Advertisment

എയർ ഇന്ത്യയുടെ പുതിയ കരാർ 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും

author-image
Charlie
New Update

publive-image

Advertisment

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും വിമാന നിർമ്മാതാക്കളായ ബോയിംഗും എയർബസും തമ്മിലുള്ള ഏറ്റവും പുതിയ മെഗാ ഡീൽ ഇന്ത്യയിൽ നേരിട്ടും അല്ലാതെയും 2,00,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് വ്യോമയാന മേഖലയിലെ വിദഗ്‌ധർ. കരാർ പ്രകാരം നിലവിൽ 140 വിമാനങ്ങളുള്ള എയർ ഇന്ത്യ, ബോയിംഗിൽ നിന്നും എയർബസിൽ നിന്നും 470 വിമാനങ്ങളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്.

അനുബന്ധ റോളുകൾക്കായി എയർലൈനിന് ഓപ്പറേഷൻ സ്‌റ്റാഫും ജീവനക്കാരും ആവശ്യമായി വരുമെന്നതിനാൽ ഈ ഇടപാട് ഇന്ത്യൻ വ്യോമയാന മേഖലയിൽ ജോലികളുടെ കുത്തൊഴുക്കിന് കാരണമാകുമെന്ന് വിദഗ്‌ധർ വിശദീകരിച്ചു.

"പ്രത്യക്ഷ തൊഴിൽ, പരോക്ഷ തൊഴിൽ എന്നിങ്ങനെ രണ്ട് തരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടും. ഒരു നാരോ-ബോഡി വിമാനത്തിന് വേണ്ടി മൊത്തം നേരിട്ടും, പരോക്ഷവുമായും സൃഷ്‌ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ ഏകദേശം 400 ആണ്. വൈഡ്-ബോഡി വിമാനത്തിന് ഇത് ഏകദേശം 600-700 ആണ്." വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ള സ്ഥാപനമായ മാർട്ടിൻ കൺസൾട്ടിങ്ങിന്റെ സിഇഒ മാർക്ക് മാർട്ടിൻ  പറഞ്ഞു.

"പ്രത്യക്ഷ ജോലിയിൽ എയർലൈനിൽ നേരിട്ട് ജോലി ചെയ്യുന്നവരെ ഉൾപ്പെടുത്തും, ഉദാഹരണത്തിന്, പൈലറ്റുമാർ, ക്യാബിൻ ക്രൂ, എല്ലാ സാങ്കേതിക, സാങ്കേതികേതര ജീവനക്കാരും. ഒരു ചെറു വിമാനത്തിന് ഇത് ഏകദേശം 175 ആണ്. കൂടാതെ പരോക്ഷമായ ആളുകളെ അതായത് കമ്പനിക്ക് പുറത്ത്, എയർപോർട്ട് സ്‌റ്റാഫ്, എയർ ട്രാഫിക് കൺട്രോളർമാർ, ട്രാൻസ്പോർട്ട് വെണ്ടർമാർ, സർവീസ് പ്രൊവൈഡർമാർ എന്നിവരുൾപ്പെടെയുള്ള വിമാനങ്ങളെ പിന്തുണയ്‌ക്കുമ്പോൾ, ഒരു ചെറു വിമാനത്തിന് ആവശ്യമായി മനുഷ്യ വിഭവശേഷറി 400 ആവും" മാർട്ടിൻ വിശദമാക്കി.

"വലിയ വിമാനത്തിന്റെ കാര്യത്തിൽ നേരിട്ടുള്ള തൊഴിൽ 250 മുതൽ 300 വരെയാണ്, പരോക്ഷമായ തൊഴിൽ കൂടി ഉൾപ്പെടുത്തിയാൽ ഈ എണ്ണം 600 മുതൽ 700 വരെ ഉയരാം." അദ്ദേഹം വ്യക്‌തമാക്കി. ഈ ഡാറ്റ വിപുലീകരിക്കുന്നതോടെ, സൃഷ്‌ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ ഏകദേശം 2,02,000 മുതൽ 2,09,000 വരെയായിരിക്കുമെന്നാണ് നിഗമനം." അദ്ദേഹം പറഞ്ഞു.

"എയർ ഇന്ത്യയ്ക്ക് പരിചയസമ്പന്നരായ പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ, മെയിന്റനൻസ് എഞ്ചിനീയർമാർ, ഗ്രൗണ്ട് ക്രൂ തുടങ്ങിയവർ ആവശ്യമായി വരും. എന്നാൽ ഏറ്റവും പ്രധാനമായി, ഈ കരാർ അർത്ഥമാക്കുന്നത് എയർവേകൾ വഴി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് ഇനി മുതൽ വിമാനങ്ങൾ എത്തുമെന്നാണ്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ടൂറിസത്തിനും തീരുമാനം ഉത്തേജനം പകരും." എയർ ഇന്ത്യയുടെ മുൻ എക്‌സിക്യുട്ടീവ് ഡയറക്‌ടർ ജിതേന്ദർ ഭാർഗവ വ്യക്തമാക്കി.

നിലവിൽ ഡിലീറ്റ് ചെയ്‌ത രീതിയിലുള്ള ലിങ്ക്ഡ്ഇൻ പോസ്‌റ്റിൽ എയർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ആൻഡ് ട്രാൻസ്‌ഫോർമേഷൻ ഓഫീസർ നിപുൺ അഗർവാൾ 840 വിമാനങ്ങൾക്കാണ് വിമാന നിർമ്മാതാക്കളുമായി കരാർ നൽകിയതെന്നും അതിൽ 470 എണ്ണം ഓർഡർ ചെയ്‌തിട്ടുണ്ടെന്നും 370 എണ്ണം നിർമാണത്തിലാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

470 വിമാനങ്ങൾ വാങ്ങിയ അതേ നിരക്കിൽ എയർ ഇന്ത്യയ്ക്ക് 370 വിമാനങ്ങൾ കൂടി വാങ്ങാൻ കഴിയുമെന്നാണ് ഈ “370 ഓപ്ഷനുകൾ” എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്ന് ഭാർഗവ വിശദീകരിച്ചു. വിമാനങ്ങളുടെ വില മരവിപ്പിച്ചു എന്നാണ് ഇതിന്റെ സവിശേഷത. അതായത് 470 വിമാനങ്ങൾ വാങ്ങിയ അതേ വിലയ്ക്ക് തന്നെ ഭാവിയിൽ 370 വിമാനങ്ങൾ കൂടി വാങ്ങാം.

വിമാനം കിഴിവ് നിരക്കിൽ എയർലൈൻസിന് വിറ്റതായി വൃത്തങ്ങൾ ബിസിനസ് ടുഡേയോട് പറഞ്ഞു. ഇന്ത്യയിൽ മാത്രമല്ല, യുഎസിലും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടും എന്നാണ് വിലയിരുത്തൽ. എയർ ഇന്ത്യ കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇത് ചരിത്രപരമാണെന്നും, ഈ പങ്കാളിത്തം യുഎസിൽ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും പറഞ്ഞു.

Advertisment