തിരുവനന്തപുരം: ചൂട് കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് മണി വരെ ഔട്ട്ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്നാണ് കായിക വകുപ്പിന്റെ നിര്‍ദേശം. കായികമന്ത്രി വി. അബ്ദുറഹിമാന്റെ നിര്‍ദേശപ്രകാരമാണിത്.
കായികപരിശീലനം, വിവിധ സെലക്ഷന് ട്രയല്‍സ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂട് തുടരുന്നതു വരെ ഈ നിയന്ത്രണം നിലനില്ക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നേരിടാന്‍ കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം, ഇന്ന് പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ട്. ജില്ലയില്‍ സാധാരണയേക്കാള്‍ നാലു മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. 40 ഡിഗ്രി സെല്‍ഷ്യസ് ആണ് പാലക്കാട് ജില്ലയിലെ ഉയര്‍ന്ന താപനില. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.