Advertisment

സോണിയ വഴിമാറുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദവി വേണ്ടെന്നു വച്ച രാഹുല്‍ പുതിയ നായക ദൗത്യം ഏറ്റെടുക്കാന്‍ കാരണം ? 'പപ്പുമോൻ'​ എന്ന ആ വാക്കിനര്‍ഥം 'ഇന്ത്യയുടെ രക്ഷക​ൻ' എന്നായതെങ്ങനെ ?

New Update

ഓരോ ദിവസവും മൂക്കുകുത്തുന്ന ഇന്ത്യൻ സമ്പത്ത് ഘടനയെക്കുറിച്ചു വായിക്കുമ്പോഴും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന വില വർദ്ധനകളും കൂനിന്മേൽ കുരുപോലത്തെ ജിഎസ് ടിയും കൂടി ആയപ്പോൾ എഴുതാതെ വയ്യ . ഒരു മാറ്റം, കാതലായ മാറ്റം ഇന്ത്യക്ക് ആവശ്യമായി വന്നിരിക്കുന്നു . വാശിയും അഹങ്കാരവും ഈഗോയും സ്വയം പൊക്കിത്തരങ്ങളും അസഹിഷ്ണുതയും ഒന്നും ഇല്ലാത്ത ഇന്ത്യയെ നമ്മുക്ക് ആവശ്യമായി വന്നിരിക്കുന്നു ​.

Advertisment

​''​പപ്പുമോൻ ​''​എന്ന ആ വാക്ക് ഇന്നിപ്പോൾ ​''​ ഇന്ത്യയുടെ രക്ഷക​ൻ ​'' എന്ന പേരിൽ അറിയപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ രൂപാന്തപ്പെടുമ്പോൾ നിങ്ങളറിയുന്ന പപ്പുമോനെ കുറിച്ച് നിങ്ങളറിയാത്ത കുറച്ച് സംഭവങ്ങൾ ഇവിടെ എഴുതേണ്ടി വരുന്നു ​.

publive-image

ഇക്കഴിഞ്ഞയാഴ്ച ഗുജറാത്തിൽ ഒരു സമ്മേളനത്തിനിടയിൽ ഉണ്ടായ ഒരു സംഭവം ഇങ്ങനെ . രാഹുൽ ഗാന്ധി സമ്മേളനത്തിന്‍റെ വേദിയിലേക്ക് കയറിയപ്പോൾ ചില കോൺഗ്രസ്സ് പ്രവർത്തകർ നരേന്ദ്ര മോഡിക്ക് എതിരെ മൂർദ്ദാബാദ് വിളിച്ചു. രാഹുൽജി മൈക്കിലൂടെ പറഞ്ഞു '' ഇങ്ങനെ നിങ്ങൾ പെരുമാറിയാൽ ഞാൻ ഇവിടെ പ്രസംഗിക്കില്ല എന്ന് . മോഡിജി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് , അദ്ദേഹത്തിനെതിരെ നമ്മളുടെ സമ്മേളനത്തിൽ ഇങ്ങനെ മുദ്രാവാക്യം വിളിക്കരുത് '' .

ഇന്നത്തെ നമ്മുടെ രാഷ്ട്രീയ കക്ഷികളിൽ ആരാണ് ഇങ്ങനെയൊക്കെ ചിന്തിക്കുക . സ്വന്തം മുഖ്യമന്ത്രിയെ കല്ലെറിയുന്ന സംസ്കാരമുള്ള നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള നേതാക്കളെയാണ് കാലഘട്ടത്തിന്‍റെ ആവശ്യം എന്ന് തോന്നിപ്പോയതുകൊണ്ടാണ് ഇപ്പോൾ എഴുതുന്നത്. അതേ, രാജ്യത്തെ മതേതര രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ഏറ്റവും ആഗ്രഹിക്കുന്ന ഒരു കാര്യം സംഭവിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത് .

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി പദവി വേണ്ടെന്ന് വച്ച് മാറി നിന്ന മനുഷ്യന്‍ പാര്‍ട്ടി അധ്യക്ഷന്‍റെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറായതിനു കാരണമുണ്ട് . എന്തായാലും രാഹുല്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ രാഹുലിനെ അറിയേണ്ടിയിരിക്കുന്നു .

ശിവസേനയെ ഞെട്ടിച്ച ചടുല നീക്കം 

ഏറ്റവും ഇഷ്ടം തോന്നിയ സംഭവം നടന്നത് 2010 ഫെബ്രുവരി അഞ്ചിനായിരുന്നു. നവംബർ 26 ലെ മുംബൈ ആക്രമണത്തിനുശേഷം ബീഹാറികളെയും യുപിക്കാരെയും മുംബയിൽ നിന്നും നാടുകടത്തണമെന്നാവശ്യപ്പെട്ട് ബാൽ താക്കറെയും ഉദ്ധവ് താക്കറെയും പ്രക്ഷോഭങ്ങൾ ആരംഭിച്ച സമയം. ബീഹാറികൾക്ക് നേരെ അക്രമങ്ങൾ അഴിച്ചു വിട്ടു.

അന്ന്  ഒരാളോടും ചർച്ച ചെയ്യാതെ ഒരാളോടും ചോദിക്കാതെ മുംബയിൽ വിമാനമിറങ്ങി അവിടെനിന്നും അംബേദ്‌കർ പ്രതിമയിൽ പോയി മാല ചാർത്തി തന്‍റെ സെക്യൂരിറ്റിക്കാരെ വരെ അറിയിക്കാതെ ഉച്ചക്ക് ഒരുമണിക്ക് മുംബയിലെ ഏറ്റവും തിരക്കുള്ള സ്റ്റേഷനായ അന്ധേരിയിൽ നിന്നും ലോക്കൽ ട്രെയിന്‍റെ ടിക്കറ്റെടുത്ത് ലോക്കൽ കമ്പാർട്ട്മെന്റിൽ ശിവസേനയുടെ ഈറ്റില്ലമായ ദാദർ സ്‌റ്റേഷനിലേക്കും , അവിടെ ഇറങ്ങിയതിന് ശേഷം തിരക്കുള്ള ഓവർബ്രിഡ്ജിലൂടെ നടന്നു അപ്പുറത്തേക്ക് കടന്ന് അവിടെ നിന്നും ഗാറ്റ്‌കോപ്പറിലേക്കും യാത്ര ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി ശിവസേനക്കാരെ ഞെട്ടിച്ച വാർത്തകൾ അന്നാരും അധികമൊന്നും റിപ്പോർട്ട് ചെയ്തില്ല .

കാരണം മാധ്യമപ്രവർത്തകരെ കൂടെ കൊണ്ടുപോകാതെയാണ് രാഹുൽജി മുംബൈ നഗരത്തെ അക്ഷരർത്ഥത്തിൽ ഞെട്ടിച്ചത്. എന്ത് ചെയ്യുമ്പോഴും പത്രക്കാരെ വിളിച്ചു വരുത്തി 'ഭായിയോം ബഹനോം' തള്ളുന്ന പരിപാടി അദ്ദേഹത്തിനില്ല . ഇതൊക്കെ ഓർമ്മകളിൽ ഉള്ളതുകൊണ്ടാകാം ശിവസേനക്കാർ ഒന്നടങ്കം  ഇപ്പോള്‍ രാഹുലിനെ സ്തുതിച്ചുതുടങ്ങിയിരിക്കുന്നത്.

ഇതുപോലെയൊരു ഞെട്ടിക്കൽ നടന്നത് 1965 ലെ ഹിന്ദി ഭാഷ വിരുദ്ധ കലാപത്തിനിടക്ക് രാഹുലിന്‍റെ പ്രിയപ്പെട്ട പ്രിയദർശിനി അമ്മൂമ്മ തമിഴ്‍നാട്ടിലെ ലോക്കൽ തീവണ്ടിയിൽ മദ്രാസിലേക്ക് യാത്ര ചെയ്യുകയും കരുണാനിധിയുടെ നേതൃത്വത്തിലുള്ള ദ്രാവിഡ കക്ഷികളെ അമ്പരപ്പിക്കുകയും ചെയ്തതാണ് .

പിന്നീട് രാഹുൽ പറഞ്ഞു '' മുംബൈയിലോ ഇന്ത്യയിൽ എവിടെയെങ്കിലുമോ കലാപമോ തീവ്രവാദി അക്രമങ്ങളോ വരുമ്പോള്‍  താക്കറെയടക്കമുള്ള നേതാക്കന്മാർക്ക്‌ പേടിക്കാതെ യാത്ര ചെയ്യണമെങ്കില്‍ അവർക്ക് യുപി ബീഹാർ എന്നിവിടങ്ങിൽ നിന്നുള്ള സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ ആളുകളെ വേണം . എന്നിട്ടും അവരെ തള്ളിപ്പറയുന്നു . ഇത് ഇന്ത്യയിൽ അംഗീകരിക്കുവാനാകില്ല.''

publive-image

രാഹുലും യാത്രാശീലങ്ങളും  

രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയാൽ കോഴിക്കോട്ടെ സുമേഷിന്‍റെ പാരഗൺ റെസ്റ്ററന്റിൽ നിന്നും ഭക്ഷണം കഴിക്കാതെ പോകുന്നത് വിരളമാണ് . എപ്പോഴൊക്കെ പാരഗണിൽ കയറി ഭക്ഷണം കഴിച്ചു ഇറങ്ങുമ്പോഴും ബിൽ അടക്കുവാൻ കൂടെയുള്ള ആളിനെ ഏൽപ്പിച്ചിരിക്കും . അത് പാരഗണിൽ ആയാലും വേറേതെങ്കിലും തട്ടുകടയിൽ ആണേലും അക്കാര്യത്തിൽ മറ്റുള്ള കോൺഗ്രസ്സ് കാരെപോലെയല്ല രാഹുൽജി .

ഒരിക്കൽ ദുബായിലെ ദേര സിറ്റി സെന്ററിൽ രാഹുലും പ്രിയങ്കയും പിന്നെ കുന്നംകുളത്തുകാരൻ തമ്പിയും ഒരുമിച്ച് ഒരു ലിനൻ ഷോപ്പിൽ കയറി . ഏകദേശം രണ്ടായിരം രൂപ വിലവരുന്ന ഒരു ലിനൻ ഷർട്ട് രാഹുൽ എടുത്തു. തമ്പി പണം അടക്കുവാൻ ചെന്നപ്പോൾ , അത് വേണ്ട എന്ന് പറഞ്ഞുകൊണ്ട് പെങ്ങളെക്കൊണ്ട് പണം അടപ്പിച്ചതിന് ഞങ്ങൾ ദൃക്‌സാക്ഷികളാണ് . രാഹുല്‍ ദുബായിൽ എത്തിയാൽ ഹോട്ടൽ ബില്ലുകളും മറ്റുള്ള ചിലവുകളും വേറെ ആരെക്കൊണ്ടും ചിലവാക്കിക്കുവാൻ സമ്മതിക്കില്ല .

മോഡിയെയും ബഹുമാനിക്കുന്ന വിദ്യാഭ്യാസവും തറവാടിത്തവും

ലോകത്ത് ഇന്ന് ലഭിക്കാവുന്നതിൽ വെച്ചേറ്റവും നല്ല വിദ്യഭ്യാസം ലഭിച്ചത് രാഹുലിന് നന്മയായി മാറി എന്നത് ഇപ്പോള്‍ തെളിയുന്നുണ്ട് . അതിന്‍റെ പക്വതയും പിന്നെ കുടുംബത്തിന്‍റെ തറവാടിത്തവും ഒത്തിണങ്ങുമ്പോഴാണ് മോഡിയെപ്പോലും ബഹുമാനിക്കാന്‍ കഴിയുന്നത് .

ഡൽഹിയിലെ പ്രശസ്തമായ കൊളമ്പിയ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഡൂൺ സ്‌കൂളിൽ പഠിക്കുമ്പോഴായിരുന്നു അമ്മൂമ്മയുടെ ദാരുണമായ അന്ത്യം . പിന്നീട് സിഖ് ഭീകരുടെ ഭീഷണിയെത്തുടർന്ന് വിദ്യാഭ്യാസം വീട്ടിൽ വെച്ച് തന്നെയായി .

1989 ൽ സെന്റ് സ്റ്റീഫൻസ് കോളേജിൽ ചേർന്നെങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോൾ അമേരിക്കയിലെ ഒന്നാം നമ്പർ യുണിവേഴ്സിറ്റിയായ ഹാർവാർഡിലേക്ക് പറന്നു . പിന്നീട് 1991 ൽ പിതാവിന്‍റെ ദാരുണമായ മരണത്തെത്തുടർന്ന് വീണ്ടും തീവ്രവാദ ഭീഷണി ഉയര്‍ന്നതോടെ    അമേരിക്കൻ ഇന്റലിജൻസിന്‍റെ അഭ്യർത്ഥന മാനിച്ച് ഫ്ലോറിഡയിലെ റോളിൻസ് കോളേജിലേക്ക് മാറി .

അവിടെനിന്നും 1994 ൽ ബിഎ ബിരുദം നേടിയ ശേഷം കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്നും എംഫിൽ പാസായി . അതിന് ശേഷം ലണ്ടനിലും മുംബൈയിലും ചില സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തുകൊണ്ട് ജീവിച്ചു . ഇംഗ്ലണ്ടിലെ ജീവിതത്തിനിടക്ക് പരിചയപ്പെട്ട വെനിസുലൻ ആർക്കിടെക്ടായ സുന്ദരിയെക്കുറിച്ചും പത്രങ്ങളോട് പറയുവാൻ ധൈര്യം കാണിച്ചു . കേവലം ഇരുപത്തിയഞ്ച് വയസ്സിനിടയിൽ നടന്ന സംഭവബഹുലമായ ഈ ജീവിതം തന്നെയാണ് ഇന്ത്യപോലത്തെ ഒരു മഹരാജ്യത്ത് ജീവിക്കുവാനാവശ്യമായ ഏറ്റവും വലിയ എക്‌സ്‌പീരിയൻസ് .

publive-image

ജീവിതം എന്തെല്ലാം പഠിപ്പിച്ചു

നിരവധി സ്‌കൂളുകൾ അതുപോലെ കോളേജുകൾ യുണിവേസിറ്റികൾ ദാരുണമായ മരണങ്ങൾ ഇതെല്ലാം കണ്ടും കേട്ടും ജീവിച്ച ഒരാളെയാണ് പപ്പുമോൻ എന്ന് വിളിക്കുന്നത് എന്നറിയുമ്പോൾ നാം എല്ലാം തിരിച്ചറിയേണ്ടിയിരിക്കുന്നു . ഈയടുത്ത് ബോക്‌സർ വിജേന്ദർ സിങ്ങുമായി ഒരു ടിവി ഇന്റർവ്യൂ കാണുവാൻ ഇടയായി . അപ്പോഴാണ് അദ്ദേഹം കുറെ കാര്യങ്ങൾ വെളിപ്പെടുത്തിയത് .

കരാട്ടെയിൽ ഒരു മഞ്ഞ ബെൽറ്റ് എങ്ങാനും കിട്ടിപ്പോയാൽ സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും പോസ്റ്റ് ചെയ്തു വെറുപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ജപ്പാന്‍റെ സ്പെഷ്യൽ ഐക്കിഡോ എന്ന ഒരു തരം കരാട്ടെ ഇനത്തിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടും ആരെയും അറിയിക്കാതെ ജീവിക്കുകയായിരുന്നു . ഐക്കിഡോ പഠിക്കുന്ന സമയത്തുതന്നെ അതിന്‍റെ പ്രാരംഭ ഘട്ടത്തിൽ ബ്രസീലിയൻ ആയോധനകല ജുജൂട് സുവും ഒപ്പം വാൾപ്പയറ്റും പഠിച്ചിട്ടുണ്ട് .

അപ്പോഴാണ് മറ്റൊരു വാർത്ത പുറത്തുവരുന്നത് , രാഹുൽ ഗാന്ധി ഷൂട്ടിങ്ങിൽ നാഷണൽ ലെവൽ ചാമ്പ്യന്‍ ആയിരുന്നുവെന്ന് . നിറകുടം എന്നും തുളുമ്പില്ല എന്നതാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത് . ജനിച്ച നാൾ മുതൽ കണ്ടുവളർന്ന നന്മകളും തിന്മകളും സംഭവ വികാസങ്ങളും എല്ലാം ഒരു വ്യക്തിയിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്‍റെ വ്യക്തമായ തെളിവുകളാണ് ഈ നാൽപ്പത്തിയേഴുകാരനിലൂടെ നമ്മൾ മനസ്സിലാക്കുന്നത് .

അതിനും അദ്ദേഹം അമേരിക്കയിൽ പോകേണ്ടിവന്നു . അവിടത്തെ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുമായി ജീവിതം പങ്കുവെച്ചപ്പോൾ നന്മയുള്ള ഏതോ ചാനലുകാരൻ അല്ലെങ്കിൽ പത്രക്കാരൻ അത് ജനങ്ങളിൽ എത്തിച്ചപ്പോൾ ഇത്രയും നാൾ നമ്മളൊക്കെ കളിയാക്കിയിരുന്നത് ഈ നന്മ മരത്തെയായിരുന്നു എന്നതിൽ ദുഖിക്കുന്നു .

മഹാന്മാർ എന്നും അങ്ങനെയാണ് . അവരൊന്നിലും ബഹളം വെക്കാറില്ല , അവരോന്നിനും വാശി കാണിക്കാറില്ല , അവർ എന്നും ശാന്ത സ്വഭാവക്കാർ ആയിരിക്കും . അമിതാഭ് ബച്ചൻ പറഞ്ഞതുപോലെ '' ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെയും രാഷ്ട്രീയക്കാരുടെയും പൊള്ളയായ കള്ളത്തരങ്ങൾ ഇല്ലാത്തതാണ് രാഹുൽഗാന്ധിയുടെ ഏറ്റവും വലിയ പോരായ്മ ''.

publive-image

രാഹുലും ദളിതരും 

രാഹുൽ ഗാന്ധി ഒരു ദളിത് പെൺകുട്ടിയെ കല്യാണം കഴിക്കണം എന്നാണ് എന്‍റെ ആഗ്രഹം എന്ന് ഒരു ശിവസേന നേതാവ് പറഞ്ഞപ്പോൾ സംഭവം ശരിയാണെന്ന് ഇപ്പോൾ നമ്മുക്കും തോന്നുന്നു . രാഹുൽ ഗാന്ധി ദളിത് എന്ന് ചുമ്മാ ഗൂഗിളിൽ ഒന്ന് ടൈപ്പ് ചെയ്തു നോക്കിയപ്പോൾ നിരവധിയനവധി ദളിത് കുടുംബങ്ങളിലാണ് അദ്ദേഹം സന്ദർശിച്ചിരിക്കുന്നത് .

അക്കാര്യത്തിൽ മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും കെ കരുണാകരൻ വരെ വളരെ പിറകിലാണ് . മറ്റുള്ള പാർട്ടികൾക്കൊക്കെ ആ പാവപ്പെട്ടവരുടെ വോട്ടുകൾ മാത്രം മതിയല്ലോ ? 2010 ഏപ്രിൽ 29 നു ഹരിയാനയിലെ ഹിസാറിൽ ഒരു വീട്ടിൽ രാഹുൽ ഗാന്ധിയെത്തി . ജാതികലാപത്താൽ മേൽജാതിക്കാരാൽ തീ കൊളുത്തി മരണപ്പെട്ട വികലാംഗയായ പതിനെട്ടുവയസുകാരി സുമന്‍റെയും അച്ഛൻ താരാ ചന്ദിന്‍റെയും വീട്ടിൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി എത്തിയപ്പോൾ അവിടത്തെ ജില്ലാ ഭരണകൂടവും മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ സർക്കാരും സ്തംഭിച്ചുപോയി .

2011 ജൂൺ 28 ന് യുപിയിലെ കനൗജ് ജില്ലയിലെ ഒരു പാവം ദളിത് പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ എതിർത്തതിന്‍റെ  പേരിൽ രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിച്ചപ്പോൾ ഡൽഹിയിലെ ആൾ ഇന്ത്യ മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു . അന്ന് തന്നെ രാഹുൽഗാന്ധി അവിടെയെത്തി ആ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കുകയും അവർക്കുവേണ്ടതായ സാമ്പത്തിക സഹായങ്ങൾ നൽകുകയും കുറ്റവാളികൾക്കുള്ള പരമാവധി ശിക്ഷക്കായി ബന്ധപ്പെട്ടവരെ വിളിക്കുകയും ചെയ്തു .

2008 മെയ് 17 , മായാവതി മുഖ്യമന്ത്രിയായിരിക്കുന്ന വേളയിൽ ഇന്ത്യൻ രാഷ്ട്രീയക്കാരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് അമേത്തി ബ്ലോക്കിലെ വാൻപുര വില്ലേജിലെ ബുദ്ധദേവിയുടെയും രാമകൗര് പാസിയുടെയും വീട്ടിൽ രാത്രി ഒന്‍പതരക്ക് എത്തുകയും അവിടത്തെ ചോറും പരിപ്പുകറിയും കഴിച്ചുകൊണ്ട് വരാന്തയിൽ ഒരു പായ വിരിച്ച് നേരം പുലരുംവരെ അന്തിയുറങ്ങുകയും ചെയ്തു .

നേരം വെളുത്തപ്പോൾ ഗ്രാമവാസികൾക്കായി ഒരു ഗ്രാമസഭ നടത്തുകയും അവരുടെ ക്ഷേമം അന്വേഷിച്ച് അപ്പോൾ തന്നെ ജില്ലാ ഭരണാധികാരികൾക്ക് റിപ്പോർട്ട് കൊടുക്കുകയും ചെയ്തു . വാൻപുര എത്തുന്നതിനു മുന്‍പേ രാഹുൽ ഗാനേരിയ എന്ന വില്ലെജിൽ പോകുകയും അവിടത്തെ ഗ്രാമവാസികളുമായി ഇടപെഴകുകയും ചെയ്തു .

വാൻപുരയിൽനിന്നും ജവഹർപൂർ പോകുന്ന വഴിയിൽ സുനിത എന്ന ദളിത് സ്ത്രീ രാഹുലിനെ വീട്ടിലേക്ക് ക്ഷണിക്കുകയും പഴവർഗങ്ങൾ ഭക്ഷിക്കുവാൻ നൽകുകയും ചെയ്തു . അത് കഴിച്ചുകൊണ്ട് ആ വരാന്തയിൽ അന്തിയുറങ്ങി രാഹുൽ പിന്നെയും ദളിത് മുഖ്യമന്ത്രിയെ ഞെട്ടിച്ചു . രാഹുലിന്‍റെ ദളിത് വീടുകളിലെ സന്ദർശനങ്ങൾ എഴുതുവാൻ തുടങ്ങിയാൽ കുറെയധികം സംഭവങ്ങൾ ഉള്ളതുകൊണ്ട് ഓവർ ആകുന്നില്ല .

മോഡിയുടെ ഗുജറാത്ത് മോഡല്‍ നേരില്‍കണ്ടപ്പോള്‍

2012 ആഗസ്ത് ഒന്നാം തിയതി രാഹുൽഗാന്ധി അലഹബാദിലെ കമലാനെഹ്‌റു ആശുപത്രിയിലെ ക്യാൻസർ പരിശോധന വാർഡ് ഉത്‌ഘാടനം ചെയ്യുവാൻ എത്തിയപ്പോൾ സ്ഥലം എംഎൽയുമൊത്ത് പുരാ പഢിന് എന്ന കുഗ്രാമം സന്ദർശിച്ചതില്‍ ഒരു കാര്യം ബോധ്യപ്പെട്ടു .

വർഷങ്ങളായി സർക്കാർ സംവിധാനങ്ങൾ തിരിഞ്ഞുനോക്കാത്ത ഒരു കുഗ്രാമം. അതിൽ പലയിടത്തും ഇന്ത്യൻ ആർമി സ്ഥലം ഏറ്റെടുക്കയും അവർക്കർഹമായതൊന്നും നൽകാതെ അവരെ തിരിഞ്ഞുനോക്കാതെ കിടക്കുകയായിരുന്നു . അപ്പോൾ തന്നെ അവരുടെ കാര്യങ്ങൾ കളക്ടറെ അറിയിക്കുകയും ആദ്യമായി വൈദ്യുതി നൽകുവാൻ തീരുമാനിക്കുകയും ചെയ്തു .

publive-image

മോഡിയും കേജരിവാളും നിര്‍ഭയയെ വോട്ടാക്കി. രാഹുല്‍ അവര്‍ക്ക് രക്ഷകനായി 

ഡൽഹിയിലെ നിർഭയ എന്ന പെൺകുട്ടിയെ ഉപയോഗിച്ച് ഭരണത്തിൽ കയറിയ അരവിന്ദ് കേജരിവാളും നരേന്ദ്രമോഡിയും ഭരണം കിട്ടിയപ്പോൾ നിർഭയയെ മറന്നുകളഞ്ഞു . പക്ഷെ നമ്മളൊന്നും കേൾക്കാത്ത അല്ലെങ്കിൽ ഒരു വാർത്തയുണ്ടായിരുന്നു ഈയടുത്ത് . നിർഭയയുടെ 'അമ്മ ആശാദേവി രാഹുൽ ഗാന്ധിയോട് നന്ദി പറഞ്ഞു , കാരണം '' മകനെ ഒരു പൈലറ്റാക്കിയതിന് '' .

'' മകളുടെ ദാരുണമായ മരണത്തിനുശേഷം ആരും തിരിഞ്ഞുനോക്കുവാനില്ലാത്തപ്പോഴും രാഹുൽജി സ്ഥിരമായി മകനെ ഫോണിൽ വിളിക്കുകയും സമാശ്വസിപ്പിക്കുകയും കൂടുതൽ ഉയരങ്ങൾ താണ്ടുവാനുള്ള ഉപദേശങ്ങൾ നൽകുകയും ചെയ്തിരുന്നുവെന്ന് അവര്‍ പറഞ്ഞു . പ്ലസ്‌ടു പഠനശേഷം യുപിയിലെ റായ്ബറേലിയിലെ ഇന്ദിരാഗാന്ധി അക്കാദമിയിൽ ചേർത്തു .

പിന്നീട് ഇന്ത്യൻ ആർമിയിലെ പരീക്ഷ എഴുതിയെങ്കിലും ആ പരീക്ഷണങ്ങൾ പരാജയപ്പെട്ടപ്പോൾ പതിനെട്ട് മാസത്തെ പൈലറ്റ് പരിശീലനത്തിന് ചേർത്തു. പഠിക്കുന്ന സമയത്തും രാഹുലും പ്രിയങ്കയും ഫോണിൽ വിളിച്ചു അന്വേഷിച്ചുകൊണ്ടിരുന്നു . എന്ത് തന്നെ നേരിട്ടാലും പിന്നോട്ട് പോകരുതെന്നും ഉപദേശിക്കുമായിരുന്നു .

ഇപ്പോൾ ഗുരുഗ്രാമിലെ കൊമേർഷ്യൽ പൈലറ്റ് പരിശീലനം പൂർത്തിയാക്കി അടുത്തുതന്നെ ഡൽഹി റെഡ് ഫോർട്ടിന് മുകളിലൂടെ വിമാനം പറത്തുവാൻ അവൻ തയ്യാറായിക്കഴിഞ്ഞു '' . വലത്തെ കൈകൊണ്ട് ചെയ്യുന്ന പുണ്യ കർമ്മങ്ങൾ ഇടത്തെ കൈ അറിയരുതെന്ന് പ്രവാചകൻ പറഞ്ഞത് പാലിക്കപ്പെട്ടിരിക്കുന്നു .

എതിര്‍ത്തവര്‍ക്കും അടുത്തറിഞ്ഞപ്പോള്‍ പ്രിയങ്കരന്‍ 

രാഹുൽഗാന്ധിയെ കുറിച്ചുള്ള തന്‍റെ നിലപാടുകൾ രണ്ട് മണിക്കൂർ അദ്ദേഹത്തിന്‍റെ കൂടെ ചിലവഴിച്ചപ്പോൾ മാറിയെന്ന് ആരെയും കൂസാത്ത പാലക്കാടൻ എംപി എംബി രാജേഷ് ഡെക്കാൻ ക്രോണിക്കിൽ അഭിമുഖത്തിൽ പറഞ്ഞപ്പോൾ ആദ്യം ആരുമൊന്നും അത്ര കാര്യമായെടുത്തില്ല . പിന്നീട് അക്കാര്യങ്ങൾ ഓരോന്നായി കണ്ടുതുടങ്ങിയപ്പോൾ രാജേഷിന്‍റെ വാക്കുകൾക്ക് പൊന്നിന്‍റെ തിളക്കമായി മാറി .

രാജേഷ് പറഞ്ഞത് : ''രണ്ടു മണിക്കൂർ രാഹുലുമായി സംസാരിച്ചപ്പോൾ രാഷ്ട്രീയ സാംസ്‌കാരിക സാമ്പത്തിക വിഷയങ്ങളെക്കുറിച്ചാണ് തുടങ്ങിയത് . ഏതൊക്കെ വിഷയത്തിലും വ്യക്തമായ നിലപാടുകളും കാഴ്‌ചപ്പാടുകളും ആത്മാർത്ഥതയും ഉള്ള നേതാവാണ് രാഹുൽഗാന്ധി . രാഹുലിന്‍റെ വ്യത്യസ്തമായ മുഖം തിരിച്ചറിഞ്ഞു , രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടെങ്കിലും വാക്കുകളിൽ തെല്ലും പൊള്ളത്തരങ്ങൾ ഇല്ലാതെ കള്ളത്തരങ്ങൾ ഇല്ലാതെ കൃത്രിമത്വമോ അമാനുഷികത്വമോ കാണിക്കാതെ എളിമയും ആർജ്ജവവും അദ്ദേഹത്തിന്‍റെ രക്തത്തിൽ കൂടപ്പിറപ്പായുണ്ട് .

പാർലമെന്റിന്റെ അകത്തുവെച്ചാണ് രാഹുലുമായി സംസാരിക്കുവാൻ അവസരം ലഭിച്ചത് . യുവനേതാവെന്ന നിലയിൽ പറയുന്നത് കേൾക്കുവാനും മനസ്സിലാക്കുവാനുമുള്ള മനസ്സ് ഉണ്ടായിരുന്നു . ജനങ്ങൾ അകന്നതുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ക്ഷീണം പറ്റിയെന്നുള്ള അഭിപ്രായം രാഹുൽ സമ്മതിച്ചു .

സ്വന്തം പാർട്ടിയിലെ തന്നെ ചില നേതാക്കളെക്കാൾ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുവാൻ താത്പര്യമുള്ള ആളായതുകൊണ്ട് ഞാൻ ഇക്കാര്യങ്ങൾ ഡെക്കാൻ ക്രോണിക്കിൾ പറഞ്ഞു . അല്ലാതെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയോടുള്ള ഇഷ്ടംകൊണ്ടല്ല , രാഹുലിനോടുള്ള പ്രത്യേക താല്പര്യം കൊണ്ട് മാത്രമാണ് .

publive-image

സംഘടനാ മികവ് കാണണമെങ്കില്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിനെ പൊളിച്ചടുക്കി നന്നാക്കിയത് കണ്ടാല്‍ മതി

രാഹുലിനെ കുറിച്ചുള്ള പ്രധാന പോരായ്മയായി ജനം പറയുന്നത് നല്ലൊരു സംഘാടകനല്ല എന്നുള്ളതാണ് . അവിടെയും നമ്മുക്ക് തെറ്റുപറ്റി എന്ന് വേണേൽ പറയാം . ഇന്നത്തെ സാഹചര്യത്തിൽ നൂറോ ഇരുനൂറോ വീടുകളുള്ള ഒരു പള്ളിക്കമ്മറ്റിയിലും അമ്പലക്കമ്മറ്റിയിലും കാണുന്ന അടിപിടികൾ കാണുമ്പോൾ ഇത്രയും മഹത്തായ അല്ലെങ്കിൽ കടലുപോലെ കിടക്കുന്ന ഒരു സംഘടനയെ കൊണ്ടുനടക്കുവാൻ അത്രക്ക് എളുപ്പമൊന്നുമല്ല .

ശത്രുക്കൾ വരെ സമ്മതിക്കുന്ന ഒരു കാര്യവുമാണ് . ഉദാഹരണമായി നോക്കുകയാണെകിൽ കേരളം തന്നെ എടുക്കാം : ആന്റണിക്കും വയലാർ രവിക്കും എംഎം ഹസ്സനും ഉമ്മൻചാണ്ടിക്കും സുധീരനും ശേഷം കെഎസ്‌യുവും യൂത്ത് കോൺഗ്രസ്സും അലിഞ്ഞലിഞ്ഞു ഇല്ലാതാകുന്ന കാഴ്ചകളാണ് നമ്മൾ കേരളത്തിൽ കണ്ടിരുന്നത് . അതിനെല്ലാം ഒരു മാറ്റമായി ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് അര്‍ഹതപ്പെട്ടവരെ തഴയാതെ ഇന്റർവ്യൂകൾ നടത്തുകയും കേരളത്തിനാനാവശ്യമായ പുതിയൊരു ടീമിനെ വാർത്തെടുക്കുകയും ചെയ്തു .

അതിന്റെ റിസൾട്ടാണ് വിടി ബൽറാമും ഷാഫി പറമ്പിലും ഹൈബി ഈഡനും റോജിജോണും ഒക്കെ ഇപ്പോൾ എംഎൽമാരായി വിലസുന്നത് . അല്ലെങ്കിൽ ഇപ്പോഴും കേരളത്തിലെ കോൺഗ്രസ്സ് പാർട്ടി കടൽക്കിഴവന്മാരെക്കൊണ്ട് നിറയുമായിരുന്നു . ആന്റണിയെപ്പോലെയും പിജെ കുര്യനെപ്പോലെയും വയലാർ രവിയെപ്പോലെയും കെവി തോമാസിനെപ്പോലെയും പിസി ചാക്കോയെപ്പോലെയും ഉള്ളവർ ഉപദേശിച്ചു ഉപദേശിച്ചു ഒരു പാർട്ടിയെ നശിപ്പിക്കുമ്പോള്‍ ആകെയുള്ള പ്രതീക്ഷ രാഹുൽ ഗാന്ധി കണ്ടെത്തിയ ചെറുപ്പക്കാരിലാണ് . ആ ചെറുപ്പക്കാരാണ് ഇനിയുള്ള ഇന്ത്യയെ നയിക്കേണ്ടവർ .

പിന്നീട് പാർട്ടിയുടെ കീഴ്ഘടകങ്ങളിലെ തിരഞ്ഞെടുപ്പും ഇന്റർവ്യൂകളും തമിഴ്‌നാട്ടിൽ എത്തിയപ്പോഴേക്കും കേന്ദ്രത്തിൽ തിരഞ്ഞെടുപ്പ് വരികയും അതുപോലെ മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ വരികയും സോണിയാഗാന്ധിക്ക്‌ സുഖമില്ലാതെ ആവുകയും പാർട്ടിയുടെ ഉപദേശകൻ പ്രണബ് മുഖർജി പ്രസിഡന്റ് പദത്തിലേക്ക് എത്തിയതും കൂടെയുള്ള പല വൻ നേതാക്കളും വന്ന വഴികൾ മറന്നതും എല്ലാം കൂടിയായപ്പോൾ സംഭവിച്ച തകർച്ച എല്ലാവരും കൂടി ഒരാളുടെ മേൽ കെട്ടിവെച്ചപ്പോൾ താങ്ങാവുന്നതിലും അധികം ഭാരം താങ്ങേണ്ടിവന്ന രാഹുൽ കുറച്ചു നാളത്തേക്കെങ്കിലും സ്വയം അമൂൽബേബി ആയെന്നുള്ളത് വാസ്തവം തന്നെ .

ചില അബദ്ധങ്ങള്‍ - അര്‍ണോബായും ആന്റണിയായും

publive-image

ഏറ്റവും വലിയ അപകടം സംഭവിച്ചത് അല്ലെങ്കിൽ തീരുമാനത്തിൽ പാളിച്ച സംഭവിച്ചത് രാഹുൽ ഗാന്ധിയെപ്പോലെയുള്ള ഒരു രാജകുമാരൻ ആ അർണാബ് ഗോസാമിയെന്ന തെമ്മാടിയുടെ കാലിന്നിടയിലേക്ക് തല വെച്ചുകൊടുക്കുവാൻ പാടില്ലായിരുന്നു . രാഹുലിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ മോശം തീരുമാനം എടുക്കുവാൻ പ്രേരിപ്പിച്ചതും ഏതെങ്കിലും കോൺഗ്രസുകാരൻ തന്നെയായിരിക്കും .

പ്രണയ റോയ് പോലെയോ അല്ലെങ്കിൽ അതുപോലെയുള്ള ജീനിയസ്സുകളുമായി ഇന്റർവ്യൂകളിൽ പങ്കെടുക്കേണ്ട വ്യക്തി അർണാബിൽ തട്ടി വീഴുകയായിരുന്നു . ഒരബദ്ധം ആർക്കും സംഭവിക്കാം . 1984 ൽ 404 സീറ്റുകളോടുകൂടി അധികാരത്തിൽ വന്ന രാജീവ്ഗാന്ധിയെ വീഴ്‌ത്തിയത് കൂടെയുണ്ടായിരുന്ന അരുൺ നെഹ്രുവും ആരിഫ് മുഹമ്മദ് ഖാനും വിപിസിങ്ങും ആയിരുന്നു .

അതുപോലെ രാഹുൽ ഗാന്ധിയോട് ഒരു അഭ്യർത്ഥനയുണ്ട് , നല്ല ആളുകളെ മാത്രം കൂടെ കൂട്ടുക. ഉപദേശകരെ തിരഞ്ഞെടുക്കുമ്പോൾ അത്യാവശ്യം അവരുടെ ചരിത്രം കുറച്ചൊക്കെ മനസ്സിലാക്കുക. അത് എ കെ ആന്റണിയും പി സി ചാക്കോയും പോലുള്ളവര്‍ ആകരുത്. കേരളത്തില്‍ നിന്നാണെങ്കില്‍ ഉമ്മന്‍ചാണ്ടിയെയും രമേശിനെയും മുരളീധരനെയും കൂടെ കൂട്ടാം . അവര്‍ പറഞ്ഞത് കേട്ടാല്‍ അബദ്ധം പറ്റില്ല . എന്നാല്‍ മുന്‍പ് പറഞ്ഞവര്‍ കേട്ടാല്‍ അബദ്ധമേ പറ്റൂ ...

കേരളത്തിലുള്ള കോൺഗ്രസുകാരെ പറ്റി പറഞ്ഞു പറഞ്ഞു മടുത്തു , പപ്പുമോനായതുകൊണ്ട് ഒരു റിലാക്സേഷൻ ഉണ്ട് . എഡിറ്ററേ ഇതൊന്നും ഇതിൽ വരുന്നില്ലല്ലോ അല്ലേ ? സൊ പ്രൈം മിനിസ്റ്റർക്ക് വളരെ താല്പര്യമുള്ള വ്യക്തിയായിരുന്നു . എവിടെ വെച്ച് കണ്ടാലും കളിയാക്കുക മെക്കട്ട് കയറുക ഒക്കെ ചെയ്യായിരുന്നു . അപ്പോ എന്തോ ''പ്രത്യേകത''യുണ്ടായിരുന്നു ...​

ആ പ്രത്യേകതയുള്ളവർ ഇനിയുള്ള ഇന്ത്യയെ നയിക്കുവാൻ പ്രാപ്തരാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്,

രാഹുൽ ഗാന്ധിക്ക് ജയ്‌ വിളിച്ചുകൊണ്ട് ദാസനും പപ്പുമോൻ വിജയനും

rahulgandhi congresspesident
Advertisment