Advertisment

'ഈ ചിത്രം ഓർമ്മയുണ്ടോ ? ഇല്ലെങ്കിൽ ഓർത്തുകൊള്ളുക', യുദ്ധത്തില്‍ ഇന്ത്യയോടേറ്റ തോല്‍വി പരാമര്‍ശിച്ച് പാകിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്‌; പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബദ്ധവൈരികളായി മാറിയതിന് പിന്നില്‍

New Update

publive-image

Advertisment

പാക്കിസ്ഥാന് താലിബാന്റെ ശക്തമായ മുന്നറിയിപ്പ് ...

" ഈ ചിത്രം ഓർമ്മയുണ്ടോ ? ഇല്ലെങ്കിൽ ഓർത്തുകൊള്ളുക..."

എത്രവേഗമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഒന്നരവർഷം മുൻപുവരെ അടുത്ത മിത്രരാജ്യങ്ങളായിരുന്ന അഫ്‌ഗാനിസ്ഥാനും, പാക്കിസ്ഥാനും ഇന്ന് ബദ്ധവൈരികളായി മാറിയിരിക്കുന്നു..

പാക്കിസ്ഥാനുള്ള മുന്നറിയിപ്പായി ഈ ചിത്രം ഇന്നലെ പോസ്റ്റ് ചെയ്തത് താലിബാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി അഹമ്മദ് യസീറാണ്. 1971 ൽ ഇന്ത്യ - പാക്ക് യുദ്ധശേഷം ദയനീയമായി പരാജയപ്പെട്ട പാക്കിസ്ഥാന്റെ 90,000 സൈനികരാണ് ഇന്ത്യൻ സേനയ്ക്കുമുന്നിൽ കീഴടങ്ങിയത്. പാക്കിസ്ഥാനെ രണ്ടു രാജ്യമായി മാറ്റപ്പെട്ട ആ യുദ്ധശേഷം ഉണ്ടാക്കിയ സറണ്ടർ എഗ്രിമെന്റിൻ പാക്ക് ലഫ്റ്റനന്റ് ജനറൽ അമീർ അബ്ദുള്ള ഖാൻ നിയാജി, ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ ജഗജിത് സിംഗ് അറോറയ്ക്കുമുന്നിൽ ഒപ്പുവയ്ക്കുന്നതാണ് ചിത്രം.

ഈ ചിത്രം പങ്കുവച്ചുകൊണ്ട് കടുത്ത ഭാഷയിലാണ് താലിബാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി അഹമ്മദ് യസീർ പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി റാണാ സനാവുള്ളയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചിത്രത്തിനടിയിൽ അഹമ്മദ് യസീർ ഇങ്ങനെ കുറിച്ചു ..

" റാണാ സനാവുള്ള , ഗംഭീരമായിരിക്കുന്നു. ഈ ചിത്രം ഓർത്തുകൊള്ളുക, ഇതേ പരിണാമം അനുഭവിക്കാൻ തയ്യറാകുക. മറക്കാതിരിക്കുക, ഇത് അഫ്‌ഗാനിസ്ഥാനാണ്. ഈ മണ്ണ് ലോകത്തെ വൻസൈനികശക്തികളുടെ ശവപ്പറമ്പാണ്. ഞങ്ങളെ സൈനികമായി നേരിട്ട് തോൽപ്പിക്കാമെന്ന സ്വപ്നം വെറുതെയാണ്. അതിൻ്റെ പരിണാമം നിങ്ങൾ 1971 ൽ ഇന്ത്യയിൽ നിന്ന് നേരിട്ടതിലും വളരെ ഗുരുതരവും ദയനീയവുമായിരിക്കും.."

എന്താണ് ഈ ഭീഷണിക്കു കാരണം ?

കാരണം അടുത്തിടെ പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി റാണാ സനവുള്ള താലിബാന് നൽകിയ മുന്നറിയിപ്പാണ്. " പാക്കിസ്ഥാനിൽ തീവ്രവാദി ആക്രമണം നടത്താൻ തഹ്‌രീകെ താലിബാന് (ടിടിപി), അഫ്‌ഗാൻ താലിബാൻ നൽകുന്ന സഹായം അവാസാനിപ്പിച്ചില്ലെങ്കിൽ പാക്ക് സൈന്യം അഫ്ഗാനിസ്ഥാനിൽ കടന്നുകയറി തീവ്രവാദികളെ ഒന്നൊന്നായി കൊന്നൊടുക്കും " എന്നായിരുന്നു ആ മുന്നറിയിപ്പ്..

അഫ്‌ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം ഇരു രാജ്യങ്ങൾക്കിടയിലുള്ള അതി ർത്തിയും പാക്കിസ്ഥാനിൽ പൂർണ്ണ ശരിയത്ത് ഭരണം നടപ്പാക്കാനായി പോരാടുന്ന തെഹ്രീക്ക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന സംഘടനയുമാണ്. പാക്കിസ്ഥാനിൽ നടക്കുന്ന തീവ്രവാദി - ചാവേർ ആക്രമണങ്ങളിൽ ഭൂരി ഭാഗത്തിനും ടിടിപിയാണ് ഉത്തരവാദികൾ. ബലൂചിസ്ഥാൻ ലിബറൽ ആർമിയും ടിടിപിയുമായി കൈകോർത്താണ് പോരാടുന്നത്. പാക്കിസ്ഥാന് ഏറ്റവും വലിയ തലവേദനയും ഇതുതന്നെയാണ്.

പാക്കിസ്ഥാൻ - അഫ്ഗാനിസ്ഥാൻ അതിർത്തിയെ വേർതിരിക്കുന്ന ഡൂറണ്ട് ലൈൻ താലിബാൻ അംഗീകരിക്കുന്നില്ല. അതിർത്തിയിൽ പാക്കിസ്ഥാൻ നിർമ്മിക്കുന്ന മുള്ളുവേലികളും ചെക്ക് പോസ്റ്റുകളും താലിബാൻ തകർക്കുക പതിവാണ്. 2021 ആഗസ്റ്റ് 15 ന് അഫ്‌ഗാനിസ്ഥാനിൽ അധികാരം, കയ്യാളിയ താലിബാൻ അഞ്ചാമത്തെ ദിവസമാണ് ( 20 ആഗസ്ത് ) പാക്ക് അതിർത്തിയിലെ ഡൂറണ്ട് ലൈൻ തങ്ങൾ അംഗീകരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചതും പാക്കിസ്ഥാൻ പോസ്റ്റുകൾ ക്കുനേരെ അവർ ആക്രമണം നടത്തിയതും. ഡൂറണ്ട് അതിർ ത്തിയോട് ചേർന്ന ഖൈബർ പക്തൂൺ പ്രവിശ്യ തങ്ങളുടേതാണെന്ന നിലപാടിലാണ് താലിബാൻ. പാക്കിസ്ഥാൻ സൈന്യം ഈ ഭാഗത്തുനിന്നും പിന്മാറണമെന്നതാണ് അവരുടെ ആവശ്യവും.

താലിബാൻ ഇതുവരെ നടത്തിയ ആക്രമണങ്ങളിൽ 14 പാക്ക് സൈനികരും 9 നാട്ടുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും താലിബാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 6 പാക്ക് സൈനികരാണ്കൊല്ലപ്പെട്ടത്.

ടിടിപി പാക്കിസ്ഥാനിൽ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ മോഡൽ ഭരണമാണ് ആഗ്രഹിക്കുന്നത്. പാക്കിസ്ഥാനിൽ ഇപ്പോൾ പേരിൽ മാത്രമാണ് ഇസ്ലാമിക രാജ്യമുള്ളതെന്നും പൂർണമായും ശരിയത്ത് നിയമ പ്രകാ രമുള്ള ഭരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചിട്ടുള്ള തെഹ്രീക്ക് ഇ താലിബാന്‍ പാകിസ്ഥാന്‌ (ടിടിപി) പാക്കിസ്ഥാനിലെ ഒരു വിഭാഗം ജനങ്ങളുടെയും അഫ്‌ഗാൻ താലിബാന്റെയും പൂർണ്ണ പിന്തുണയുണ്ട്. ടിടിപി തീവ്രവാദികൾ പാക്കിസ്ഥാനിൽ ആക്രമണം നടത്തിയശേഷം അഭയം പ്രാപിക്കുന്നത് അഫ്‌ഗാനിസ്ഥാനി ലാണ്. ഇതൊക്കെയാണ് പാക്കിസ്ഥാനെ അരിശം പിടിപ്പിക്കുന്ന വസ്തുതകൾ.

ഇനി താലിബാൻ ഏതൊക്കെ ഗ്രൂപ്പുകളാണ് എന്നുകൂടി അറിഞ്ഞാൽ മാത്രമേ ഈ ചിത്രം പൂർണ്ണമാകുകയുള്ളു. താലിബാൻ മൊത്തത്തിൽ .രണ്ടു ഗ്രൂപ്പുകളാണ്.ആദ്യത്തേത് അഫ്ഗാനിസ്ഥാൻ താലിബാൻ. ഇതിൽ താജിക്ക്,ഉസ്ബെക്ക്,പഷ്‌തൂൺ,ഹാജരാ തുടങ്ങിയ ജനവിഭാഗമാണ് ഉൾപ്പെട്ടിട്ടുള്ളത്. രണ്ടാമത്തേത് ടിടിപി അഥവാ താലിബാൻ പാക്കിസ്ഥാൻ. ഇതിൽ പഷ്‌തൂൺ ,പഠാൻ ജനവിഭാഗങ്ങളാണുള്ളത്.പാക്കിസ്ഥാനിലെ ഖൈബർ പഷ്‌തൂൺ,വജീറിസ്ഥാൻ മേഖലയിലാണ് ഇവർ സജീവം. രണ്ടു താലിബാൻ വിഭാഗങ്ങളും ഒരേ ആശയം പുലർത്തുന്നവരും പരസ്പരം സഹകരണത്തിലുമാണ്. രണ്ടു കൂട്ടരും കടുത്ത ഇസ്ലാമിക വാദികളും ശരിയത്തിന്റെ വക്താക്കളുമാണ്.

കഴിഞ്ഞയാഴ്ചയും ടിടിപി ഇസ്ലാമബാദിൽ നടത്തിയ ചാവേർ ആക്രമണത്തിൽ ഒരു പോലീസ് അധികാരി കൊല്ലപ്പെട്ടിരുന്നു. ടിടിപി നടത്തിയ ചാവേർ ആക്രമണം പലവുരു പാക്കിസ്ഥാനെ നടുക്കിയിട്ടുണ്ട്.

ഡൂറണ്ട് ലൈനിൽ അഫ്‌ഗാൻ താലിബാൻ നടത്തുന്ന ആക്രമണവും അവിടുത്തെ മുള്ളുവേലി നശിപ്പി ക്കുന്നതും ടിടിപിയെ സഹായിക്കാൻ വേണ്ടിയാണെന്ന നിലപാടിലാണ് പാക്കിസ്ഥാൻ. കഴിഞ്ഞ നവംബറിൽ പാക്കിസ്ഥാൻ വിദേശ രാജ്യമന്ത്രി ഹീന റബ്ബാനി കാബൂൾ സന്ദർശിച്ചപ്പോഴും ഡൂറണ്ട് അതിർത്തിയിൽ മുള്ളുവേലി തകർക്കുന്നത് അവസാനിപ്പിക്കാനും ടിടിപിയെ താലിബാൻ സഹായിക്കുന്നത് നിർത്താനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ മടങ്ങിവന്ന് 24 മണിക്കൂറിനകം പാക്കിസ്ഥാൻ എംബസ്സിയിൽ ആക്രമണം നടക്കുകയും ഡൂറണ്ട് ബോർഡറിൽ തുടർച്ചയായ ഫയറിംഗ് നടക്കുകയും ചെയ്തു.

ഇപ്പോഴും ഡൂറണ്ട് ലൈനും ഖൈബർ പക്തൂൺ പ്രവിശ്യയും തങ്ങളുടേതാണെന്ന ഉറച്ച നിലപാട് തുടരുന്ന താലിബാൻ ടിടിപിയെ രഹസ്യമായി പിന്തുണയ്ക്കുന്നതും തുടരുകയാണ്.

നയതന്ത്ര മാർഗ്ഗങ്ങൾ നേരാംവണ്ണം പരിസമാപ്തിയിലേക്ക് പോകാത്ത അവസരത്തിലാണ് പാക്കിസ്ഥാൻ ഇപ്പോൾ താലിബാന് ശക്തമായ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്. എന്നാൽ ഉരുളയ്ക്ക് ഉപ്പേരി എന്നതരത്തിലുള്ള മറുപടിയിലൂടെ ഒരിഞ്ചു പോലും തങ്ങൾ പിന്നോട്ടില്ല എന്ന് വ്യക്തമാക്കിയിരി ക്കുകയാണ് താലിബാനും.

Advertisment