Advertisment

‘ജയ് ഹോ’ സൃഷ്ടിച്ചത് എ ആർ റഹ്‌മാൻ അല്ല, സുഖ്‌വിന്ദർ സിങ് ആണ്; വെളിപ്പെടുത്തലുമായി രാം ഗോപാൽ വർമ

author-image
ഫിലിം ഡസ്ക്
New Update
ar rahman ramgopal varma.jpg

ഓസ്കർ, ഗ്രാമി ഉൾപ്പടെ നിരവധി ലോകോത്തര പുരസ്കാരങ്ങളും അംഗീകാരങ്ങളും 'എ ആർ റഹ്‌മാൻ' എന്ന സംഗീത സംവിധായകന് നേടിക്കൊടുത്ത ‘ജയ് ഹോ' സൃഷ്ടിച്ചത് അദ്ദേഹമല്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ. പാട്ട് ചിട്ടപ്പെടുത്തിയത് ഗായകൻ സുഖ്‌വിന്ദർ സിങ്ങാണെന്ന് ഫിലിം കമ്പാനിയൻ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമ വെളിപ്പെടുത്തിയത്.

Advertisment

2008ൽ പുറത്തിറങ്ങി ആ വർഷത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ ഉൾപ്പടെ എട്ട് അക്കാദമി അവാർഡുകൾ നേടിയ 'സ്ലംഡോഗ് മില്ല്യണയ‍ർ' എന്ന ചിത്രത്തിലെ ഗാനമാണ് ‘ജയ് ഹോ’. ഓസ്കർ, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ, ഗ്രാമി തുടങ്ങിയ ലോകോത്തര പുരസ്കാരങ്ങളെല്ലാം എ ആർ റഹ്‌മാനെ തേടിയെത്തുന്നത് 'ജയ് ഹോ' എന്ന ഗാനത്തിലൂടെയാണ്. ഒരു സംഗീതജ്ഞൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ജനപ്രീതി ലോകമെമ്പാടും ഉയരുന്നത് ജയ് ഹോ പുറത്തിറങ്ങി ഗ്രാമി ഉൾപ്പടയുള്ള പുരസ്കാരങ്ങൾ നേടുമ്പോഴാണ്.

2008ൽ സുഭാഷ് ഘായ്‌യുടെ സംവിധാനത്തിൽ സൽമാൻ ഖാനും കത്രീന കൈഫും മുഖ്യ വേഷങ്ങളിലെത്തിയ 'യുവരാജ്' എന്ന ചിത്രത്തിന് വേണ്ടിയാണ് ജയ് ഹോ ആദ്യം നിർമിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രമുഖ ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.

രാം ഗോപാൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് അനുസരിച്ച് പാട്ടൊരുക്കുന്ന വേളയിൽ റഹ്‌മാൻ ലണ്ടനിലായിരുന്നു. സംവിധായകൻ സുഭാഷ് ഘായ് എത്രയും വേഗം ഗാനം ചിത്രീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. സുഭാഷ് ഘായ് തിരക്ക് കൂട്ടിയതിനാൽ ആ ഗാനം ചിട്ടപ്പെടുത്താൻ റഹ്‌മാൻ സുഖ്‌വിന്ദറിനെ ഏൽപ്പിക്കുകയായിരുന്നു. അങ്ങനെയാണ് സുഖ്‌വിന്ദർ ജയ് ഹോ എന്ന ഗാനത്തിന് ഈണം പകരുന്നത്. പക്ഷേ യുവരാജ് എന്ന ചിത്രത്തിന് ജയ് ഹോ എവിടെയും അനുയോജ്യമല്ലെന്ന് നിർമാതാവ് തീരുമാനിച്ചു. അങ്ങനെയാണ് ആ പാട്ട് യുവരാജിൽ നിന്നും ഒഴിവാക്കുന്നത്. തുടർന്ന് സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിനു വേണ്ടി റഹ്‌മാൻ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു. ‍

എന്നാൽ കോടികൾ പ്രതിഫലം വാങ്ങി സുഖ്‌വിന്ദർ ചിട്ടപ്പെടുത്തിയ ഈണമാണ് നൽകിയത് എന്നറിഞ്ഞപ്പോൾ സുഭാഷ് ഘായ് റഹ്‌മാനോട് ക്ഷുഭിതനാനെയന്ന് രാംഗോപാൽ വർമ പറഞ്ഞു. 'എന്ത് ധൈര്യത്തിലാണ് റഹ്‌മാൻ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും സുഖ്‌വീന്ദറിനെ ആവശ്യമുണ്ടെങ്കിൽ താൻ പണം കൊടുത്ത കൊണ്ടുവരുമെന്നും വൻ തുക പ്രതിഫലം വാങ്ങി സുഖ്‌വിന്ദറിനെ കൊണ്ട് ഗാനം ചിട്ടപ്പെടുത്താൻ നിങ്ങൾ ആരാണ്?' തുടങ്ങി പരുക്കൻ ഭാഷയിൽ കയർത്ത സംവിധായകനോട് റഹ്‌മാൻ നൽകിയ മറുപടി തൻ്റെ ജീവിതത്തിൽ കേട്ടിട്ടുള്ളതിൽ വച്ച് മഹത്തായതാണെന്നാണ് രാം ഗോപാൽ വർമ ആരോപിച്ചത്.

''സർ, നിങ്ങൾ എന്റെ പേരിനാണ് പണം നൽകുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാൻ അംഗീകരിച്ചാൽ അത് എന്റെ പേരിൽ തന്നെയാകും. നിങ്ങൾ ഇപ്പോൾ ഇവിടെയുള്ളത് കൊണ്ട് ചോദിക്കാം, 'താൽ' എന്ന ചിത്രത്തിലെ സംഗീതം എവിടെ നിന്നാണ് എടുത്തതെന്ന് നിങ്ങൾക്കെങ്ങനെ അറിയാം?. എന്റെ ഡ്രൈവർക്കുപോലും ചിലപ്പോൾ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കിൽ മറ്റാർക്കെങ്കിലും. അത് എന്റെ പേരിൽ വന്നാൽ ആ ഈണം 'എആർആർ' ബാനറിലാകും അറിയപ്പെടുക,’' റഹ്‌മാനെ പറഞ്ഞതായി രാം ഗോപാൽ വർമ വെളിപ്പെടുത്തി.

Advertisment