Advertisment

സി. ദിവ്യക്കെതിരെയുള്ള സൈബർ അക്രമണം ദൗർഭാഗ്യകരം: കാത്തലിക് ഫോറം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രധാനാദ്ധ്യാപിക തൻ്റെ വിദ്യാര്‍ത്ഥികള്‍ക്കയച്ച ഓണാശംസയില്‍ ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയില്‍ സിസ്റ്ററിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അദ്ധ്യാപികയുടെ മാപ്പ് എഴുതി വാങ്ങുകയും, മാപ്പ് പറയുന്നതിന്റെ വീഡിയോ ചിത്രീകരിക്കാൻ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് പോലീസ് സൗകര്യം ചെയ്തു കൊടുക്കുകയുമുണ്ടായി എന്നത് കേരള സമൂഹത്തിന് അപമാനകരമാണെന്ന് കാത്തലിക് ഫോറം ആരോപിച്ചു.

Advertisment

ആ വീഡിയോ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

നിയമം പാലിക്കേണ്ട പോലീസ് സ്റ്റേഷൻ ഇത്തരം സമ്മർദ്ദങ്ങൾക്കും, വീഡിയോ ചിത്രീകരണത്തിനും, തുടർന്ന് അതിന്റെ പരസ്യ പ്രചാരണത്തിനും വഴിയൊരുക്കി കൊണ്ട് സംഘ് പരിവാർ പ്രീണനത്തിന്റെ വാക്താക്കളായി മാറുമ്പോൾ ആഭ്യന്തര വകുപ്പിൻ്റെ നിലപാട് ദൗർഭാഗ്യകരമാണ്.

തങ്ങളുടെ താല്പര്യങ്ങൾക്ക് എല്ലാ ഭരണ സംവിധാനങ്ങളും വഴങ്ങുമെന്നും, ഭീഷണിപ്പെടുത്തി ആരെയും തങ്ങളുടെ വരുതിയിൽ ആക്കാമെന്ന പ്രചാരണത്തിന് ശശികലയും കൂട്ടാളികളും ഈ മാപ്പ് പറച്ചിൽ വീഡിയോ ഉപയോഗപ്പെടുത്തുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

“ചവിട്ടേൽക്കുന്നവന്റെ സുവിശേഷം“ എന്ന സന്ദേശമിറക്കിയ അദ്ധ്യാപികയോട് കാത്തലിക് ഫോറം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

“ഓണം ചവിട്ടേല്‍ക്കുന്നവന്റെ സുവിശേഷമാണ്. കൊടുത്തവനെ, വാങ്ങുന്നവന്‍ ചവിട്ടുന്ന കഥയാണ്. എന്നുതുടങ്ങുന്ന വീഡിയോയില്‍ ലോകചരിത്രത്തില്‍ ആരെങ്കിലും കൊടുത്തിട്ടുണ്ടോ അവര്‍ക്കെല്ലാം ചവിട്ടേറ്റിട്ടുണ്ടെന്നും മഹാബലിയെപ്പോലെ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഇവരെല്ലാം ജീവിച്ചതെന്നും ഉദാഹരണമായി മഹാബലിയെപ്പോലെ ക്രിസ്തു, മഹാത്മ ഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല, മാക്‌സ്മില്യന്‍ കോള്‍ബേ, മദര്‍ തെരേസ, ഇറോം ശര്‍മിള തുടങ്ങിയവരുടെ പേരുകളും സിസ്റ്റർ വീഡിയോയില്‍ പറയുന്നു.

ചതിയുടെയും വഞ്ചനയുടെയും വര്‍ഗീയതയുടെയും പാതാള ഗര്‍ത്തങ്ങളിലേക്ക് എത്ര വാമനന്മാര്‍ ചവിട്ടിതാഴ്ത്താന്‍ ശ്രമിച്ചാലും നമുക്ക് നന്മയുടെയും സമത്വത്തിന്റെയും ശാന്തിയുടെയും ലോകത്ത് തന്നെ തുടരാം എന്നും ഓണാശംസയില്‍ പറയുന്നുണ്ട്.

രാഷ്ട്രീയം കളിക്കാൻ ഹിന്ദുവിന്റെ പേര് ദുരൂപയോഗിക്കുന്നത് അവസാനിപ്പിക്കണം. സിസ്റ്ററിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പോലീസുകാർക്ക് എതിരെ നടപടി എടുക്കണം എന്ന് കാത്തലിക് ഫോറം പ്രസിഡണ്ട് ബിനു ചാക്കോ ആവശ്യപ്പെട്ടു.

kottayam news
Advertisment