Advertisment

മദ്യനയം എങ്ങനെയാകണം ? ദുബായ് നൽകുന്ന മാതൃക കണ്ടുപഠിക്കുക

New Update

ദുബായിൽ മദ്യത്തിനുമേൽ ചുമത്തിയിരുന്ന 30 % മുൻസിപ്പൽ ടാക്സ് 2023 ജനുവരി ഒന്നുമുതൽ പൂർണ്ണമായും എടുത്തുകളഞ്ഞു. അതുകൂടാതെ മദ്യം വാങ്ങുന്നതിന് ഇനി ലൈസൻസും ആവശ്യമില്ല. പകരം യുഎഇ നൽകിയിരിക്കുന്ന ഐഡി മാത്രം മതിയാകും. സന്ദർശകർക്ക് മദ്യം വാങ്ങാൻ പാസ്സ്‌പോർട്ട് കാണിച്ചാൽ മതിയാകും.

Advertisment

ദുബായിലെ റവന്യൂ വരുമാനത്തിന്റെ നല്ലൊരു സ്രോതസ്സാണ് ഇതോടെ ഇല്ലാതാകുന്നത്. എന്നാൽ ടൂറിസ ത്തിന് കൂടുതൽ പ്രാമുഖ്യം നൽകി അതുവഴി വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് വളരെ ദീർഘവീക്ഷണത്തോടെ യുള്ള ഈ നയം മാറ്റത്തിന്റെ കാതൽ. ദുബായിലെ 21 എംഎംഐ സ്റ്റോറുകളിലും ഇന്നലെ മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

ദുബായിലാണ് ഏറ്റവും കൂടുതൽ സന്ദര്ശകരെത്തുന്നത്. ടൂറിസ്റ്റുകൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ ലോകത്തുതന്നെ മുൻപന്തിയിലാണ് ഇപ്പോൾ ദുബായ്. ഖത്തറിൽ നടന്ന ഫിഫ വേൾഡ് കപ്പ് മത്സ രങ്ങളിൽ പങ്കെടുക്കാൻ വന്ന നല്ലൊരുഭാഗം ആളുകളും ദുബായിലാണ് തങ്ങിയിരുന്നത്. ദുബായിലെ ബാറുകൾ അന്ന് ഫുട്ബാൾ ആരാധകരുടെ ഇഷ്ടകേന്ദ്രങ്ങളായിരുന്നു.

publive-image

ദുബായിൽ നിന്ന് ആളുകൾ ഉം അൽ കുവൈൻ തുടങ്ങി മറ്റുള്ള എമിറേറ്റ്സുകളിൽ ലഭിക്കുന്ന ടാക്സ് ഫ്രീ മദ്യം വാങ്ങാൻ നീണ്ട യാത്ര നടത്തി പോകുന്നതും ഇതോടെ ഒഴിവാകുകയാണ്.

മദ്യത്തിന് വിലകൂട്ടിയല്ല, മറിച്ച് മദ്യവില കുറച്ചുകൊണ്ടുവന്ന് കൂടുതൽ വിൽപ്പന നടത്തുകയും അതുവഴി ടൂറിസ്റ്റുകളെ ആകർഷിച്ച് റവന്യൂ വരുമാനം വർദ്ധിപ്പിക്കുകയും മയക്കുമരുന്നുകളുടെയും മറ്റു ലഹരി ഉൽപ്പന്നങ്ങളുടെയും വ്യാജമദ്യത്തിന്റെയും വ്യാപനം തടയുകയും ചെയ്യുക എന്നതാകണം ശരിയായ മദ്യനയം. ഇതാണ് ദുബായ് സർക്കാർ അനുവർത്തിക്കുന്നത്.

ഖജനാവ് നിറയ്ക്കാനായി അടിക്കടി മദ്യത്തിന് വിലകൂട്ടുന്നത് ബുദ്ധിശൂന്യതയാണ്. കേരളത്തിൽ ഒരു സാധാരണക്കാരന് അവൻ്റെ ദിവസവരുമാനത്തിന്റെ പകുതിയിലധികം തുകവേണം ഇന്ന് മദ്യപിക്കണമെങ്കിൽ. പഞ്ചാബ് സർക്കാരും മദ്യത്തിന് വിലകുറച്ചത് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള മദ്യക്കടത്തു തടയുന്നതിനും വിൽപ്പന വർദ്ധിപ്പിക്കുന്നതിനുമാണ്. അതുവഴി അവരുടെ റവന്യൂ വരുമാനം ഗണ്യമായി വർദ്ധിക്കുകയും ചെയ്തു.

ലോകത്തെ ഏറ്റവും വികലമായ മദ്യനയമാണ് കേരളത്തിലേത്. ഒട്ടും ജനകീയമല്ല ഇവിടുത്തെ മദ്യനയം. ചില മതപുരോഹിതന്മാരുടെ ഇംഗിതത്തിനു വഴങ്ങിയുള്ള രീതിയാണ് ഇതുവരെ ഭരിച്ച എല്ലാ മുന്നണികളും സ്വീകരിച്ചുപോന്നത്.

മദ്യനയത്തിൽ കേരളസർക്കാർ ഇനിയെങ്കിലും ഒരു കമ്മീഷനെ നിയമിക്കുകയും ജനഹിതമനുസരിച്ചുള്ള രീതികൾ അവലംബിക്കുകയും ചെയ്യേണ്ടതാണ്. ഉദ്യോഗസ്ഥ - രാഷ്ട്രീയ തല അഴിമതിയും യൂണിയനു കളുടെ അനധികൃത ഇടപെടലുകളുമാണ് മദ്യരംഗം ഇവിടെ കുളം തോണ്ടിയത്.മദ്യനയത്തിൽ മാറ്റം വരുത്താൻ യൂണിയനുകളാണ് തടസ്സം നിൽക്കുന്നത്.

കേരളസർക്കാർ 100 രൂപയ്ക്ക് മദ്യക്കമ്പനികളിൽ നിന്ന് വാങ്ങുന്ന മദ്യം ബെവ്‌കോ വിൽക്കുന്നത് 1170 രൂപയ്ക്ക്. ഇത് കഴിഞ്ഞ വർഷത്തെ വില. ഇതിലെ ലാഭമായ 1070 രൂപയിൽ സർക്കാരിന് ലഭിക്കുന്നത് 1049 രൂപ.ബാക്കി 21 രൂപ ബെവ്കോയ്ക്കും. എന്നിട്ടും ഇരു കൂട്ടർക്കും നഷ്ടമാണത്രെ.

മുൻകാലങ്ങളിൽ നടന്നിരുന്നതുപോലെ മദ്യവിൽപ്പന കുറഞ്ഞപക്ഷം സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചാൽ സർക്കാരിന് ഇപ്പോഴത്തെ വിലയിൽ വിറ്റാൽ ഭീമമായ ലാഭമാണുണ്ടാകുക. ആവശ്യത്തിലധികം സ്റ്റാഫുകളും അവർക്കൊക്കെ മുന്തിയ ശമ്പളവും ആനുകൂല്യങ്ങളും ഉന്നതതലങ്ങളിൽ നടക്കുന്ന അഴിമതികളും ഒക്കെ യാണ് ഈ പൊതുമേഖലാ സ്ഥാപനം നഷ്ടത്തിലാകാനുള്ള പ്രധാന കാരണം. അതിനൊരേയൊരു പോംവഴി സ്വകാര്യവൽക്കരണം മാത്രമാണ്.

ജനങ്ങളെ കൊള്ളയടിക്കുന്ന കേരളത്തിലെ മദ്യനയം മാറണമെങ്കിൽ രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതാകണം, ട്രേഡ് യൂണിയനുകളെ നിലയ്ക്ക് നിർത്തുകയും വേണം.. പക്ഷേ പൂച്ചയ്ക്കാരാണ് മണികെട്ടുക ??

മദ്യപാനം ആരോഗ്യത്തിനു ഹാനികരം

Advertisment