Advertisment

പ്രകടമായ ഭാവപകർച്ചയുമായി സൈരന്ധ്രിവനം

New Update

സൈലൻറ് വാലിയിലെ സിംഹവാലൻ കുരങ്ങുകളുടെ കണ്ണുകളിൽ തീർച്ചയായും നെല്ലിയാമ്പതിയിലെയൊ വാൽപാറയിലെയോ കുരങ്ങുകളുടെ കൺകളിലെ തീക്ഷ്ണതയില്ല. ചിലയിടങ്ങൾ കേന്ദ്രീകരിച്ച് കൃത്യമായി തങ്ങളുടെ പതിവ്‌ യാത്ര ചിട്ടപ്പെടുത്തിയിരിക്കുന്ന വാൽപാറയിലെ സിംഹവാലന്മാരുടെ മാർഗ്ഗമധ്യത്തിൽ മനുഷ്യവാസമുള്ള ഗ്രാമങ്ങളും പെടും.

Advertisment

അവറ്റകൾ ഇവിടങ്ങളിൽ കുടിൽ കെട്ടി താമസിക്കുന്ന തോട്ടം തൊഴിലാളികളുടെ അടുക്കളകളിൽ പോലും കയറിയിറങ്ങി പരിശോധനകൾ നടത്തുകയും ചെയ്യും. മനുഷ്യരുമായി അത്രക്ക് ഇണങ്ങി കഴിഞ്ഞിരിക്കുന്ന ആ പ്രദേശത്തെ കുരങ്ങുകളുടെ സ്ഥാനത്ത് നിശബ്ദ താഴ്വരയിലെ കുരങ്ങുകളുടെ കണ്ണുകളിൽ എപ്പോഴും ഏതോ ഭയത്തിൻറെ ലാഞ്ചന കാണാം.

publive-image

ഒരുകാലത്ത് വഴിവിട്ട വികസനവാദികളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ട സൈലൻറ് വാലിയിലെ നിശബ്ദതക്ക് പോലും അർത്ഥങ്ങൾ ഉള്ളതായി തോന്നുമെന്ന് ഇവിടങ്ങളിൽ ഉള്ളവർ പറയും, ചീവീടുകൾ ചിലയ്ക്കാത്ത ആ പഴയ താഴ്വര പക്ഷെ ഇന്നുണ്ടെന്ന് തീർത്ത് പറയാനാവില്ലെങ്കിൽ കൂടി.

അവിടെയുമിവിടെയുമായി ചീവീടുകളുടെ ചിലപ്പുകൾ കേട്ട് തുടങ്ങിയിരിക്കുന്ന നിശബ്ദവനം പക്ഷെ പകലുകളിൽ നൂറിന് മുകളിൽ ഇനം കിളികളുടെ കളകൂജനങ്ങളാൽ മുഖരിതമാണ്. പക്ഷികളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന അന്താരാഷ്‌ട്ര കൂട്ടായ്മയായ ബേഡ് ലൈഫ് ഇൻറർനാഷണലിൻറെ കണക്ക് പ്രകാരം ആകെയുള്ള 138 പക്ഷിയിനങ്ങളിൽ 16 എണ്ണം വംശനാശം നേരിടുന്നവയാണ് താനും.

ഞാൻ സൈലൻറ് വാലിയിൽ ഇതിന് മുൻപും വന്നിട്ടുണ്ട്; ആറ് വർഷങ്ങൾക്ക് മുൻപ് ഇത് പോലെ ഒരു ഡിസംബറിൽ. അന്ന് പക്ഷെ എൻറെ ഓർമ്മ ശരിയാണെങ്കിൽ ഇന്നത്തേതിലും ഏറെ കുളിര് അനുഭവപ്പെട്ടിരുന്നത് പോലെ. സൈരന്ധ്രി വനത്തിൻറെ ഒരേയൊരു പുഴയായ കുന്തിപ്പുഴയിൽ ഇതിലുമേറെ വെള്ളം ഉണ്ടായിരുന്നത് പോലെ..... ഉറപ്പ് പറയുന്നില്ല.

സൈരന്ധ്രി, കുന്തി എന്നൊക്കെ കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക മഹാഭാരത പുരാണവും പാണ്ഡവരുടെ അജ്ഞാതവാസക്കാലവും ഒക്കെയാവും. പുരാണത്തിലെ സൈരന്ധ്രി, ഒന്നുകൂടി വ്യക്തമാക്കിയാൽ സുദേഷ്ണ രാജ്ഞിയുടെ പരിചാരികയായി പാണ്ഡവരുടെ ഒപ്പം അജ്ഞാതവാസക്കാലം പോക്കിയ ദ്രൗപദി, അക്കാലത്തായിരുന്നു ഭീമസേനൻറെ കൈകളാൽ ഉഗ്രപ്രതാപിയായിരുന്ന കീചകൻറെ വധത്തിന് ഹേതുവായത്.

ദ്രൗപദി എന്ന പൗരാണിക സ്ത്രീകഥാപാത്രത്തിൽ അസാമാന്യ ഗാഢത കാണുന്ന സാഹിത്യകാർ അനേകമുണ്ട് ഇന്നും. ഈ ഗാഢതയും ഗാംഭീര്യവും വേണ്ടുവോളം സൈരന്ധ്രി വനത്തെയും ചൂഴ്ന്ന് നില്ക്കുന്നതായി അനുഭവപ്പെടും. ചൂതുകളിയിൽ പരാജയമടഞ്ഞ പാണ്ഡവരുടെ നിസ്സഹായതയുടെ മുന്നിലും, ഉന്മാദാവസ്ഥയിൽ ആക്രോശിച്ച് നിന്ന കൗരവരുടെ അസുരവീര്യത്തിന് മുന്നിലും പതറാതെ നിന്ന് കുത്തഴിഞ്ഞ മുടിയിഴകളിൽ തൊട്ട് ഉഗ്രശപഥം പുറപ്പെടുവിച്ച സ്ത്രൈണവീര്യത്തെ സൈരന്ധ്രിവനം സമഗ്രം ആവാഹിച്ച് ഉൾകൊണ്ടായിരുന്നില്ലേ സൈലൻറ് വാലി പ്രക്ഷോഭക്കാലങ്ങളിൽ സമരക്കാർക്ക് ആവേശം പകർന്ന് നിന്നിരുന്നത്?

അന്ന് ദ്രൗപദി പ്രതികരിച്ചത് തൻറെ അഭിമാനത്തിന് ക്ഷതം സംഭവിച്ചപ്പോഴായിരുന്നെങ്കിൽ ഇന്നലെ സൈരന്ധ്രിവനം പോരാടിയത് താൻ ആശ്രയമേകുന്ന അനേകം കോടി ജീവജാലങ്ങളുടെ അസ്ഥിത്വത്തിന് വേണ്ടിയായിരുന്നുവെന്നതിന് സംശയം വേണ്ട. ആ പ്രക്ഷോഭത്തിൻറെ മുൻനിരയിൽ സൂര്യതേജസ്സോടെ നിന്ന് പടനയിച്ച സ്ത്രീരത്നത്തിനും പുരാണത്തിലെ കൃഷ്ണയോട് സാദൃശ്യമുള്ളതായി തോന്നിയാൽ അതിലും, അഹിതമൊന്നും കാണേണ്ടതില്ല.

സൈരന്ധ്രിയുടെ മലയിടുക്കുകളെ തഴുകിയൊഴുകി വരുന്ന കുന്തിപ്പുഴക്ക് വീതി കുറയുന്ന മർമ്മസ്ഥാനം നോക്കിയായിരുന്നു പാത്രക്കടവ് ജലവൈദ്യൂതി പദ്ധതിക്കുള്ള പ്രദേശം തിരഞ്ഞെടുത്തത്. ഇവിടെ ഇരുവശത്തും ഉയർന്ന് നില്ക്കുന്ന പാറക്കെട്ടുകൾക്ക് ഇടയിലൂടെ പുഴ വീതി കുറഞ്ഞാണ് ഒഴുകുന്നത്.

ഇത്ര ദുർബ്ബലമായ ഒഴുക്കുള്ള ഈ പുഴക്ക് കുറുകെയാണോ ഒരു അണക്കെട്ട് നിർമ്മിക്കുവാൻ സ്ഥലം കണ്ടത്? അവിടെ പുഴക്ക് കുറുകെ നല്ല ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ആട്ടമുള്ള തൂക്കുപാലത്തിൻറെ കൈവരിയിൽ പിടിച്ചുനില്ക്കുകയായിരുന്ന എൻറെ മനസ്സിലെ സംശയം മുഖഭാവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടാവണം മാരി പറഞ്ഞു, "നമ്മൾ നില്ക്കുന്ന ഈ പാലമുണ്ടല്ലോ? എൻറെ ഓർമ്മയിൽ ഒരെട്ടു തവണയെങ്കിലും ഒഴുകിപ്പോയിട്ടുണ്ട്; ഇടവപ്പാതി മഴക്കാലത്തെ കുത്തൊഴുക്കിൽ".

മാരിയുടെ വാക്കുകൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കാരണം നല്ല കരുത്തോടെ ഉരുക്കിൽ തീർത്ത പാലമായിരുന്നു അത്. പിന്നെ ആ സമയം പാലത്തിനടിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയുടെ ജലോപരിതലത്തിൽ നിന്ന് കുറഞ്ഞത് 100 അടിയെങ്കിലും ഉയരം തോന്നിച്ചിരുന്നു പാലത്തിന്. മഹാഭാരതത്തിലെ കുന്തിക്ക് ശാന്തത വെടിഞ്ഞ ഒരു ഭാവമുണ്ടായിട്ടുണ്ടോ എന്തോ?

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ തൂതപ്പുഴയുടെ ഒരു കൈവഴിയാണ് കുന്തിപ്പുഴ. ഈ പുഴയുടെ മറ്റൊരു പേരാണ് കുന്തിരിക്കപ്പുഴ എന്നത്. "ഇരുകരയിലും ധാരാളമായി പന്തലിച്ച് നില്കുന്ന കുന്തിരിക്കവൃക്ഷങ്ങൾ ആണ് കുന്തിരിക്കപ്പുഴക്ക് ആ പേര് നല്കിയത് എന്നൊരു ഭാഷ്യമുണ്ട്. അങ്ങിനെയെങ്കിൽ കുന്തിരിക്കപ്പുഴ ലോപിച്ചാവണം കുന്തിപ്പുഴയായത്." മാരി പറഞ്ഞുകൊണ്ടേയിരുന്നു.

പുഴയോരത്തു കൂടി വള്ളിപ്പടർപ്പുകൾ വകഞ്ഞ് മാറ്റി അൽപദൂരം നടക്കുമ്പോൾ പുഴവെള്ളത്തിൻറെ കുളിർമ്മ നന്നേ അനുഭവപ്പെടുന്നുണ്ടായിരുന്നു. ഏത് കാലാവസ്ഥയിലുമുള്ള ജലത്തിൻറെ ഈ കുളിർമ്മ കുന്തിപ്പുഴയുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണത്രെ. പുഴയോരത്തുള്ള അടിക്കാടുകൾക്കിടയിൽ ഞങ്ങളെ ആരോ പിന്തുടരും പോലെയുള്ള മൃദുശബ്ദങ്ങൾ ആദ്യം മുതലേ കേട്ടിരുന്നു.

അല്പം തുറസ്സായ ഒരു പ്രദേശത്തെത്തിയപ്പോഴാണ് ആ വിദ്വാനെ വ്യക്തമായി കണ്ടത്. അതൊരു കുറിക്കണ്ണൻ കാട്ടുപുള്ളായിരുന്നു ഇംഗ്ലീഷിൽ ഓറഞ്ച് ഹെഡെഡ് ഗ്രൌണ്ട് ത്രഷ് (ശാ.നാ.Geokichla citrina). കണ്ണുകൾക്ക് കുറുകെ വെളുപ്പിൽ കറുത്ത രണ്ട് തെളിഞ്ഞ വരകളുള്ള ഇവയെ കണ്ടാൽ ഒറ്റനോട്ടത്തിൽ ഗറില്ല യുദ്ധവീരന്മാരെയാവും ഓർമ്മ വരിക.

publive-image

"ദാ നോക്കൂ ഇതാണ് അടയ്ക്കാപൈൻ വൃക്ഷം, പശുപതി എന്നും അറിയപ്പെടും. ഇരുപത് മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരത്തിൻറെ കായ് ജാതിക്കയ്ക്ക് പകരം ആയുർവേദത്തിൽ ഉപയോഗിക്കാറുണ്ട്. ഇത് ഭദ്രാക്ഷം, കാരമാവ്‌ എന്നും അറിയപ്പെടും. ഈ വൃക്ഷത്തിൻറെ ഇലകൾ വിഷത്തിനെതിരെയും വാതത്തിനും ഔഷധമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ഭക്ഷ്യയോഗ്യമായ കായ്കളിൽ ഗണ്യമായ അളവിൽ മാംസ്യവും അന്നജവും അടങ്ങിയിട്ടുണ്ട്." മുന്നിൽ കണ്ട പ്രധാന സസ്യങ്ങളുടെയും ഓരോ ചിത്രശലഭത്തിൻറെയും നിശാശലഭത്തിൻറെയും തവളയുടെയും പേരുകളും ശാസ്ത്രനാമങ്ങളും വിശദവിവരങ്ങളും അങ്കുശമന്യേ എന്നെ അറിയിക്കുന്നതിൽ വ്യാപൃപ്തനായി നിന്ന മാരിയെന്ന വനചാരിയുടെ ഉള്ളിലെ നിശബ്ദ യോദ്ധാവ് തലയുയർത്തി സ്വയരൂപം കാട്ടിയത്, ഞങ്ങൾ നടക്കുകയായിരുന്ന പുഴയോട് ചേർന്ന് കിടന്ന ആനത്താരിയിൽ അവിടെയുമിവിടെയുമായി ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒന്ന് രണ്ട് പ്ലാസ്റ്റിക് കൂടുകൾ കണ്ടപ്പോഴായിരുന്നു.

"സാധാരണക്കാർ ഇത് ചെയ്യില്ല. വലിയ വലിയ സ്ഥാനമാനങ്ങൾ അലങ്കരിക്കുന്നവരാവും പലപ്പോഴും ഇതിനൊക്കെ പിന്നിൽ. പക്ഷെ ഞങ്ങളിൽ ഒരാളുടെ ശ്വാസമെങ്കിലും നിലയ്ക്കാതെയുണ്ടെങ്കിൽ ഈ വനത്തിന് കീഴെ ഒരു പ്ലാസ്റ്റിക് അടുക്ക് രൂപപ്പെടുകയില്ല." മാലിന്യം പെറുക്കി തൻറെ പോക്കറ്റിൽ കുത്തി നിറച്ചുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.

സൈരന്ധ്രി വനത്തിൻറെ മഴക്കാടുകളെ രണ്ടുഭാഗങ്ങളായി തിരിച്ചുകൊണ്ടാണ്‌ കുന്തിപ്പുഴ ഒഴുകുന്നത്‌. പുഴയുടെ കിഴക്കേ കരയിൽ രണ്ടു കിലോമീറ്ററും പടിഞ്ഞാറെ കരയിൽ അഞ്ചു കിലോമീറ്ററുമായി സൈലൻറ് വാലി ദേശീയോദ്യാനത്തിൻറെ വനഭൂമി പരന്ന് കിടക്കുന്നു.

കുന്തിപ്പുഴയാണ് ഈ വനപ്രദേശത്തെ ബഹുഭൂരിഭാഗം ജന്തുജാലങ്ങളുടെയും അന്നദാനേശ്വരിയെങ്കിൽ പുഴയുടെ ജീവാത്മാവും പരമാത്മാവും സൈരന്ധ്രിവനം തന്നെയാണ്. താഴ്‌വരയുടെ കിഴക്കൻ ചെരിവിൽ നിന്നും ഊറിവരുന്ന വലിയപാറത്തോട്‌, കുന്തൻ ചോലപ്പുഴ, കുമ്മന്തൻ തോട്‌, മദ്രിമാരൻ തോട്‌, കരിങ്ങാത്തോട് എന്നീ ചോലകളാണ് പുഴയെ നിലനിർത്തുന്ന ജീവനാഡികൾ.

publive-image

വനവാസകാലത്ത് ദ്രൗപദിയുമൊത്ത് പാണ്ഡവർ ഇവിടെ പുഴക്കരികിലുള്ള ഏതോ ഗുഹയിൽ തങ്ങിയിരുന്നു എന്നൊരു കഥയുണ്ട്. അതുകൊണ്ടൊക്കെയായിരിക്കാം കുന്തിപ്പുഴയെയും ഇത്രകണ്ട് ഐതിഹ്യങ്ങളുമായി ബന്ധപ്പെടുത്തി പവിത്രയാക്കിയിരിക്കുന്നു.

പക്ഷെ അതിലും ഒക്കെ ഏറെ, ഒരുപാടേറെ, മനസ്സിനെ ആകർഷിക്കുന്ന ഏതാനും വരികൾ പുഴയെ കുറിച്ച്, ചരിത്രസമാധിക്ക് വിധേയമായിരിക്കുന്ന സൈലൻറ് വാലി പദ്ധതിക്കായി തിരഞ്ഞെടുത്ത ആ പ്രദേശത്ത് എനിക്ക് കാണുവാൻ കഴിഞ്ഞു. അവിടെ വനം വകുപ്പ് സ്ഥാപിച്ച ഒരു പലകയിൽ ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്,

"കാട്ടുചോലകളൊന്നിച്ച കുന്തിപ്പുഴ ഈ മലന്താഴ്‌വാരത്തിലൂടെ ഒഴുകി, കാടിൻറെ തണുപ്പിൽ നിന്ന്‌, മലമുകളിൽ നിന്ന്‌ പുറത്തുകടക്കുന്ന യാത്ര ഇവിടെ തുടങ്ങുന്നു. ഈ ഗർത്തത്തിനൊടുവിൽ പാത്രക്കടവും കടന്ന്‌ മണ്ണാർക്കാട്‌ സമതലങ്ങളിലേക്കു കുത്തിയൊഴുകുന്നു..... ഇവിടെ വച്ച്‌ ഈ ഒഴുക്ക്‌ എന്നെന്നേക്കുമായി നിലയ്‌ക്കുമായിരുന്നു. സൈലൻറ് വാലി ജലവൈദ്യുത അണക്കെട്ട്‌ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥാനമിതായിരുന്നു...".

കോയമ്പത്തൂരിൽ നിന്നും യാത്ര തിരിച്ച്, തടാകം, ആനകട്ടി, അഗളി, അട്ടപ്പാടി വഴിയാണ് ഞാൻ സൈലൻറ് വാലിയുടെ കവാടമായ മുക്കാലിയിൽ എത്തിയത് പ്രകൃതിയെ അതിമാനോഹരിയായി തോന്നിച്ചു ആ യാത്രയുടനീളം. എടുത്ത് പറയുവാനുള്ളത് വഴിയിലെമ്പാടും കാണുവാൻ കഴിഞ്ഞ പക്ഷിവൈവിധ്യമാണ്. എത്രതരം പക്ഷികൾ......

ആനകട്ടിയിൽ റോഡരികിൽ ഒരു മുൾ വേലിയിൽ ഇരുന്ന് ഇണയെ വിളിച്ചുകൊണ്ടിരുന്ന കിന്നരിമൈനയും (ശാ.നാ.Acridotheres fuscus) അട്ടപ്പാടി കഴിഞ്ഞൊരു വിജനപ്രദേശത്ത് വികൃതരൂപമാർന്ന ഒരു മരക്കൊമ്പിൽ, ധ്യാനിച്ചിരുന്ന പനങ്കാക്കയും (ശാ.നാ.Coracias benghalensis) മുതൽ, മുക്കാലിക്ക് സമീപം ഒരു കേബിളിൽ ഇരുന്ന് തൂവലുകൾ ചീകിയോതുക്കുകയായിരുന്ന അസുരക്കിളി (ശാ.നാ.Lanius vittatus) വരെ. മുക്കാലിയിൽ നിന്ന് വീണ്ടും വനപാതയിലൂടെ യാത്ര തുടർന്നാൽ അടുത്ത വലിയ പട്ടണമായ മണ്ണാർക്കൊടെത്താം.

മുക്കാലിയിലാണ് സൈലൻറ് വാലിയിലേക്കുള്ള പ്രവേശനത്തിന് അനുവാദം വാങ്ങേണ്ട ഇക്കോ ടൂറിസം കാര്യാലയം. ഇവിടെ ഒരു നിശ്ചിത ഫീസടച്ചാൽ വനത്തിനുള്ളിലേക്ക് സഞ്ചരിക്കുവാനുള്ള പാസും ഒരു ബോണസ് പോലെ സാരഥി ഉൾപ്പെടെ ഒരു ജീപ്പും തരപ്പെടുന്നു. അവിടെ നിന്നും കാട്ടുപാതയിലൂടെ അഞ്ച് മണിക്കൂറോളം യാത്രയുണ്ട് സൈരന്ധ്രിയിലെത്തുവാൻ.

ഈ വഴിയിൽ വച്ചാണ് ഞാൻ സിംഹവാലൻ കുരങ്ങിൻകൂട്ടത്തെ കാണുന്നത്. ജീപ്പ് നിർത്തി ക്യാമറയുമായി ഇറങ്ങിയ ബോസിനെ കണ്ടതും വിചിത്ര ശബ്ദങ്ങൾ പുറപ്പെടുവിച്ച് കൊണ്ട് അവയിൽ ഭൂരിഭാഗവും അല്പം കൂടി കാടിനുള്ളിലായി വന്മരങ്ങൾക്കിടയിലേക്ക് വലിഞ്ഞു.

"കാട്ടു മൃഗങ്ങൾ! പരിഷ്കാരം എന്തെന്ന് കാണണമെങ്കിൽ വാൽപാറയിലേക്ക് വാ" എന്ന് പിറുപിറുത്ത് നിന്ന അദ്ദേഹത്തെ ഒട്ട് ഭയപ്പാടോടെ ശ്രദ്ധിച്ച്, മറ്റ് കുരങ്ങുകളെ അപേക്ഷിച്ച് അടുത്തൊരു വൃക്ഷത്തിൽ ഇരുന്ന സിംഹവാലി രാജകുമാരിയെ ജീപ്പ് ഡ്രൈവർ മനാഫ് പതിയെ ആംഗ്യത്തിലൂടെ കാട്ടിത്തന്നതോടെ അല്പം കൂടി വിഗളിതമായി ചിത്രങ്ങൾ പകർത്തുവാനുള്ള വഴി തെളിഞ്ഞു.

തുടർന്നുള്ള യാത്രയിൽ റോഡിന് വലതുവശത്തുള്ള പൊക്കംകൂടിയ ഭൂമിയിൽ കുറ്റിച്ചെടികൾക്കിടയിൽ നിന്നും ഒരു വലിയ കൊമ്പൻ മ്ലാവ് റോഡിൽ ചാടി ഒരു നിമിഷം കൂടി ഞങ്ങൾക്കായി കാത്തുനില്ക്കാതെ ശരവേഗം താഴെ കാട്ടിലേക്ക് മറഞ്ഞു. വിരണ്ടോടുന്ന മ്ലാവിന് പിന്നിൽ തീർച്ചയായും കാട്ടുപട്ടികളുണ്ടാവും ഇംഗ്ലീഷിൽ ധോൾ (Dhole - ശാ. നാ. Cuon alpinus) എന്നറിയപ്പെടുന്നവ; കുറഞ്ഞ പക്ഷം വിശന്നു വലഞ്ഞ ഒരു കടുവയെങ്കിലും.

കടുവയും കാട്ടുനായും പോയിട്ട് ആ മാനെ വിരട്ടാൻ പോന്ന ഒരു മുള്ളൻപന്നി പോലും ആ വഴിക്കെങ്ങും വന്നില്ല. അല്പനേരത്തെ കാത്തിരിപ്പിന് ശേഷം തെല്ല് നിരാശയോടെ തന്നെ ഞങ്ങൾ വണ്ടി മുന്നോട്ടെടുത്തു.

സൈരന്ധ്രിയിൽ ആണ് ഞാൻ മാരിയെ പരിചയപ്പെടുന്നത്. മുക്കാലിയിൽ നിന്നും ഇവിടേക്കുള്ള ജീപ്പ് യാത്രാമധ്യേ മനാഫ് മാരി എന്ന പേരുള്ള ഉദ്യോഗസ്ഥനെ പറ്റി അടിക്കടി സൂചിപ്പിച്ചിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

സ്ഥലം ഡി എഫ് ഓ യ്ക്ക് പോലും ലഭിക്കാത്ത ബഹുമാനം ആ ഡ്രൈവറിൽ നിന്ന് ലഭിച്ചു കണ്ട ഈ ഫോറസ്റ്റ് ഗാർഡ് ആരെടാ, റോബർട്ട്‌ വൈറ്റിൻറെ പുനർജന്മമോ എന്നൊക്കെ ചിന്തിച്ച് അല്പം അതിശയോക്തിയിൽ മാരിയെന്ന അതിമാനുഷനെ പ്രതീക്ഷിച്ച് നിന്ന എൻറെ മുന്നിലേക്ക് ഒരു സാധാരണക്കാരിൽ സാധാരണക്കാരനായ വനഗോത്രജൻ കടന്നുവന്നു. കൃശഗാത്രനും മിതഭാഷിയുമായ ആ മനുഷ്യനിൽ ഒരു ജീനിയസ് ലീനമായിരിക്കുന്നു എന്നെനിക്ക് ബോധ്യമായത് തുടർന്ന് അദ്ദേഹത്തോടൊപ്പമുള്ള വനയാത്രയിലായിരുന്നു.

1847ൽ സൈരന്ധ്രിവനം സന്ദർശിച്ച് ഇവിടങ്ങളിലെ, ചീവീടുകളുടെ ചിലപ്പിൻറെ അസാന്നിധ്യം ശ്രദ്ധിച്ച് താഴ്‌വരയ്‌ക്ക് സൈലൻറ് വാലിയെന്ന പേര് നൽകിയ സസ്യശാസ്‌ത്രജ്ഞനായിരുന്ന റോബർട്ട്‌ വൈറ്റ്‌ എങ്കിൽ സംശയമന്യേ, അദ്ദേഹത്തെക്കാളേറെ സൈരന്ധ്രീവന ജീവജാലങ്ങളുടെ പേരുകൾ പഠിച്ച് വച്ചിരിക്കുകയും ഒരുപക്ഷെ വരും നാളുകളിൽ കൂടുതൽ പഠിക്കുകയും ചെയ്തേക്കും മാരിയെന്ന ഈ വനമനുഷ്യൻ.

പ്രധാന കാരണം സൈലൻറ് വാലിയിൽ ഓരോ വർഷവും കണ്ടുപിടിക്കപ്പെടുന്ന പുതുജീവജാലങ്ങളുടെ എണ്ണം തന്നെ. നിങ്ങളറിയുക, ആയിരത്തോളം സസ്യവംശങ്ങളെ ഇവിടുത്തെ മഴക്കാടുകളിൽ കണ്ടെത്തിയിട്ടുണ്ട്.

966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. 108 ഇനം ഓർക്കിഡുകൾ അവയിൽ പെടുന്നു. 170 ഇനം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്, 31 ഇനം ദേശാടകർ ഉൾപ്പെടെ. നൂറോളം ഇനം ചിത്രശലഭങ്ങളേയും, 400 ഇനം മറ്റു ശലഭങ്ങളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

സൈരന്ധ്രിയിൽ മാരി ഞങ്ങളെ നേരെ ആനയിച്ചത് മനോഹരമായി നിലനിർത്തിയിരിക്കുന്ന പൂന്തോട്ടത്തിന് നടുവിലെ ഒരു ലഘുഭക്ഷണശാലയിലെക്കായിരുന്നു. അമച്ച്വർ പക്ഷിനിരീക്ഷകനും ഒരു തികഞ്ഞ പാചകവിദഗ്ധനുമായ മോഹനനാണ് ഇതിൻറെ നടത്തിപ്പുകാരൻ.

പക്ഷിനിരീക്ഷണത്തിൽ താല്പര്യമുണ്ട് എന്നറിയിച്ചപ്പോൾ അദ്ദേഹത്തിന് നിർബന്ധം; ഇക്കോ-ടീഷോപ്പിന് മുന്നിൽ പ്രസന്നവദനയായി നിൽക്കുന്ന ഒരു വലിയ വട്ടമരത്തിൽ കൂടുകൂട്ടിയിട്ടുള്ള നീലഗിരി പാറ്റപിടിയൻറെ (നീലഗിരി ഫ്ലൈ ക്യാച്ചർ - ശാ.നാ. Eumyias albicaudatus) ചിത്രമെടുത്ത ശേഷം മതി ബാക്കിയെന്തുമെന്ന്.

ഏറെ ശ്രമം നടത്തിയിട്ടും വേഗക്കാരിൽ വേഗക്കാരനായ ഈ പക്ഷിയുടെ ഒരു നല്ല ചിത്രമെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും മോഹനൻറെ സമാധാനത്തിനായി ഞങ്ങളുടെ ഭഗീരഥശ്രമത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് സമീപത്തൊരു കൊമ്പിൽ ഇരിക്കുകയായിരുന്ന മഞ്ഞച്ചിന്നൻറെ (യെല്ലോ ബ്രോവ്ഡ്‌ ബുൾബുൾ - ശാ.നാ. Acritillas indica) സാമാന്യം തരക്കേടില്ലാത്ത ഏതാനും ചിത്രങ്ങൾ പകർത്തിയ ശേഷം മാത്രമാക്കി പിൻവാങ്ങൽ.

publive-image

അതിന് ശേഷമായിരുന്നു മാരിയുടെ കാര്യാലയത്തിൻറെ ഉമ്മറത്ത് തന്നെ വലിപ്പത്തിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന സാമാന്യം വലിയ ഒരു കുട്ടിയാനയുടെ ജഡത്തിൽ സദ്യയുണ്ണുന്ന കടുവയുടെ ചിത്രം ശ്രദ്ധയിൽ പെട്ടത്. മനസ്സിനെ അലട്ടുന്ന ആ ചിത്രത്തിൻറെ പിന്നിലെ സംഭവം മാരി വിവരിച്ചത് എനിക്ക് ഇന്നും വിശ്വസിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

മാരിയുടെയും മോഹനൻറെയും മനാഫിൻറെയും സാക്ഷ്യമനുസരിച്ച് 2013 ൽ ആറ് വയസ്സോളം പ്രായം വരുന്ന ഒരു കൊമ്പനാനക്കുട്ടിയെ കടുവ വിടാതെ പിന്തുടരുന്നത് കാണാത്തതായി ആരുമില്ല പ്രദേശത്ത്, തുടർന്ന് ഒരു പ്രഭാതത്തിൽ അവർ കണ്ടത് ചെരിഞ്ഞ ആനയും അതിൻറെ മാംസം ഭക്ഷിക്കുവാൻ ആരംഭിച്ചു കഴിഞ്ഞിരുന്ന കടുവയെയുമായിരുന്നത്രെ.

എല്ലാവരും ഒരേ പോലെ ആണയിട്ട് പറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ കഴിയുന്നില്ല എന്ന് തന്നെ പറയണം. പക്ഷെ ഇപ്പോഴും അലട്ടുന്ന വലിയ സംശയം സാമ്പ്രദായികമായി ജീവനെടുക്കുവാൻ ഇത്രവലിയ ആനയുടെ ശ്വസനക്കുഴൽ കടുവ എങ്ങിനെ അടച്ചു എന്നത് തന്നെ. ഇത്തരം അതിശയോക്തി നിറഞ്ഞ കഥകൾ/സംഭവങ്ങൾ വനത്തിന് പകർന്ന് നല്കുന്ന മാസ്മരികച്ഛവി എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്.

ഐക്യരാഷ്ട്ര സംഘടന ലോകത്തിലെ തന്നെ ഏറ്റവും സംരക്ഷണമർഹിക്കുന്ന ജൈവമേഖലയായ നീലഗിരി ബയോസ്ഫിയർ റിസർവ്വിൻറെ മൂലകേന്ദ്രമായി മാറ്റുകയുണ്ടായ നിശ്ശബ്ദതാഴ്വരയ്ക്ക് കാവൽ നില്ക്കുന്നത് കുറെ ഉയർന്ന മലനിരകളാണ്‌.

സൈരന്ധ്രിയിൽ നിന്ന് നോക്കിയാൽ ഏറ്റവും ഉയരത്തിൽ നില്ക്കുന്ന വലിയ അംഗിണ്ട (2,383 മീറ്റർ) തന്നെയാണ് ഏറ്റവും ഉയർന്ന മലയെങ്കിൽ സൈരന്ധ്രിവനത്തിൻറെ വടക്ക് കിഴക്കൻ അതിര് കാക്കുന്ന ശിശുപ്പാറയാണ് (ഇംഗ്ലീഷിൽ Sispara) ഉയരം കൊണ്ട് രണ്ടാം സ്ഥാനത്ത്. അഞ്ചുണ്ട മുടി, ചെറിയ അംഗിണ്ട, ഒലിപ്പാറ, മുക്കാലിമുടി, കത്തിരിച്ചുണ്ടൻ, പുന്നമല, കാട്ടിമുടി എന്നിവയിൽ തുടങ്ങി ഇരുനൂറിനടുത്ത് മലകളാണ് സൈരന്ധ്രിക്ക് കാവലാളന്മാർ.

ഇവിടെ ഓരോ മലയ്ക്കും പ്രത്യേകതയുണ്ട്. ലോകത്തിൽ വംശനാശത്തിൻറെ അരികിലെത്തി നിൽക്കുന്ന കാട്ടാടുകളിൽ ഏറ്റവും പ്രാമുഖ്യത്തോടെ അറിയപ്പെടുന്ന നീലഗിരി താർ അഥവാ വരയാടുകളുടെ ഏറ്റവും വടക്കുള്ള ആവാസ പ്രദേശമായ നീലഗിരിയിലെ മൂക്കുർത്തിയുടെ തുടർച്ചയാണ് സൈലൻറ് വാലി നാഷണൽ പാർക്കിൻറെ അംഗിണ്ട-ശിശുപ്പാറ മലകൾ.

ഇതിൽ ഇന്നും തോടവംശജരുടെ ആവാസകേന്ദ്രമായ ശിശുപ്പാറ കാലാകാലങ്ങളായി പ്രദേശത്തുള്ള വനഗോത്രജർ തങ്ങളുടെ മരണമടഞ്ഞവരുടെ ആത്മാക്കളെ ആവാഹിക്കുന്ന പ്രേതാലയമാണത്രെ. പുന്നമരങ്ങളാൽ സമ്പുഷ്ടമായ മലയ്ക്ക് പുന്നമലയെന്നും ധാരാളം കാട്ടികൾ (ഗൗർ - ശാ.നാ, Bos gaurus) - പോത്തുകളല്ല - മേഞ്ഞിരുന്ന മലയ്ക്ക് കാട്ടിമലയെന്നും പേരുകൾ ലഭിച്ചു.

ഈ മലകളെ ദൂരെ നിന്ന് നോക്കുമ്പോൾ അവരൊക്കെ ഗാംഭീര്യം സ്ഫുരിക്കുന്ന യുദ്ധവീരന്മാരുടെ പ്രതീതി ജനിപ്പിക്കും. അതുപോലെ തന്നെ ഇവിടത്തെ വനങ്ങളും. സാധാരണയിൽ കവിഞ്ഞ ഭീതിയും പരിഭ്രമവും പ്രകടമാക്കുന്ന തങ്ങളുടെ വന്യജീവികളുടെ സുരക്ഷിതത്വം ഒരുത്തരവാദിത്വം എന്നവണ്ണം ചുമലിലേറ്റുന്നത് കാരണമാവാം മനോഹാരിതയ്ക്ക് ഒട്ടും ഇടിവ് തട്ടാതെയിരിക്കിലും തെളിഞ്ഞ് ദൃശ്യമാകുന്ന വനത്തിൻറെ ഈ അസാമാന്യ വന്യഭാവപകർച്ച.

ഒന്നാലോചിച്ചാൽ കാരണമില്ലാതില്ല എന്നു കരുതാനും കാരണമുണ്ട്. കേന്ദ്രസർക്കാർ 1984-ൽ അനുമതി നിഷേധിച്ചെങ്കിൽ കൂടി കേരള വൈദ്യുതി വകുപ്പ് ഇന്നും പാത്രക്കടവ് വൈദ്യുത പദ്ധതി പൂർണ്ണമായുപേക്ഷിച്ചിട്ടില്ലയെന്നത് തന്നെ മുഖ്യമായത്. ഇവിടെയെവിടെയെങ്കിലും അണക്കെട്ട് നിർമ്മിക്കുകയാണെങ്കിൽ തീർച്ചയായും തങ്ങളുടെ പ്രിയങ്കരി സൈരന്ധ്രി അവളുടെ ഭീതിയിലുഴലും പ്രജകളുമായി പ്രളയജലത്തിൽ ഒടുങ്ങുന്നത് നിസ്സഹായം, മൂകം സാക്ഷ്യം വഹിക്കേണ്ട ഗതികേടുണ്ടാവും ചുറ്റും നെഞ്ചുയർത്തി നിൽക്കുന്ന പർവ്വതവീരന്മാർക്ക്.

publive-image

ഇതിന് പുറമെയാണ് സമീപമുള്ള ഉൾക്കാടുകളിലെ കന്യാവനങ്ങൾ വെട്ടിത്തെളിച്ച് കഞ്ചാവു കൃഷിക്കും മറ്റുമായുപയോഗിക്കുന്നതും കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള വേട്ടക്കാർ ജീവജാലങ്ങളെ കൊന്നൊടുക്കുന്നതും.

കാര്യങ്ങൾ ഇങ്ങനെയെങ്കിലും ഇതിനെതിരെ പോരാടുന്നവർ അനേകം, സജ്ജനങ്ങളുടെ ഭാഗത്തുമുണ്ട്. അവരുടെയൊക്കെ പ്രകടമായ നിശ്ചയദാർഡ്യത്തിൽ നമുക്ക് സുഗതകുമാരിമാരെ കാണാനാവും, പ്രൊഫ.എം.കെ. പ്രസാദുമാരെ, എൻ.വി. കൃഷ്ണവാര്യർമാരെ, വി.ആർ. കൃഷ്ണയ്യർമാരെ.

അവരിൽ ഒട്ടും ചെറുതല്ലാത്ത ഒരു സ്ഥാനം വഹിച്ചുപോരുന്ന ഒരു വലിയ വ്യക്തിത്വമാണ് എന്നോടൊപ്പം ഇത്രയും സമയം ചിലവഴിച്ച, തിരികെ കോയമ്പത്തൂരേക്ക് മടങ്ങുവാൻ മനാഫിനോപ്പം ജീപ്പിൽ കയറിയ എന്നെ ഊഷ്മളമായി യാത്രയയക്കുന്നതിൽ ശ്രദ്ധിച്ചു നിൽക്കുന്ന വിനയാന്വീതനായ മാരി എന്നറിഞ്ഞപ്പോൾ അതിയായ അഭിമാനം തോന്നി.

ജീപ്പ് മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ, സമൂഹത്തിൻറെ അംഗീകാരമായി തനിക്ക് ലഭിച്ചതിൽ മാരി ഏറെ അഭിമാനിക്കുന്ന ഒരു മാധവൻ പിള്ള പരിസ്ഥിതി പുരസ്കാരത്തിലോ, പി വി തമ്പി പുരസ്കാരത്തിലോ മാത്രം ഒതുങ്ങേണ്ടതല്ല ആ മനുഷ്യൻറെ കർമ്മധീരത എന്നാരോ ഉള്ളിൽ മന്ത്രിക്കും പോലെ.

വലിയ കാരണം മാരിയും സൈരന്ധ്രിവനവും, കുന്തിപ്പുഴയും, പർവ്വതശ്രേഷ്ടരും ഒക്കെ നിലനിൽപ്പിനായുള്ള ചെറിയ പോരാട്ടങ്ങളെ ജയിച്ചിട്ടുള്ളു എന്നത് തന്നെ.. വലിയ യുദ്ധങ്ങളെത്ര വരാനിരിക്കുന്നു മുന്നിൽ എന്നൊക്കെയോർക്കുമ്പോൾ.

travelogue
Advertisment