Advertisment

ധനമന്ത്രി നിർമ്മല സീതാരാമനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

New Update
1408791-nirmala.webp

ഡല്‍ഹി: ഇന്നത്തെ ഇടക്കാല ബജറ്റ് അവതരണത്തോടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കാത്തിരിക്കുന്നത് അത്യപൂർവ്വമായൊരു ചരിത്രനേട്ടമാണ്. തുടർച്ചയായി ആറ് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടമാണ് അവർക്ക് ഇന്ന് സ്വന്തമാകുക. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് മൊറാർജി ദേശായി മാത്രമാണ്.

Advertisment

മുൻഗാമികളായ അരുൺ ജെയ്റ്റ്ലി, മൻമോഹൻ സിങ്, പി ചിദംബരം, യശ്വന്ത് സിൻഹ എന്നിവരെല്ലാം അഞ്ച് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 1ന് ബജറ്റ് അവതരിപ്പിച്ച് നിർമ്മല ഇവരെയെല്ലാം പിന്നിലാക്കും.

രാജ്യത്ത് മുഴുവൻ സമയം കേന്ദ്രധനമന്ത്രിയായ ആദ്യ വനിതയാണ് നിർമ്മല സീതാരാമൻ. 2019 ജൂലൈ മുതലാണ് അഞ്ച് പൂർണ ബജറ്റുകൾ അവതരിപ്പിച്ചത്.

ഇന്ന് അവതരിപ്പിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള ഇടക്കാല ബജറ്റ് അഥവാ വോട്ട് ഓൺ അക്കൌണ്ട് ബജറ്റ് ആണ്. ഏപ്രിൽ-മെയ് മാസങ്ങളിലായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിൽ വരുന്നത് വരെയുള്ള കേന്ദ്ര സർക്കാർ അതോറിറ്റികളുടെ ചിലവുകൾക്ക് വേണ്ടിയാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്.

കഴിഞ്ഞ മാസം ഒരു പൊതുചടങ്ങിൽ പങ്കെടുക്കവെ വമ്പൻ പ്രഖ്യാപനങ്ങളൊന്നും ഇടക്കാല ബജറ്റിൽ ഉണ്ടാകില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചിരുന്നു.

നിർധനർക്ക് വേണ്ടിയുള്ള നിരവധി നയപ്രഖ്യാപനങ്ങളിലൂടെ നിർമ്മലയ്ക്ക് കീഴിൽ ഇന്ത്യ കൊവിഡ് മഹാമാരിക്കാലത്തെ അതിജീവിക്കുകയും, ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സാമ്പത്തിക ശക്തികളിലൊന്ന് എന്ന ഖ്യാതി നിലനിർത്തുകയും ചെയ്യുന്നുണ്ട്.

 

Advertisment