കൊച്ചി: പ്രവാസി ഇന്ത്യക്കാരുടെ ബഹുവിധമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്‍. ആര്‍. ഐ. ബാങ്കിംഗ് സേവനങ്ങള്‍ക്കു തുടക്കം കുറച്ചു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം ജനറല്‍ മാനേജര്‍ കമല്‍ പി. പട്നായിക്, എന്‍. ആര്‍. ഐ. ബാങ്കിംഗ് സേവനങ്ങള്‍ തുടങ്ങുന്നതിനുളള ലൈസന്‍സ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ ആര്‍. പ്രഭക്കു കൈമാറി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ എന്‍.ആര്‍.ഐ. സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ദുബായി സിറ്റി ഓഫ് ഗോള്‍ഡ് ചെയര്‍മാന്‍ സണ്ണി ചിറ്റിലപ്പുളളി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍െറ എന്‍. ആര്‍. ഐ. അക്കൗണ്ടില്‍ ആദ്യ നിക്ഷേപം നടത്തി.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ ആര്‍.പ്രഭ അധ്യക്ഷനായിരുന്നു. ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ്, ദുബായി സിറ്റി ഓഫ് ഗോള്‍ഡ് ചെയര്‍മാന്‍ സണ്ണി ചിറ്റിലപ്പുളളി, ഷീല അബ്ദുള്‍ റഹ്മാന്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് എ. ജി. വര്‍ഗീസ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്‍. ആര്‍. ഐ. വിഭാഗം മേധാവി ജെയിംസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെയും ഇസാഫ് മൈക്രോ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സിന്റെയും ഡയറക്ടർ ബോർഡ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമ പ്രകാരമുള്ള നോണ്‍- റസിഡന്‍റ് റുപീ സേവനങ്ങളായ സേവിംഗ്സ് ബാങ്ക്, സ്ഥിരനിക്ഷേപ അക്കൗണ്ടുകള്‍, വിദേശനാണ്യ വിനിമയ ഇടപാടുകള്‍ എന്നിവ ഇനി മുതല്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിലൂടെ ലഭ്യമാകും.