളുകള്‍ കൊല്ലപ്പെടുന്നു. കാനഡയില്‍ മാത്രമല്ല ലോകത്തുടനീളം.

പ്രതികരണം എപ്പോഴും ഒന്ന് തന്നെ. തലക്കെട്ടുകള്‍ കണ്ട് നമ്മളൊന്ന് ഞെട്ടി വിറക്കും. കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് അച്ഛനമ്മമാര്‍ സമാധാനിക്കും ദൈവമേ ഞങ്ങള്‍ക്കൊന്നും പറ്റിയില്ലല്ലോ എന്ന്.

രാഷ്ട്രീയക്കാരെല്ലാം ചുറ്റും കൂടും. നമ്മള്‍ അനുശോചനം രേഖപ്പെടുത്തും. എല്ലാം ശരിയാവുമെന്ന് പറയും. ഇത്തരം വിദ്വേഷങ്ങള്‍ ഇനി ഒരിക്കലും വളര്‍ന്ന് വഷളാവാന്‍ അനുവദിക്കില്ലെന്ന് പറയും. എന്നിട്ട് തീയും പുകയും കെട്ടടങ്ങിയാല്‍ നാം പുറം തിരിയും. അധിക്കാരക്കൊതി തീര്‍ക്കാനുള്ള കുറച്ച് വോട്ടുകള്‍ കൈക്കലാക്കാനുള്ള രാഷ്ട്രീയക്കളികളിലേക്ക് നമ്മള്‍ മടങ്ങും. മറ്റാരെയെങ്കിലും ബലിയാടാക്കി അണികളെ സുഖിപ്പിക്കും. അങ്ങനെ ഒരു നൊടിയിട കൊണ്ട് ഈ കൊടും പാപത്തിനു നമ്മള്‍ നിയമ സാധുത നല്‍കും.

മി. സ്പീക്കര്‍, ഈ വിദ്വേഷത്തെയും അതുറക്കെ പറയാനുള്ള നമ്മുടെ വൈമനസ്യത്തെയും വെളിച്ചത്ത് കൊണ്ട് വരാന്‍ വേണ്ടിയാണ് ഞാനിന്നിവിടെ എഴുന്നേറ്റ് നില്‍ക്കുന്നത്. നേതാക്കള്‍ എന്ന നിലയില്‍, അധികാരവും അണികളുമുള്ള ചുരുക്കം ഭാഗ്യവാന്മാരെന്ന നിലയില്‍ എന്തെങ്കിലും ചിലത് ചെയ്യാനുള്ള ഉത്തര വാദിത്തം നമുക്കുണ്ട്. ഈ ഉത്തര വാദിത്തംവിലപേശി വില്‍ക്കാനുള്ളതല്ല. രാഷ്ട്രീയ സൗകര്യങ്ങള്‍ക്കനുസരിച്ച് കൂട്ടുകയും കുറക്കുകയും ചെയ്യാവുന്ന ഒന്നല്ല അത്.

ഇത്തരം വിദ്വേഷ വീക്ഷണ ഗതികളോട് രാജിയാവുക എന്നത് തികച്ചും തെറ്റായ ഒരു തെരഞ്ഞെടുപ്പായിരിക്കും. ഈ വിദ്വേഷ പ്രവണതകളെ നമ്മുടെ പാര്‍ട്ടികളില്‍ നിന്ന് തുരത്തി ഓടിക്കണം. പൊതുവേദികളില്‍ തള്ളിപ്പറയണം. നമ്മുടെ വാതില്‍ക്കലെത്തിയാല്‍ തള്ളി മാറ്റണം.

വെറുപ്പും വിദ്വേഷവും പാകം ചെയ്‌തെടുക്കപ്പെടുമ്പോള്‍ മൗനത്തിന്റെ പുറകിലൊളിക്കുന്നത് അങ്ങേറ്റം ഭീരുത്വം നിറഞ്ഞ കുറ്റകൃത്യമാണ്.

മി.സ്പീക്കര്‍, വര്‍ഷങ്ങളും ദശാബ്ദങ്ങളും കടന്ന് പോകവെ എത്രയോ മനുഷ്യരെയും രാജ്യങ്ങളേയും ഓര്‍ത്ത് നമുക്ക് സങ്കടപ്പെടേണ്ടി വരുന്നു. കാര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് നാം പ്രതിജ്ഞയെടുക്കുന്നു. എന്നിട്ടെന്ത്. അത് തന്നെ ആവര്‍ത്തിക്കുന്നു. നേതാക്കള്‍ വിദ്വേഷം ചൂഷണം ചെയ്യാനുള്ള വികാരമാണെന്ന് തീരുമാനിക്കുന്നു. അടക്കാനാവാത്ത രോഷത്തിന്റെ പിന്‍ബലത്തില്‍ അധികാരസ്ഥാനള്‍ കയ്യടക്കുകയും ചെയ്യുന്നു. ഒരു സമുദായമെന്ന നിലയില്‍, ആഗോള സമൂഹമെന്ന നിലയില്‍, മനുഷ്യരെന്ന നിലയില്‍ നമുക്ക് ഒരു പാഠവും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലേ?

സത്യമായും പറയട്ടെ, ഞാന്‍ തളര്‍ന്നിരിക്കുന്നു. നമ്മുടെ ഈ ‘ നന്മ നേരലും പ്രാര്‍ഥനയും’ നടത്തി ഞാന്‍ തളര്‍ന്നു. പക്ഷ , ഞാന്‍ ഇത്ര തളര്‍ന്നിരിക്കുകയാണെങ്കില്‍, ദിവസം തോറും ഇത്തരം അതിക്രമങ്ങള്‍ക്കിരയായിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍ എന്തായിരിക്കും അനുഭവിക്കുന്നുണ്ടാവുക എന്നെനിക്കൂഹിക്കാന്‍ പോലും പറ്റുന്നില്ല.

ലോകത്തെല്ലായിടത്തും കൂട്ടക്കൊലകള്‍ കണ്ട് ജനങ്ങള്‍ക്ക് മതിയായിരിക്കുന്നു. അവരവരുടെ സമൂഹങ്ങള്‍ ദുരന്തത്തിനിരയാവുമ്പോള്‍ സുഹൃത്തുക്കളെയും അയല്വാസികളെയും ആശ്വാസിപ്പിക്കാനവരെത്തുന്നു. കാര്യമായ ഒരു നിലപാടുമെടുക്കാത്ത അവരുടെ നേതാക്കളോടവര്‍ക്ക് അടക്കാനാവാത്ത രോഷമുണ്ട്. ജനങ്ങള്‍ കാവല്‍ നില്‍ക്കാന്‍ തയാറായി മുന്നോട്ട് വരുന്നു. നടപടികള്‍ക്കായി മുറവിളി കൂട്ടുന്നു. നമ്മളാണ് മോശക്കാര്‍.

നമ്മുടെ നേതാക്കള്‍ നിരന്തര പരാജയമാണെന്ന് ജനങ്ങള്‍ കാണിച്ച് തന്നു കൊണ്ടിരിക്കുന്നു.

രാഷ്ട്രീയക്കാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പറയാറുണ്ടല്ലോ’ ഇത് രാഷ്ട്രീയം പറയാനുള്ള നേരമല്ല പകരം ദുരിത ബാധിതര്‍ക്ക് നാം ഖേദവും പിന്തുണയും നല്‍കലാണാവശ്യം’ എന്നൊക്കെ. വെറും പ്രഹസനമാണതെന്നാണ് ഞാന്‍ കരുതുന്നത്. അതാണ് രാഷ്ട്രീയം സംസാരിക്കേണ്ട യഥാര്‍ത്ഥ സന്ദര്‍ഭം. ജനങ്ങളെ പിന്തുണക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവര്‍ക്കൊരു പ്രശ്‌നം ഉണ്ടെന്നംഗീകരിക്കലാണ്. അത് പരിഹരിക്കാനുള്ള കൃത്യമായ നടപടികളെടുക്കലുമാണ്.

മി.സ്പീക്കര്‍, നമ്മള്‍ ഏറ്റവും ശരിയായ കാര്യങ്ങള്‍ ചെയ്യുമോ? അല്ലെങ്കില്‍ പൂഴിയില്‍ മുഖം പൂഴ്ത്തിക്കളയുമോ? എങ്കില്‍ നമുക്ക് ഒടുവില്‍ കൈകളില്‍ മുഖം പൂഴ്‌ത്തേണ്ടി വരും.

നമ്മളെത്ര മാത്രം വഴി തെറ്റിപ്പോയിരിക്കുന്ന എന്നതിന്റെ ഉദാഹരണമാണ് ന്യൂസിലന്‍ഡ്. പക്ഷെ അമ്പത് പേരുടെ മരണത്തില്‍ നിന്ന് നമുക്ക് പാഠം പഠിക്കാതിരിക്കാനാവില്ല. നമ്മളിപ്പോള്‍ സഞ്ചരിക്കുന്ന വഴി അപകടകരമാണ്. ഒട്ടും നിലനില്‍പ്പില്ലാത്തതും. നേതാക്കളുടെ പിന്‍ബലമില്ലാതെ ജനങ്ങള്‍ ഇതിനോട് ഒറ്റക്ക് പൊരുതി തളര്‍ന്നിരിക്കുന്നു.

പക്ഷെ നമുക്ക് ഇപ്പോള്‍ ഇവിടെ ഒരു നിലപാടെടുക്കാന്‍ കഴിയും. ഇനി മതി എന്ന് നാം പ്രഖ്യാപിക്കണം. ആരെയും പേടിക്കാതെ, ഭയവും സംഘര്‍ഷവും പരത്തി വിടുന്ന നാളുകള്‍ കഴിഞ്ഞിരിക്കുന്നു. നമ്മളിതിന് ക്രൈസ്റ്റ് ചര്‍ച്ചിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളോടും. നമ്മോട് തന്നെയും.

നമ്മളെ പോലെ ചിന്തിക്കുന്ന എല്ലാ രാജ്യങ്ങളോടും ഈ പോരാട്ടത്തില കാനഡയോടൊപ്പം ചേരാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു.

ലോകത്തെങ്ങുമുള്ള നമ്മുടെ സഹ രാഷ്ട്രങ്ങളോട് ഞാന്‍ പറയട്ടെ, വംശീയതക്കും അസഹിഷ്ണുതക്കും എതിരെയുള്ള പോരാട്ടം കനത്ത പോരാട്ടം തന്നെയാണ്. പക്ഷെ നമുക്കത് മാറ്റിവെക്കാനാവില്ല. എനിക്കറിയാം. നമുക്ക് മാറ്റങ്ങളുണ്ടാക്കാനാവും.

മി.സ്പീക്കര്‍, ചീത്ത മനുഷ്യരേക്കാള്‍ കൂടുതല്‍ നല്ല മനുഷ്യര്‍ ഈ ലോകത്തുണ്ട്. വെളിച്ചം ഇരുട്ടിനു മേല്‍ പ്രകാശിക്കുന്നുണ്ട്. നന്മ തിന്മയെ അതിജയിച്ചു നില്‍ക്കുന്നുണ്ട്. ദുരന്തമുഖത്ത് ജാഗ്രതയോടെ ഒന്നിച്ച മനുഷ്യരില്‍ നമുക്കത് കാണാം. ആരാധനാലയങ്ങള്‍ക്ക് ചുറ്റും കൈ കോര്‍ത്ത് കാവല്‍ നിന്ന മനുഷ്യരില്‍ നമുക്കത് കണ്ടെടുക്കാം. ഈ പോരാട്ടം സുപ്രധാനമാണ്.

നമ്മളീ വിദ്വേഷത്തോട് ഒന്നിച്ച് നിന്ന് പോരാടിയേ തീരൂ. നമുക്കതിനു കഴിയും. നാമത് ചെയ്യും.

Advertisment