പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ 'ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. അനുഭവമായിമാറുമ്പോഴാണ് ഒരു സിനിമ ദൈവികമാവുന്നതെന്നാണ് റോഷൻ ആൻഡ്രൂസ് പറയുന്നത്.
റോഷൻ ആൻഡ്രൂസിന്റെ പോസ്റ്റ്
“അനുഭവമാകുമ്പോഴാണ് ഒരു സിനിമ ദൈവികമാകുന്നത്. ബ്ലെസ്സി ചേട്ടാ, നിങ്ങൾ കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക് സൃഷ്ടിച്ചിരിക്കുന്നു. പൃഥ്വി, എന്റെ ആന്റണി മോസസ്… എന്താണ് ഞാൻ പറയുക? അക്ഷരാർത്ഥത്തിൽ നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിൻ്റെ ആത്മാവ്.
ഇത് നിങ്ങളുടെ ഏറ്റവും മികച്ചതാണെന്ന് ഞാൻ നിങ്ങളോട് പറയേണ്ടതുണ്ടോ? സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം നജീബിനെ ഒരു വിജയിയാക്കി മാറ്റി. അടുത്ത വർഷം നടക്കുന്ന ഒട്ടനവധി ചലച്ചിത്ര മേളകളിലും അവാർഡ് ദാന ചടങ്ങുകളിലും നിങ്ങൾ റെഡ് കാർപറ്റിലൂടെ നടക്കുന്നത് കാണുമെന്ന പ്രതീക്ഷിക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.” എന്നാണ് റോഷൻ ആൻഡ്രൂസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.