Advertisment

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം അവസാനിച്ചു; രേഖപ്പെടുത്തിയത് 60 ശതമാനം പോളിങ് ! ചിലയിടങ്ങളില്‍ സംഘര്‍ഷം; ചില ബൂത്തുകളില്‍ ഇവിഎം തകരാര്‍ 'കല്ലുകടി'യായി

വോട്ടെടുപ്പ് സുഗമമായും സമാധാനപരമായും നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് പറഞ്ഞു. എന്നാല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

New Update
Lok Sabha election dates announcement

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ  ഒന്നാം ഘട്ടം അവസാനിച്ചപ്പോള്‍ രേഖപ്പെടുത്തിയത് 60.03 ശതമാനം പോളിങെന്ന് റിപ്പോര്‍ട്ട്. വൈകിട്ട് ഏഴ് മണി വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ഔദ്യോഗികമായി വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചെങ്കിലും അതുവരെ ക്യൂവിലുണ്ടായിരുന്ന വോട്ടർമാർക്ക് വോട്ടവകാശം വിനിയോഗിക്കാൻ അനുമതി നൽകി.

Advertisment

വോട്ടെടുപ്പ് സുഗമമായും സമാധാനപരമായും നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് പറഞ്ഞു. എന്നാല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തമിഴ്‌നാട്, അരുണാചൽ പ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അസം എന്നിവിടങ്ങളിലെ ചില ബൂത്തുകളിൽ ചെറിയ ഇവിഎം തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിൽ വൈകിട്ട് 5 മണി വരെ 77.57 ശതമാനവും അസമിൽ 70.77 ശതമാനവും മേഘാലയയിൽ 69.91 ശതമാനവും പോളിങ് രേഖപ്പെടുത്തി.

പശ്ചിമ ബംഗാളിൽ കൂച്ച് ബിഹാർ സീറ്റിൽ അക്രമസംഭവങ്ങൾ അരങ്ങേറി. ടിഎംസി, ബി ജെ പി പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. മണിപ്പൂരിൽ വൈകുന്നേരം 5 മണി വരെ 67.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ഇന്നർ മണിപ്പൂർ ലോക്‌സഭാ സീറ്റിന് കീഴിലുള്ള തോങ്‌ജു നിയമസഭാ മണ്ഡലത്തിൽ സംഘര്‍ഷമുണ്ടായി. ഛത്തീസ്ഗഡിലെ നക്സൽ ബാധിത ബസ്തർ ലോക്സഭാ മണ്ഡലത്തിൽ 63.41 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.

39 മണ്ഡലങ്ങളിലായി പോളിങ് നടക്കുന്ന തമിഴ്‌നാട്ടിൽ 63.20 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ സാങ്കേതിക തകരാർ കാരണം സംസ്ഥാനത്തെ താംബരത്തിന് സമീപമുള്ള ചില പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് ഒരു മണിക്കൂർ വൈകി.

അരുണാചൽ പ്രദേശിൽ ആകെയുള്ള 8,92,694 വോട്ടർമാരിൽ 60 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി. പ്രതികൂല കാലാവസ്ഥ കാരണം രാവിലെ പോളിങ് ശതമാനം മിതമായെങ്കിലും, കാലാവസ്ഥ മെച്ചപ്പെട്ടതോടെ വോട്ടെടുപ്പ് ശക്തി പ്രാപിച്ചു.

സംസ്ഥാനത്തെ ചില പോളിങ് സ്റ്റേഷനുകളിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) സാങ്കേതിക തകരാറുകൾ ഉണ്ടായതിനാൽ പോളിംഗ് വൈകിയതായി ചീഫ് ഇലക്ടറൽ ഓഫീസർ പവൻ കുമാർ സെയ്ൻ പറഞ്ഞു. കിഴക്കൻ കാമെംഗ് ജില്ലയിലെ ബമെംഗ് മണ്ഡലത്തിലെ ഒരു പോളിംഗ് സ്റ്റേഷന് സമീപം രണ്ട് സ്ഥാനാർത്ഥികളുടെ പിന്തുണക്കാർ ഏറ്റുമുട്ടി.

ഈസ്റ്റ് കാമെങ്, കുറുങ് കുമേ, അപ്പർ സുബൻസിരി ജില്ലകളിലെ മൂന്ന് പോളിംഗ് സ്റ്റേഷനുകളിൽ നിന്നും ഇവിഎം കേടായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് ഓഫീസർ പറഞ്ഞു. 

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 56.87 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. ചില ചെറിയ ഇവിഎം തകരാറുകൾ ഉണ്ടായെങ്കിലും ഉടൻ തന്നെ അത് പരിഹരിച്ചതായി അധികൃതർ അറിയിച്ചു. 

ബിഹാറിലെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ 75 ലക്ഷം വോട്ടർമാരിൽ 46.32 ശതമാനം പേരും വൈകിട്ട് അഞ്ച് മണി വരെ വോട്ട് ചെയ്തു. രാജസ്ഥാനിൽ വൈകിട്ട് അഞ്ച് മണി വരെ 50.27 ശതമാനം പോളിംഗ് നടന്നപ്പോൾ ഉത്തരാഖണ്ഡിൽ 53.56 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

മഹാരാഷ്ട്രയിൽ വൈകിട്ട് അഞ്ച് മണി വരെ 54.85 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ മധ്യപ്രദേശിലെ ആറ് ലോക്‌സഭാ സീറ്റുകളിൽ 63.50 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഉത്തർപ്രദേശിൽ 57.54, മിസോറാമിൽ 56.68, നാഗാലാൻഡിൽ 50.41, പുതുച്ചേരിയിൽ 72.8, സിക്കിമിൽ 67.95 എന്നിങ്ങനെയാണ് പോളിങ്.

Advertisment