Advertisment

'അമ്പിളി സൂര്യൻ' മലയാളത്തിന്റെ ഹാസ്യസാമ്രാട്ട്  ജഗതി ശ്രീകുമാറിനുള്ള ആദരമായി ഒരു ഗാനം; ആശംസകളുമായി കലാലോകം

New Update
ambly suryan

പാലക്കാട്‌: മലയാള സിനിമയുടെ മഹാനടൻ ജഗതി ശ്രീകുമാറിനുള്ള ഹൃദ്യമായ ആദരമായി,ബിന്ദു.പി മേനോൻ എഴുതി പിന്നണി ഗായകൻ ഗണേഷ് സുന്ദരം ആലപിച്ച 'അമ്പിളി സൂര്യൻ' എന്ന മധുരഗാനം. 

Advertisment

ഹൃദയസ്പർശിയായ വരികളും രഞ്ജിത്ത് ജയറാമിന്റെ സിനിമാ സംഗീതത്തിനൊപ്പം നിൽക്കുന്ന ഈണവും ഒത്തുചേർന്ന ഈ ഗാനം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടി.

ദശാബ്ദങ്ങളായി തന്റെ അഭിനയമികവിലൂടെ  വെള്ളിത്തിരയെ പ്രകാശപൂരിതമാക്കിയ ജഗതിയെന്ന അതുല്യ കലാകാരനു വേണ്ടിയുള്ള ഒരു പ്രാർത്ഥനാഗീതമാണ് ഇത്. സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള ക്ഷമയോടെയുള്ള കാത്തിരിപ്പിന്റെ ഗാനമാണ്.

ഒരുപാട് നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ബ്ലിസ്സ്‌റൂട്സ് മീഡിയയാണ് ഈ ഗാനത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. ബ്ലിസ്സ്‌റൂട്സ് മീഡിയയുടെ സ്ഥാപകനും,മാനേജിങ് ഡയറക്‌ടറുമായ രൂപേഷ് ജോർജിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ  വീഡിയോ ആൽബം പൂർത്തിയായിരിക്കുന്നത്.

ആയിരത്തി ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ച ജഗതി ശ്രീകുമാറിന്റെ  അഭിനയ ജീവിതം അജയ്യമായി തുടരുന്നതിനിടെയാണ് 2012 ൽ ഒരു ഒരു കാർ അപകടത്തിൽപ്പെട്ട് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും മലയാള സിനിമക്ക് ജഗതിയുടെ  സജീവ സാന്നിധ്യം നഷ്ടമാവുകയും ചെയ്തത്.

അദ്ദേഹം അഭിനയിച്ച ഒരു സിനിമയിലെ സംഭാഷണം കടമെടുത്താൽ,നവരസങ്ങൾക്കു പുറമെ സ്വന്തമായി വേറെ രണ്ടു രസങ്ങൾ കൂടെ കണ്ടുപിടിച്ച രസിക രാജാവുതന്നെയാണ് ആരാധകരുടെ സ്വന്തം അമ്പിളിച്ചേട്ടൻ. 

കുറിക്കു കൊള്ളുന്ന ഫലിതങ്ങളുടെ മുടിചൂടാമന്നൻ. ഏത് കഥാപാത്രമാണെങ്കിലും അതിനുള്ളിലേക്കിറങ്ങിച്ചെന്ന് ആ കഥാപാത്രത്തിന് ജീവൻ നൽകാനുള്ള അനിതരസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

കോമഡി റോളുകളിലും,സീരിയസ് റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി.അപൂർവ്വമായ ഈ ബഹുമുഖതയാണ് അദ്ദേഹത്തെ മലയാള സിനിമയുടെ അമൂല്യരത്നമാക്കിയത്.

ഒരഭിനേതാവിന്റെ ഏറ്റവും വിലപ്പെട്ട സ്വത്ത് കഥകളെ  സ്വന്തം ശരീരഭാഷയിലേക്ക് പരിഭാഷപ്പെടുത്തി കഥാപാത്രമായി മാറാനുള്ള പാടവമാണ്. ദൈവസിദ്ധമായ ആ സിദ്ധിവിശേഷത്തെയാണ് ഒരൊറ്റദിവസം കൊണ്ട് ജഗനിയന്താവ് ജഗതിച്ചേട്ടനിൽ നിന്നും തിരിച്ചെടുത്തത്.

ആരെയും അതിശയിപ്പിക്കുന്ന വിധത്തിൽ  അയത്നലളിതമായി ഭാവങ്ങളിലൂടെ കഥ പറഞ്ഞിരുന്ന,വാക്കുകൾ കൊണ്ട് അമ്മാനമാടിയിരുന്ന മലയാളത്തിന്റെ സ്വന്തം ജഗതി കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിശബ്ദതയുടെ ആഴങ്ങളിലാണ്.  

സംസാരത്തിലൂടെയും, ഭാവങ്ങളിലൂടെയും ആശയവിനിമയം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് താൽക്കാലികമായെങ്കിലും നഷ്ടപ്പെട്ടെങ്കിലും ആ മനസ്സിനകത്ത് ഇപ്പോഴും കഥാപാത്രങ്ങൾ മിന്നിമറയുന്നുണ്ടാവാം. 

നവരസങ്ങളും,അതിനപ്പുറവുമുള്ള രസഭാവങ്ങൾ നടനമാടുന്നുണ്ടാവാം. വളരെ ചെറുതായിട്ടാണെങ്കിലും മനസ്സിനകത്തെ ആ ഭാവങ്ങളുടെ  പുറമേക്കുള്ള മിന്നലാട്ടങ്ങൾ വളരെ വ്യക്തമാണ്. 

അദ്ദേഹമെല്ലാം കാണുന്നു, അറിയുന്നു, ആസ്വദിക്കുന്നു. അസാമാന്യമായ മനക്കരുത്തുള്ള ഒരാൾക്കു മാത്രം സാധിക്കുന്ന വിധത്തിൽ അദ്ദേഹം ഇപ്പോഴും നമുക്കൊപ്പം ജീവിക്കുന്നു.

മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ജഗതിയെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് ഈ ഗാനങ്ങൾ സമർപ്പിക്കുന്നത്. 

കലാ ലോകം ജഗതി എന്ന അതുല്യ നടന് നൽകുന്ന ആദരവാണ് ഈ പാട്ടിനു കിട്ടുന്ന സ്വീകാര്യതക്ക് കാരണമെന്ന് ഒട്ടേറെ കവിതകൾ എഴുതിയിട്ടുള്ള ഗാനത്തിന്റെ രചയിതാവ് ബിന്ദു.പി മേനോൻ പറഞ്ഞു.

Advertisment