Advertisment

കേരള സമൂഹത്തെ ഇന്നത്തെ നിലയില്‍ കെട്ടിപ്പടുത്തതില്‍ പ്രധാന പങ്കുവഹിച്ച പ്രമുഖ നേതാക്കളിലൊരാളാണ് ഗൗരിയമ്മ; വിപ്ലവകാരിയായ കമ്മ്യൂണിസ്റ്റുകാരി, കൊമ്പന്‍മാരായ ഐ.എ.എസ് ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്തിയ കരുത്തുറ്റ ഭരണാധികാരി, പാര്‍ട്ടിക്കകത്തും പുറത്തും ധീരതയോടെ തല ഉയര്‍ത്തി നിന്ന വനിത ! ഗൗരിയമ്മയെ ഇക്കഴിഞ്ഞ ദിവസം തലസ്ഥാന നഗരി വീണ്ടും ഓര്‍മിച്ചു- അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോർജ്

author-image
ജേക്കബ് ജോര്‍ജ്
Updated On
New Update

publive-image

Advertisment

"1957 ഏപ്രില്‍ 10 പകല്‍ നന്നേ തിരക്കിലായിരുന്നു. അതി ഗാഢമായ ചര്‍ച്ച. വാക്കുകള്‍ സൂക്ഷിച്ച് അടുക്കിയെടുക്കുന്നതിലുള്ള ജാഗ്രത. ജീവിതത്തില്‍ അന്നാദ്യമായി ഏറ്റവും മാനസിക സംഘര്‍ഷം അനുഭവപ്പെട്ടു. ആ കടലാസിലേക്കു നോക്കെ, അക്ഷരങ്ങളോരോന്നും ജീവനുള്ള മനുഷ്യരായി എന്നോടു സംസാരിക്കുന്നതുപോലെ തോന്നി. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം തയ്യാറാക്കപ്പെട്ട രേഖയായിരുന്നു അത്. നാളെ അതു പരസ്യമാകും. പ്രാകൃതവും അതിഭീകരവുമായ ഒരു അടിത്തറയിളക്കുകയാണ്. ഞാന്‍ ഓരോ വാക്കും സൂക്ഷിച്ചു പരിശോധിച്ചു. യഥാസ്ഥാനത്തുതന്നെയോ അവയെന്നു നിരീക്ഷിച്ചു. രാത്രി ഇരുട്ടുകയാണ്. ഉറക്കം ആദ്യം മടിച്ചും പിന്നീടു തിടുക്കത്തിലും കണ്ണിലേക്കു കടക്കാന്‍ നോക്കിയെങ്കിലും ബുദ്ധിയും മനസും മന:പൂര്‍വം തടഞ്ഞു. ആ ബംഗ്ലാവില്‍ എന്‍റെ ശയന മുറിക്കപ്പുറം നഗരം ഉറങ്ങിക്കഴിഞ്ഞു. തനിക്കു മാത്രം ഉറക്കമില്ല. ഈ കടലാസിലെ അക്ഷരങ്ങള്‍ പ്രഖ്യാപനമായി നാളെ കേരളീയ സാമൂഹ്യ ജീവിതത്തിലെത്തുമ്പോള്‍ എന്തൊക്കെയുണ്ടാവും ? ജീവിതത്തില്‍ ആദ്യമായി മണ്ണില്‍ പണിയെടുക്കുന്നവന്‍ പിഴുതെറിയപ്പെടാന്‍ പാടില്ല. പാവപ്പെട്ടവരെ ഒഴിപ്പിക്കാന്‍ പാടില്ല. ദൂരവ്യാപകമായ അര്‍ത്ഥമുള്ളതാണ് ഈ രേഖ. കേരള മന്ത്രിസഭ ഭൂമിയില്‍ പണിയെടുക്കുന്നവര്‍ക്കു നല്‍കിയ പ്രഥമ സമ്മാനം - ഒഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ്."

കെ.ആര്‍ ഗൗരിയമ്മയുടെ ആത്മകഥയിലെ ഈ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവു ചെറിയാന്‍ ഫിലിപ്പ് തന്‍റെ പ്രസിദ്ധമായ "കാല്‍ നൂറ്റാണ്ട്" എന്ന പുസ്തകത്തിന്‍റെ മൂന്നാം അദ്ധ്യായം ആരംഭിക്കുന്നത്. നടപ്പുകൃഷിക്കാരെയും കുടികിടപ്പുകാരെയും ഒഴിപ്പിക്കുന്ന എല്ലാ നടപടികളും നിര്‍ത്തലാക്കിയ ആദ്യ കേരള സര്‍ക്കാരിന്‍റെ വിപ്ലവകരമായി ആദ്യ നടപടി വിവരിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ്.

1957 ഏപ്രില്‍ അഞ്ചിനു മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്നു കളത്തില്‍ പറമ്പില്‍ രാമന്‍ ഗൗരി. സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച തികയും മുമ്പുതന്നെ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കുടിയിറക്കു നിരോധന ഉത്തരവ് ഇ.എം.എസ് ഗവണ്‍മെന്‍റ് ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ചു. ആ ഓര്‍ഡിനന്‍സ് തയ്യാറാക്കാന്‍ നിയോഗം കിട്ടിയത് ഗൗരിയമ്മയ്ക്കായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ കേരള രാഷ്ട്രീയത്തില്‍ ഒരു കടുത്ത വിപ്ലവകാരിയായി ഉദയം ചെയ്ത ഗൗരിയമ്മയെ ഇക്കഴിഞ്ഞ ദിവസം തലസ്ഥാന നഗരി വീണ്ടും ഓര്‍മിച്ചു. കെ.ആര്‍ ഗൗരിയമ്മയുടെ പേരിലുള്ള ആദ്യ അന്താരാഷ്ട്ര പുരസ്കാരം ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവകാരി ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേരയ്ക്കു സമ്മാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചെഗുവേരയും കെ.ആര്‍ ഗൗരിയമ്മയും ഒരേ വഴിയിലും ഒരേ ലക്ഷ്യത്തിലും പൊരുതിയ നേതാക്കളായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. "സുഖമായി ജീവിക്കാന്‍ കഴിയുന്ന ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇരുവരും സഹനത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും വഴികള്‍ തെരഞ്ഞെടുത്തു. പ്രക്ഷുബ്ധമായിരുന്നു ആ വഴികള്‍. നാടിന്‍റെയും ജനതയുടെയും ചരിത്രമായി സ്വന്തം ജീവിതത്തെ മാറ്റിയവര്‍ അധികമില്ല". മുഖ്യമന്ത്രി വിശേഷാല്‍ വാക്കുകള്‍ കൊണ്ട് ഗൗരിയമ്മയുടെ ഓര്‍മ്മയ്ക്കു പ്രണാമം അര്‍പ്പിക്കുകയായിരുന്നു.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, ബിനോയി വിശ്വം എം.പി, എ.എം ആരിഫ് എം.പി, സി.എസ് സുജാത, മാങ്കോട് രാധാകൃഷ്ണന്‍, കെ.ആര്‍ ഗൗരിയമ്മ ഫൗണ്ടേഷന്‍ മാനേജിങ്ങ് ട്രസ്റ്റി ഡോ. പി.സി ബീനാകുമാരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

publive-image


കേരള സമൂഹത്തെ ഇന്നത്തെ നിലയില്‍ കെട്ടിപ്പടുത്തതില്‍ പ്രധാന പങ്കുവഹിച്ച പ്രമുഖ നേതാക്കളിലൊരാളാണ് ഗൗരിയമ്മ. കേരള സമൂഹത്തിനു വളരാന്‍ പുതിയൊരു വഴി വെട്ടിത്തുറന്ന കാര്‍ഷിക പരിഷ്കരണ നിയമം നടപ്പാക്കിയത് ആദ്യ സര്‍ക്കാരില്‍ റവന്യു മന്ത്രിയായിരുന്ന ഗൗരിയമ്മയാണ്. വിപ്ലവകാരിയായ കമ്മ്യൂണിസ്റ്റുകാരി. കൊമ്പന്‍മാരായ ഐ.എ.എസ് ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്തിയ കരുത്തുറ്റ ഭരണാധികാരി. പാര്‍ട്ടിക്കകത്തും പുറത്തും ധീരതയോടെ തല ഉയര്‍ത്തി നിന്ന വനിത.


1987 -ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണകാലത്ത് സംസ്ഥാനത്തെങ്ങും ഉയര്‍ന്ന മുദ്രാവാക്യം ഇതായിരുന്നു: "കേരം തിങ്ങും കേരള നാട്ടില്‍ ഗൗരിയമ്മ ഭരിച്ചീടും." ഗൗരിയമ്മ മുഖ്യമന്ത്രിയാകും എന്നുതന്നെയായിരുന്നു രാഷ്ട്രീയത്തിലൊക്കെയും സംസാരം.

കേരളത്തിനൊരു വനിതാ മുഖ്യമന്ത്രി ! എല്ലാ കണ്ണുകളും എ.കെ.ജി സെന്‍ററിലേക്കു നീണ്ടു. ഇടതുപക്ഷത്തിന്‍റെ വന്‍ വിജയം പ്രഖ്യാപിച്ച ദിവസം 'മാതൃഭൂമി' ദിനപത്രം ഒന്നാം പേജില്‍ കൊടുത്തത് ഗൗരിയമ്മയുടെ വലിയൊരു ചിത്രം. ഞാന്‍ അന്നു മാതൃഭൂമിയിലാണ്. ബ്യൂറോയിലാണെങ്കിലും രാത്രി ഡെസ്കിലും ഒന്നു കറങ്ങുക പതിവാണ്. അന്നും കണ്ടു ഒന്നാം പേജിന്‍റെ പണിപ്പുരയില്‍ തിരക്കോടെ നില്‍ക്കുന്ന വേണുവേട്ടനെ. സെക്രട്ടേറിയറ്റിന്‍റെ വലിയൊരു ചിത്രമാണ് മുകളില്‍ അതിന്‍റെ വിശാലമായ മുന്‍ വഴിയിലൂടെ സെക്രട്ടേറിയറ്റിലേക്കു നടന്നു നീങ്ങുന്ന ഗൗരിയമ്മ.

കഥയും രാഷട്രീയവും ചരിത്രവും വാര്‍ത്തയുമെല്ലാം ഒന്നിച്ചു സമ്മേളിക്കുന്ന അതിഗംഭീരമായൊരു ചിത്രം. വേണുവേട്ടന്‍റെ ഉജ്വലമായ ഒരു ഒന്നാം പേജുകൂടി ഒരുങ്ങുകയാണ്. ഞാന്‍ വേണുവേട്ടന്‍റെ കരവിരുതു നോക്കി നിന്നു. 'മാതൃഭൂമി'യില്‍ ഞാന്‍ ചേരുമ്പോള്‍ ഇ.കെ നായനാരാണു മുഖ്യമന്ത്രി. പിന്നെ കെ. കരുണാകരന്‍. ഇനി കെ.ആര്‍ ഗൗരിയമ്മ മുഖ്യമന്ത്രിയെന്ന് എന്‍റെ മനസ് മന്ത്രിച്ചു. കൗതുകത്തോടെ.

publive-image

പക്ഷേ ഗൗരിയമ്മ മുഖ്യമന്ത്രിയായില്ല. എന്തിനെയും ധിക്കരിക്കുന്ന ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി സ്ഥാനം അങ്ങനെയങ്ങു വിട്ടുകൊടുക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ തയ്യാറായില്ല. വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലം. വി.എസ് അറിയാതെ പാര്‍ട്ടിയിലോ സര്‍ക്കാരിലോ ഈച്ച പോലും പറക്കാതിരുന്ന കാലംകൂടിയായിരുന്നു അത്. ഗൗരിയമ്മ വ്യവസായ മന്ത്രിയായി ഒതുങ്ങിക്കൂടി.

1991 -ലെ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തി. കെ. കരുണാകരന്‍ മുഖ്യമന്ത്രി. അപ്പോഴേയ്ക്ക് ഗൗരിയമ്മയെക്കെതിരെ പാര്‍ട്ടിയില്‍ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ തോട്ടണ്ടി വികസന കോര്‍പ്പറേഷനു വേണ്ടി കശുവണ്ടി ഇറക്കുമതി ചെയ്തതു മുതല്‍ പല വിഷയങ്ങളും ഗൗരിയമ്മക്കെതിരായ ആരോപണങ്ങളായി മാറി. ചേര്‍ത്തല മാക്ഡ്വല്‍ കമ്പനിയില്‍ ഗൗരിയമ്മ സമാന്തര യൂണിയന്‍ ഉണ്ടാക്കിയതായും ആരോപമം ഉയര്‍ന്നു. എക്കാലത്തും നേര്‍വഴിയിലൂടെ മാത്രമേ ഗൗരിയമ്മ സഞ്ചരിച്ചിട്ടുള്ളു. ഉള്‍പാര്‍ട്ടി സംഘട്ടനത്തില്‍ ഉലഞ്ഞു നില്‍ക്കുന്ന ഗൗരിയമ്മയ്ക്കു വേണ്ടി മുഖ്യമന്ത്രി കെ. കരുണാകരന്‍ വലയെറിഞ്ഞു.

നേരത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്തായി സി.എം.പി രൂപീകരിച്ച് യു.ഡി.എഫിലും കരുണാകരന്‍റെ മന്ത്രിസഭയിലും ചേര്‍ന്ന എം.വി രാഘവനായിരുന്നു മുഖ്യമന്ത്രിക്കു കൂട്ട്. ആലപ്പുഴയില്‍ പ്രത്യേക വികസന സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴയെക്കുറിച്ച് നന്നായറിയാവുന്ന ഗൗരിയമ്മയെ ഈ സമിതിയുടെ അധ്യക്ഷയാക്കാനും കരുണാകരന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാരിന്‍റെ കത്ത് സി.എം.പി നേതാവ് സി.വി ജോണ്‍ ആണ് രഹസ്യമായി ആലപ്പുഴയിലെത്തി ഗൗരിയമ്മയെ നേരിട്ടുകണ്ടു നല്‍കിയത്.

publive-image

എന്നാല്‍ ഗൗരിയമ്മ ഈ സ്ഥാനം സ്വീകരിക്കരുതെന്നായിരുന്നു പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ തീരുമാനം. സംസ്ഥാന സമിതിയും ഇതിനോടു യോജിച്ചു.

സി.പി.എമ്മിലെ സംഘര്‍ഷം എനിക്കു വലിയ വാര്‍ത്തയായിരുന്നു. 'ഇന്ത്യാ ടുഡേ' ലേഖകനാണ് ആ സമയം. പല ദിവസങ്ങളിലും ഞാന്‍ ചേര്‍ത്തലയ്ക്കടുത്ത് ചാത്തനാട്ടെ വസതിയില്‍ ഗൗരിയമ്മയെ കാണാനെത്തും. ഫോട്ടോഗ്രാഫര്‍ ശങ്കറും കാണും ഒപ്പം.

അങ്ങനൊരു ദിവസം ഗൗരിയമ്മയുടെ വീട്ടിലെത്തിയപ്പോള്‍ ഉച്ചയ്ക്ക് ഒരുമണിയായിരുന്നു. യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരിയമ്മ ഊണു കഴിക്കുകയാണ്. ആദ്യം ഒന്നും പറയാനില്ലെന്നറിയിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ ഉറങ്ങിയിട്ടു വരാമെന്നായി. ഞാനും ശങ്കറും കാത്തിരുന്നു.

ഗൗരിയമ്മ ഉണര്‍ന്നപ്പോള്‍ നാലുമണി. ഓടിട്ട പഴയ വീടാണ്. അകത്തെ സംഭാഷണമെല്ലാം പുറത്തു കേള്‍ക്കാം. സഹായിയെ വിളിച്ച് ഗൗരിയമ്മ ചോദിക്കുന്നതു കേട്ടു - 'ആ ഇന്ത്യാ ടുഡേക്കാരന്‍ പോയോടീ' എന്ന്. ഇല്ലാ, അവിടിരിപ്പുണ്ടെന്നു മറുപടി.

കുറേകഴിഞ്ഞ് ഗൗരിയമ്മ ഇറങ്ങിവന്നു. പിന്നെ സംഭാഷണമായി. മുഖത്ത് കുറുമ്പും ദേഷ്യവും സംഘര്‍ഷവുമൊക്കെ മാറി മാറി വരും.


പാര്‍ട്ടിയുടെ കല്‍പ്പന മാനിക്കാതെ ഗൗരിയമ്മ ആലപ്പുഴ വികസന സമിതി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. കരുണാകരന്‍റെ തിരക്കഥ അനുസരിച്ചു തന്നെ സി.പി.എമ്മില്‍ സംഭവങ്ങളുടെ ചുരുളഴിഞ്ഞു. 1994 ജനുവരി ഒന്നിന് ഗൗരിയമ്മയെ സി.പി.എം പുറത്താക്കി.


ഗൗരിയമ്മയിലെ രാഷ്ട്രീയക്കാരിയുടെ രണ്ടാം ജന്മം അവിടെ തുടങ്ങുകയായി. ആലപ്പുഴ ജില്ലയിലുടനീളം അവര്‍ സഞ്ചരിച്ചു. ഒരിക്കല്‍ ഗൗരിയമ്മയെ കാണാനുറച്ച് ഞങ്ങള്‍ തിരിച്ചു. ഞാനും ശങ്കറും. ഒരു ബോട്ടിലാണ് ഗൗരിയമ്മയുടെ യാത്ര. തിരുവല്ല വഴി മാന്നാറിലെത്തി ഒരു ബോട്ടെടുത്ത് ഞങ്ങളും ജലപ്പരപ്പിലൂടെ യാത്ര തുടങ്ങി. ദൂരെ ഒരു തുരുത്തിലേക്കു ഗൗരിയമ്മ വരുന്നതായറിഞ്ഞു. ഞങ്ങളും അങ്ങോട്ടേയ്ക്ക്. ഗൗരിയമ്മയെ കണ്ട് പെട്ടെന്നു തന്നെ ജനം കൂടി. ഗൗരിയമ്മയ്ക്കു സിന്ദാബാദ് വിളികള്‍. പ്രസംഗം തുടങ്ങിയപ്പോഴാണ് ഞങ്ങളുടെ ബോട്ട് എത്തിയത്.

വികാരം ഒള്ളിലൊതുക്കിയാണ് ഗൗരിയമ്മയുടെ പ്രസംഗം. ചെറിയൊരു ആള്‍ക്കൂട്ടമാണ് പ്രസംഗം കേള്‍ക്കാനെത്തിയിരിക്കുന്നത്. പെട്ടെന്ന് ജനങ്ങളുടെ പിന്‍ നിരയില്‍ ഗൗരിയമ്മ എന്നെ കണ്ടു. ശങ്കര്‍ ഫോട്ടോയെടുക്കാന്‍ മുമ്പിലെത്തിയപ്പോഴാകാം ഞാനും ശ്രദ്ധയില്‍പെട്ടത്. എനിക്കു നേരേ കൈ ചൂണ്ടി ഗൗരിയമ്മ ആക്രോശിച്ചു: "ഇവന്‍ മൂലമാണ് പാര്‍ട്ടി എന്നെ പുറത്താക്കിയത്. ഇവനെന്‍റെ ഇന്‍റര്‍വ്യു 'ഇന്ത്യാ ടുഡേ' മാസികയില്‍ പ്രസിദ്ധീകരിച്ചു. അത് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചാ വിഷയമായി." ഗൗരിയമ്മ പറഞ്ഞു പോവുകയാണ്.

ഞാനൊന്നു പേടിച്ചു. ഗൗരിയമ്മയുടെ ആരാധകരാരെങ്കിലും ഞങ്ങള്‍ക്കു നേരേ തിരിഞ്ഞാലോ എന്നായിരുന്നു എന്‍റെ ഭയം. പക്ഷേ ഒന്നും സംഭവിച്ചില്ല. പ്രസംഗം കഴിഞ്ഞ് ഗൗരിയമ്മ ബോട്ടില്‍ കയറി അടുത്ത തുരുത്തിലേക്കു നീങ്ങി. നാട്ടുകാരോടു കുറച്ചു വര്‍ത്തമാനം പറഞ്ഞ ശേഷം ഞങ്ങളും തിരിച്ചു. അവരില്‍ നല്ലൊരു പങ്കും സി.പി.എം പ്രവര്‍ത്തകരായിരുന്നു.

കരുണാകരന്‍റെ മന്ത്രി സഭയില്‍ ഗൗരിയമ്മ വീണ്ടും മന്ത്രിയായി. കരുണാകരനെയും കോണ്‍ഗ്രസിനെയും ആക്ഷേപിച്ചു നടന്ന ഗൗരിയമ്മ. കോണ്‍ഗ്രസുകാരുടെ അധിക്ഷേപം ഏറെ കേട്ട ഗൗരിയമ്മ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി സമര സഖാവായി സമരങ്ങള്‍ നയിക്കുമ്പോള്‍ പോലീസിന്‍റെ മര്‍ദനം ഏറെ ഏറ്റ ഗൗരിയമ്മ. അവസാനം ഗൗരിയമ്മ വീണ്ടും സി.പി.എമ്മിനോടടുത്തു.

അതെ. ഗൗരിയമ്മ എന്ന ഇതിഹാസത്തിനു മുന്നില്‍ തിരുവനന്തപുരത്തെ ചടങ്ങില്‍ പങ്കെടുത്തവരൊക്കെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. കേരളം കണ്ട ഐതിഹാസിക നേതാവിന്‍റെ ഓര്‍മ്മയ്ക്കു മുന്നില്‍.

Advertisment