Advertisment

ഒരു പഞ്ചായത്തിലെ മുഴുവൻ പാവപ്പെട്ടവർക്കും ഒരു വർഷത്തെ പെൻഷൻ നൽകുവാൻ സന്നദ്ധരായിക്കൊണ്ട് ഒരു ക്ലബ്ബും അതിന്റെ മെമ്പർമാരും ! പോകാം മനക്കലപടിയിലേയ്ക്ക് !!

author-image
admin
New Update

ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുമ്പ് തൃശൂര്‍ ജില്ലയിലെ വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ മനക്കലപടി ആസ്ഥാനമായി സ്ഥാപിതമായ സാൻഡോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഇന്നിപ്പോൾ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് .

Advertisment

കഴിഞ്ഞ രണ്ട് വർഷങ്ങളായി നടത്തിവരുന്ന സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിപ്പെടുകയും, ഇപ്പോൾ പരമാവധി കാര്യങ്ങൾ ചെയ്യുവാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഏറ്റവും സഹകരണം ലഭിക്കുന്നത് രാഷ്ട്രീയ - ജാതി - മത വേലിക്കെട്ടുകളെ മറികടന്നുകൊണ്ട് ഈ പഞ്ചായത്തിലെ മെമ്പർമാരിൽ നിന്നും ബന്ധപ്പെട്ടവരിൽ നിന്നുമാണ് .

publive-image

പഞ്ചായത്തിലെ നിർധനരായവർക്ക് ഒരു വർഷത്തെ പെൻഷൻ നല്കുന്ന പദ്ധതിയെക്കുറിച്ച് പഞ്ചായത്ത് അധികൃതർ സൂചിപ്പിച്ചപ്പോൾ ആ ബൃഹത്ത് ഉദ്യമം രണ്ടു കൈകളും നീട്ടി സ്വീകരിക്കുവാൻ തയാറായത് സാൻഡോസിന്റെ മെമ്പർമാർ ഒറ്റക്കെട്ടായാണ് .

ഈ ഒരു സ്നേഹവും അടുപ്പവും നാട്ടുകാരിൽ എന്നും എപ്പോഴും ഉണ്ടായിരിക്കണം എന്ന് തന്നെയാണ് സാൻഡോസിന്റെ എക്കാലത്തെയും പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് . എൺപതുകളിൽ എം കെ പ്രേമചന്ദ്രനും , വി. മോഹൻദാസും , കയ്യാലക്കൽ ഉണ്ണിയും, മുളംപറമ്പിൽ റഷീദും, ആലുവക്കാരൻ സാദിക്കും, സത്താറും, ചീനിക്കപ്പുറം അസറത്തും പന്തുകളിയുമായി ബന്ധപ്പെട്ട് മനക്കലപ്പടിയിലെ രാജീവ് മുല്ലപ്പിള്ളിയേയും, അറയ്ക്കൽ സലീമിനെയും, മുളംപറമ്പിൽ യാക്കൂബിനെയും ചെന്ന് കാണുകയും എല്ലാവരും ഒത്തുചേർന്നുകൊണ്ട് "സാൻഡോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് " ആരംഭിക്കുകയും ചെയ്തു .

പുതിയകാവ് ക്ഷേത്ര മൈതാനിയിൽ പത്ത് വർഷത്തോളം തുടർച്ചയായി നടത്തിയിരുന്ന ഫുട്ബോൾ ടൂർണമെന്റുകളും , കൂടാതെ തൃശൂർ , എറണാകുളം ജില്ലകളിൽ പങ്കെടുത്തിരുന്ന ഫുട്‍ബോൾ മത്സരങ്ങളും വഴി കോണത്തുകുന്ന്‌ "സാൻഡോസ് " ഉയരങ്ങൾ കീഴടക്കുകയിരുന്നു.

1986-ൽ കോണത്തുകുന്ന് സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ""സാൻഡോസ്"" കലാകാരൻമാർ തിമിർത്താടിയപ്പോൾ പിന്നീട് എല്ലാ വർഷങ്ങളിലും ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരങ്ങളും പ്രച്ഛന്ന വേഷ റാലികളും നാട്ടുകാർക്കായി നടത്തിക്കൊണ്ട് "സാൻഡോസ്"" പ്രവർത്തനങ്ങൾ വിപുലീകരിച്ചുകൊണ്ടിരുന്നു .

ഗഫൂറും ,ഗിരിയും, ഉണ്ണിയും, അനിലും, ഷിനോദും , നജാഹും, കൃഷ്ണനും, മക്‌സൂദും, മണികണ്ഠനും, ഷറഫുവും ഒക്കെ ക്ളബ്ബിന്റെ ഭാഗമായി മാറി . കൊച്ചിൻ "സംഘമിത്ര"യുടെ "ഇനിയും ഒരു കഥ പറയാം" എന്ന നാടകവും കൊച്ചിൻ ഗിന്നസിന്റെ ഗാനമേളയും ഒക്കെ ജനങ്ങൾക്കായി അവതരിപ്പിച്ചു .

ഒരു കാലഘട്ടത്തിൽ മിക്കവാറും മെമ്പർമാർ ഉപജീവനത്തിനായി നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നപ്പോൾ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും പിന്നീട് ക്ലബ്ബിന്റെ സെക്രട്ടറി ഗിരി എന്ന സുനിൽകുമാർ ഗൾഫ് പര്യടനം നടത്തിക്കൊണ്ട് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.

അതിന്റെ ഭാഗമായി ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം പുതിയകാവ് ക്ഷേത്ര മൈതാനത്തിൽ വെച്ച് വമ്പിച്ച കലാപരിപാടികളോടെ നാടിനെയും നാട്ടുകാരെയും വിളിച്ചുണർത്തിക്കൊണ്ട് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചപ്പോൾ നാടിന് പുതിയൊരു സംഘടനയുടെ രൂപവും ഭാവവും ലഭിച്ചു . കഴിഞ്ഞ വർഷത്തിൽ പത്തോളം രോഗികൾക്കുള്ള ചികിത്സാ സഹായം നൽകി.

ഇക്കഴിഞ്ഞ ഓണത്തിന് നിർധനകർക്ക് ഓണക്കിറ്റുകളും മറ്റും വിതരണം ചെയ്തുകൊണ്ട് നാട്ടിലെ മറ്റുള്ള സംഘടനകളെയും സാമൂഹിക സാംസ്‌കാരിക രംഗത്ത് കൂടുതൽ സഹായങ്ങളും മറ്റും നൽകുവാൻ പ്രേരിപ്പിച്ചതിൽ സാൻഡോസിന്റെ പങ്ക് ചെറുതൊന്നുമല്ല .

യാക്കൂബ് മുളംപറമ്പിൽ പ്രസിഡണ്ടായും , ടികെ സുനിൽ കുമാർ സെക്രട്ടറിയായും , നജാഹ് കോൽപ്പറമ്പിൽ ഖജാൻജിയായും തുടരുന്ന ക്ലബ്ബിന്റെ രക്ഷാധികാരികൾ രാജീവ് മുല്ലപ്പിള്ളിയും , സലിം അറയ്ക്കലും , ഗഫൂർ മുളംപറമ്പിലും ജമാൽ തരുപീടികയിലും ആണ് .

ഇവരുടെ നേതൃത്വത്തിൽ നാട്ടിലെയും വിദേശങ്ങളിലെയും മെമ്പർമാർ ഒത്തൊരുമിച്ചുകൊണ്ട് നടത്തിവരുന്ന ഈ സാമൂഹിക ക്ഷേമ പദ്ധതികൾ ഇനിയും ക്ലബ്ബിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുവാൻ സഹായകമാവട്ടെ എന്നാണ് ഈ നാട്ടുകാരുടെ പ്രാര്‍ത്ഥന

pension [ppr people
Advertisment