Advertisment

സൂക്ഷിച്ചാൽ ദുഖിക്കേണ്ട: ഹൈവേകളിൽ കാത്തിരിക്കുന്ന അപകട മരണങ്ങൾ, എല്ലാം ആസൂത്രിതം !! മലയാളികൾ ദൂരയാത്രക്കിറങ്ങും മുമ്പ് മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകൾ ..

New Update

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ കുറച്ചാളുകൾ കൊടൈക്കനാലിൽ നിന്നും ബത്തലഗുണ്ടു വഴി കുമളിയിലേക്കു യാത്ര പോകുമ്പോൾ പെട്ടെന്ന് ഹൈവേയിൽ വെച്ച് ഞങ്ങളുടെ അംബാസിഡർ കാർ ടയർ പഞ്ചറാവുകയും ആരുടെയോ ഭാഗ്യത്തിന് വഴിയരികിലേക്ക് ഓടിച്ചുകയറ്റി വലിയൊരു അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തു .

Advertisment

പഴനി മുരുകൻ തുണച്ചതാണെന്ന് വരെ മനസ്സിൽ ഓർത്തു . പഞ്ചർ കടകളുടെ തൊട്ടടുത്തായി കൊടുങ്ങല്ലൂർ വൈൻസ് എന്ന പേരിൽ ഒരു റീട്ടെയിൽ ഷോപ്പും കണ്ടു . പഞ്ചർ ഒട്ടിക്കുന്ന സമയത്ത് ഒന്ന് രണ്ടുപേർ മെല്ലെ അങ്ങോട്ട് ചെന്ന് ബുള്ളറ്റ് എന്ന പേരിലുള്ള ബിയർ മട മട എന്നടിച്ചു .

കൊടുങ്ങല്ലൂർ വൈൻ എന്ന് കണ്ടപ്പോളുള്ള സന്തോഷത്തിൽ അവരെ പരിചയപ്പെട്ടു . അപ്പോഴാണ് അറിയുവാൻ കഴിഞ്ഞത് . ഈ പഞ്ചർ ഒരു മാസ്റ്റർപ്ലാനിന്റെ ഭാഗമാണെന്ന് . ഏകദേശം ഒരു കിലോമീറ്റർ മുമ്പിലായി ചാണകത്തിലോ ചെറു പഴത്തിലോ ആണി കയറ്റി റോഡിൽ വെക്കും . ഭാഗ്യമുള്ളവർക്കു നറുക്കു വീഴും .

ഹൈവേയിൽ വേഗത്തിൽ പോകുന്ന വാഹങ്ങനങ്ങളെ പിടിച്ചു നിർത്തുവാൻ ചെയ്യുന്ന തെണ്ടിത്തരം . ഒരു വാഹനം പഞ്ചറായി നിർത്തുമ്പോൾ അവിടത്തെ സകലമാന കച്ചവടക്കാർക്കും കച്ചവടം ലഭിക്കുന്നതുകൊണ്ടു ആരും ഒന്നും മിണ്ടുന്നില്ല . എത്രയോ വൻ അപകടങ്ങൾ ഇതുമൂലം സംഭവിച്ചിരിക്കുന്നു എന്ന്‌ ഇവർ സാക്ഷ്യപ്പെടുത്തുന്നു .

1990 ഇൽ ഞങ്ങൾ ഏഴുപേർ കോയമ്പത്തൂരിൽ നിന്നും തൃശൂർക്ക് കെ എൽ 8 എ 111 എന്ന മാരുതി ഓമ്നിയിൽ യാത്ര പുറപ്പെട്ടു . രാത്രി ഒന്നരക്ക് ശേഷമാണു കോവൈയിൽ നിന്നും പുറപ്പെട്ടത് .ഏകദേശം മൂന്നു മണിക്ക് ആലത്തൂരിനടുത്ത ചിതലിയിൽ വെച്ച് മാരുതി വലിയൊരു അപകടത്തിൽ പെട്ടു . ഡ്രൈവർ ഉറങ്ങിയപ്പോൾ റോഡിന്റെ വളവ് തിരിയാതെ നേരെ പോയി പാടത്തേക്കു ഏഴുതവണ മറിഞ്ഞു .

കുറെ ആളുകൾ ഓടിക്കൂടി എങ്കിലും ആരും ഞങ്ങളെ പാലക്കാടുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ തയാറായില്ല . അവർക്കു പണം വേണം . കയ്യിലുള്ള വാച്ച് ഊരിക്കൊടുത്തപ്പോൾ പണം തന്നെ വേണമെന്ന്‌ വാശിപിടിച്ചു . അവസാനം പാലക്കാടുള്ള ഒരു കൂട്ടുകാരന്റെ വീട്ടിലേക്കു കൊണ്ടുപോയി അവിടെ നിന്നും പണം വാങ്ങി കൊടുത്തപ്പോൾ ഞങ്ങളെ അവർ ആശുപത്രിയിൽ എത്തിച്ചു .

അഞ്ച് പേരെ ആശുപത്രിയിലാക്കി ഞങ്ങൾ രണ്ടു പേര് അതെ വണ്ടിയിൽ അപകടപ്പെട്ട വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ ഒരൊറ്റ ബാഗും അവിടെ ഉണ്ടായിരുന്നില്ല . കൂടാതെ കാറിന്റെ അഞ്ച് ടയറുകളും , സ്റ്റീരിയോ സീറ്റും എന്തിനധികം വൈപ്പറുകൾ വരെ ആരോ അടിച്ചു മാറ്റപ്പെട്ടിരുന്നു.

നിങ്ങൾക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല , 2000 ഇൽ ചങ്ങനാശ്ശേരിയിൽ നിന്നാണെന്നു തോന്നുന്നു . പന്ത്രണ്ടോളം കോളേജ് വിദ്യാർഥികൾ ടാറ്റ സുമോയിൽ മേട്ടുപ്പാളയം ബ്ലാക്ക് തണ്ടറിലേക്ക് പുറപ്പെട്ടു . പാതിരാത്രിയിൽ കോവയ്ക്കടുത്ത മധുകരയിൽ വെച്ച് എതിരെ വന്ന ഒരു കല്യാണപ്പാർട്ടി സഞ്ചരിച്ച മഹിന്ദ്ര വാനുമായി കൂട്ടിയിടിച്ച് വണ്ടികൾ കത്തുകയും ടാറ്റ സുമോയിലെ ഏഴുപേർ ദാരുണമായി വെന്ത് മരിക്കുകയും ചെയ്തു .

ടാറ്റ സുമോയിൽ സഞ്ചരിച്ച ചെറുപ്പക്കാരുടെ കഴുത്തിലും കൈകളിലും സ്വർണ്ണ മാലകളും കൈചെയിനുകളും ഉണ്ടായിരുന്നു . സഹായിക്കുവാനെത്തിയ നാട്ടുകാരിൽ ചിലർ സ്വർണ്ണം കൈക്കലാക്കുവാൻ ഒന്ന് രണ്ടു പേരെ തീയിലേക്ക് എടുത്തിട്ടു എന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ വെളിപ്പെടുത്തുകയുണ്ടായി .

പുള്ളിക്കാരൻ എഴുന്നേൽക്കുവാൻ ആകാതെ കിടക്കുമ്പോൾ കഴുത്തിലെ മാല ഊരിയെടുക്കുവാൻ വന്നപ്പോൾ മരിച്ചതുപോലെ കിടന്നതു കൊണ്ട് രക്ഷപെട്ടു . അവിടെ കിടന്നുകൊണ്ട് കണ്ട കാഴ്ചകളാണ് പിന്നീട് വെളിപ്പെടുത്തിയത് . ഇതാണ് നമ്മുടെ നാട്ടിലെ ഹൈവേകളിൽ നടന്നുകൊണ്ടിരിക്കുന്ന കണ്ണിൽ ചോരയില്ലാത്ത കൊള്ളകൾ .

കേരളത്തിൽ തൃശൂർ കുതിരാൻ കടന്നാൽ പിന്നെ ഈ കൊള്ളകൾ തുടങ്ങും . പിന്നെ തമിഴ്‍നാട് എത്തിയാൽ പിന്നെ മിക്കവാറും ഹൈവേകളിൽ നടക്കുന്ന ഈ ചതിക്കുഴികളിൽ വീഴുന്നത് ഏറെയും മലയാളി കുടുംബങ്ങളാണ് .

പഴനിക്കോ രാമേശ്വരത്തേക്കോ പോകുന്നവരോ , വേളാങ്കണ്ണിക്ക്‌ പോകുന്നവരോ , ഏർവാടി നാഗൂർ ദർഗ്ഗകളിലേക്കു പോകുന്നവരോ ആയ കുടുംബങ്ങളിൽ എല്ലാ മാസവും വെച്ച് ഒരു കുടുംബം ഈ പ്ലാൻ ചെയ്ത അപകടങ്ങളിൽ പെടുന്നുണ്ടെന്ന് നമ്മൾ പിറകോട്ട് ചിന്തിച്ചാൽ മനസ്സിലാക്കുവാൻ സാധിക്കും . മിക്കവാറും അപകടങ്ങൾ ട്രക്കുമായുള്ള കൂട്ടിയിടിയിൽ ആയിരിക്കും .

തിരുട്ടുഗ്രാമവാസികൾ മനപ്പൂർവം പ്ലാൻ ചെയ്തു നടപ്പിലാക്കുന്ന ഇത്തരം അപകടങ്ങളിൽ അവർക്കാവശ്യം സ്വർണ്ണവും പണവും ആണ് . ഒരു വാഹനം വരുന്നത് കണ്ടാൽ അഞ്ചോ പത്തോ കിലോമീറ്റർ മുമ്പായി നിന്നുകൊണ്ട് ട്രക്ക് ഡ്രൈവർമാരെ അറിയിക്കുകയും അവർ ആ പ്രത്യേക വാഹനത്തെ മാത്രം ഇടിച്ചു തെറിപ്പിക്കുകയും ചെയ്യുന്നു .

മരിക്കാത്തവരെ വരെ എങ്ങനെയെങ്കിലും കൊന്നുകൊണ്ട് അവരുടെ അടിവസ്ത്രങ്ങൾ വരെ സ്വന്തമാക്കുന്ന ഇക്കൂട്ടർ ഈ കൊള്ളകൾ ഇപ്പോൾ ഒരു തൊഴിലാക്കി മാറ്റിയിരിക്കുകയാണ് . കൂടാതെ വിലപിടിപ്പുള്ള സാധങ്ങളുമായി വരുന്ന ട്രക്കുകൾ അപായപ്പെടുത്തി സാധനങ്ങൾ തട്ടിയെടുക്കുന്ന പ്രവണതയും അതിക്രമിച്ചിരിക്കുകയാണ് .

ഉദാഹരണമായി 2001 കാലഘട്ടത്തിൽ കുതിരാനിൽ ഒരു ടാങ്കർ പാം ഓയിൽ ലോറി മറിഞ്ഞു . അത് നാട്ടുകാരിൽ ചിലരൊക്കെ ചേർന്ന് പിക്കാസ് കൊണ്ട് കുത്തി ഓട്ടയുണ്ടാക്കി പാമോയിൽ വീപ്പകളിൽ സ്റ്റോക്ക് ചെയ്തു . അത് കഴിഞ്ഞു ഏകദേശം ഏഴു മാസം കഴിഞ്ഞപ്പോൾ അതേ പാലത്തിന്റെ കീഴിൽ മറ്റൊരു ടാങ്കർ ലോറി അപകടത്തിൽ പെട്ടു .

പാമോയിലിന്റെ ഓർമ്മയിൽ അതേ നാട്ടുകാർ ആ ടാങ്കറും പിക്കാസ് കൊണ്ട് കുത്തി ഓട്ടയുണ്ടാക്കി . പക്ഷെ പണി പാളി . അത് ഫിനോൾ എന്ന മാരകമായ കാർബോളിക് ആസിഡ് ആയിരുന്നു . ചുരുങ്ങിയത് അഞ്ചോളം പേരുടെ ശരീരം മൊത്തം പൊള്ളലേറ്റു . കൂടാതെ ഫിനോൾ മൊത്തം പീച്ചി റിസർവോയറിലേക്ക് ഒഴുകുകയും ഒരാഴ്ച തൃശൂരിലേക്കുള്ള വെള്ളം കുടി മുട്ടുകയും ചെയ്തു .

രണ്ട് വർഷങ്ങൾക്ക് മുമ്പ് റിസർവ് ബാങ്കിൽ നിന്നും പണമായി വന്ന ഒരു ട്രക്ക് വളയാറിന് സമീപം ബ്രെക്ക് ഡൌൺ ആകുകയും പ്രശ്നങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയ ഹൈവേ പോലീസ് എക്സ് പ്ലോസീവ് എന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തപ്പോൾ കുറച്ചൊക്കെ ശല്യം ഇല്ലാതായി .

അതുപോലെ മൈസൂരിൽ നിന്നും ബിയറുമായി വന്ന ലോറി അപകടത്തിൽ പെട്ടപ്പോൾ ജനങ്ങൾ നിർബന്ധപൂർവം ഡ്രൈവറെയും കിളിയെയും ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും മണിക്കൂറുകൾക്കകം ബീയർ കെയ്‌സുകൾ മൊത്തം അടിച്ചു മാറ്റുകയും ചെയ്തു .ഇതുപോലെ എത്രയെത്ര അപകടങ്ങൾ മനഃപൂർവം സൃഷ്ടിക്കുന്നതും അതിന്റെ പിന്നാലെയുള്ള ഈ അടിച്ചുമാറ്റൽ സംഭവങ്ങളും അരങ്ങേറുന്നു .

ഇക്കഴിഞ്ഞ ദിവസം മഹാബലിപുരത്ത് രാത്രി ഒമ്പത് മണിക്ക് വിശ്രമിക്കുവാൻ നിർത്തിയിട്ടിരുന്ന ഒരു സാൻട്രോ കാർ കത്തി നശിക്കുകയും പാലക്കാട്ടുകാരായ ഒരു കുടുംബത്തിലെ മൂന്നു ജീവനുകൾ കത്തിയമരുകയും ചെയ്തു . ഏറെ ദുരൂഹതയുള്ള ഒരു സംഭവമാണിത് .

ഇത്തരം സംഭവങ്ങളെ എല്ലാം കേരള സർക്കാർ വളരെ ഗൗരവത്തോടെ മുഖവിലക്കെടുത്തുകൊണ്ട് എല്ലാ അപകടങ്ങളെയും അന്വേഷണത്തിൽ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു .

കണിച്ചുകുളങ്ങര കൊലപാതക രീതിയിൽ ധാരാളം സ്വംഭവങ്ങൾ അരങ്ങേറുമ്പോൾ ഇക്കാര്യത്തിൽ തമിഴ്‌നാട് സർക്കാരുമായി ആശയ വിനിമയം നടത്തിക്കൊണ്ട് അപകടത്തിൽ പെടുന്ന ട്രക്ക് ഡ്രൈവര്മാരെയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നാൽ ഇത്തരം ആസൂത്രിക അപകടമരണങ്ങൾ കുറെയൊക്കെ ഒഴിവാക്കുവാൻ സാധിക്കുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട്,

മധുരൈ ഡിണ്ടിഗൽ റോഡിൽ നിന്നും ഡ്രൈവർ ദാസനും

 

Advertisment