Advertisment

ഇവിടെ വൈദ്യുതിക്ക് അടിക്കടി വിലവർദ്ധിക്കുകയാണ്; പൊതുജനത്തിന് പരാതി പറയാനുള്ള അവകാശത്തിനും ഫീസ് ഏർപ്പെടുത്തിയിരിക്കുന്നു ! ഇതെന്താണ് വെള്ളരിക്കാപ്പട്ടണമോ ?

New Update

publive-image

Advertisment

വൈദ്യുതി ചാർജ് 5 % വർദ്ധിച്ചതിന്റെ ഫലം ഇന്നലെ നേരിട്ടറിഞ്ഞു. എൻ്റെ ബില്ലിൽ 600 രൂപയുടെ വർദ്ധനവ്.

അതായത് 25 % ആണ് എൻ്റെ ബിൽ വർദ്ധിച്ചത്.

ഞാൻ മീറ്റർ റീഡിംഗുകാരനോട് ഇതേപ്പറ്റി ചോദിച്ചു. അദ്ദേഹം കരാർ തൊഴിലാളിയാണ്. കൂടുതലൊന്നും അറിയില്ല. കഴിഞ്ഞ രണ്ടു വർഷമായി വരുന്ന ശരാശരി ബില്ല് വച്ചുനോക്കുമ്പോൾ ഈ വർദ്ധന ഭീമം മാത്രമല്ല, ഭീകരവുമാണ്.

ഇനി ബിൽ തുക കൂടിയതിന് റീഡിംഗ് , മീറ്റർ എന്നിവ പരിശോധിക്കണമെങ്കിൽ ഞാൻ കെഎസ്ഇബി ഓഫീസിൽ അതിനുള്ള പണം കെട്ടിവയ്ക്കണമത്രേ. എന്താ നിയമം. സർവീസ് നല്കുനന്നവർക്ക് കസ്റ്റമേഴ്‌സിന്റെ പരാതി കേൾക്കാൻ ബാദ്ധ്യസ്ഥതയുണ്ട്. അത് പരിഹരിക്കാനും അവർക്ക് കഴിയണം.

ഇത് ബ്രിട്ടീഷ് കാലത്തെയോ രാജഭരണത്തെയോ ഓർമ്മിപ്പിക്കുന്ന നിയമമാണ്. പരാതി പരിശോധിക്കാൻ ഫീസ് കെട്ടിവയ്ക്കണമെന്നത്.

ഡൽഹിയിലെ മലയാളി സുഹൃത്തിനെ വിളിച്ചപ്പോൾ 8 കൊല്ലം മുൻപ് ഇതേ അവസ്ഥയിൽ ജീവിച്ച അവർ ഇന്ന് സീറോ വൈദ്യുതി ബില്ലിൽ അതീവ സന്തുഷ്ടരാണത്രേ. കേരളത്തിലെ നികുതി - സെസ്സ് വർദ്ധനകൾ അപമാനകരമാണെന്നാണ് പ്രവാസികൾ പോലും പറയുന്നത്. ഡൽഹിയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നില്ല, പുറത്തുനിന്നുവാങ്ങിയാണ് അവർ സ്വകാര്യ ഏജൻസികൾ വഴി വിതരണം നടത്തുന്നത്. അപ്പോഴും ഡൽഹി വൈദ്യുതി ബോർഡ് ലാഭത്തിലാണ് പ്രവർത്തിക്കുന്നത്.

ഇവിടെ 27000 ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സുഭിക്ഷമായി ജീവിക്കാൻ വൈദ്യുതിക്ക് അടിക്കടി വിലവർദ്ധിക്കുകയാണ്. പൊതുജനത്തിന് പരാതി പറയാനുള്ള അവകാശത്തിനും ഫീസ് ഏർപ്പെടുത്തിയിരിക്കുന്നു ? ഇതെന്താണ് വെള്ളരിക്കാപ്പട്ടണമോ ?

കഴിഞ്ഞകൊല്ലം 2200 കോടി രൂപയുടെ നഷ്ടം വരുത്തിയ കെഎസ്ഇബിക്ക് എന്തിനാണ് ഒരു മന്ത്രിയും 30 പേഴ്സണൽ സ്റ്റാഫും. ചെയർമാൻതന്നെ ധാരാളം. വകുപ്പ്, മുഖ്യമന്ത്രിയുടെ അധീനതയിലാക്കിയാൽ കോടികൾ ആയിനത്തിൽ ലാഭിക്കാം.

നമ്മുടെ പൊതുസ്വത്തായ നദികളിലെ ജലമുപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ചിട്ട് അതിൻ്റെ എന്തെങ്കിലും പ്രയോജനമോ ഇളവോ കേരളത്തിലെ ജനങ്ങൾക്ക് കെഎസ്ഇബി നൽകുന്നുണ്ടോ ? അതേസമയം മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന ജലമുപയോഗിച്ചു വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള പണം കൃത്യ മായി അവർ മാസാ മാസം പെരുമ്പാവൂർ കെഎസ്ഇബി ഓഫീസിൽ അടയ്ക്കുന്നുണ്ടെന്നാണ് അറിവ്.

ജലം കേരളത്തിന്റെ പൊതുസ്വത്താണ്. അപ്പോൾ എന്തുകാരണത്താലാണ് കെഎസ്ഇബി ആ പണം സ്വീകരിക്കുന്നത് ? അത് യഥാർത്ഥത്തിൽ സർക്കാർ ഖജനാവിലേക്ക് പോകേണ്ട തുകയല്ലേ ?.

പഞ്ചാബ്, ഡൽഹി പോലെ ഇപ്പോൾ രാജസ്ഥാനും വൈദ്യുതി സൗജന്യം പ്രഖ്യാപിച്ചിരിക്കുകയാണ്. അതുപോലെ വെള്ളവും അവിടെ സൗജന്യമാണ്. നമുക്ക് അത്ഭുതം തോന്നും ഇതൊക്കെ കാണുമ്പോൾ . ഇവിടെ കൗപീനത്തിനുവരെ നികുതിയും സെസ്സും ചുമത്തിയിട്ടും അത് പോരെന്ന നിലപാടെടുക്കുന്ന ഭരണക്കാർ ഈ യാഥാർഥ്യങ്ങൾക്കു നേരെ കണ്ണടച്ചിരുപ്പാണ്. കുറ്റമെല്ലാം കേന്ദ്രത്തിനും.കേന്ദ്രം രണ്ടുതവണ പെട്രോളിനും ഡീസലിനും വിലകുറച്ചിട്ട് ഇവിടെ ഒരു രൂപപോലും കുറയ്ക്കാത്ത മാന്യന്മാരാണ്. അത് ജിഎസ്ടിയിലാക്കാനും ഇവർ സമ്മതിക്കില്ല.

ഒരർത്ഥത്തിൽ നമുക്കിതുതന്നെ വരണം. രണ്ടാമൂഴം ഇത്ര കഠിനവും ക്രൂരവുമാകുമെന്ന് മുൻകൂട്ടി കാണണമായിരുന്നു. അനുഭവിക്കുകതന്നെ..

പ്രകാശ് നായര്‍ മേലില

Advertisment