Advertisment

എ.ഐ ഉപയോഗിച്ചു സ്മാര്‍ട്ടായി ക്ലാസെടുക്കാന്‍ ജില്ലയില്‍ 4510 അധ്യാപകര്‍ക്കു പരിശീലനം. ഇമേജ് ജനറേഷന്‍ മുതല്‍ എ.ഐ ഉപയോഗിച്ചു സ്വന്തം അവതാര്‍ നിര്‍മ്മിക്കാന്‍ വരെ അധ്യാപകരെ പ്രാപ്തരാക്കും. പരിശീലനം ഒരുക്കുന്നത് കൈറ്റിന്‍റെ നേതൃത്വത്തില്‍

New Update
teachers with ai

കോട്ടയം: എ.ഐ ഉപയോഗിച്ചു സ്മാര്‍ട്ടായി ക്ലാസെടുക്കാന്‍ ജില്ലയില്‍ 4510 അധ്യാപകര്‍ക്കു പരിശീലനം. എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കാണ് ഓഗസ്റ്റ് മാസം വരെ നീണ്ടു നല്‍ക്കുന്ന പരിശീലനം ജില്ലയില്‍ ആരംഭിച്ചിരിക്കുന്നത്.

Advertisment

എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ 5 കേന്ദ്രങ്ങളിലായാണു നടക്കുന്നത്.

എ.ഐ. ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ കൈറ്റ് നല്‍കിയ ജിസ്യൂട്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കും. അതുപോലെ സ്ഥിരമായി കുറച്ച് എ.ഐ. ടൂളുകള്‍ മാത്രം ഉപയോഗിക്കുന്നതിനു പകരം കൈറ്റിന്റെ വിദഗ്ദ്ധ സമിതി പരിശോധിച്ചു നിര്‍ദേശിക്കുന്ന എ.ഐ. ടൂളുകളായിരിക്കും അതത് സമയങ്ങളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്.

ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്‌സുകള്‍ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകര്‍ക്ക് അവസരം നല്‍കും.

എ.ഐ. ഉപയോഗിച്ചു പ്രസന്റേഷനുകള്‍, അനിമേഷനുകള്‍ തുടങ്ങിയവ തയ്യാറാക്കാനും ലിസ്റ്റുകള്‍, പട്ടികകള്‍, ഗ്രാഫുകള്‍, ചാര്‍ട്ടുകള്‍ തുടങ്ങിയവ നമ്മുടെ ആവശ്യത്തിനനുസരിച്ചു നിര്‍മ്മിക്കാനും, കസ്റ്റമൈസ് ചെയ്യുന്നതും പരിചയപ്പെടുത്തും. ഒപ്പം എ.ഐ. സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന മൂല്യനിര്‍ണയത്തിനെക്കുറിച്ചും അധ്യാപകര്‍ക്കു പരിശീലനം നല്‍കും. ഇതിലൂടെ അധ്യാപകര്‍ക്കു യൂണിറ്റ് ടെസ്റ്റുകള്‍ മുതല്‍ വിവിധ ചോദ്യമാതൃകകള്‍ തയ്യാറാക്കാന്‍ അവസരം ലഭിക്കും.

നിര്‍മ്മിതബുദ്ധിയുടെ അപകടങ്ങള്‍ തിരിച്ചറിയാനും ഉത്തരവാദിതത്തെത്തോടെയുള്ള ഉപയോഗം തിരിച്ചറിയാനും അധ്യാപകരെ പര്യാപ്തമാക്കിക്കൊണ്ടു നടത്തുന്ന പരിശീലനത്തിന്റെ അവസാന ഭാഗത്ത് സ്വന്തം അവതാര്‍ നിര്‍മ്മിച്ച് ഡീപ്പ്‌ലേക്ക് എന്താണെന്നു മനസിലാക്കാനും, സ്വകാര്യത, അല്‍ഗൊരിതം പക്ഷപാതിത്വം തുടങ്ങിയവ മനസിലാക്കാനും അധ്യാപകര്‍ക്ക് അവസരം ലഭിക്കും.  

മെയ് മാസത്തില്‍ കൂടുതലും ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കായിരിക്കും പരിശീലനം. ഇതിനു കൈറ്റ് വെബ്‌സൈറ്റിലെ ട്രെയിനിങ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍ഡിസംബര്‍ മാസങ്ങളിലായി പ്രൈമറി അധ്യാപകര്‍ക്കും പരിശീലനം നല്‍കും.

Advertisment