Advertisment

ഇനി ജനകീയ ഉല്‍സവമാണ്. ആര് ജയിക്കും എന്ന കാത്തിരിപ്പ്. ചിരിക്കുന്ന മുഖമുള്ളവരെയും കാണാന്‍ ഭംഗിയുള്ളവരെയും വിദ്യാഭ്യാസമുള്ളവരെയും കാണാന്‍ ഭംഗിയില്ലെങ്കിലും കഴിവും വിദ്യാഭ്യാസവുമുള്ളവരെയും വിജയിപ്പിക്കുന്നതാണ് മലയാളിയുടെ ശീലം. ശശി തരൂരും എസ് കൃഷ്ണകുമാറും കെ.ആര്‍ നാരായണനും ഡോ. കെ.എസ് മനോജും സുരേഷ് കുറുപ്പും പ്രൊഫ. സാവിത്രി ലക്ഷ്മണനുമൊക്കെ പാര്‍ലമെന്‍റിലെത്തിയത് മലയാളികളുടെ ഈ 'ഇഷ്ടങ്ങള്‍' മുതലാക്കിയാണ്. ചില പേരുകള്‍ക്കുമുണ്ട് ആകര്‍ഷണം - ദാസനും വിജയനും

നാടിനു ഉപകാരമുളവരെ എന്നും ജയിപ്പിച്ചിട്ടുള്ള ചരിത്രമാണ് കേരളത്തിന്റേത്. നിയമസഭയിലേക്ക് ആണെങ്കിൽ ജാതിയും മതവും സമവാക്യങ്ങളുമൊക്കെ നോക്കി തന്നെയാണ് അവർ വോട്ടുകൾ ചെയ്യാറുള്ളത്. ചിരിക്കുന്നവരെ ജയിപ്പിക്കുന്ന ഒരു പ്രവണതയും മലയാളിക്കുണ്ട്.

author-image
ദാസനും വിജയനും
Updated On
New Update
thar11

അങ്ങനെ 2024 ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതികളും പ്രഖ്യാപിച്ചു, നമ്മുടെ കേരളത്തിലെ കാര്യങ്ങൾ മാത്രം എടുത്തു നോക്കിയാൽ ഏപ്രിൽ 26 നാണ് 20 ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്നും ഒരു യുഡിഎഫ് അനുകൂല വിധിയെഴുത്താണ് കേരളം പുലർത്തിപോന്നിട്ടുള്ളത്.

Advertisment

1980 ൽ 12 സീറ്റും 1984 ൽ 18  സീറ്റും 1989 ൽ 17 സീറ്റും 1991 ൽ 16 സീറ്റും 1996 ൽ 10 സീറ്റും 1998 ൽ 11  സീറ്റും 1999 ഇൽ 11 സീറ്റും 2004 ൽ 1 സീറ്റും 2009 ൽ 16 സീറ്റും 2014 ൽ 12 സീറ്റും 2019 ൽ 19 സീറ്റും യുഡിഎഫ് നേടിയപ്പോൾ കേരളത്തിലെ വോട്ടർമാരുടെ  ഡൽഹിയിലേക്കുള്ള മനസ്സും വിധിയും എന്നും യുഡിഎഫ് അനുകൂലമായിരുന്നു.


കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഈ കഥകൾ ഒന്നും അറിയാതെയാണ് ഓരോരോ ചാനലുകാരനും പത്രക്കാരനും സോഷ്യൽ മീഡിയയയിലും പ്രവചനങ്ങൾ അവതരിപ്പിക്കാറുള്ളത്. മലയാളിയുടെ മനസ്സ് പഞ്ചായത്തിലേക്കും മുനിസിപ്പാലിറ്റിയിലേക്കും ജയിപ്പിക്കുന്നവർ എപ്പോഴും ജനകീയർ തന്നെയാണ്.

നാടിനു ഉപകാരമുളവരെ എന്നും ജയിപ്പിച്ചിട്ടുള്ള ചരിത്രമാണ് കേരളത്തിന്റേത്. നിയമസഭയിലേക്ക് ആണെങ്കിൽ ജാതിയും മതവും സമവാക്യങ്ങളുമൊക്കെ നോക്കി തന്നെയാണ് അവർ വോട്ടുകൾ ചെയ്യാറുള്ളത്. ചിരിക്കുന്നവരെ ജയിപ്പിക്കുന്ന ഒരു പ്രവണതയും മലയാളിക്കുണ്ട്.

അത്യാവശ്യം കാണുവാൻ ഭംഗിയുള്ളവരെയും അതുപോലെ ഒട്ടും ഭംഗിയില്ലാവരെയും കഴിവുള്ളവരെയും ജയിപ്പിച്ചുവിടാറുണ്ട് . യുഡിഎഫ് തരംഗത്തിലും ജയിച്ചുകയറിയ സുന്ദരനായ താടിക്കാരൻ ആയിരുന്നു കോട്ടയത്തെ സുരേഷ് കുറുപ്പ്. അതുപോലെ ജനം ജയിപ്പിച്ച മറ്റൊരു ചെറുപ്പക്കാരനായിരുന്നു ടിജെ ആഞ്ചലോസും എസ്  ശിവരാമനും അതുപോലെ എഎം ആരിഫും.

പക്ഷെ ലോക്സഭയിലേക്ക് എന്നും അവർ വളരെ സൂക്ഷ്മതയോടെ തന്നെയാണ് വോട്ടുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യം ശക്തരെന്ന് തോന്നിപ്പിക്കുന്ന പേരുകാരെയും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ കൈകാര്യം ചെയ്യാൻ അറിയാവുന്നവരെയുമൊക്കെ ജയിപ്പിക്കുവാൻ

മലയാളി മടി കാണിച്ചിട്ടില്ല.


ഒഎൻവി കുറുപ്പിനെയും ലെനിൻ രാജേന്ദ്രനെയും സുബ്രമണ്യൻ പോറ്റിയെയും നടൻ മുരളിയേയും തോൽപ്പിച്ച ചരിത്രവും കേരളത്തിനായുണ്ട്. സിനിമാക്കാരനെയും എഴുത്തുകാരനെയും ഒക്കെ തോൽപ്പിച്ചപ്പോൾ അവർ ജയിപ്പിച്ചത് ജനകീയർ ആയവരെയും കഴിവുള്ള രാഷ്ട്രീയക്കാരെയുമാണ്.


കേരളത്തിൽ സിനിമ കളികൾ നടപ്പിലാക്കില്ല എന്ന് ജനം ബോധിപ്പിച്ചു കൊടുത്തു എങ്കിലും ചാലക്കുടിയിൽ മമ്മുട്ടി ഇറക്കിയ ഇന്നസെന്റ് ജയിച്ചുകയറിയത് അവസരവാദിയായ പിസി ചാക്കോയോടുള്ള ജനത്തിന്റെ എതിർപ്പിലായിരുന്നു.

എ.സി ജോസ് - പി.ജെ കുര്യൻ - പി.സി ചാക്കോ - പി.എ ആന്റണി - കെ.എം മാത്യു - എ ചാൾസ് - തമ്പാൻ തോമസ് - ജോർജ് ജോസഫ് മുണ്ടക്കൽ - കെ.ജി അടിയോടി - എ.എ റഹിം - സേവ്യർ അറക്കൽ - ഫ്രാൻസിസ് ജോർജ്ജ് - ജോയ്‌സ് ജോർജ്ജ് - പി.സി തോമസ് - കെ.സി വേണുഗോപാൽ - ഇന്നസെന്റ് - കൊടിക്കുന്നിൽ സുരേഷ് - ആന്റോ ആന്റണി - ജോർജ് ഈഡൻ - ഹൈബി ഈഡൻ - ബെന്നി ബെഹനാൻ - ഡീൻ കുര്യാക്കോസ് - എ.എം ആരിഫ് എന്നിവർ അവരുടെ പേരുകളിലെ ആകർഷകതയിലും ചിരിക്കുന്ന മുഖഭാവങ്ങളിലും ജനങ്ങൾ ഇഷ്ടപ്പെട്ട് വോട്ട് നൽകി വിജയിപ്പിച്ചവരാണ്.

എന്നാൽ കെആർ നാരായണൻ - എസ് കൃഷ്ണകുമാർ - ഡോക്ടർ ശശി തരൂർ - പ്രൊഫസർ സാവിത്രി ലക്ഷ്മണൻ - പ്രൊഫസർ കെ.വി തോമസ് - ഡോക്ടർ മനോജ് - എന്നിവരെയൊക്കെ വിദ്യാഭ്യസവും കഴിവും നോക്കിത്തന്നെ ജനം വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ടതാണ്.

ഇത്രയേറെ നെഗറ്റീവ് പബ്ലിസിറ്റി എതിരാളികൾ പടച്ചുവിട്ടിട്ടും തിരുവനന്തപുരത്തെ ഉൽകൃഷ്ടരായ ജനങ്ങൾ തരൂരിനെ ജയിപ്പിച്ചെടുത്തു. കരുണാകരൻ കണ്ടെത്തിയ എസ് കൃഷ്ണകുമാറിനെ കൊണ്ട് ഐഎഎസ് രാജിവെപ്പിച്ചിട്ടാണ് കൊല്ലത്തുനിന്നും മത്സരിപ്പിച്ചതും ജയിപ്പിച്ചതും.

ലീഡർക്കെതിരായി നിയമസഭയിൽ മത്സരിച്ച മീനാക്ഷി തമ്പാനെ നേരിടുവാൻ പ്രസംഗവുമായി രംഗത്തെത്തിയ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ മലയാളം പ്രൊഫസർ സാവിത്രി ലക്ഷ്മണൻ തന്റെ അതി ചടുലമായ മലയാളം വാക്കുകൾ കൊണ്ട് ജനങ്ങളിൽ ഇറങ്ങി ചെല്ലുകയായിരുന്നു. അതുപോലെ ഐഎഫ്‌സുകാരനായിരുന്ന മുൻ രാഷ്‌ട്രപതി കെആർ നാരായണനും.

മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം സുധീരൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, കെ കരുണാകരൻ, വർക്കല രാധാകൃഷ്ണൻ, വക്കം പുരുഷോത്തമൻ, എം.എം ലോറൻസ്, ഇ ബാലാനന്ദൻ എന്നിവർ നൂറു ശതമാനവും രാഷ്ട്രീയക്കാർ എന്ന നിലയിലാണ് ജനം ജയിപ്പിച്ചത്.


ലീഡറുടെ മകൻ എന്ന നിലയിൽ കോഴിക്കോട് പോലുള്ള മണ്ഡലത്തിൽ കന്നിയങ്കത്തിൽ ഇ.കെ ഇമ്പിച്ചിബാവ പോലെയുള്ള ഒരു മഹാനെയും പിന്നീട് എം.പി വീരേന്ദ്രകുമാർ പോലുള്ള വമ്പനെയും മുട്ടുകുത്തിച്ചപ്പോൾ കേരളത്തിലെ പത്രക്കാരും അവരുടെ സഹായികളും സാഹിത്യകാരന്മാരും സഖാക്കന്മാരും മുരളീധരന് എതിരായി.


അവർ അദ്ദേഹത്തിൽ കണ്ടെത്തിയ കുറ്റം അച്ഛന്റെ മകൻ എന്നത് മാത്രമാണ്. പിന്നീട് ഇപ്പറഞ്ഞ വീരന്റെ മകനും സകലമാന സഖാക്കളുടെ മക്കളും രാഷ്ട്രീയക്കാറുടെ മക്കളും സിനിമാക്കാരുടെ മക്കളും അച്ചന്മാരുടെ കൈപിടിച്ചുകൊണ്ട് കേരളത്തിൽ വിലസിയപ്പോൾ കെ മുരളീധരൻ കേരളത്തിന്റെ തുറുപ്പു ചീട്ടായി മാറുകയായിരുന്നു.

അട്ടിമറികൾ സംഭവിച്ച ചില മണ്ഡലങ്ങളിൽ ഒന്നായിരുന്നു കണ്ണൂരിൽ മുല്ലപ്പള്ളിയെ മലർത്തിയടിച്ച അബ്ദുള്ളക്കുട്ടി. എൽഡിഎഫ് വർഗീയ കാർഡിറക്കിയും കള്ളവോട്ടു ചെയ്തുകൊണ്ടും തങ്ങളുടെ പൊന്നാപുരം കോട്ട പിടിച്ചടക്കിയപ്പോൾ അവരുടെ മുഖ്യ ശത്രു കെ സുധാകരൻ മറ്റൊരു അട്ടിമറിയിലൂടെ ആ സീറ്റ് തിരിച്ചുപിടിച്ചു.

ഒരാളും പ്രതീക്ഷിക്കാതെ, പാർട്ടി നേതാവായ ജോസഫിന് തന്നെ അറിയാത്ത ഒരാളെ കയറിൽ കെട്ടിയിറക്കി ജയിപ്പിച്ച മണ്ഡലമായിരുന്നു മുകുന്ദപുരം. 1984 ൽ ലീഡർ കെ കരുണാകരൻ സീറ്റ് ജോസഫ് ഗ്രൂപ്പിന് നൽകുകയും തനിക്ക് ഇഷ്ടപ്പെട്ട ഒരു കുടുംബക്കാരനെ അവിടേക്ക് കൊണ്ടുവരികയും ജയിപ്പിച്ചെടുക്കുകയും ചെയ്തു.


ആലപ്പുഴയിൽ അപരനായ സുധീരൻ ഒറിജിനൽ വിഎം സുധീരനെ 1009 വോട്ടുകൾക്ക് കെ എസ് മനോജിന് മുന്നിൽ മുട്ടുകുത്തിച്ചപ്പോൾ അപരന് കിട്ടിയ വോട്ട് 8282.


ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയും വളരെ വീറും വാശിയോടും കൂടി കേരളത്തിൽ മുന്നേറ്റം ഉണ്ടാക്കുവാൻ ശ്രമിച്ചെങ്കിലും അവരുടെ കേന്ദ്രത്തിലെ വിജയത്തിന് കോട്ടം തട്ടിയ റിസൾട്ടായിരുന്നു കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും അവർക്ക് കേൾക്കേണ്ടിവന്നത്.

തിരുവനന്തപുരത്ത് അവർ രണ്ടാം സ്ഥാനത്ത് വന്നെങ്കിലും അവർ ഏറെ പ്രതീക്‌ഷിച്ച തൃശൂരിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഇത്തവണ ആമയും മുയലും ഓടിയതുപോലെ യുഎഡിഎഫുകാർ 20 / 20 എന്ന് പറഞ്ഞുംകൊണ്ടിരുന്നാൽ ആൺപിള്ളേർ പാട്ടും പാടി നടക്കും.

കോൺഗ്രസുകാർ ഇപ്പോഴും മണ്ഡലം പ്രസിഡന്റിനെ തീരുമാനിച്ചിട്ടില്ല, ബൂത്ത് കമ്മറ്റി ഉണ്ടാക്കിയിട്ടില്ല, നിലവിലെ മണ്ഡലം പ്രസിഡന്റിനെ മാറ്റി വേറെ ആള് വേണം, തങ്ങൾക്ക് ഇഷ്ടമുള്ളയാളുകൾ മാത്രമേ ജാഥയിൽ പങ്കെടുക്കാവൂ എന്നൊക്കെ വാട്സാപ്പിൽ തല്ലും പിടിച്ചിരുന്നാൽ കേരളത്തിൽ പല അട്ടിമറികളും സംഭവിച്ചേക്കാം !!

നിങ്ങൾ നന്നായാൽ നിങ്ങൾക്ക് നല്ലത് !!!

ചിരിക്കുന്നവർ ജയിക്കട്ടെ എന്ന സന്തോഷത്തിൽ ദാസപ്പനും

നല്ലയാളുകൾക്ക് വോട്ടു നൽകി ജയിപ്പിക്കുക എന്ന ഉപദേശത്തോടെ വിജയനും

Advertisment