Advertisment

ഉറച്ച ചെങ്കോട്ടയായ ആലത്തൂരിൽ ഇത്തവണയും മൂവർണക്കൊടി പാറിക്കുമെന്നും പാട്ടുംപാടി ജയിക്കുമെന്നും രമ്യാ ഹരിദാസ്. ഏതു വിധേനയും മണ്ഡലം തിരിച്ചുപിടിക്കാൻ ക്ലീൻ പ്രതിച്ഛായയുള്ള മന്ത്രി കെ.രാധാകൃഷ്ണൻ. മോഡിയുടെ വികസന മന്ത്രത്തിന് വോട്ടുതേടി ഡോ.സരസു. പുറമേ ശാന്തമെങ്കിലും പ്രചാരണചൂടേറി ആലത്തൂർ. വികസനവും ആദിവാസി പ്രശ്നങ്ങളും കുടിവെള്ളവും വൈദ്യുതിയുമെല്ലാം സജീവ ചർച്ചാവിഷയം. ആലത്തൂരിൽ ഇത്തവണ പ്രവചനങ്ങൾ അസാദ്ധ്യം

എംപിയെന്ന നിലയിലുള്ള മികച്ച പ്രവർത്തനത്തിന്റെ ആത്മവിശ്വാസവുമായാണ് രമ്യാ ഹരിദാസ് രണ്ടാമൂഴത്തിന് വോട്ടുതേടുന്നത്. താനൊരു പാർട്ട് ടൈം എം.പി.യായിരുന്നില്ല ഫുൾടൈം എം.പി.യായിരുന്നെന്ന രമ്യയുടെ വാക്കുകളിൽ ഈ ആത്മവിശ്വാസമുണ്ട്.

New Update
K radhakrishnan remya haridas dr. tn sarasu

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ ആലത്തൂരിൽ മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്. പാട്ടും പാടി ജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ സിറ്റിംഗ് എം.പി രമ്യാ ഹരിദാസ് അവകാശപ്പെടുമ്പോൾ, മണ്ഡലം തിരിച്ചുപിടിച്ചിരിക്കുമെന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മന്ത്രി കെ.രാധാകൃഷ്ണൻ പറയുന്നത്. വിജയം ഉറപ്പാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ടി.എൻ. സരസുവും പറയുന്നു.

Advertisment

പൊതുവേ സ്ഥിതികൾ ഇങ്ങനെയാണെങ്കിലും ഓരോ വോട്ടിന്റെയും വില അറിയുന്ന മുന്നണികൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ്. അഭിപ്രായ സർവേകളിൽ ഇടതിന് മുൻ‌തൂക്കം വന്നതോടെ കൈമെയ് മറന്നുള്ള പ്രചാരണത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ കൈവിട്ട ചെങ്കോട്ട പിടിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് എൽ.ഡി.എഫ്.


എംപിയെന്ന നിലയിലുള്ള മികച്ച പ്രവർത്തനത്തിന്റെ ആത്മവിശ്വാസവുമായാണ് രമ്യാ ഹരിദാസ് രണ്ടാമൂഴത്തിന് വോട്ടുതേടുന്നത്. താനൊരു പാർട്ട് ടൈം എം.പി.യായിരുന്നില്ല ഫുൾടൈം എം.പി.യായിരുന്നെന്ന രമ്യയുടെ വാക്കുകളിൽ ഈ ആത്മവിശ്വാസമുണ്ട്.

അഞ്ച് വർഷം കൊണ്ട് 17കോടി ചെലവിട്ടെന്നും മുൻ എം.പി ചെലവിടാതിരുന്ന 3 കോടി ഉൾപ്പെടെ പദ്ധതികൾക്കായി ചെലവഴിച്ചെന്നും 5 വർഷത്തിനിതെ 1734 കോടിയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ നേടിയെടുത്തെന്നും രമ്യ പ്രചാരണത്തിൽ അഭിമാനത്തോടെ പറയുന്നു. 

വികസനത്തിലൂന്നയാണ് മണ്ഡലത്തിൽ യു.ഡി.എഫിന്റെ പ്രചാരണം. കാർഷിക പ്രശ്‌നങ്ങളും വന്യമൃഗശല്യം ഉൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ യഥാസമയം ലോക്‌സഭയിൽ ഉന്നയിച്ചു. ആദിവാസി കോളനികളിൽ വൈദ്യുതിയും വെള്ളവും എത്തിക്കാനായി. പറമ്പിക്കുളം-ആളിയാർ അടക്കമുള്ള അന്തർസംസ്ഥാന നദീജല കരാറുകൾ പ്രകാരമുള്ള അർഹമായ വെള്ളം ലഭ്യമാക്കാൻ ഇടപെട്ടെന്നും രമ്യ അവകാശപ്പെടുന്നു.


കോഴിക്കോട് കുന്ദമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് രമ്യ ആലത്തൂരിലെത്തി 1,58,968 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.പി.എമ്മിലെ പി.കെ.ബിജുവിനെ തറപറ്റിച്ചത്. ആ വിജയം ഇത്തവണയും ആവർത്തിക്കാനാണ് രമ്യ അങ്കത്തിനിറങ്ങുന്നത്. രമ്യയുടെ യുവത്വം, സാധാരണക്കാരിയെന്ന പരിവേഷം, ഗായിക എന്നിവ വോട്ടർമാരിൽ സ്വാധീനമുണ്ടാക്കുന്നുണ്ട്.


കഴിഞ്ഞ തവണത്തെ തെറ്റ് തിരുത്തി, മണ്ഡലം തിരിച്ചുപിടിക്കാനാണ് ഇത്തവണ എൽ.ഡി.എഫിന്റെ ശ്രമം. ഇതിനാണ് മണ്ഡലത്തിലുൾപ്പെട്ട ചേലക്കരക്കാരൻ കെ. രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയത്. ജനകീയൻ, പക്വമതി, മന്ത്രി, മുൻ സ്പീക്കർ, തിരഞ്ഞെടുപ്പിൽ ഇതുവരെ തോറ്റിട്ടില്ലാത്തയാൾ ഇതൊക്കെയാണ് പാർട്ടി പരിഗണിച്ചത്.

നെഗറ്റീവ് ഘടകങ്ങളും കുറവ്. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തോടെ പാർട്ടിപ്രവർത്തകരിലും ഉണർവുണ്ട്. എന്നാൽ ചില പ്രാദേശിക കാര്യങ്ങളിൽ രാധാകൃഷ്ണനോട് ജനങ്ങൾക്ക് വിയോജിപ്പുണ്ട്. ചേലക്കര അന്തിമഹാകാളൻ കാവിൽ വെടിക്കെട്ട് അനുമതി ലഭിക്കാത്തതിൽ സ്ത്രീകൾ ഉൾപ്പെടെ ഒരു വിഭാഗം അസംതൃപ്തരാണ്.


ദേശക്കമ്മിറ്റിയും കോൺഗ്രസുകാരും അദ്ദേഹത്തിനെതിരെ രംഗത്തും വന്നു. അനുമതിക്ക് മന്ത്രി ശ്രമിച്ചില്ലെന്നാണ് ആക്ഷേപം. ആചാരങ്ങൾ സംരക്ഷിക്കാത്തതിനെ വിമർശിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ രംഗത്തെത്തി. അവരുടെ ഫണ്ടിൽ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് ചിലയിടങ്ങളിൽ സ്ഥാപിക്കാൻ എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ ശ്രമിച്ചില്ലെന്നതും ചർച്ചയായി.


വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ടി.എൻ.സരസുവാണ് എൻ.ഡി.എയ്ക്കായി മത്സരിക്കുന്നത്. സർവ്വീസിൽ നിന്ന് ഡോ.സരസു വിരമിച്ച ദിവസം എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതീകാത്മക കുഴിമാടം ഒരുക്കിയത് അന്ന് വലിയ വിവാദമായിരുന്നു. കേന്ദ്രത്തിൽ ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്നും ആലത്തൂരിൽ വികസനമുണ്ടാകാൻ സരസുവിനെ വിജയിപ്പിക്കണമെന്നും എൻ.ഡി.എ പറയുന്നു.

മോദി ഗ്യാരന്റിയിലൂന്നിയാണ് പ്രചാരണം. ഒരേതൂവൽ പക്ഷികളായ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ബി.ജെ.പി. മാത്രമാണ് പ്രതീക്ഷയെന്നും എൻ.ഡി.എ. സ്ഥാനാർഥി ടി.എൻ. സരസു പറയുന്നു. കഴിഞ്ഞതവണ എൻ.ഡി.എ  89,837 വോട്ടുകളാണ് നേടിയത്.

കർഷകരുടെയും കർഷക തൊഴിലാളികളുടെയും നിർണ്ണായക വോട്ടുകളുള്ള ആലത്തൂരിൽ ഇത്തവണ നടക്കുന്നത് പൊരിഞ്ഞ പോരാട്ടമാണ്. 2008-ൽ മണ്ഡല രൂപീകരണ ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ (2009, 2014) ബിജുവാണ് ജയിച്ചത്. 2019ൽ മണ്ഡലം പിടിച്ച് രമ്യാ ഹരിദാസ് ഇടതുമുന്നണിയെ ഞെട്ടിച്ചു.

ബിജുവിനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിലുള്ള പ്രവർത്തകരുടെയും പ്രാദേശിക നേതാക്കളുടെയും എതിർപ്പും അന്ന് തിരിച്ചടിച്ചിരുന്നു. ഇതെല്ലാം കണക്കുകൂട്ടിയാണ് ഇത്തവണ മികച്ച പ്രതിച്ഛായയുള്ള കെ.രാധാകൃഷ്ണനെ ഇടതുമുന്നണി രംഗത്തിറക്കിയത്.


കോൺഗ്രസിന് പാളയത്തിലെ പടയാണ് തലവേദനയാവുന്നത്. പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥ് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. സി.പി.എമ്മിലേക്ക് ക്ഷണിച്ച് ഇടതു നേതാക്കൾ ചർച്ച നടത്തിയെങ്കിലും അദ്ദേഹം തീരുമാനമെടുത്തിട്ടില്ല.


എങ്കിലും ഒപ്പമുള്ള കുറച്ചുപേർ എൽ.ഡി.എഫിനായി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ പാട്ടുപാടിയാണ് ഇത്തവണയും രമ്യ ഹരിദാസ് എം.പിയുടെ പ്രചാരണം. പാട്ടുംപാടി ജയിച്ച് ഡൽഹിക്ക് പോവുമെന്ന് രമ്യ പറയുന്നു

Advertisment