Advertisment

പീഡനങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്‌മ : ബി.ജെ.പി വനിതാ നേതാവ്

author-image
admin
New Update

Image result for premalatha bjp

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്‌മ വര്‍ദ്ധിച്ചത് മൂലം യുവാക്കള്‍ക്കുണ്ടായ മാനസിക സംഘര്‍ഷങ്ങളാണ് സ്ത്രീപീഡനത്തിന് കാരണമാകുന്നതെന്ന ബി.ജെ.പി വനിതാ നേതാവിന്റെ പരാമര്‍ശം വിവാദമാകുന്നു. ഹരിയാനയിലെ നിയമസഭാംഗമായ പ്രേമലതാ സിംഗാണ് വിവാദ പരാമര്‍ശം നടത്തി പൊല്ലാപ്പ് പിടിച്ചത്. പീഡനങ്ങള്‍ മാത്രമല്ല രാജ്യത്ത് തൊഴിലില്ലായ്‌മയും വര്‍ദ്ധിച്ചെന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ സമ്മതിക്കുന്നതിന്റെ ഉദാഹരണമാണ് പ്രേമലതയുടെ പരാമര്‍ശമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കുറ്റപ്പെടുത്തി.

യുവമനസുകളില്‍ കുടിയിരിക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് പീഡനം വര്‍ദ്ധിക്കുന്നതിന്റെ ഒരു കാരണം. തൊഴിലില്ലായ്‌മ മൂലം തങ്ങളുടെ ഭാവി എന്താകുമെന്ന് ചിന്തിച്ച്‌ ടെന്‍ഷന്‍ അടിക്കുന്ന യുവാക്കള്‍ ഇത്തരം സംഭവങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുകയാണ്. ഒരു സ്ത്രീയെ കണ്ടാല്‍ എന്തും ചെയ്യാമെന്ന് ചിന്തിക്കുന്ന തരത്തില്‍ പുരുഷന്മാരുടെ മനസ് മാറിയിരിക്കുന്നുവെന്നും പ്രേമലത കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ രേവാരിയില്‍ 19കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ബിരേന്ദര്‍ സിംഗിന്റെ ഭാര്യയായ പ്രേമലത.

മഹേന്ദ്രഗഡ് ജില്ലയിലെ കനിനയില്‍ ബുധനാഴ്ച രാവിലെ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് പരീക്ഷാ പരിശീലന കേന്ദ്രത്തിലേക്ക് പോകുന്നവഴിയാണ് പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ സൈനികനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. രാജസ്ഥാനിലെ കോട്ടയില്‍ സൈനിക ഉദ്യോഗസ്ഥനായ പങ്കജ് കഴിഞ്ഞദിവസമാണ് അവധിക്കെത്തിയത്. കാറില്‍ തട്ടിക്കൊണ്ടുപോയി നയാഗാവിലെ ഒരു ഒഴിഞ്ഞ വീട്ടിലെത്തിച്ച്‌ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ ഇവര്‍ക്ക് പുറമെ എട്ടോ ഒന്‍പതോ പേര്‍ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാന്‍ പൊലീസിന് കഴിയാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Advertisment