Advertisment

അമ്മായിഅമ്മയ്ക്ക് വരനെ തേടുന്ന മരുമകള്‍; വേറിട്ട കഥയുമായി 'മനംപോലെ മംഗല്യം' സീ കേരളത്തില്‍ ഉടന്‍...

New Update

publive-image

Advertisment

കൊച്ചി: മലയാളത്തിലെ വിനോദ ടിവി പ്രേക്ഷകര്‍ക്കൊപ്പം രണ്ടാം വാര്‍ഷികം ആഘോഷിച്ച സീ കേരളം പുതുമകളോടെ മറ്റൊരു സീരിയല്‍ കൂടി ആരംഭിക്കുന്നു. പതിവു അമ്മായിയമ്മ-മരുമകള്‍ പ്രമേയങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന പുതുമയുള്ള കഥയുമായി 'മനംപോലെ മംഗല്യം' സീരിയല്‍ ഉടന്‍ പ്രേക്ഷകരിലെത്തും.

മികച്ച സ്വഭാവ നടിക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയ സ്വാസിക ഈ പരമ്പരയിലെ മുഖ്യവേഷത്തിലൂടെ വീണ്ടും മലയാള ടിവി പ്രേക്ഷകരിലേക്ക് തിരിച്ചെത്തുന്നു.

നിള എന്ന മരുമകളായാണ് സ്വാസിക വേഷമിടുന്നത്. മീര എന്ന അമ്മായിയമ്മയായി 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മീര നായര്‍ എത്തുന്നു. 'ക്ഷണക്കത്ത്' എന്ന സിനിമയിലൂടെ രംഗത്തുവന്ന യുവനടന്‍ നിയാസ് മുസ്ലിയാര്‍ അരവിന്ദ് രാജ് എന്ന നായക കഥാപാത്രമായി വേഷമിടുന്നു. പുരോഗമനവാദിയായ മീരയുടെ യാഥാസ്ഥിതികനായ മകന്‍ നിഖില്‍ ആയി എത്തുന്നത് നടന്‍ ശ്രീകാന്താണ്.

അമ്മായിയമ്മ-മരുമകള്‍ പതിവു ബന്ധത്തെ പുനര്‍നിര്‍വചിച്ച് പുതിയൊതു ചിന്താധാരയ്ക്ക് വഴിതെളിക്കുന്നതാണ് ഈ പരമ്പരയുടെ പ്രമേയം. പ്രേക്ഷകരെ ഗുണപരമായി സ്വാധീനിക്കാന്‍ ഈ കഥയ്ക്കു കഴിയുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

പതിവു കഥാപാത്ര രീതികളെ പൊളിച്ചെഴുതുന്ന പുതിയൊരു കാഴ്ചാനുഭവമായിരിക്കും മനംപോലെ മംഗല്യം നല്‍കുന്നത്. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന പരമ്പര ഈ മാസം തന്നെ സീ കേരളത്തില്‍ കണ്ടു തുടങ്ങാം.

zee keralam
Advertisment