Advertisment

സമസ്തയുമായുളള ഭിന്നത തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്ന് ഉറപ്പിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് രണ്ട് ലക്ഷം വോട്ടിനും പൊന്നാനിയിൽ ഒരു ലക്ഷം വോട്ടിനും ജയിക്കുമെന്ന് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. സമസ്ത ബന്ധമുളള പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥിക്ക് സംഘടനാ വോട്ടുകളിൽ കാര്യമായ ചലനം ഉണ്ടാക്കാനായിട്ടില്ലെന്ന് ലീഗിൻെറ വിലയിരുത്തൽ. ഭിന്നിച്ച് നിന്നവരിൽ ഒരു വിഭാഗത്തിൻെറ വോട്ട് ലഭിച്ചെന്നും ലീഗ്. ഭാവിയിലെ ദോഷം ഒഴിവാക്കാന്‍ പ്രശ്ന പരിഹാരത്തിനും ആലോചന

പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് ഈ നിഗമനങ്ങളിൽ എത്തിച്ചേർന്നത്. സമസ്ത ബന്ധമുളള കെ.എസ്.ഹംസ മത്സരിച്ച  പൊന്നാനിയിൽ പാർട്ടി സ്ഥാനാർ‍ഥി എ.പി അബ്ദുസമദ് സമദാനി  ഒരു ലക്ഷത്തിൽപ്പരം വോട്ടിൻെറ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് ലീഗിൻെറ കണക്ക്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
kunjalikutty panakkad sadiq ali thangal

കോഴിക്കോട്: പാർട്ടിയുടെ പൊന്നാപുരം കോട്ടകളായ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ഫലം വരുമ്പോൾ  വിജയ തിളക്കത്തിന് മാറ്റൊട്ടും കുറയില്ലെന്ന് ഉറപ്പിച്ച് മുസ്ളീം ലീഗ്. പാർട്ടിയുടെ വോട്ട് ബാങ്കായി കരുതപ്പെടുന്ന സമസ്തയുമായുളള ഭിന്നത ഇരുമണ്ഡലങ്ങളിലും വലിയ ചലനം ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇന്ന് ചേർന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.

Advertisment

പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് ഈ നിഗമനങ്ങളിൽ എത്തിച്ചേർന്നത്. സമസ്ത ബന്ധമുളള കെ.എസ്.ഹംസ മത്സരിച്ച  പൊന്നാനിയിൽ പാർട്ടി സ്ഥാനാർ‍ഥി എ.പി അബ്ദുസമദ് സമദാനി  ഒരു ലക്ഷത്തിൽപ്പരം വോട്ടിൻെറ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് ലീഗിൻെറ കണക്ക്.


സമസ്തയിലെ ഒരു വിഭാഗവുമായുളള ഭിന്നതയുടെ പൊന്നാനിയിൽ ഏറിയാൽ പതിനായിരം വോട്ടുകൾ മാത്രമാണ് നഷ്ടമാകുകയെന്നും ലീഗ് വിലയിരുത്തുന്നു. ഭിന്നിച്ച് നിന്നവരിൽ ഒരു വിഭാഗത്തിൻെറ വോട്ട് പാർട്ടി സ്ഥാനാർത്ഥിക്ക് തന്നെ ലഭിച്ചിട്ടുണ്ടെന്നും ലീഗ് കരുതുന്നു. പൊന്നാനി സീറ്റിൽ നിന്ന് മലപ്പുറത്തേക്ക് മാറിയ ഇ.ടി.മുഹമ്മദ് ബഷീർ മത്സരിച്ച മലപ്പുറത്ത് രണ്ട്ലക്ഷം വോട്ട് വരെ ഭൂരിപക്ഷം ലഭിക്കും എന്നാണ് ലീഗിൻെറ പ്രതീക്ഷ.


വയനാട് ലോകസഭാ മണ്ഡലത്തിൻെറ ഭാഗമായ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളായ ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിൽ നിന്ന് രാഹുൽ ഗാന്ധിക്ക് വൻ ഭൂരിപക്ഷം കിട്ടുമെന്നും ലീഗ് വിലയിരുത്തുന്നു. പ്രാദേശിക കമ്മിറ്റികളിൽ നിന്ന് ലഭിച്ച കണക്ക് അനുസരിച്ച് ഈ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് മാത്രം രാഹുലിന് ഒരു ലക്ഷത്തിലധികം വോട്ടിൻെറ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ.

പാർട്ടിക്ക് പൊക്കിൾകൊടി ബന്ധമുളള സമസ്തയിലെ ഒരു വിഭാഗവുമായുളള ഭിന്നത, സംഘടന നേതൃത്വവുമായിട്ട് ആകെയുളള ഭിന്നതയാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ലീഗിന് ബോധ്യമുണ്ട്. ഭിന്നതെയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി ലീഗിനെ ക്ഷീണിപ്പിക്കാൻ സി.പി.എം ശ്രമവുമുണ്ട്. സമസ്തയെ ലീഗിൽ നിന്ന് അകറ്റി മുസ്ളീം സമുദായത്തിലേക്കുളള കടന്നുകയറ്റം സാധ്യമാക്കുകയാണ് സി.പി.എമ്മിൻെറ ലക്ഷ്യമെന്നും ലീഗ് മനസിലാക്കുന്നുണ്ട്.

ഇതിൻെറ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പരിഹാര നടപടികൾ ആലോചിച്ച് നടപ്പിലാക്കും. സമസ്തയുമായുളള ബന്ധം മോശമാകുന്നത് ഇരുകക്ഷികൾക്കും ദോഷം ഉണ്ടാകുമെന്ന തിരച്ചറിയലിലാണ് പരിഹാര നടപടികൾക്ക് ഒരുങ്ങുന്നത്. ആശയക്കുഴപ്പത്തിൽ പെട്ടവരെ കാര്യങ്ങൾ ബോധ്യപെടുത്തണമെന്നു യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഭിന്നത വളർന്ന്  പരിഹരിക്കാനാവാത്ത നിലയിലേക്ക് മാറുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.


സമസ്തയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണങ്ങൾ നടത്തുമ്പോൾ പാർട്ടി നേതാക്കൾ നല്ല ജാഗ്രത പുലർ‍ത്തണമെന്ന് പാണക്കാട് സാദിഖലി തങ്ങൾ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അതിൻെറ ആവേശത്തിൽ സമസ്ത നേതാക്കൾക്കെതിരെ പ്രതികരണം പാടില്ലെന്നും സാദിഖലി തങ്ങൾ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. 


സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം നേതാക്കളും തിരഞ്ഞെടുപ്പ് ഫലം വരാൻ കാത്തിരിക്കുകയാണ്. ലീഗ് നേതാക്കളുടെ പ്രതികരണങ്ങളോടും പുതിയ സംഭവ വികാസങ്ങളോടുമുളള പ്രതികരണം ആരായുമ്പോൾ ഫലം വരട്ടെയെന്നാണ് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻെറ മറുപടി. ലീഗിൻെറ കോട്ടകളിൽ ഇളക്കം തട്ടിയാൽ അത് തങ്ങളുടെ വിജയമാക്കി മാറ്റാനാണ് ഇപ്പോഴത്തെ മൗനമെന്നാണ് സൂചന.

ഇതിനിടെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ പ്രചാരകരായി  മലപ്പുറത്തെയും പൊന്നാനിയിലെയും ഇടത് സ്ഥാനാർഥികൾ രംഗപ്രവേശം ചെയ്തു. മലപ്പുറം സ്ഥാനാർത്ഥി വി.വസീഫും പൊന്നാനിയിലെ സ്ഥാനാർത്ഥി കെ.എസ്.ഹംസയും സുപ്രഭാതത്തിൻെറ ഗൾഫ് എഡിഷൻെറ ഭാഗമായുളള പ്രചരണത്തിലാണ് പങ്കാളികളായത്.

ഗൾഫ് കാമ്പയിൻെറ ഭാഗമായുളള പോസ്റ്റ് ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചുകൊണ്ടാണ് ഇരുവരും സമസ്ത മുഖപത്രത്തിൻെറ പ്രചാരണത്തിൽ പങ്കാളികളായത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സമസ്തയോടുളള സി.പി.എമ്മിൻെറ മൊഹബ്ബത്ത് വിട്ടിട്ടില്ലെന്നാണ് ഇത് നൽകുന്ന സൂചന. ലീഗ് നേതൃത്വം സംശയിക്കുന്നത് പോലെ ദീർഘകാല ലക്ഷ്യങ്ങളോടെയാണ് സമസ്ത-ലീഗ് ഭിന്നത മുതലാക്കാനുളള സി.പി.എമ്മിൻെറ ഇടപെടലെന്ന് ഇതിലൂടെ വ്യക്തമാകുന്നത്.

Advertisment