Advertisment

ഗായത്രിക്ക് എന്തായാലും പാർട്ടി സീറ്റ് തരും, മലർന്ന് കിടന്ന് തുപ്പരുത്, സീരിയലിന്റെ അന്നം ഉണ്ടതല്ലേ: വിമർശിച്ച് മനോജ് കുമാർ

സിനിമയും സീരിയലും ഒരു എന്റര്‍ടൈന്‍മെന്റ് മാത്രമാണ്. സിനിമയാണെങ്കിലും സീരിയലാണെങ്കിലും സന്ദേശമല്ല കൊടുക്കുന്നത്. കാണുക, മറക്കുക അത്രയേ ഉള്ളു

New Update
gayathri manoj.jpg

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജ് കുമാറും, ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മനൂസ് വിഷന്‍ എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ദമ്പതികള്‍ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ പൊതു വിഷയങ്ങളില്‍ പ്രതികരിച്ചും വീഡിയോ ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സീരിയല്‍ താരം ഗായത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മനോജ്. നവകേരള സദസിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സീരിയലുകളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വിവാദമായിരുന്നു. മുസ്ലീമിന്റേയോ ക്രിസ്ത്യാനിയുടേയോ കഥ സീരിയലുകളില്‍ കാണിക്കുന്നുണ്ടോ? മോദിയുടെ ഫാസിസ്റ്റ് ഭരണകൂടമാണ് ഇത് തീരുമാനിക്കുന്നതെന്നായിരുന്നു ഗായത്രി പറഞ്ഞത്. 

Advertisment

ഗായത്രിക്ക് എന്തായാലും പാര്‍ട്ടി അടുത്ത തവണ സീറ്റ് തരും. വെറുതെ മലര്‍ന്ന് കിടന്ന് തുപ്പരുത്. സീരിയലിന്റെ അന്നം ഉണ്ടതല്ലേ നിങ്ങള്‍ എന്നാണ് മനോജ് കുമാര്‍ പറയുന്നത്. സീരിയലിലുള്ളവര്‍ വൃത്തിക്കെട്ടവന്മാരാണെന്ന് ഒക്കെ പറയുന്നവരുണ്ട്. പൊതുജനങ്ങള്‍ ഇതൊക്കെ പറഞ്ഞാല്‍ കുഴപ്പമില്ല. ചില കോര്‍പറേറ്റുകളാണ് സീരിയലിനെ നിയന്ത്രിക്കുന്നതെന്നാണ് ഗായത്രി പറയുന്നത്. ഗായത്രിയും കുറച്ച് സീരിയലിന്റെ അന്നം ഉണ്ടതല്ലേ. എന്തിനാണ് ഇതിലേക്ക് സീരിയലിനെ വലിച്ചിടുന്നത്. രാഷ്ട്രീയക്കാര്‍ക്ക് ഇതൊക്കെ പറയാം. ഇതൊക്കെ രാഷ്ട്രീയക്കാരുടെ ചീപ്പ് തന്ത്രമാണെന്നും മനോജ് പറയുന്നു.

മനോജിന്റെ വാക്കുകള്‍ ഇങ്ങനെ

ഒരു സുഹൃത്താണ് ഗായത്രിയുടെ വീഡിയോ അയച്ച് തന്നത്. അത് കണ്ടതിന് പിന്നാലെയാണ് പുതിയ വീഡിയോ ചെയ്യാമെന്ന് കരുതിയത്. ഈ വിഷയത്തെ കുറിച്ച് വീഡിയോ ചെയ്യാന്‍ കാരണം നമ്മുടെ മേഖലയില്‍ കയറി മാന്തിയത് കൊണ്ടപ്പോള്‍ അതിനെതിരെ പ്രതികരിക്കാമെന്ന് വിചാരിച്ചു. സീരിയലുകാരണോ, എന്നാല്‍ വെറുതേ രണ്ട് തെറി പറഞ്ഞിട്ട് പോകാമെന്നാണ് പലരും കരുതുന്നത്. സീരിയലിലുള്ളവര്‍ വൃത്തിക്കെട്ടവന്മാരാണെന്ന് ഒക്കെ പറയുന്നവരുണ്ട്. പൊതുജനങ്ങള്‍ ഇതൊക്കെ പറഞ്ഞാല്‍ കുഴപ്പമില്ല. സീരിയല്‍ മഹത്തരമായ കലയാണെന്നോ സമൂഹത്തെ ഉദ്ധരിക്കുന്ന സന്ദേശം നല്‍കുന്ന കലയാണോ എന്നൊന്നും ഞാന്‍ കരുതുന്നില്ല.

സിനിമയും സീരിയലും ഒരു എന്റര്‍ടൈന്‍മെന്റ് മാത്രമാണ്. സിനിമയാണെങ്കിലും സീരിയലാണെങ്കിലും സന്ദേശമല്ല കൊടുക്കുന്നത്. കാണുക, മറക്കുക അത്രയേ ഉള്ളു. പലരും സിനിമ തെറ്റായ സന്ദേശം കൊടുക്കുന്നു എന്നൊക്കെ പറയും. സീരിയലിന് പിന്നെ ആ പേര് നേരത്തെ ഉള്ളതാണ്. എന്നാല്‍ ഗാന്ധി എന്ന സിനിമ കണ്ടതു കൊണ്ട് എല്ലാവരും നന്നായോ, ഇല്ല. ദൃശ്യം എന്ന സിനിമ കണ്ടത് കൊണ്ട് എന്ത് സന്ദേശമാണ് കിട്ടിയത്. അതിലൊരു കൊലപാതകം ഒളിപ്പിക്കുന്ന നായകന്‍ എന്നേ ഉള്ളു. അതിന്റെ മേക്കിംഗും അവതരണവുമൊക്കെ കണ്ടാല്‍ മതി. അതിനപ്പുറത്തേക്ക് ഒന്നുമില്ല. കാതല്‍ എന്ന സിനിമ വന്നപ്പോഴും വിമര്‍ശനം. സിനിമ കാണുക, മറക്കുക. അത് ജീവിതത്തിലേക്ക് എടുക്കേണ്ട കാര്യമില്ല.

ഗായത്രി വര്‍ഷ എന്റെ സുഹൃത്താണ്. അഭിനേത്രി എന്നതിനപ്പുറം അവര്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയാണ്. ഇടതുപക്ഷ സഹായാത്രിയാണ്. അവര്‍ പറഞ്ഞ രാഷ്ട്രീയത്തെ പറ്റി ഒന്നും പറയാനില്ല. അത് അവരുടെ ഇഷ്ടമാണ്. പലര്‍ക്കും പല രാഷ്ട്രീയമുണ്ടാകും. അതും നമ്മുടെ സൗഹൃദവുമായി ഒരു ബന്ധവുമില്ല. അവര്‍ക്ക് അതെല്ലാം പറയാനുള്ള സ്വതന്ത്ര്യമുണ്ട്. അതിനെ ഒന്നും ഞാന്‍ വിമര്‍ശിക്കുന്നില്ല. പിന്നെ ഗായത്രിയുടെ മറ്റ് പ്രസംഗം ഞാന്‍ കേള്‍ക്കാത്തതിന് കാരണം അവരുടെ സംസാരം കുറച്ച് സാഹിത്യമൊക്കെ കൂട്ടി കലര്‍ത്തിയുള്ളത് കൊണ്ടാണ്. 

എനിക്കങ്ങനെ പറയാനും അറിയില്ല, കേള്‍ക്കാനും വലിയ താല്‍പര്യമില്ല. എന്നാല്‍ സീരിയലിനെ പറ്റി അവര്‍ പറഞ്ഞതിനാണ് എന്റെ മറുപടി. ചില കോര്‍പറേറ്റുകളാണ് സീരിയലിനെ നിയന്ത്രിക്കുന്നതെന്നാണ് ഗായത്രി പറയുന്നത്. ഗായത്രിയും കുറച്ച് സീരിയലിന്റെ അന്നം ഉണ്ടതല്ലേ. എന്തിനാണ് ഇതിലേക്ക് സീരിയലിനെ വലിച്ചിടുന്നത്. രാഷ്ട്രീയക്കാര്‍ക്ക് ഇതൊക്കെ പറയാം. ഇതൊക്കെ രാഷ്ട്രീയക്കാരുടെ ചീപ്പ് തന്ത്രമാണ്. വോട്ട് വാങ്ങാന്‍ എന്ത് ചെയ്താലും അതിനിടയിലേക്ക് കലയെ വലിച്ചിടരുത്. കലയില്‍ അങ്ങനെയൊന്നുമില്ല. കലയില്‍ വേണ്ട സമയങ്ങളില്‍ ആവശ്യമുള്ളപ്പോള്‍ ഗായത്രി പറഞ്ഞപോലെയുള്ള കഥാപാത്രങ്ങള്‍ ഉണ്ട്. വേണ്ട സമയത്ത് കഥയില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമൊക്കെ വന്നിട്ടുണ്ട്.

ഇതൊക്കെ സവര്‍ണമേധാവിത്വമാണെന്ന് പറയുന്നതില്‍ കഥയില്ല. പറയുന്നതില്‍ എന്തെങ്കിലും ഔചിത്യം വേണ്ടേ ഗായത്രി. ഇതൊരു മണ്ടത്തരമാണെന്നും ഗായത്രി ചിന്തിക്കണം. ഒരു സീരിയല്‍ മേഖലയില്‍ നിന്ന് ഗായത്രി ഇങ്ങനെ പറയരുത്. അല്ലെങ്കില്‍ ഇനി ഇത്തരത്തിലുള്ള സീരിയലില്‍ ഒരു രംഗം ഞാന്‍ അവതരിപ്പിക്കില്ല എന്നു പറയാനുള്ള ആര്‍ജവമുണ്ടാകണം. ഗായത്രിക്ക് എന്തായാലും പാര്‍ട്ടി അടുത്ത തവണ സീറ്റ് തരും. വെറുതെ മലര്‍ന്ന് കിടന്ന് തുപ്പരുത്. നിങ്ങള്‍ ഒരു കലാകാരിയാണ്. കലയിലേക്ക് ഇതൊന്നും കൊണ്ടുവരരുത്. അതെന്റെ അപേക്ഷയാണ്' മനോജ് പറഞ്ഞു.

 

latest news gayathri varsha manoj kumar
Advertisment