Advertisment

പ്രതാപ് പോത്തനെപ്പറ്റി അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന പ്രമുഖര്‍ കുറിച്ച ചരമക്കുറിപ്പുകള്‍ വായിച്ചുപോയപ്പോള്‍ അതിമനോഹരമായൊരു പ്രതാപ് പോത്തന്‍ സിനിമ കാണുന്നതു പോലെ ! യൗവ്വനത്തിന്‍റെ തിളപ്പും പ്രണയത്തിന്‍റെ തീഷ്ണതയും മുഖത്തെ നിഷ്കളങ്ക ഭാവവും ഇംഗ്ലീഷ് പറയുമ്പോലെ പറയുന്ന മലയാള ഭാഷയുമെല്ലാം പ്രതാപ് പോത്തനെ മലയാളത്തിലെ വേറിട്ടൊരു നടനാക്കി മാറ്റിയ കഥകള്‍ പറയുന്ന ചരമക്കുറിപ്പുകള്‍ - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

രമ വാര്‍ത്തയേക്കാള്‍ ശോഭിച്ച ചരമക്കുറിപ്പുകള്‍. അതെ. അന്തരിച്ച ചലച്ചിത്രതാരം പ്രതാപ് പോത്തനെപ്പറ്റി അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന പ്രമുഖര്‍ കുറിച്ച ചരമക്കുറിപ്പുകള്‍ വായിച്ചുപോയപ്പോള്‍ അതിമനോഹരമായൊരു പ്രതാപ് പോത്തന്‍ സിനിമ കാണുന്നതു പോലെ. യൗവ്വനത്തിന്‍റെ തിളപ്പും പ്രണയത്തിന്‍റെ തീഷ്ണതയും മുഖത്തെ നിഷ്കളങ്ക ഭാവവും ഇംഗ്ലീഷ് പറയുമ്പോലെ പറയുന്ന മലയാള ഭാഷയുമെല്ലാം പ്രതാപ് പോത്തനെ മലയാളത്തിലെ വേറിട്ടൊരു നടനാക്കി മാറ്റിയ കഥകള്‍ പറയുന്ന ചരമക്കുറിപ്പുകള്‍.

പ്രശസ്ത നടി സുഹാസിനി 'വിട, എന്‍റെ പ്രിയ സുഹൃത്ത് പ്രതാപ് ' എന്ന തലക്കെട്ടോടെ 'ഹിന്ദു' പത്രത്തില്‍ എഴുതിയ കുറിപ്പാണ് വിവിധ പത്രങ്ങളില്‍ വന്ന ചരമക്കുറിപ്പുകള്‍ വായിക്കാന്‍ എന്നെ ക്ഷണിച്ചത്. പ്രതാപ് പോത്തന്‍റെ സൗഹൃദവും ബുദ്ധിശക്തിയും കളിതമാശകളുമെല്ലാം സുഹാസിനിയുടെ യുവമനസിനെ എത്രകണ്ടു സ്വാധീനിച്ചുവെന്നു പറയുന്നുണ്ട് ഈ കുറിപ്പ്. ആദ്യ സിനിമയില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ച കാര്യങ്ങള്‍ ഓര്‍മച്ചെപ്പില്‍ നിന്ന് അടര്‍ത്തിയെടുത്ത് സുഹാസിനി കോറിയിടുമ്പോള്‍ ഉദാത്തമായ ഒരു ആണ്‍-പെണ്‍ സൗഹൃദത്തിന്‍റെ ഊഷ്മളത മുഴുവന്‍ ആ വരികളില്‍ നിറയുന്നു.

publive-image

സിനിമയില്‍ ഭര്‍ത്താവിനോട് അധികം സംസാരിക്കാറില്ലാത്ത കഥാപാത്രമായിരുന്നു തന്‍റേതെങ്കിലും ഇടവേളകളില്‍ ഒരിക്കലും തീരാത്ത കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് തങ്ങള്‍ കഴിഞ്ഞിരുന്ന സമയം സുഹാസിനി ഓര്‍ക്കുന്നുണ്ട്.

'മലയാള മനോരമ'യില്‍ കമല്‍ ഹാസന്‍ എഴുതിയിരിക്കുന്നത് പ്രതാപ് പോത്തനുമായുള്ള സൗഹൃദത്തെപ്പറ്റിയും അസാധാരണമായ അടുപ്പത്തെപ്പറ്റിയുമാണ്. "എത്ര പെട്ടെന്നു ഞങ്ങള്‍ അടുത്തു. എനിക്കു മനസിനിണങ്ങിയ ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷമായിരുന്നു", കമല്‍ ഹാസന്‍ എഴുതുന്നു.

'തകര' തമിഴില്‍ "ആവാരം പൂ" എന്ന പേരില്‍ ഭരതന്‍ തന്നെ സിനിമയാക്കിയപ്പോള്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ വേഷമിട്ട വിനീത് ഓര്‍ത്തെടുക്കുന്നത് ഭരതന്‍ തന്നെ നല്‍കിയ ഉപദേശമാണ്. "പ്രതാപ് അടിമുടി കഥാപാത്രമായി ജീവിച്ച ചിത്രമാണു 'തകര'. അതുകൊണ്ട് ഈ ചിത്രം കണ്ടു കണ്ട് കൃത്യമായി പഠിക്കണം" - ഭരതന്‍റെ വാക്കുകള്‍ ഇന്നും വിനീതിന്‍റെ മനസിലുണ്ട്.

ഭരതന്‍റെ ഉപദേശപ്രകാരം 'തകര' പല തവണ കണ്ടു വിനീത്. പ്രതാപ് പോത്തന്‍റെ കഴിവുകള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന വാക്കുകളാണതെന്ന് പറ‍ഞ്ഞു വെയ്ക്കുകയാണ് 'മാതൃഭൂമി'യില്‍ വിനീത്. 'മനോരമ'യില്‍ എന്‍. ജയചന്ദ്രന്‍റെ "ഋതുഭേദങ്ങളുടെ ചാമരം" എന്ന നീണ്ട കുറിപ്പ് പ്രതാപ് പോത്തന്‍ എന്ന നടന്‍റെ വരവും വളര്‍ച്ചയും എണ്ണി എണ്ണി പറഞ്ഞു വെയ്ക്കുന്നു. ട്രിപ്പിള്‍ ഫൈവ് സിഗരറ്റ് വലിച്ചും ഇംഗ്ലീഷ് ക്ലാസിക്കുകള്‍ വായിച്ചും നടന്ന ആ യുവാവ് ഒരു സുപ്രഭാതത്തില്‍ ആരവത്തില്‍ കൊക്കരക്കോ ആയ കഥയാണത്.

publive-image

"കൈലി മുണ്ടും ബനിയനുമിട്ട് തെറുപ്പു ബീഡിയും വലിച്ച് ചെല്ലപ്പനാശാരിയുടെ പിന്നാലേ പലകയും ചുമന്ന് ആശാരിയുടെ കാതിലെ നീലക്കടുക്കന്‍ എന്നെങ്കിലുമിടാമെന്നു സ്വപ്നം കണ്ടു നടക്കുന്ന തകര. 'കുടയോളം ഭൂമി, കുടത്തോളം കുളിര്' എന്ന പാട്ടിന്‍റെ കുളിരില്‍ മുറുകിയ യൗവ്വനവുമായി അരികില്‍ സുരേഖ," - എന്‍. ജയചന്ദ്രന്‍റെ വിവരണം കൊഴുക്കുന്നു.

ഇംഗ്ലീഷ് ഭാഷയുടെയും മഹത്തായ ഉംഗ്ലീഷ് ക്ലാസിക്കുകളുടെയും ലോകത്തു നിന്ന് പ്രതാപ് പോത്തനെ നാട്ടുമലയാളത്തിന്‍റെ ഉള്ളറകളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയത് നെടുമുടി വേണുവായിരുന്നു. രണ്ടു പേരെയും ഭരതന്‍ എന്ന എക്കാലത്തെയും വലിയ സംവിധായകന്‍ പരുവപ്പെടുത്തിയെടുക്കുകയായിരുന്നു. പ്രതാപ് പോത്തന്‍റെ പല കഥാപാത്രങ്ങള്‍ക്കും രൂപവും ജീവനും നല്‍കിയത് നെടുമുടി വേണു തന്നെ.

പ്രതാപ് പോത്തന്‍റെ ഓരോ കഥാപാത്രത്തിനും പ്രത്യേകതരം നില്‍പ്പും നടപ്പും അംഗചലനങ്ങളും മുഖഭാവങ്ങളുമുണ്ടായിരുന്നു. "ചാമര"ത്തില്‍ സ്വന്തം അധ്യാപികയായ ഇന്ദു ടിച്ചറെ (സെറീനാ വഹാബ്) പ്രേമിക്കുന്ന പ്രതാപ് പോത്തനെ ആ കഥാപാത്രമായി മാറ്റിയെടുത്തതിലും നെടുമുടിക്കു പങ്കുണ്ട്. പ്രണയം ആവര്‍ത്തിച്ചു നിരാകരിക്കുന്ന ടിച്ചറുടെ മുന്നില്‍ "സ്റ്റില്‍ ഐ ലവ് യൂ ടിച്ചര്‍" എന്നു പറഞ്ഞു പൊട്ടിത്തെറിക്കുന്ന പ്രതാപ് പോത്തന്‍റെ വന്യമായ മുഖഭാവങ്ങള്‍ വരെ.

publive-image

തനതു നാടകക്കളരിയുമായി കാവാലം നാരായണപ്പണിക്കര്‍ തിരുവനന്തപുരത്ത് അവതരിച്ച സമയമായിരുന്നു അത്. പുതിയ പാട്ടും പുതിയ താളവും പുതിയ ഈണവുമൊക്കെയായി കാവാലം അരങ്ങു കൊഴുപ്പിക്കുകയാണ്. 'മാതൃഭൂമി' ദിനപ്പത്രം തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരണം തുടങ്ങിയതും അക്കാലത്ത് - 1980 നവംബറില്‍.

ഞാന്‍ 'മാതൃഭൂമി'യില്‍ ചേരുന്നത് ആ സമയത്തു തന്നെ - 1980 -ല്‍. എനിക്കു മുമ്പേ സണ്ണിക്കുട്ടി എബ്രഹാം 'മാതൃഭൂമി'യിലുണ്ട്. ടി.എന്‍ ഗോപകുമാര്‍, എം.ജി രാധാകൃഷ്ണന്‍, ശശി മോഹന്‍, എം ഹരികുമാര്‍, കെ.ജി ജ്യോതിര്‍ ഘോഷ്, ജി. ശേഖരന്‍ നായര്‍, മലയിന്‍ കീഴ് ഗോപാല കൃഷ്ണന്‍ എന്നിങ്ങനെ ചെറുപ്പക്കാരുടെ നീണ്ട നിര. നേതൃത്വം ടി. വേണുഗോപാലന്‍ എന്ന വേണുവേട്ടനാണ്. എപ്പോഴും ഞങ്ങള്‍ ചെറുപ്പക്കാരോടൊപ്പം എന്തിനും കൂട്ടു നിന്നിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ന്യൂസ് എഡിറ്റര്‍.

മികച്ച പ്രിന്‍റിങ്ങ് സൗകര്യമുള്ളതുകൊണ്ട് 'മാതൃഭൂമി' ആഴ്ചപ്പതിപ്പും 'ഗൃഹലക്ഷ്മി'യും തിരുവനന്തപുരത്തേയ്ക്കു വന്നു. ആഴ്ചപ്പതിപ്പിനോടൊപ്പം വലിയ പത്രാധിപര്‍ എന്‍.വി കൃഷ്ണ വാര്യരും വി.ആര്‍ ഗോവിന്ദനുണ്ണിയുമെത്തി. ഗൃഹലക്ഷ്മിയുടെ ചുമതല നോക്കുന്ന പി.ബി ലല്‍കാറും. ആള്‍ പാലക്കാട്ടുകാരി.

അങ്ങനെയിരിക്കെയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരവ്. താമസം 'തമ്പി'ല്‍. നെടുമുടി വേണുവും കൂട്ടരുമൊക്കെ താമസിക്കുന്ന സ്ഥലമാണ് തമ്പ്. തിരുവനന്തപുരത്ത് ശാസ്തമംഗലത്തിനടുത്ത് പൈപ്പിന്‍ മൂട്ടില്‍.

കൈതപ്രത്തിന്‍റെ വരവോടെ ഡെസ്കില്‍ പുതിയൊരു ഉണര്‍വ്. ആദ്യ എഡിഷന്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ വേണുവേട്ടനും മറ്റും പോകും. രാത്രി ഡ്യൂട്ടിവേളകളിലാണ് കൈതപ്രവും ഞങ്ങളും സജീവമാവുക. കൈതപ്രം പാട്ടു തുടങ്ങും. പാതിരാ വരെ നീളുന്ന കച്ചേരിയാണ് ഡെസ്കില്‍. ഞങ്ങളൊക്കെ ആസ്വദിച്ചു കേട്ടിരിക്കും. ഇതിനിടയ്ക്ക് രാത്രി എഡിഷനുകളുടെ പണിയും നടക്കും. വെളുപ്പിന് മൂന്നു മണിയോടെ അവസാന എഡിഷനും പുറത്തിറക്കി എല്ലാവരുടെയും മടക്കം.

ആയിടയ്ക്കാണ് നെടുമുടി വേണുവിനെ പരിചയപ്പെട്ടത്. ചില കൂട്ടായ്മകളില്‍. കൂട്ടായ്മ ഏതായാലും നെടുമുടി വേണു രംഗം കൈയടക്കും. പിന്നെ ഓരോരോ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തുടങ്ങും. നെടുമുടിയുടെ കഥാപാത്രങ്ങളിലധികവും പടുവൃദ്ധരാണ്.

publive-image

വൃദ്ധന്മാര്‍ പലതരക്കാരുണ്ട് നെടുമുടിയുടെ കൈയില്‍. വായില്‍ മുറുക്കാന്‍ നിറച്ചു ചവച്ചു ചവച്ചു വര്‍ത്തമാനം പറയുന്ന വൃദ്ധന്‍ മുതല്‍ പ്രായമേറെയായിട്ടും തട്ടിക്കൂട്ടിയ പൊളിഞ്ഞ സ്വന്തം കടയില്‍ ജീവിക്കാന്‍ വേണ്ടി സോഡാ നാരങ്ങവെള്ളം വില്‍ക്കുന്ന വൃദ്ധന്‍ വരെ എത്രയെത്ര വൃദ്ധ കഥാപാത്രങ്ങളാണ് നെടുമുടി അവതരിപ്പിക്കുന്നത്. അത്ഭുതകരമായ മുഖ ഭാവങ്ങളിലൂടെ, പേശികളുടെ ചടുല ചലനങ്ങളിലൂടെ, വ്യത്യസ്തമായ ശബ്ദ വിന്യാസങ്ങളിലൂടെ ഓരോ വൃദ്ധന്‍ നെടുമുടിയുടെ മുഖത്തു ജന്മമെടുക്കുന്നതു കണ്ട് ചുറ്റും വിസ്മയത്തോടെ ഞങ്ങളിരിക്കും.

പാട്ടും താളവും മേളവും സൃഷ്ടിച്ച ആരവത്തിലായിരുന്നു അവരുടെ ജീവിതം. കൈതപ്രത്തിന്‍റെ വരവും അവിടെ നിന്നായിരുന്നു. ഊട്ടിയില്‍ ഇംഗ്ലീഷ് സംസ്കാരത്തില്‍ പഠിച്ചു വളര്‍ന്ന പ്രതാപ് പോത്തനെയും മെരുക്കി പരുവപ്പെടുത്തി പതം വരുത്തിയെടുത്തതും ഈ ആരവം തന്നെ. ('പരുവപ്പെടുത്തി പതം വരുത്തി' എന്ന പ്രയോഗം കാവാലത്തിന്‍റേത്. 'തട്ടാരേ, എന്‍റെ പൊന്നു തട്ടാരേ' എന്ന കവിത.)

Advertisment