Advertisment

ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസണും ചാൾസ് രാജകുമാരനും കൊറോണ രോഗം ബാധിച്ചത് അപ്പപ്പോൾ അറിയാൻ നമുക്ക് സാധിച്ചത് സ്വതന്ത്ര ജനാധിപത്യത്തിന്റെ മികവ്‌ മൂലം മാത്രമാണ്: ചൈനയുടെ സ്തുതി പാഠകർ അതൊക്ക ഓർമിക്കേണ്ടതാണ്

New Update

publive-image

Advertisment

കാധിപത്യ ഭരണങ്ങൾക്ക് ചില പൊതു സ്വഭാവങ്ങളുണ്ട്. പൊതുജനത്തെ ബാധിക്കുന്ന വിപത്തുകൾ ഭരണ നിയന്ത്രണത്തിലൂടെയും, മാധ്യമങ്ങൾക്ക് മേലുള്ള അവരുടെ അധീശത്വത്തിലൂടെയും അവർക്ക് മൂടിവെക്കാൻ സാധിക്കും. വർഷങ്ങൾ കഴിഞ്ഞായിരിക്കും ദുരന്തത്തിന്റെ യഥാർഥ മുഖം തെളിയുക.

ഷീ ജിൻ പെങ്ങിന്റെ നേതൃത്വത്തിൽ 10 ദിവസം കൊണ്ട് കൊറോണ രോഗികൾക്ക് വേണ്ടി ചൈനയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പണിതെങ്കിലും ചൈനയുടെ കൊറോണ മൂലമുള്ള മരണ നിരക്ക് ഒട്ടുമേ വിശ്വാസ യോഗ്യമല്ല.

ചൈനയിലെ വുഹാനിലെ ഓരോ മുക്കും മൂലകളും മരുന്നടിച്ചുകൊണ്ട് വൃത്തിയാക്കുമ്പോഴും ശ്മാശാനങ്ങൾ 24 മണിക്കൂറും മരിച്ചവരെ അടക്കം ചെയ്തുകൊണ്ടിരുന്നു എന്നൊക്കെ ചിലർ പറഞ്ഞിരുന്നു. ചൈനയിലെ മരണസംഖ്യ ഇപ്പറഞ്ഞതൊന്നുമല്ല; അതിനേക്കാളൊക്കെ ഏറെ മുന്നിലാണ് എന്നുമാണ് ചില റിപ്പോർട്ടുകൾ.

ലോകത്തിന്റെ 'പ്രൊഡക്ഷൻ സെൻറ്റർ' ചൈനയാണ്. അതുകൊണ്ട് അവിടെ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് സ്ഥാപിക്കേണ്ടത് അവരുടെ നിലനിൽപ്പിന്റെ ആവശ്യമാണ്. അതുകൊണ്ട് കൊറോണയെ ചൈന നിയന്ത്രണ വിധേയമാക്കി എന്നുള്ള വാർത്ത കണ്ടമാനം കെട്ടിഘോഷിക്കുന്നതിൽ കാര്യമില്ല.

publive-image

1960-കളിൽ ചൈനയിൽ ഉണ്ടായ ക്ഷാമത്തിന്റെ യഥാർഥ ചിത്രം പുറത്തുവരാൻ പിന്നീട് അനേകം വർഷങ്ങൾ വേണ്ടി വന്നു. ഇപ്പോഴും ചൈനീസ് ജനതക്ക് 30 ദശലക്ഷം തൊട്ട് 40 ദശലക്ഷം ആളുകളെ പട്ടിണിക്കിട്ട് കൊന്ന ആ ക്ഷാമത്തിന്റെ ഭീകര മുഖം അറിയാമെന്ന് തോന്നുന്നില്ല.

ചൈനയെ അടക്കി ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ഭരണത്തിൽ നിന്ന് നിഷ്‌കാസിതമായാൽ മാത്രമേ ഇത്തരം പല ക്രൂരതകളുടേയും യഥാർഥ ചിത്രം പുറത്തു വരികയുള്ളൂ. ചൈനയിലെ കൊറോണ മൂലമുള്ള യഥാർഥ മരണസംഖ്യയും അപ്പോൾ മാത്രമേ വ്യക്തമാകുകയുള്ളൂ.

സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ അമർത്യ സെന്നിന്റെ കണക്കു പ്രകാരം ചൈനയിൽ 1959-60-കളിൽ മുപ്പതു ദശലക്ഷം തൊട്ടു നാൽപതു ദശലക്ഷം ആളുകളുടെ പട്ടിണി മരണം ഉണ്ടായി.

അമർത്യ സെൻ ഇക്കാര്യം ‘ഡവലപ്മെന്റ് ആസ് ഫ്രീഡം’ എന്ന തന്റെ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട്. 3 കോടി മുതൽ 4 കോടി വരെ എന്ന് പറഞ്ഞാൽ കേരളത്തിലെ മൊത്തം ജനസംഖ്യയെക്കാളും കൂടുതലാണ്. കമ്യൂണിസത്തിന്റെ മഹത്വം വിളമ്പുന്നവർ ഇത്ര വലിയ ഒരു ജനത പട്ടിണികൊണ്ടു മരിച്ചത് കാണുന്നില്ലാ.

1958-ൽ ആണ് മാവോ സെ തുങ് തന്റെ 'ഗ്രെയിറ്റ് ലീപ് ഫോർവേഡ്' എന്ന ആശയം അവതരിപ്പിച്ചത്. ആ ആശയം നടപ്പാക്കിയതു കൊണ്ടായിരുന്നു അമർത്യ സെൻ പറയുന്നത് പോലെ മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശലക്ഷം ആളുകളുടെ പട്ടിണി മരണം ഉണ്ടായത്.

വ്യവസായികമായും, കാർഷികമായും ഉൽപാദനം ഉയർത്തി ചൈനയെ ലോക രാഷ്ട്രങ്ങളുടെ മുൻപന്തിയിൽ എത്തിക്കാനുള്ള ഒരു ശ്രമമായിരുന്നു 'ഗ്രെയിറ്റ് ലീപ് ഫോർവേഡ്'.

വ്യവസായികമായി സ്റ്റീൽ ഉൽപാദനത്തിന് മുൻഗണന കൊടുത്തു. പക്ഷെ ഗ്രാമീണർ ഉൽപാദിപ്പിച്ചു കൂട്ടിയ സ്റ്റീൽ ഒന്നിനും കൊള്ളില്ലായിരുന്നു. അതിനേക്കാൾ വലിയ ഭീമമായ അബന്ധമായിരുന്നു കാർഷിക രംഗത്തു നടന്നത്.

മാവോയുടേത് നല്ല ഉദ്ദേശങ്ങൾ ആയിരുന്നു. പക്ഷെ നടപ്പാക്കിയ രീതികളും അതിന്റെ പിന്നിൽ പ്രവർത്തിച്ച ആശയങ്ങളും ശുദ്ധ മണ്ടത്തരം ആയിരുന്നു. ധാന്യങ്ങൾ ലാഭിക്കാനാണ് അവ തിന്നുന്ന കിളികളെ കൊല്ലാൻ മാവോയും, കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യുറോയും തീരുമാനിച്ചത്.

ധാന്യങ്ങൾ നശിപ്പിക്കുന്നത് കിളികളാണ് എന്ന മൂഢ സിദ്ധാന്തത്തിൽ അധിഷ്ഠിതമായി കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനിച്ചു. ചൈനയിൽ ധാന്യങ്ങളുടെ മൊത്തം ഉൽപാദനം കുറയാനുള്ള കാരണം കിളികൾ തിന്നൊടുക്കുന്നതാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അനുമാനിച്ചപ്പോൾ ആ കിളികൾ തിന്നു തീർക്കുന്ന കീടങ്ങളുടെ കാര്യം മറന്നുപോയി.

'ഫോർ പെസ്റ്റ് ക്യാംപെയിൻ' എന്നറിയപ്പെട്ട ഈ പ്രചാരണത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് 'യൂറോപ്യൻ ട്രീ സ്പാരോ' എന്ന് വിളിപ്പേരുള്ള ചെറിയ കുരുവികളായിരുന്നു. 'ഗ്രെയിറ്റ് ലീപ് ഫോർവേഡ്' എന്ന പദ്ധതിയുടെ ഭാഗമായി കിളികളെ കൊന്നൊടുക്കിയപ്പോൾ നെൽവയലുകളിലും, മറ്റു കൃഷി സ്ഥലത്തും ഉള്ള കീടങ്ങൾ പെരുകി. അവയെ തിന്നൊടുക്കുവാൻ കിളികൾ ഇല്ലാതെ പോയി.

പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെട്ടു. കിളികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കൊണ്ടാണ് മുപ്പതു ദശ ലക്ഷം തൊട്ടു നാൽപതു ദശ ലക്ഷം ആളുകളുടെ പട്ടിണി മരണം പോലുള്ള വലിയൊരു അത്യാഹിതം സംഭവിച്ചത്.

1959 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ലുഷാനിൽ നടന്ന കമ്യുണിസ്റ്റ് പാർട്ടി കോൺഫെറൻസിൽ മാവോയ്ക്കെതിരെ ലക്ഷക്കണക്കിനാളുകളുടെ പട്ടിണി മരണം കാരണം കടുത്ത വിമർശനം ഉയർന്നു.

ബെർട്ടിൻ ലിൻറ്റ്ലർ തന്റെ 2019 -ൽ പുറത്തുവന്ന പുസ്തകമായ 'ചൈനാസ് ഇൻഡ്യാ വാർ'- ൽ പറയുന്നത് പട്ടിണി മരണങ്ങൾ സൃഷ്ടിച്ച ആഭ്യന്തര സംഘർഷം രൂക്ഷമായപ്പോൾ മാവോ കണ്ടുപിടിച്ച മാർഗമായിരുന്നു അതിർത്തി തർക്കം എന്നാണ്.

പട്ടിണിയിൽ നിന്ന് ചൈനീസ് ജനതയുടെ ശ്രദ്ധ തിരിക്കാൻ ഈ യുദ്ധത്തിലൂടെ മാവോയ്ക്കു സാധിച്ചു. ഇൻഡ്യാ-ചൈനാ അതിർത്തിയിൽ ചൈന നടത്തിയ വൻ സൈനിക നീക്കങ്ങൾ കണ്ടു പിടിക്കാൻ ഇന്ത്യൻ ഇൻറ്റെലിജെൻസ് ഏജൻസികൾക്ക് സാധിക്കാതിരുന്നതും ചൈനക്ക് നേട്ടമായി.

ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ പ്രസിദ്ധമായ പുസ്തകമായ - ഇന്ത്യ ആഫ്റ്റർ ഗാന്ധി - ദി ഹിസ്റ്ററി ഓഫ് ദി വേൾഡ് ലാർജസ്റ്റ് ഡെമോക്രസി '- യിലും 1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധത്തെ കുറിച്ച് സവിസ്തരമായി പ്രദിപാദിക്കുന്നുണ്ട്.

ഇക്കാര്യത്തിലുള്ള ചൈനീസ് രേഖകൾ കാണിക്കുവാനുള്ള തന്റെ നിരന്തരമായ അഭ്യർത്ഥനകൾ ചൈനീസ് സർക്കാർ തള്ളി കളഞ്ഞതായിട്ടാണ് ചരിത്രകാരൻ രാമചന്ദ്ര ഗുഹ വ്യക്തമാക്കുന്നത്. ഇതുതന്നെ ചൈനയുടെ കള്ള കളികളല്ലേ കാണിക്കുന്നത്?

അതിർത്തി തർക്കമായിരുന്നില്ല 1962-ലെ ഇൻഡ്യാ-ചൈനാ യുദ്ധത്തിലേക്ക് നയിച്ചത് എന്നത് ചൈനയുടെ ഇത്തരം നിലപാടുകളിൽ നിന്ന് വായിക്കാം. യുദ്ധങ്ങൾ മിക്കതും സംഭവിക്കുന്നതൊക്കെ ഈ രീതിയിൽ തന്നെയാണ്.

ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ജനത്തിന്റെ ശ്രദ്ധ തിരിക്കാനാണ് അല്ലെങ്കിലും ഭരണാധികാരികൾ അയൽ രാജ്യങ്ങളെ ശത്രുക്കളായി ചിത്രീകരിക്കുന്നതും, അവരെ ആക്രമിക്കുന്നതും.

ഇപ്പോൾ ഇറ്റലിയും സ്പെയിനും കടന്ന് അമേരിക്കയിലും ബ്രിട്ടനിലും കൊറോണ സംഹാര താണ്ഡവമാടുകയാണ്. അവിടുന്നുള്ള വിവരങ്ങളൊക്കെ അപ്പപ്പോൾ ലഭ്യമാണ്. ഭരണകൂടം വിവരങ്ങൾ പുറത്തു വിട്ടില്ലെങ്കിലും വ്യക്തികൾ യഥാർഥ വസ്തുതകളൊക്കെ വിളിച്ചു പറയും.

ഇങ്ങു കൊച്ചു കേരളത്തിൽ പോലും ആ വിവരങ്ങൾ ലഭ്യമാണു താനും. ബ്രിട്ടീഷ് പ്രധാന മന്ത്രിയായ ബോറിസ് ജോൺസണും, ചാൾസ് രാജകുമാരനും കൊറോണ രോഗം ബാധിച്ചത് അപ്പപ്പോൾ അറിയാൻ നമുക്ക് സാധിക്കുന്നത് സ്വതന്ത്ര ജനാധിപത്യത്തിന്റെ മികവ്‌ മൂലം മാത്രമാണ്.

ഒരു ജനായത്ത സംവിധാനത്തിൽ ഭരണ കൂടത്തിന്റെ വീഴ്ചകളെ ആളുകൾ വിമർശിക്കുന്നതൊക്ക പോസിറ്റിവ് ആയി ആണ് ഒരു ലിബറൽ സമൂഹം ഉൾക്കൊള്ളുക. വിമർശനങ്ങളിൽ നിന്നാണ് തിരുത്തൽ പ്രക്രിയ നടക്കേണ്ടത്.

വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ മാത്രമല്ല ഒരു ജനാധിപത്യ പ്രക്രിയയിൽ സംഭവിക്കുക. പൗര സമൂഹവും, മാധ്യമങ്ങളും, പ്രതിപക്ഷവും, ജുഡീഷ്യറിയുമെല്ലാം വിമർശനങ്ങൾ ഉന്നയിക്കും.

ആ വിമർശനങ്ങളെ ക്രിയാത്മകമായി ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകുമ്പോഴാണ് ജനാധിപത്യം കരുത്താർജിക്കുന്നത്; അതല്ലാതെ പണ്ട് ചൈനയിലെ ടിയാനെൻമെൻ സ്‌ക്വയറിൽ കണ്ടതുപോലെ പതിനായിരത്തോളം യുവതീ യുവാക്കളെ പട്ടാളത്തിന്റെ കരുത്ത് കാണിച്ച് കൊന്നൊടുക്കുകയും ആ കൊന്നൊടുക്കൽ പാർട്ടി സമ്മേളനത്തിൽ ന്യായീകരിക്കുകയും ചെയ്യുന്ന വഴി ഒരു ജനാധിപത്യ സമൂഹം ഒരിക്കലും സൃഷ്ടിക്കപ്പെടുകയില്ല.

കൊറോണയെ നേരിട്ടതിൽ ചൈനയുടെ മികവ് ചൂണ്ടിക്കാട്ടി ഇന്ത്യയിലും ഏകാധിപത്യത്തെ ന്യായീകരിക്കുവാൻ ഇന്ന് കണ്ടമാനം ആളുകളുണ്ട്. ചൈനയിലെ യഥാർഥ ചിത്രം ഇനിയും പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ എന്നത് ഇങ്ങനെ ന്യായീകരിക്കുന്നവർ കാണുന്നില്ല.

പോലീസ് മർദനങ്ങളെ ന്യായീകരിക്കുവാനും ഇന്ത്യയിലെ മാധ്യമങ്ങളിൽ പോലും ഇന്ന് കണ്ടമാനം ആളുകളുണ്ട്. കൊറോണ മൂലമുള്ള ഭീതി മുതലെടുത്തുകൊണ്ട് രാജ്യത്തെ ഭരണവർഗം ഏകാധിപത്യം സൃഷ്ടിക്കാതിരിക്കട്ടെ എന്നാശിക്കാനേ സുമനസുകൾക്ക് ഇന്ന് കഴിയൂ.

സ്വതന്ത്ര ഇന്ത്യയുടെ ശിൽപികൾ ദീർഘ വീക്ഷണമുള്ളവർ ആയിരുന്നു. ഏകാധിപത്യവും, ഗുണ്ടാ ഭരണവും ഒന്നുമല്ല നമ്മുടെ രാജ്യത്തിന്റെ 'ഫൗണ്ടിങ് ഫാദേഴ്‌സ്' സ്വപ്നം കണ്ട വഴികൾ എന്നത് ഇൻഡ്യാക്കാരായ നാം എന്നും ഓർമിക്കേണ്ടതാണ്.

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment