Advertisment

ജില്ലാ ഘടകങ്ങള്‍ ജയിക്കുമെന്ന് റിപ്പോര്‍ട്ട് നല്കിയ കോട്ടയവും ആലപ്പുഴയും സിപിഎമ്മിൻെറ പട്ടികയിൽ തോല്‍ക്കുന്നവയുടെ ലിസ്റ്റില്‍ ? കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രതിരോധത്തിലാക്കാവുന്ന സ്വത്ത് കണക്ക്, പാര്‍ട്ടി മാറ്റങ്ങള്‍ എന്നിവയിലടക്കം സിപിഎമ്മിൽ നിന്ന് വേണ്ടത്ര പിന്തുണ ചാഴികാടന് ലഭിച്ചില്ലെന്നും വിലയിരുത്തല്‍ ? പാലായ്ക്ക് പുറമെ കോട്ടയത്തുകൂടി തോറ്റാല്‍ കേരളാ കോണ്‍ഗ്രസിന്‍റെ നിലപാടെന്താകും ? ആലപ്പുഴയില്‍ തോറ്റാലും സിപിഎമ്മില്‍ പൊട്ടിത്തെറി ഉറപ്പ്

അക്ഷര നഗരി ഉൾപ്പെടുന്ന മണ്ഡലത്തെയും തോൽക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലേക്ക് തളളുകയാണ് നേതൃത്വം ചെയ്തിരിക്കുന്നത്. ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, ആലത്തൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് എന്നിവയാണ് സി.പി.എമ്മും എൽ.ഡി.എഫും വിജയസാധ്യത കാണുന്ന മണ്ഡലങ്ങൾ.

New Update
vn vasavan thomas chazhikadan jose k mani am ariff

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 12 സീറ്റുകളിൽ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന സി.പി.എമ്മിൻെറ പട്ടികയിൽ സിറ്റിങ്ങ് സീറ്റുകളായ ആലപ്പുഴയും കോട്ടയവും ഇല്ലാത്തത് ഇടതുമുന്നണിയിൽ പുതിയ ചർച്ചക്ക് വഴിവെക്കുന്നു. ശബരിമല തരംഗത്തിലും വീഴാതെ നിന്ന ആലപ്പുഴയിൽ ഇത്തവണയും ജയിക്കുമെന്നാണ് സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി  നൽകിയിരിക്കുന്ന റിപോർട്ട്.

Advertisment

ഇരുപത്തയ്യായിരത്തിനും അൻപതിനായിരത്തിനും ഇടയിലുളള വോട്ടിന് ജയിക്കുമെന്ന ജില്ലാ സെക്രട്ടറി ആർ. നാസർ നൽകിയ റിപോർട്ട് തളളിക്കളഞ്ഞുകൊണ്ടാണ് സംസ്ഥാന നേതൃത്വം ആലപ്പുഴയെ തോൽക്കുന്ന സീറ്റുകളുടെ പട്ടികയിൽ ചേർത്തത്. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി തോമസ് ചാഴികാടൻ മത്സരിച്ച കോട്ടയത്തും ജയിക്കുമെന്നാണ് ജില്ലാ നേതൃത്വം നൽകിയിരിക്കുന്ന കണക്ക്. അതും സംസ്ഥാന നേതൃത്വം കണക്കിലെടുത്തിട്ടില്ല.


thomas chazhikadan election campaign-9

അക്ഷര നഗരി ഉൾപ്പെടുന്ന മണ്ഡലത്തെയും തോൽക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലേക്ക് തളളുകയാണ് നേതൃത്വം ചെയ്തിരിക്കുന്നത്. ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, ആലത്തൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് എന്നിവയാണ് സി.പി.എമ്മും എൽ.ഡി.എഫും വിജയസാധ്യത കാണുന്ന മണ്ഡലങ്ങൾ.

പാലായാകുമോ കോട്ടയം ?

തുഷാർ വെളളാപ്പളളിയുടെ വരവോടെ ശക്തമായ ത്രികോണ മത്സരം നടന്ന കോട്ടയത്ത് മുന്നണിയുടെ അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ വോട്ടുകൾ വൻതോതിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് പോയിട്ടുണ്ടെന്നാണ് സി.പി.എം വിലയിരുത്തൽ. 

കോട്ടയം, ഏറ്റുമാനൂർ, പാല, വൈക്കം നിയമസഭാ മണ്ഡ‍ലങ്ങളിൽ എല്ലാം ഈ പ്രവണത ശക്തമായിരുന്നു എന്നാണ് സി.പി.എമ്മിന് ലഭിച്ചിരിക്കുന്ന കണക്ക്. ക്രൈസ്തവ വിഭാഗത്തിൽ കത്തോലിക്ക, ഓർത്തഡോക്സ് വോട്ടുകളിൽ നല്ലൊരു ശതമാനം യു.ഡി.എഫിന് അനുകൂലമായി പോൾ ചെയ്യപ്പെട്ടിട്ടുണ്ടോയെന്നും ആശങ്കയുണ്ട്. 

ഇതാണ് കേരളാ കോൺഗ്രസ്(എം) മത്സരിച്ച കോട്ടയം സീറ്റ് നഷ്ടപ്പെടുമെന്ന് വിലയിരുത്താൻ കാരണമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. കേരളാ കോൺഗ്രസ്(എം)   യു.ഡി.എഫ് വിട്ട്  ഇടത് മുന്നണിയിലെത്തിയ ശേഷമുളള ആദ്യ ലോകസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്. 

jose k mani election campaign


കഴിഞ്ഞ തവണ ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന് വിജയിച്ച കോട്ടയത്ത് ഇടത് മുന്നണി ബാനറിൽ വീണ്ടും മത്സരിക്കാനിറങ്ങിയ തോമസ് ചാഴികാടന് സി.പി.എം ജില്ലാ- പ്രാദേശിക നേതൃത്വത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. പാര്‍ട്ടിക്കാരായ എസ് എന്‍ ഡി പിക്കാരുടെ വോട്ടുകള്‍ ചോരാതിരിക്കാന്‍ സിപിഎമ്മിന് വേണ്ടത്ര ജാഗ്രത ഉണ്ടായോ എന്നും സംശയം ബാക്കി.


തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനുളള ധനസമാഹരണം മുതൽ താഴെത്തട്ടിലുളള പരിപാടികളുടെ സംഘാടനം വരെയുളള ചെറുതും വലതുമായ എല്ലാ ബാധ്യതകളും കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന് തന്നെ ഏറ്റെടുക്കേണ്ടി വന്നു. 

എന്നാല്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രതിരോധത്തിലാക്കാൻ കഴിയുമായിരുന്ന സ്വത്ത് കണക്ക്, അദ്ദേഹത്തിന്റെ തുടര്‍ച്ചയായ മുന്നണി / പാര്‍ട്ടി മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച വിവാദത്തിലടക്കം സി.പി.എമ്മിൽ നിന്ന് വേണ്ടത്ര രാഷ്ട്രീയ പിന്തുണ ചാഴികാടന്  ലഭിച്ചതുമില്ല. 


എതിര്‍ സ്ഥാനാര്‍ഥിയെ തൊടാന്‍ കൂട്ടാക്കാതെ ഇടതുസര്‍ക്കാര്‍ നേട്ടങ്ങളും ചാഴികാടന്‍റെ വികസന നേട്ടങ്ങളും എടുത്തുകാട്ടിയായിരുന്നു സിപിഎം പ്രചാരണം. അത് മാത്രംകൊണ്ട് മുന്നേറാന്‍ കഴിയില്ലെന്ന് തെരെഞ്ഞെടുപ്പിന്‍റെ പല ഘട്ടങ്ങളിലും കേരളാ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയെങ്കിലും സിപിഎം കേന്ദ്രങ്ങള്‍ ഗൌനിച്ചില്ല.  ജില്ലയിലെ സി.പി.എമ്മിൻെറ തല തൊട്ടപ്പനായ മന്ത്രി വി.എൻ.വാസവൻെറ ഭാഗത്ത് നിന്ന് പ്രചാരണ തന്ത്രങ്ങള്‍ തെരെഞ്ഞെടുക്കുന്നതില്‍  ശ്രദ്ധക്കുറവുണ്ടായെന്ന പരാതിയും മുന്നണിയിൽ സജീവമാണ്.


thomas chazhikadan election campaign-10

സാമുദായിക പിന്തുണയ്ക്കൊപ്പം സി.പി.എം വോട്ടുകൾകൂടി ചോർന്നോയെന്ന അടക്കം പറച്ചിലുകളും കോട്ടയത്തുണ്ട്. രണ്ടില ചിഹ്നത്തിൽ വോട്ടുചെയ്യാൻ സി.പി.എം പ്രവർ‍ത്തകർക്ക് മടിയുണ്ടെന്ന പ്രചരണമാണ് ഇതിൻെറ അടിസ്ഥാനം. സി.പി.എം വിലയിരുത്തൽ ശരിവെച്ചുകൊണ്ട്  കോട്ടയത്ത് തോൽവി പിണഞ്ഞാൽ അത് വലിയ രാഷ്ട്രീയ ചലനങ്ങളുടെ തുടക്കമിടും.

പാലാ നിയമസഭാ സീറ്റിൽ പാർട്ടി ചെയർമാൻ ജോസ്.കെ. മാണി പരാജയപ്പെട്ടതിന് പിന്നാലെ കോട്ടയം ലോകസഭാ സീറ്റിൽ കൂടി തോറ്റാൽ കേരളാ കോൺഗ്രസ് എമ്മിന് വൻ തിരിച്ചടിയാകും. കേരളാ കോണ്‍ഗ്രസിന്‍റെ ഭാവി യു ഡി എഫിലായിരിക്കും സുരക്ഷിതം എന്ന സന്ദേശമാകും അത്തരം ഒരു തെരെഞ്ഞെടുപ്പ് ഫലം നല്കുക. 

അത്തരമൊരു രാഷ്ട്രീയ തിരിച്ചടിയിൽ കേരളാ കോൺഗ്രസ് - എം കൈക്കൊളളുന്ന തീരുമാനങ്ങൾ രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കാൻ പോന്നതാകും. ഫലം മറിച്ചാണെങ്കില്‍ അത് കേരളാ കോണ്‍ഗ്രസ് - എമ്മിന്‍റെ നിലപാടുകള്‍ ജനം ശരിവയ്ക്കുന്നു എന്നതിന് തെളിവാകും. 

ആലപ്പുഴയില്‍ കണക്കല്ല കണക്കുകൂട്ടലും പിഴയ്ക്കുമോ ?

kc venugopal campaign

കെ.സി.വേണുഗോപാലിൻെറ കടന്നുവരവോടെ കടുത്ത വെല്ലുവിളി ഉയർന്നതാണ് ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ സി.പി.എമ്മിൻെറ പ്രതീക്ഷകൾ തകിടം മറിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി  ആയി  ശോഭാ സുരേന്ദ്രൻ കൂടി എത്തിയതോടെ മത്സരം വീണ്ടും കടുത്തു. ഇതോടെ ഉറച്ച വോട്ടുബാങ്കായി കണക്കാക്കിയ സാമുദായങ്ങളുടെ പിന്തുണയിലും ഇളക്കം തട്ടി. 


മണ്ഡലത്തിലെ നിർണായക ശക്തികളായ ധീവര, ഈഴവ വോട്ടുകളിൽ ചോർച്ച ഉണ്ടായിട്ടുണ്ടെന്ന് സി.പി.എം കണക്കാക്കുന്നു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വെളളാപ്പളളി നടേശൻെറ കുടുംബം ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രകടമായി ഇറങ്ങിയതും സി.പി.എം അപായ സൂചനയായി കണക്കാക്കുന്നുണ്ട്.


നായർ സമുദായത്തിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് വോട്ടെടുപ്പിന് ശേഷമുളള സി.പി.എമ്മിൻെറ കണക്കു കൂട്ടലിൽ തെളിയുന്നത്. കെ.സി. വേണുഗോപാൽ സ്ഥാനാർത്ഥിയായതോടെ നായർ വോട്ടുകൾ യു.ഡി.എഫിലേക്ക് പോയി. ഇതിൽ  ബി.ജെ.പിക്കും നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് സി.പി.എം കരുതുന്നത്. എന്നാൽ ഇത് മാത്രമല്ല ആലപ്പുഴയിൽ സംഭവിച്ചതെന്നാണ് സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിലെ അടക്കം പറച്ചിൽ. 

am arif election campaign


മൂന്ന് വട്ടം അരൂരിൽ നിന്ന് നിയമസഭാംഗമായും ഒരു തവണ ആലപ്പുഴയിൽ നിന്ന് ലോകസഭാംഗമായും ജയിച്ച എ.എം.ആരിഫിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോ‍ട് ജില്ലയിലെ നല്ലൊരു വിഭാഗം സി.പി.എം നേതാക്കൾക്കും താൽപര്യമില്ലായിരുന്നു.


ആരിഫിനെ മത്സരിപ്പിച്ചാൽ ജയസാധ്യതയില്ലെന്ന വിലയിരുത്തലിൽ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ജില്ലയിലെ പാർട്ടി പ്രവർത്തകരോടും പ്രാദേശിക നേതാക്കളോടും ഇഴയടുപ്പമുളള ബന്ധം ആരിഫിന് ഇല്ലായിരുന്നതും ദോഷം ചെയ്തിട്ടുണ്ട്. ആലപ്പുഴയിൽ തോൽവി ഉണ്ടായാൽ അത് ജില്ലയിലെ പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെയ്ക്കും.

Advertisment