പച്ചപിടിപ്പിച്ച് പച്ചക്കറി കൃഷിയുമായി ഏഴ് വനിതകള്‍

Monday, June 4, 2018

കൊച്ചി:  പരിസ്ഥിതി ദിനത്തില്‍ കൃഷിക്ക് പുതിയ മാനം നല്കി കൃഷി ലാഭകരമാണെന്ന് തെളിയിക്കുകയാണ് കിഴക്കമ്പലം ഗ്രാമത്തിലെ 7 വനിതകള്‍. കൃഷിയ്ക്ക് സമയം കണ്ടെത്തി മൂന്നേക്കര്‍ തരിശുഭൂമി കൃഷിക്ക് അനുയോജ്യമാക്കി കിഴക്കമ്പലത്ത് കാര്‍ഷിക വിപ്ലവം തീര്‍ത്തിരിക്കുകയാണ് ഇവര്‍.

ഗ്രേസി തോമസ് (50), എല്‍സി അന്‍റണി(59), ചന്ദ്രിക മാധവന്‍(60), സുഗുണ ചന്ദ്രന്‍(47), ഡെയ്സി ജോസ്(50), ലീല ജോസ് (63), സുമ പത്രോസ് (44) എന്നിവരുടെ കൂട്ടായിമയിലാണ് ഈ വിജയം കൈവരിച്ചത്.

കിഴക്കമ്പലം പഞ്ചായത്തിലെ മാളേയ്ക്കമോളം വാര്‍ഡില്‍ മൂന്നര ഏക്കര്‍ വരുന്ന ഭൂമിയില്‍ വാഴ, പയര്‍, വെള്ളരി, മത്തങ്ങ, കുമ്പളം തുടങ്ങി പത്തോളം ഇനം പച്ചക്കറികള്‍ തികച്ചും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്. ഏതൊരു സ്ത്രീക്കും സ്വന്തമായി വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന് ഇന്ന് ഒരു ബുദ്ധിമുട്ടില്ലെന്നാണ് ഇവരുടെ പക്ഷം.

വിത്തും വളവുമുള്‍പ്പടെ കൃഷിക്കാവശ്യമായ എല്ലാ സാധനങ്ങളും സൗജന്യമായാണ് ട്വന്‍റി20 ജനകീയകൂട്ടായ്മ ലഭ്യമാക്കിയത്. ഉത്പന്നങ്ങള്‍ ട്വന്‍റി20 തന്നെ വാങ്ങി കര്‍ഷകന് ന്യായവില ലഭ്യമാക്കുന്നു.

കിഴക്കമ്പലം നിവാസികള്‍ക്ക് കൃഷി ആവേശകരവും ആദായകരവുമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പച്ചക്കറികളാണ് പൊതുവേ മലയാളികള്‍ ഉപയോഗിക്കാറ്. എന്നാല്‍ തങ്ങള്‍ക്ക് വേണ്ടതെല്ലാം ഉത്പാദിപ്പിച്ച് സ്വയംപര്യാപ്തതയില്‍ എത്തിനില്‍ക്കുകയാണ് കിഴക്കമ്പലം നിവാസികള്‍. ഓരോ വീട്ടിലും പഴങ്ങളും പച്ചക്കറികളും, ആട്, കോഴി, മത്സ്യം മുതലായവയെല്ലാമുണ്ട്.

വ്യവസ്ഥിതികളുടെ സമഗ്ര പരിപാലനമാണ് പരിസ്ഥിതി സംരക്ഷണമെന്ന് ശ്രദ്ദേയമാക്കുകയാണ് കിഴക്കമ്പലം. വരും വര്‍ഷങ്ങളില്‍ ഒരു തുണ്ട് ഭൂമിപോലും തരിശായി കിടക്കാതെ വിള സമൃതിയിലൂടെ കിഴക്കമ്പലത്തില്‍ ഹരിത വിപ്ലവം തീര്‍ക്കുവാനാണ് ട്വന്‍റി20 ഭരണ സമിതി അംഗങ്ങളും ജനങ്ങളും ലക്ഷ്യമിടുന്നത്.

×