Advertisment

പുറത്തുള്ള 2010 ഗുണ്ടകളെ അകത്താക്കാനൊരുങ്ങുമ്പോള്‍ അകത്തുള്ള 1850 പേരെ പുറത്തേക്ക് വിടുന്നതെന്തിന് ? ഗുണ്ടാവേട്ട ആത്മാര്‍ത്ഥമാണെങ്കില്‍ സിനിമാ രാഷ്ട്രീയ മേഖലകളില്‍ നിന്ന് തുടക്കം കുറിക്കണം !

author-image
Vincent
New Update

സംസ്ഥാനത്ത് 2010 ഗുണ്ടകളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഇവരേക്കാള്‍ അപകടകാരികളായ 1850 തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരവും പുറത്തുവന്നിരുന്നു. അങ്ങനെയെങ്കില്‍ തടവുകാരെ മോചിപ്പിക്കാനുള്ള ആ നീക്കം റദ്ദാക്കാതെ വീണ്ടും പുറത്തുള്ളവരെ അകത്താക്കുമെന്നു സര്ക്കാര പറയുന്നതിലെ യുക്തി എന്തെന്ന് മനസിലാക്കാന്‍ പ്രയാസമാണ്.

Advertisment

ക്രമസമാധാനനില സംസ്ഥാനത്ത് ഭദ്രമാണെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആ അവകാശ വാദം മുഖവിലയ്ക്കെടുക്കാന്‍ പോലും കഴിയില്ല. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആഴ്ചയ്ക്ക് രണ്ടും മൂന്നും എന്ന നിലയിലാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്.

publive-image

ഗുണ്ടാ ആക്രമണങ്ങളും മയക്കുമരുന്ന് മാഫിയകളും സജീവമാണ്. സിനിമ, രാഷ്ട്രീയം, സാമ്പത്തികം ഉള്‍പ്പെടെയുള്ള മേഖലകള്‍ നിയന്ത്രിക്കുന്നത് ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളുമാണ്. കൂടാതെയാണ് ഓരോ ടൌണുകളിലെയും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതലുള്ളവരുടെ ഗുണ്ടാരാജ്.

സിനിമകളില്‍ ഗുണ്ടാ സംഘങ്ങളെ വളര്‍ത്തിയവര്‍ തന്നെ അതിന്‍റെ തിക്തഫലങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. പ്രമുഖരായ മിക്ക നടന്മാരുരെയും നടിമാരുടെയും ഡ്രൈവര്‍മാര്‍ ഗുണ്ടാ ബന്ധമുള്ളവരാണ്. ലൊക്കേഷനില്‍ പ്രൊഡക്ഷന്‍ മാനേജര്‍മാര്‍, എക്സിക്യുട്ടീവുകള്‍ തുടങ്ങി ബോയ്‌ വരെയുള്ളവര്‍ ഗുണ്ടകളാണ്. ലൊക്കേഷനില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരെ അടിച്ചൊതുക്കാനുമാണ് ഇത്തരക്കാരെ നിയോഗിക്കുന്നത്.

സെറ്റില്‍ പ്രശ്നക്കാരായ ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളെ ഒതുക്കാന്‍ വരെ ഇവരെ ഉപയോഗപ്പെടുത്തുന്നു. അപ്പോള്‍ അത്യാവശ്യം അടിപിടി കേസുകളിലും കൊലക്കെസുകളിലും പീഡന ശ്രമങ്ങളിലുമൊക്കെ പ്രതിയാണെന്ന് പറയുന്നത് ഇവര്‍ക്കുള്ള യോഗ്യതയായാണ്‌ സിനിമയില്‍ ചിലര്‍ കരുതുന്നത്.

അതില്‍ സമൂഹത്തിലെ സകല വിധ തിന്മകളുടെയും വിളനിലമായ സിനിമാ രംഗത്ത് അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ക്വട്ടേഷന്‍ സംഘങ്ങളും ഗുണ്ടകളും. അവരെ അടിച്ചമര്‍ത്താനും കരുതല്‍ തടങ്കലിലാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം നല്ലതുതനെ.

പക്ഷെ അത് ആത്മാര്‍ത്ഥമാണെന് ജനം വിശ്വസിക്കണമെങ്കില്‍ ആദ്യം ഈ സിനിമാ മേഖലയില്‍ നിന്ന്‍ തന്നെ അവര്‍ക്കെതിരെയുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കണം. താരങ്ങളുടെ ഡ്രൈവര്‍മാരെ നിരീക്ഷണ വിധേയമാക്കണം. സിനിമാ കമ്പനികളെ നിരീക്ഷിക്കണം.

രണ്ടാമത് നടപടി തുടങ്ങേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ പാര്‍ട്ടി അംഗങ്ങളാക്കിയിരിക്കുന്ന നടപടിയില്‍ നിന്നും പാര്‍ട്ടികള്‍ പിന്തിരിയണം. രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനു തയാറായില്ലെങ്കിലും പാര്‍ട്ടിയുടെ സംരക്ഷണത്തിന്‍റെ മറവില്‍ അഴിഞ്ഞാടുന്ന ഗുണ്ടാ നേതാക്കളെ ലോക്കപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയണം. പാര്‍ട്ടിയുടെ നിറം നോക്കാതെയുള്ള നടപടിയാണ് ആവശ്യ൦.

രാഷ്ട്രീയ പാര്‍ട്ടികളില്‍ കടന്നുകൂടി നേതാക്കളുടെ തണലില്‍ ഗുണ്ടായിസവും മയക്കുമരുന്ന്, കഞ്ചാവ്, കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളും നടത്തി, കോടികളുടെ പ്രഭയില്‍ നിറഞ്ഞാടുന്നവര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. നേതാക്കള്‍ക്കെതിരെ വരുന്ന വാര്‍ത്തകള്‍ പോലും ഒതുക്കാന്‍ ഇത്തരം ഗുണ്ടാ മാഫിയകളെ ഉപയോഗിക്കുന്ന നേതാക്കള്‍ അനവധിയാണ്. അവരെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന്റെ ഗുണ്ടാ വേട്ട നിരര്‍ത്ഥകമാകും.

അതിനൊക്കെ മുമ്പ് ആദ്യം ചെയ്യേണ്ടത് കാലാവധിയ്ക്ക് മുമ്പ് 1850 തടവുകാരെ മോചിപ്പിക്കാന്‍ നടത്തിയ നടപടി പിന്‍വലിക്കുകയാണ്. പുറത്തുള്ള ഗുണ്ടകളെ അകത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അകത്തുള്ള ഗുണ്ടകളെ നിങ്ങള്‍ തന്നെ പുറത്തേക്ക് ഇറക്കി വിടുകയാണെങ്കില്‍ പിന്നെയെന്തിനാണ് മറ്റ്‌ നാടകങ്ങളൊക്കെ ?

- എഡിറ്റര്‍.

kerala criminals
Advertisment