Advertisment

സൊറാബ്ദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ ലാഭമുണ്ടാക്കിയത് അമിത് ഷാ; വെളിപ്പെടുത്തലുമായി മുൻ സിബിഐ ഓഫീസർ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

Advertisment

സൊറാബ്ദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ നേട്ടമുണ്ടാക്കിയത് അമിത് ഷായെന്ന് വെളിപ്പെടുത്തലുമായി മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍. സൊറാബ്ദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ നടക്കുമ്പോള്‍ അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായ്ക്ക് വൻ സാമ്പത്തിക നേട്ടം ഉണ്ടായതായി മുൻ സിബിഐ സൂപ്രണ്ട് അമിതാഭ് താക്കൂറാണ് വെളിപ്പെടുത്തിയത്. 2005 നവംബറിൽ നടന്ന സൊറാബ്ദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ സംഭവത്തിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അമിതാഭ് താക്കൂര്‍. രാഷ്ട്രീയപരമായും സാമ്പത്തികമായും അമിത് ഷാ മുതലെടുപ്പ് നടത്തിയെന്നാണ് അമിതാഭിന്റെ ആരോപണം.

അമിത്ഷായെ കൂടാതെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ മുൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഡി.ജി. വൻസാര, ഉദയ്പൂർ മുൻ സൂപ്രണ്ട് ഓഫ് പൊലീസ് ദിനേഷ് എം.എൻ., അഹമ്മദാബാദ് മുൻ പൊലീസ് സൂപ്രണ്ട് രാജ്കുമാർ പാണ്ഡ്യൻ, അഹമ്മദാബാദ് മുൻ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് അഭയ് ചഡാസ്മ എന്നിവരും ഈ കേസിൽ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും അമിതാഭ് താക്കൂർ വെളിപ്പെടുത്തി.

അഹമ്മദാബാദിലെ പ്രമുഖ കെട്ടിട നിര്‍മാതാക്കളായ  പട്ടേൽ സഹോദരങ്ങളിൽ നിന്ന് അമിത് ഷാ എഴുപത് ലക്ഷം രൂപ കൈപ്പറ്റിയതായും അമിതാഭ് താക്കൂർ  വെളിപ്പെടുത്തുന്നു. പണം കൊടുത്തില്ലെങ്കിൽ രൂക്ഷമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് പട്ടേൽ സഹോദരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അമിതാഭ് താക്കൂർ കൂട്ടിച്ചേര്‍ത്തു.

സൊറാബ്ദീനെ വധിച്ച സംഭവത്തിൽ യാതൊരു വിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലായിരുന്നും അമിതാഭ് താക്കൂര്‍ വിശദമാക്കി. എന്നാൽ കേസിൽ വിചാരണ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് യാതൊരു സാമ്പത്തികലാഭവും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അമിതാഭ് വൻസാരേയ്ക്ക് പട്ടേൽ‌ സഹോദരങ്ങളിൽ നിന്ന് അറുപത് ലക്ഷം രൂപ ലഭിച്ചെന്നും വ്യക്തമാക്കി.

കേസില്‍ നിലവില്‍  പ്രതി ചേർത്തിരിക്കുന്ന ഇരുപത് പേർ വൻസാരെ, പാണ്ഡ്യൻ, ദിനേഷ്, ചഡാസ്മ എന്നീ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഇവരെ കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു.

2005 നവംബറിലാണ് സൊറാബ്ദീൻ ഷേക്കും ഭാര്യ കൗസർബിയും വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ നിന്ന് ബസ്സിൽ യാത്ര ചെയ്ത ഇവരെ ബസ്സ് തടഞ്ഞു നിർത്തി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടിയിൽ വെടിവച്ച് കൊന്നു എന്നായിരുന്ന പൊലീസ് ഭാഷ്യം. ഇതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

Advertisment