Advertisment

വിവാഹം കഴിക്കണമെങ്കില്‍ മതവും വരുമാനവും വെളിപ്പെടുത്തണം: നിയമ നിര്‍മ്മാണത്തിനൊരുങ്ങി അസം

New Update

ഡല്‍ഹി: വിവാഹം കഴിക്കണമെങ്കില്‍ വരനും വധുവും അവരുടെ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങി അസമിലെ ബിജെപി സര്‍ക്കാര്‍. ലൗജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ പരസ്യ പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് അസം സര്‍ക്കാരിന്റെ ഈ നീക്കം.

Advertisment

publive-image

വിവാഹം നടക്കുന്നതിന് ഒരു മാസം മുമ്പ് ഔദ്യോഗികമായി വരനും വധുവും ഈ വിവരങ്ങള്‍ നല്‍കണമെന്ന നിയമത്തിനാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിയമം ലൗ ജിഹാദിന് എതിരെയല്ലെന്നും എന്നാല്‍ മധ്യപ്രദേശില്‍ ശുപാര്‍ശ ചെയ്തതിനും ഉത്തര്‍പ്രദേശില്‍ പാസാക്കിയതിനും സമാനമാണെന്നും അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

നിയമം എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബാധകമാണ്. വിവാഹത്തില്‍ സുതാര്യത ഉറപ്പാക്കുന്നതോടെ അത് നമ്മുടെ സഹോദരിമാരെ ശാക്തീകരിക്കുമെന്നാണ് മന്ത്രിയുടെ വാദം. മതം മാത്രമല്ല അവരുടെ വരുമാന മാര്‍ഗവും വെളിപ്പെടുത്തണം. ഒരേ മതത്തില്‍പ്പെട്ടവര്‍ വിവാഹം കഴിച്ചതിനുശേഷം ഭര്‍ത്താവ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണെന്ന് കണ്ടെത്തിയ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ശര്‍മ്മ പറയുന്നു.

വിവാഹത്തിന് ഒരു മാസം മുമ്പ് മതം, വരുമാനം, ജോലി, സ്ഥിര മേല്‍വിലാസം എന്നിവ വെളിപ്പെടുത്തുന്ന രേഖ സര്‍ക്കാരിന് നല്‍കണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അസം മന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സര്‍ക്കാരിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. സമൂഹ മാധ്യമങ്ങള്‍ ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് നേരത്തെ ശര്‍മ്മ ആരോപിച്ചിരുന്നു.

ലൗജിഹാദ് സാംസ്കാരിക ആക്രമണമാണെന്നും ഇത്തരത്തില്‍ വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് പിന്നീട് തലാഖ് നേരിടേണ്ടി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

assam govt
Advertisment