Advertisment

ടി20 ലോകകപ്പ് ടീം പ്രഖ്യാപനം; സംസാരിച്ചത് മുഴുവന്‍ ഹാര്‍ദ്ദിക്കിനെ കുറിച്ച്; സഞ്ജുവിനെക്കുറിച്ച് കാര്യമായ ചര്‍ച്ചയുണ്ടായില്ല; റിങ്കുവിന് തിരിച്ചടിയായത് ദുബെയുടെ 'ഫോം' ! റിപ്പോര്‍ട്ട്‌

ലോകകപ്പിനുള്ള ടീം തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് ഹാര്‍ദ്ദിക്കിനെക്കുറിച്ചായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
sanju samson hardik pandya

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്.  ബിസിസിഐ സെക്രട്ടറി ജയ് ഷാ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, പരിശീലകന്‍ രാഹുൽ ദ്രാവിഡ് എന്നിവർ അഹമ്മദാബാദിലെ ഒരു ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ടീം പ്രഖ്യാപനം. എങ്കിലും ടീമുകളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ മെയ് 25 വരെ ഐസിസി സമയം അനുവദിച്ചിട്ടുണ്ട്.

Advertisment

രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. ഹാര്‍ദ്ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനാകും. മോശം ഫോം തുടരുന്ന ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റനായി നിയമിക്കാനുള്ള നീക്കം പലരെയും ആശ്ചര്യപ്പെടുത്തിയെങ്കിലും, മുമ്പ് ടി20യിൽ ഇന്ത്യയെ നയിച്ച ഹാർദിക്കിൽ വിശ്വാസം അർപ്പിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് കുറച്ചുനാള്‍ ഹാര്‍ദ്ദിക് ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ തിരിച്ചുവരവിന് ശേഷം താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനാകുന്നില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ താരം നിരാശജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.

ലോകകപ്പിനുള്ള ടീം തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് ഹാര്‍ദ്ദിക്കിനെക്കുറിച്ചായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മലയാളിതാരം സഞ്ജു സാംസണിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

15 അംഗ ടീമില്‍ ഉള്‍പ്പെടുമെന്ന് കരുതിയ റിങ്കു സിംഗ് റിസര്‍വ് ലിസ്റ്റില്‍ മാത്രമായത് 'നിര്‍ഭാഗ്യം' മൂലമാണെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഹാര്‍ദ്ദിക് ടീമിലുള്‍പ്പെട്ടതും, ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ശിവം ദുബെയെ പരിഗണിക്കാന്‍ തീരുമാനിച്ചതുമാണ് റിങ്കുവിന് തിരിച്ചടിയായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 

Advertisment