Advertisment

ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ്: ഫൈനല്‍റൗണ്ടിന് ഹോണ്ട റേസിങ് ഇന്ത്യ ടീം സജ്ജം

New Update
66

കൊച്ചി: ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് 2023 സീസണിന്റെ അവസാന റൗണ്ടിന് സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം. ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ്ട്രാക്കില്‍ (എംഎംആര്‍ടി) നടക്കുന്ന ഫൈനല്‍ റൗണ്ടിനായി പ്രത്യേകം നിര്‍മിച്ച ഹോണ്ട എന്‍എസ്എഫ്250ആര്‍ മോട്ടോര്‍സൈക്കിളുകളുമായി 12 യുവറൈഡര്‍മാര്‍ തയാറെടുത്തുകഴിഞ്ഞു. ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് 2023 സീസണിന്റെ നാലാം റൗണ്ടില്‍ മികച്ച പ്രകടനമാണ് യുവ റൈഡര്‍മാര്‍ നടത്തിയത്.

എന്‍എസ്എഫ്250ആര്‍ വിഭാഗം നാലാം റൗണ്ടിന്റെ ആദ്യ റേസില്‍ കാവിന്‍ ക്വിന്റല്‍ ഒന്നാമതെത്തിയിരുന്നു. മലയാളി താരം മൊഹ്‌സിന്‍ പി രണ്ടാം സ്ഥാനത്തും, റഹീഷ് ഖത്രി മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. രണ്ടാം റേസിലും കാവിന്‍ ക്വിന്റല്‍ ട്രാക്കിലെ ഏറ്റവും വേഗമേറിയ താരമായി തുടര്‍ന്നു. മൊഹ്‌സിന്‍ പി, ജോഹാന്‍ റീവ്‌സ് ഇമ്മാനുവല്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഈ വിഭാഗത്തില്‍ ജോഹാന്റെ ആദ്യ പോഡിയം ഫിനിഷിങ് കൂടിയായിരുന്നു ഇത്.

ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍, തങ്ങളുടെ റൈഡര്‍മാര്‍ക്ക് ഉറച്ച പിന്തുണയും പരിശീലനവും നല്‍കുന്നതിന് ഹോണ്ട മെന്റര്‍മാര്‍ പൂര്‍ണ പ്രതിജ്ഞാബദ്ധരാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. ആവേശകരമായ കടുത്ത മത്സരങ്ങളുള്ള, ആക്ഷന്‍ നിറഞ്ഞ വാരാന്ത്യത്തിനായി തങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment