Advertisment

വലിയനോമ്പിന്‍റെ ഉച്ചാവസ്ഥയില്‍പ്പോലും ആദ്ധ്യാത്മികത വെടിഞ്ഞ് അധാര്‍മ്മികതയുടെ പാതയില്‍ - എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായ മെത്രാനെയും വിമത വൈദികരെയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന വൈദികന്‍ രംഗത്ത്

author-image
ഫാ. ആന്‍റണി പൂതവേലില്‍
Updated On
New Update

ആസുരതയുടെ അഗ്നിസ്ഫുലിംഗങ്ങള്‍

Advertisment

വലിയനോമ്പിന്‍റെ ഉച്ചാവസ്ഥയില്‍പ്പോലും ആദ്ധ്യാത്മികതയുടെ അനുഗ്രഹവഴികള്‍ വെടിഞ്ഞ് ആസുരചിന്തകളില്‍ ആമഗ്നരായി അതിരൂപതയിലെ ഭൂമികച്ചവട വിവാദം ആളിക്കത്തിക്കാനുള്ള തത്രപ്പാടിലാണ് സഹായമെത്രാന്മാരും അവരുടെ ആജ്ഞാനുവര്‍ത്തികളായ ഒരുപറ്റം വൈദികസുഹൃത്തുക്കളും. ഇത് അത്യന്തം ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണ്. വെറും സാധാരണക്കാരായ ക്രിസ്ത്യാനികളുടെ വിശ്വാസവൃക്ഷത്തിന്‍റെ കടയ്ക്കല്‍ കോടാലിവയ്ക്കുന്ന ദുഷ്പ്രവണതയാണ്.

ഒരു മെത്രാന്‍റെയും സങ്കുചിതവും സ്വാര്‍ത്ഥപരവുമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പണയം വയ്ക്കേണ്ടതല്ല നമ്മുടെ വിശ്വാസവും ബോധ്യങ്ങളും. വൈദികരും വൈദികമേലദ്ധ്യക്ഷരും തമ്മില്‍ ആരോഗ്യകരമായ സൗഹൃദബന്ധം നിലനില്ക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ആസുരവും അധാര്‍മ്മികവും അക്രൈസ്തവവുമായ രീതിയില്‍ സഭാനേതൃത്വം നിര്‍ദ്ദേശങ്ങള്‍ നല്കുമ്പോള്‍ അത് അനുസരിക്കുവാന്‍ നമ്മളാരും ബാധ്യസ്ഥരല്ലെന്ന കാര്യം അടിവരയിട്ട് പറയട്ടെ.

publive-image

മനുഷ്യരുടെ പ്രീതിയേക്കാള്‍ ദൈവത്തിന്‍റെ പ്രീതിക്കാണ് നമ്മള്‍ പ്രാമുഖ്യം നല്കേണ്ടത്. പാപമായ ഒരു കാര്യം പുണ്യമാണെന്ന് നൂറില്‍ 99 പേരും ഒപ്പിട്ടു കൊടുത്താലും അത് പുണ്യമാകില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? ധാര്‍മ്മികതയും അധാര്‍മ്മികതയും, നന്മയും തിന്മയും ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിലല്ല നിര്‍ണ്ണയിക്കപ്പെടുക; അത് ദൈവകല്പനകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും.

ഇക്കഴിഞ്ഞ നാളുകളില്‍ എറണാകുളത്തും പ്രാന്തപ്രദേശങ്ങളിലും നടന്ന സംസാരിക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ പൗരോഹിത്യപ്രതിഭകളുടെ ആസുരവിചാരങ്ങള്‍ സുതരാം വ്യക്തമാകും. 2018 മാര്‍ച്ച് 7-ാം തീയതി നടന്ന വൈദികസമിതി യോഗത്തില്‍ നടന്ന ചര്‍ച്ചകളും തീരുമാനങ്ങളും ദുര്‍ഗന്ധപൂരിതമായിരുന്നു എന്നു പറയാതിരിക്കാന്‍ വയ്യ.

ഭൂമികച്ചവടവുമായി ബന്ധപ്പെട്ട വിഷയം ഇവിടെ പരിഹരിക്കപ്പെടരുതെന്നും, അങ്ങനെ പരിഹരിക്കപ്പെട്ടാല്‍ റോമിന്‍റെ ഇടപെടല്‍ അസാധ്യമാകുമെന്നും അതിനാല്‍ അടുത്ത മൂന്നു മാസക്കാലം നമ്മള്‍ കലഹിച്ചുകൊണ്ടേയിരിക്കണം എന്ന് ഏതോ ഒരു തേലക്കാട്ടച്ചന്‍ പറഞ്ഞതായി അറിയുന്നു. കര്‍ദ്ദിനാള്‍ പിതാവിന്‍റെ സ്ഥാനത്യാഗംതന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതു സാധിക്കുന്നതുവരെ കലഹിച്ചുകൊണ്ടേയിരിക്കുമെന്നും പറയുന്നു.

വൈദികസമിതിയുടെ ഈ പൊതുവികാരം വലിയ പിതാവിനെ അറിയിക്കാന്‍ രണ്ട് സഹായമെത്രാന്മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ തീരുമാനത്തിന്‍റെ നാടകീയാവിഷ്ക്കാരമായിരുന്നു മാര്‍ച്ച് 9-ാം തീയതി എറണാകുളം ബസിലിക്ക പള്ളിയില്‍ നടന്നത്.

കുത്തേറ്റു മരിച്ച ഫാ. സേവ്യര്‍ തേലക്കാട്ടിനെ അനുസ്മരിക്കാനെന്ന പേരില്‍ എല്ലാ വൈദികരെയും വിളിച്ചുകൂട്ടുകയും തേലക്കാട്ടച്ചനുവേണ്ടി പ്രര്‍ത്ഥിച്ചെന്ന് വരുത്തി കര്‍ദ്ദിനാള്‍പിതാവിനെതിരെ പ്രമേയം പാസ്സാക്കി തെരുവുപ്രകടനം നടത്തി അരമനയില്‍ച്ചെന്ന് രണ്ട് സഹായമെത്രാന്മാര്‍ക്കും നിവേദനം കൈമാറി.

കര്‍ദ്ദിനാള്‍ പിതാവിനെതിരെ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്‍റെ വിധി വന്നശേഷം പിറ്റേന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പിനെ ചുറ്റിപ്പറ്റിയാണ് വൈദികസമിതിയോഗം അടുത്ത വെടിപൊട്ടിച്ചത്. പത്രക്കുറിപ്പ് അതിരൂപതയുടേതല്ലെന്നും, അതില്‍ ഒപ്പോ സീലോ പേരോ ഇല്ലെന്നും; മാത്രമല്ല അതില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ കളവാണെന്നുമായിരുന്നു ആക്ഷേപം. വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്?

പത്രക്കുറിപ്പ് കര്‍ദ്ദിനാള്‍തന്നെ തയ്യാറാക്കിയതായിരുന്നു. അത് അതിരൂപതയുടെ പേരിലോ സിനഡിന്‍റെ പേരിലോ ആയിരുന്നില്ല. 'മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ കാര്യാലയത്തില്‍നിന്ന്' എന്ന അടിക്കുറിപ്പോടെയാണ് പത്രക്കുറിപ്പ് അവസാനിച്ചിരുന്നത്. പത്രക്കുറിപ്പ് തയ്യാറാക്കിയ ശേഷം എടയന്ത്രത്തു പിതാവിനെ മൗണ്ട് സെന്‍റ് തോമസിലേക്ക് വിളിച്ചുവരുത്തി വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസറായ ഫാ. ജിമ്മി പൂച്ചക്കാട്ടിനെ വിളിച്ചുവരുത്തി ഏല്പിക്കുകയായിരുന്നു.

publive-image

കര്‍ദ്ദിനാളിന്‍റെ എതിര്‍ചേരിയില്‍ നിലയുറപ്പിച്ചിരിക്കുന്ന അദ്ദേഹം വിവാദം സൃഷ്ടിക്കാന്‍തന്നെയെന്നു തോന്നുംവിധം ലെറ്റര്‍ ഹെഡ്ഡില്‍ പകര്‍ത്താതെ പത്രങ്ങള്‍ക്ക് നേരിട്ടു കൊടുക്കുകയായിരുന്നു. അതേസമയം പിറ്റേന്ന് ചാനലില്‍ വന്ന ഒരു തെറ്റായ വാര്‍ത്തയ്ക്കെതിരെ ക്യൂരിയ ബിഷപ് പത്രങ്ങള്‍ക്ക് നല്കിയ നിഷേധക്കുറിപ്പ് ജിമ്മിയച്ചന്‍ ലെറ്റര്‍ ഹെഡ്ഡില്‍ത്തന്നെ എഴുതി കൊടുക്കുകയും ചെയ്തു. ഇത് ആസുരചിന്തയുടെ അഗ്നിസ്ഫുലിംഗത്തില്‍ നിന്ന് വാര്‍ന്നുവീണതാകാനേ തരമുള്ളൂ.

ആസുരചിന്തയെ അടയാളപ്പെടുത്തുന്ന മറ്റൊരു സംസാരിക്കുന്ന സംഭവം മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവ് മോണ്‍. ആന്‍റണി നരികുളവുമൊത്ത് മഠങ്ങളും പള്ളികളും സന്ദര്‍ശിച്ച് വരാന്‍പോകുന്ന 'മഹാസുനാമി'യെക്കുറിച്ച് സംസാരിച്ച് വികാരം കൊള്ളരുതെന്ന് നിര്‍ദ്ദേശിക്കുന്നതാണ്.

കൂടാതെ ഓരോ സ്ഥലത്തുമുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളെ സ്വകാര്യമായി വിളിച്ച് അവരോട് മാര്‍ച്ച് 17-ാം തീയതിയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെടുന്നു. ഇതനുസരിച്ച് മാര്‍ച്ച് 13-ാം തീയതി ചൊവ്വാഴ്ച ഇവര്‍ രണ്ടുപേരും വൈക്കം ഭാഗത്തുള്ള മഠങ്ങളും പള്ളികളും സന്ദര്‍ശിക്കുകയും എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാല്‍ അത് ദൈവഹിതമായി കരുതിയാല്‍ മതിയെന്നും പറയുന്നു.

കൂടാതെ വൈക്കത്തെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗത്തെ സിഎംസി മഠത്തിലേക്ക് സ്വകാര്യമായി വിളിച്ച് സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. യോഗത്തിന്‍റെ അജണ്ടയെക്കുറിച്ചോ അവിടെ നടക്കുവാന്‍ പോകുന്ന ചര്‍ച്ചകളെക്കുറിച്ചോ ഒന്നും വ്യക്തമായി പറയുന്നുമില്ല.

അതേസമയം മാര്‍ച്ച് 15-ാം തീയതി റിന്യൂവല്‍ സെന്‍ററില്‍ വിളിച്ചുകൂട്ടിയ നാലു ഫൊറോനകളിലെ വൈദികരുടെ യോഗത്തില്‍വച്ച് ഭൂമികച്ചവടവിവാദമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ചര്‍ച്ചാവേളയില്‍ അതിരൂപത കച്ചേരിയിലെ അസി. ചാന്‍സലറായ ഫാ. ജോര്‍ജ്ജ് (സണ്ണി) കളപ്പുരയ്ക്കല്‍ പറഞ്ഞത്: ഒരപ്പന്‍ തന്‍റെ മകളെ നിരന്തരമായി പീഡിപ്പിച്ചാല്‍ എത്രനാള്‍ അത് സഹിക്കാന്‍ സാധിക്കും. അതുകൊണ്ടാണ് കര്‍ദ്ദിനാളിനെതിരായി ഞങ്ങള്‍ നീങ്ങുന്നത്. എത്ര പൈശാചികമായ അഭിപ്രായമാണിത്.

ഒരു വൈദികന്‍റെ അന്തസ്സിനു നിരക്കുന്നതാണോ? ഇത് വായിക്കുന്നവര്‍ തന്നെ വിലയിരുത്തുക. ഈ യോഗത്തില്‍ മൂന്ന് കാര്യങ്ങളാണ് തീരുമാനമായി കൈക്കൊണ്ടത്. 1) മാര്‍ച്ച് 17-ാം തീയതി ചേരുന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി 'ഭൂമികച്ചവടവിവാദം' അവതരിപ്പിക്കാന്‍ ഫാ. പോള്‍ തേലക്കാട്ട്, ഫാ. ബെന്നി മാരാപറമ്പില്‍, ഫാ. കുര്യാക്കോസ് മുണ്ടാടന്‍ എന്നിവരെ ചുമതലപ്പെടുത്തി.

ഒടുവില്‍ കര്‍ദ്ദിനാളിനെതിരെ പ്രമേയം പാസ്സാക്കിയെടുക്കുക എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്ന് അറിയുന്നു. 2) ഓരോ ഫൊറോനയിലും കൈക്കാരന്മാര്‍, ഫാമിലി യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവരെയെല്ലാം വിളിച്ചുകൂട്ടി അരമനക്കച്ചേരിയില്‍ നിന്ന് വൈദികരെ അയച്ച് വിഷയം ആളിക്കത്തിക്കുക. 3) വിമതരുടെ നീക്കങ്ങള്‍ക്ക് എതിരായി ശബ്ദിക്കുന്നവര്‍ക്കെതിരെ അപ്പപ്പോള്‍ പ്രതികരിക്കാന്‍ ഒരു സെക്രട്ടേറിയേറ്റ് തന്നെ റിന്യൂവല്‍ സെന്‍ററില്‍ തുടങ്ങുക.

ചുരുക്കത്തില്‍, മദ്യം അമിതമായ അളവില്‍ അകത്തുചെന്നാല്‍ എന്തായിരിക്കും സംഭവിക്കുക? മനസ്സിനടിയില്‍ മറഞ്ഞുകിടക്കുന്ന സകല തിന്മകളും പൊട്ടിയൊലിച്ചു പുറത്തേക്ക് വരും. ഇതുതന്നെയാണ് അധികാരവും, പണവും, വൈരനിര്യാതനബുദ്ധിയും ഒരു വ്യക്തിയില്‍ ഒത്തുചേരുമ്പോള്‍ സംഭവിക്കുന്നതും. എറണാകുളം-അങ്കമാലി അതിരൂപതയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതല്ലാതെ മറ്റെന്താണ്?

<എറണാകുളം - അങ്കമാലി അതിരൂപതയിലെ മുതിര്‍ന്ന വൈദികനും വാഴക്കാല സെന്‍റ് ജോസഫ്സ് പള്ളി വികാരിയുമാണ്‌ ഫാ. ആന്‍റണി പൂതവേലില്‍>.

alanchery
Advertisment