Advertisment

കുഴിമടിയന്മാര്‍ സൂക്ഷിച്ചോ; അഴിമതിക്കാരും മടിയന്‍മാരുമായ ഉദ്യോഗസ്ഥര്‍ക്ക് 'പണി' കൊടുക്കാനൊരുങ്ങി കേന്ദ്രം; 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വിരമിക്കല്‍; സുപ്രധാന നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

New Update

ന്യൂഡല്‍ഹി: അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി അഴിമതിക്കാരും മടിയന്മാരുമായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. അമ്പത് വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാനും പദ്ധതിയുണ്ട്.

Advertisment

publive-image

ഇതില്‍ എ, ബി, സി വിഭാഗം ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ട്. കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയാണ് ഇതു സംബന്ധിച്ച നടപടികള്‍ക്ക് കാലത്താമസമുണ്ടാകാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ഒരു പ്രത്യേക സംഘത്തെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ഇതു സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ 50 വയസിന് മുകളില്‍ പ്രായമുള്ള ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്ന് വിട പറയേണ്ടി വരും. അഴിമതി ആരോപണങ്ങള്‍ നേരിടുന്നവര്‍, കഴിവില്ലാത്തവര്‍, ആവശ്യത്തിന് ഹാജര്‍ ഇല്ലാത്തവര്‍ എന്നിവരെ നിര്‍ബന്ധിത വിരമിക്കലിനും വിധേയരാക്കും.

അഴിമതി ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയുന്ന പക്ഷം ഉദ്യോഗസ്ഥരോട് മൂന്ന് മാസത്തെ ശമ്പള അലവന്‍സോടെ സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടും.

ഇതു സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നിയോഗിച്ച സംഘത്തില്‍ കണ്‍സ്യൂമര്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറി ലീന നന്ദന്‍, ജെ.എസ്. അശുതോഷ് ജിന്ദാല്‍ എന്നിവരുണ്ട്.

അഴിമതിക്കാര്‍, കാര്യപ്രാപ്തിയില്ലാത്തവര്‍, ഹാജരില്ലാത്തവര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ അന്തിമ പട്ടിക ഇതിനായി തയ്യാറാക്കും. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പട്ടികയിലുള്ളവരെ നിര്‍ബന്ധിതമായി വിരമിപ്പിക്കണമോ അതോ വേണ്ടയോ എന്ന് തീരുമാനിക്കും.

കേന്ദ്രസര്‍ക്കാരിന് പുറമേ ചില സംസ്ഥാന സര്‍ക്കാരുകളും സമാനമായ നടപടിയുമായി മുന്നോട്ടുപോകുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറുനൂറോളം ഉദ്യോഗസ്ഥരെ നിര്‍ബന്ധിത വിരമിക്കലിന് വിധേയരാക്കാന്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര ധനമന്ത്രാലയം മുതിര്‍ന്ന 27 ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ വിരമിപ്പിച്ചിരുന്നു.

ഡല്‍ഹി, ഹരിയാന, യുപി, മഹാരാഷ്ട്ര, ആസാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളും അഴിമതിക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കാനൊരുങ്ങുകയാണ്. ഡല്‍ഹിയിലും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Advertisment