Advertisment

'മുറിയിലേയും മൃതദേഹത്തിലേയും വിരലടയാളങ്ങൾ ശേഖരിച്ചില്ല'; നയനയുടെ മരണത്തിൽ പൊലീസിന് ​ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണത്തിലെ ആദ്യഘട്ട അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട്. പ്രധാന തെളിവുകളൊന്നും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചില്ല. മുറിയിലേയും മൃതദേഹത്തിലേയും വിരലടയാളങ്ങൾ ശേഖരിച്ചില്ല, നയനയുടെ പശ്ചാത്തലമോ സാമ്പത്തിക ഇടപാടുകളോ അന്വേഷിച്ചില്ല എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നയന മരിച്ചുകിടന്ന മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്ന കണ്ടെത്തൽ തെറ്റാണെന്നും പൊലീസ് പറഞ്ഞു.

രോ​ഗമാണ് മരണകാരണമെന്ന നി​ഗമനത്തിലേക്കെത്തിയത് വിദ​ഗ്ധരുടെ ഉപദേശം സ്വീകരിക്കാതെയാണെന്നും പുതിയ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നയനയുടെ അടിവയറ്റിലുളള പരുക്കും കഴുത്തിലെ ഒരു മുറിവും അതി​ഗുരുതരമാണെന്നും കൊലപാതക സാധ്യത തളളിക്കളയാനാവില്ലെന്നുമാണ് വിലയിരുത്തൽ. നയനയുടെ മരണത്തിൽ മുൻ കന്റോൺമെന്റ് എസിപി സുനീഷ് ബാബുവായിരുന്നു അന്വേഷണത്തിന് മേൽനോട്ടം നൽകിയിരുന്നത്.

അന്വേഷണത്തിലെ അപാകതയിൽ വിമർശനമുയർന്നതിന് പിന്നാലെ എഡിജിപി എം ആർ അജിത് കുമാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2019 ഫെബ്രുവരി 24നാണ് യുവ സംവിധായിക നയന സൂര്യയെ തിരുവനന്തപുരം ആല്‍ത്തറയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതും സുഹൃത്തുക്കളുടെ പരാതിയുമാണ് വീണ്ടും അന്വേഷണത്തിലേക്ക് നയിച്ചത്. അടിവയറ്റില്‍ ക്ഷതമേറ്റിരുന്നതായും കഴുത്തിൽ ഗുരുതര മുറിവുകൾ ഉണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്. സ്വയം കഴുത്ത് ഞെരിച്ച് ആകാം എന്ന് ഫോറൻസിക് റിപ്പോർട്ടിൽ പരാമർശം.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'അസ്ഫിക്സിയോഫീലിയ' എന്ന സ്വയം പീഡന അവസ്ഥയില്‍ മരണം സംഭവിച്ചതാകാമെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ നിഗമനത്തിൽ എത്തിയതെന്നും ഇതിനുള്ള വിദൂര സാധ്യതകള്‍ പോലുമില്ലെന്നും നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും സംശയം പ്രകടിപ്പിക്കുന്നു. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്.

Advertisment