Advertisment

പുഞ്ച സീസണിലെ  നെല്ലു സംഭരണം അവസാന ഘട്ടത്തില്‍. സംഭരണം തര്‍ക്കരഹിതമായി കടന്നുപോയെങ്കിലും പണത്തിന്റെ കാര്യത്തില്‍ കാത്തിരിക്കേണ്ട ഗതികേടില്‍ കര്‍ഷകര്‍ പണത്തിനായി കാത്തിരിക്കുന്നത് മാര്‍ച്ചില്‍ പി.ആര്‍.എസ്. നല്‍കിയവരും

New Update
c.1.2399524.jpg

കോട്ടയം: പുഞ്ച സീസണിലെ  നെല്ലു സംഭരണം അവസാന ഘട്ടത്തിലേക്ക്, നെല്ല് സംഭരണം തര്‍ക്കരഹിതമായി കടന്നുപോയെങ്കിലും പണത്തിന്റെ കാര്യത്തില്‍ കാത്തിരിക്കേണ്ട ഗതികേടില്‍ കര്‍ഷകര്‍.  ഇതുവരെ 80 ശതമാനം നെല്ല് സംഭരിച്ചതായി ജില്ലാ പാഡി മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വരെയായി 51406 ടണ്‍ നെല്ല് സംഭരിച്ചുവെന്നാണ് പാഡി സെല്ലിന്റെ കണക്ക്. 15619 കര്‍ഷകരില്‍ നിന്നായി 145.58 കോടി രൂപയുടെ നെല്ലാണു സംഭരിച്ചത്. അവശേഷിക്കുന്നത് ചെറിയ പാടശേഖരങ്ങളിലെ നെല്ലു മാത്രമാണ്.

Advertisment

സാധാരണ  പുഞ്ച സീസണിലേതുപോലെ ഇത്തവണ കൊയ്ത്ത് അവസാന ഘട്ടത്തില്‍ മഴ കാര്യമായ പ്രശ്‌നം ഉണ്ടാക്കിയില്ല. മഴയുടെ പേരില്‍ കൊയ്‌ത്തോ, സംഭരണമോ കൂടുതല്‍ ദിവസങ്ങളില്‍  മുടങ്ങിയതുമില്ല. ഈര്‍പ്പത്തിന്റെ അളവിന്റെ പേരിലുള്ള സംഭരണ തര്‍ക്കവും ഇത്തവണ കുറവായിരുന്നു. തര്‍ക്കമുണ്ടായ സ്ഥലങ്ങളില്‍ അതിവഗ പരിഹാരവുമുണ്ടായി. വിളവും താരതമ്യേന ഭേദമായിരുന്നുവെന്നു കര്‍ഷകര്‍ പറയുന്നു.

വേനല്‍ ശക്തമായിരുന്നുവെങ്കിലും വെള്ളത്തിന്റെ കുറവോ ഉപ്പുവെള്ളവോ കൂടുതല്‍ കര്‍ഷകരെ ബാധിച്ചതുമില്ല. പടിഞ്ഞാറിനെ ആകെ ദുരിതത്തിലാക്കിയെങ്കിലും തണ്ണീര്‍മുക്കം  ബണ്ട് തുറക്കാന്‍ വൈകിയത് നെല്‍കര്‍ഷകര്‍ക്കു ഗുണകരമായി.

ഇനി കോട്ടയം നഗരസഭ, പുതുപ്പള്ളി, പനച്ചിക്കാട്, ആര്‍പ്പൂക്കര, അയ്മനം, വാകത്താനം, കാണക്കാരി, മാഞ്ഞൂര്‍ പഞ്ചായത്തുകളിലാണ് കൊയ്ത്ത് അവശേഷിക്കുന്നത്. ഇതാകട്ടെ ഒറ്റപ്പെട്ട ചെറിയ പാടശേഖരങ്ങള്‍ മാത്രമാണ്. ഇവിടെയും താമസിയാതെ കൊയ്ത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം.

അതേസമയം, ആവശ്യത്തിനു നെല്ല് ലഭിച്ചതിനാല്‍ പല മില്ലുകാരും സംഭരണ രംഗത്തു നിന്നു മാറി നില്‍ക്കുന്നത് അവസാന ഘട്ടത്തില്‍ തിരിച്ചടിയായിട്ടുണ്ട്. ഏതാനും ദിവസങ്ങളായി സംഭരണം ഇഴഞ്ഞു നീങ്ങുകയാണ്. വേനല്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് ഈ പാടശേഖരങ്ങളിലെ കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു.

അതേ സമയം ബാങ്കുകള്‍ മുഖേന വായ്പയായി പണം നല്‍കുന്നുവെന്നു സപ്ലെകോ പറയുമ്പോഴും പണം ലഭിക്കുന്നതു വൈകുന്നതായി കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ 14 വരെയുള്ള പി.ആര്‍.എസുകള്‍ക്കു പണം നല്‍കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയെന്നാണു സപ്ലൈകോയുടെ വിശദീകരണം.

എന്നാല്‍, മാര്‍ച്ചില്‍ പി.ആര്‍.എസ്. നല്‍കിയവര്‍ക്കു പോലും പണത്തിനായി കാത്തിരിക്കുന്നുമുണ്ട്. പണം നല്‍കേണ്ട രണ്ടു ബാങ്കുകളില്‍ ഒന്നായ എസ്.ബി.ഐ. മനപൂര്‍വം കാലതാസമുണ്ടാക്കുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു. ജീവനക്കാരുടെ കുറവാണു കാരണമെന്നാണു ബാങ്ക് വാദം. ലക്ഷങ്ങള്‍ കടമെടുത്തു കൃഷിയിറക്കിയ കര്‍ഷകരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്.  ഇതുവരെ നെല്ലു നല്‍കിയവരില്‍ പകുതിയോളം പേര്‍ക്ക് പണം ലഭിച്ചിട്ടില്ലെന്നാണു വിവരം.

Advertisment