Advertisment

രാജൻ കേസിന്റെ പേരിൽ സി. അച്യുതമേനോന് എതിരെ ചെളി വാരിയെറിയലുണ്ടായി; എന്നാൽ ഇപ്പോഴത്തെ ഇടതുമുന്നണി ഭരണത്തിലും കസ്റ്റഡി മരണങ്ങളുണ്ടായി; എന്നാൽ മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ എതിരെ ആരും വിരൽ ചൂണ്ടിയില്ല; സി. അച്യുതമേനോന്റെ മകൻ ഡോ. വി. രാമൻ കുട്ടിയുടെ കുറിപ്പ്

New Update

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി സി അച്യുത മേനോന്റെ മകന്‍ ഡോ വി.രാമന്‍കുട്ടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. രണ്ടുകാലത്തെ ഇടതുഭരണത്തിൽ സ്വീകരിച്ച രണ്ടു തരം സമീപനത്തെപ്പറ്റി സൂചിപ്പിച്ചാണ് കുറിപ്പ്‌. സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ച ദീർഘമായ കുറിപ്പിലാണ് പിതാവിനെപ്പറ്റിയുള്ള ഡോ. രാമൻകുട്ടിയുടെ സ്മൃതിചിത്രങ്ങളും വിലയിരുത്തലും.

Advertisment

publive-image

രാജൻ കേസിന്റെ പേരിൽ സി. അച്യുതമേനോന് എതിരെ ചെളി വാരിയെറിയലുണ്ടായി. എന്നാൽ ഇപ്പോഴത്തെ ഇടതുമുന്നണി ഭരണത്തിലും കസ്റ്റഡി മരണങ്ങളുണ്ടായി. എന്നാൽ മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ എതിരെ ആരും വിരൽ ചൂണ്ടിയില്ലെന്ന് കുറിപ്പിൽ പറയുന്നു.

രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതലേ ജനാധിപത്യ ആശയങ്ങളോടായിരുന്നു അച്യുതമേനോന് ആഭിമുഖ്യം. അതിനാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ഭരണം തുടരുന്നതിൽ വിമുഖനായിരുന്നു. എന്നാൽ ഇന്ദിരാഗാന്ധിയുമായുള്ള സഖ്യത്തിൽ സോവിയറ്റ് പാർട്ടിക്ക് താൽപര്യമുണ്ടായിരുന്നു.

സ്വാഭാവികമായും സോവിയറ്റ് പാർട്ടിയുടെ താൽപര്യം സിപിഐക്ക് പരിഗണിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്ദിരാഗാന്ധിക്കൊപ്പം പാർട്ടി നിന്നപ്പോൾ അച്ചടക്കമുള്ള പാർട്ടിക്കാരൻ എന്ന നിലയിൽ അച്യുതമേനോൻ ‘കറുത്ത കാലഘട്ടത്തിലെ ഭരണാധികാരി’യായി എന്ന് രാമൻകുട്ടി എഴുതുന്നു.

ആ സർക്കാരിന്റെ കാലാവധി കഴിഞ്ഞപ്പോൾ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ചുകൊണ്ട് 64 ാം വയസിൽ സി. അച്യുതമേനോൻ സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു. ഭരണാധികാരി എന്ന നിലയിൽ രാജൻ സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം തനിക്കും ഉണ്ടെന്ന കാരണവും അതിന്റെ പിന്നിലുണ്ടാവാം.

തുടർന്നും പല സർക്കാരുകളുടെ കാലത്തും കസ്റ്റഡി മരണങ്ങളുണ്ടായി. 40 വർഷത്തിനു ശേഷം, ഇപ്പോഴത്തെ ഇടതു സർക്കാരിന്റെ കാലത്ത് കസ്റ്റഡി മരണങ്ങളുണ്ടായി. എന്നാൽ മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ നേരെ ആരും വിരൽ ചൂണ്ടിയില്ല.

സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിയും നെഹ്റുവും അടങ്ങുന്ന നേതൃനിരയോട് പാർട്ടിയുടെ വ്യക്തിത്വം കളയാതെ സംവാദത്തിന് തയാറായ ജനറൽ സെക്രട്ടറിയായിരുന്നു പി.സി.ജോഷി. ജോഷിയുടെ ധാരയിൽ പെട്ടയാളായിരുന്നു അച്യുതമേനോൻ. മഹാത്മാഗാന്ധിയുടെ ക്വിറ്റ് ഇന്ത്യ ആഹ്വാനം അനുസരിച്ചാണ് അഭിഭാഷക വൃത്തി തുടങ്ങിയ ഘട്ടത്തിൽ തന്നെ ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയത്.

തുടർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ സിപിഐയിലെത്തി. 1948ൽ കൽക്കട്ട കോൺഗ്രസിൽ ‘രണദിവെ തിസീസ്’ ആയ സായുധസമരം പാർട്ടി സ്വീകരിച്ചപ്പോൾ അതിനെതിരെ വോട്ടുചെയ്ത ന്യൂനപക്ഷ പ്രതിനിധികളിൽ അച്യുതമേനോനും ഉണ്ടായിരുന്നു.

56ൽ ഐക്യകേരളമായപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 57ൽ മന്ത്രിയും. ഇങ്ങനെ തുടക്കം മുതൽ പാർട്ടിക്കൊപ്പം നീങ്ങിയ അച്യുതമേനോന് താൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ 64ൽ പിളർപ്പ് ഉണ്ടായത് കടുത്ത ഷോക്ക് ആയി മാറിയെന്ന് രാമൻകുട്ടി എഴുതുന്നു. 48–ാം വയസിൽ ആദ്യ ഹാർട്ട് അറ്റാക്ക് ഉണ്ടായി. അതിന്റെ വല്ലായ്മകൾ ജീവിതത്തിൽ പിന്നീട് എപ്പോഴും കൂടെയുണ്ടാവുകയും ചെയ്തു.

മുഖ്യമന്ത്രിയായിരുന്ന 1969–77 കാലഘട്ടം കേരളത്തിന്റെ വികസനത്തിന് പുതിയ ദിശ നൽകാനാണ് ശ്രമിച്ചത്. ഇന്ത്യയിൽ ആദ്യമായി തന്നെ ശാസ്ത്ര സാങ്കേതിക വകുപ്പ് ഉണ്ടാക്കി. അതിന്റെ ചുമതല മുഖ്യമന്ത്രിക്കു തന്നെയായിരുന്നു.

സിഡിഎസ്, ശ്രീചിത്ര, എർത്ത് സയൻസ് സ്റ്റഡീസ്, സിഡബ്ലിയുആർഡിഎം, ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കെൽട്രോൺ തുടങ്ങി നിരവധി മികച്ച തുടക്കങ്ങൾ. 70 കളുടെ തുടക്കത്തിൽ ദരിദ്രമായിരുന്ന സംസ്ഥാനം 90കളോടെ വികസന, ജീവിതനിലവാര കാര്യങ്ങളിൽ മുന്നേറിയതിന് ഈ അടിത്തറ ഒരു കാരണമാണെന്ന് ഡോ.രാമൻകുട്ടി നിരീക്ഷിക്കുന്നു.

cm pinarayi c achutha menon
Advertisment