Advertisment

നരേന്ദ്രമോഡിയുടെ സന്ദര്‍ശനങ്ങളുടെ പ്രഭ മങ്ങുന്നു, എണ്ണം കൂടുന്നു ? പലതും പഴയതുപോലെ ഫലിക്കുന്നില്ല. യുപിയും ബിഹാറും മഹാരാഷ്ട്രയും ബിജെപിക്ക് പഴയ അവസ്ഥയിലല്ല. ആന്ധ്രക്കും കര്‍ണാടകക്കും തെലുങ്കാനക്കും പഴയ ഗ്യാരന്‍റി നല്‍കില്ലെന്നുറപ്പ്. രാജസ്ഥാനിലും ഡല്‍ഹിയിലും പോലും കാര്യങ്ങള്‍ ഭദ്രമല്ല. ബിജെപി ആവര്‍ത്തിക്കുന്ന 400 പോയിട്ട് 300 കടക്കാന്‍ പെടാപ്പാട് വേണ്ടിവരും - ദാസനും വിജയനും

New Update
nitheesh kumar akhikesh yadav narendra modi rahul gandhi mamatha banarji

എന്തായാലും ഒരു കാര്യം ഉറപ്പിച്ചു: ഒരു മിന്നും വിജയം ആർക്കും അവകാശപ്പെടുവാനാകില്ല: ഒരു സർവേക്കും പ്രവചിക്കുവാനാകില്ല: കഴിഞ്ഞ തവണ സെഞ്ചുറി അടിച്ച ഗുജറാത്തും, ഹരിയാനയും, ഡൽഹിയും, സെഞ്ചുറിക്ക് അരികെയെത്തിയ ബീഹാറും മഹാരാഷ്ട്രയും കർണ്ണാടകയും യുപിയും ഒക്കെ കാര്യങ്ങൾ ഏകപക്ഷീയമല്ല എന്ന ബോധ്യം ഇരുകൂട്ടരിലും എത്തിത്തുടങ്ങിയിരിക്കുന്നു.

Advertisment

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ ഇന്ത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം എത്ര കിട്ടിയാലും ലാഭം തന്നെ. പക്ഷെ ബിജെപിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ കിട്ടിയില്ലെങ്കിൽ ക്ഷീണം മോദിക്ക് തന്നെ.

1989 മുതൽ 2019 വരെ രാമജന്മഭൂമിയിൽ അമ്പലം പണിയും എന്നതായിരുന്നു ഇലക്ഷൻ മാനിഫെസ്റ്റോ.


യുവത്വത്തിന് പല ജോലി വാഗ്ദാനങ്ങളും, ഓരോരോ ഇന്ത്യക്കാരനും അക്കൗണ്ടിൽ പണം വരുമെന്ന മോഹന വാഗ്ദാനങ്ങളും, സ്വിസ്സ് ബാങ്കിലുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരും എന്നുള്ള തള്ളുകളും ഒക്കെ കേട്ട് കേട്ട് തഴമ്പിച്ച വോട്ടർമാർ ഇത്തവണ കാണുന്നത് കള്ളപ്പണം പറഞ്ഞവൻ അല്ലെങ്കിൽ അഴിമതിക്കെതിരെ എന്ന് പറഞ്ഞു വോട്ടുവാങ്ങി ജയിച്ചവർ കാണിച്ചുകൂട്ടുന്ന ബോണ്ട് തട്ടിപ്പുകൾ ആണ്. 


അമ്മയും മകളും പെണ്ണ് തന്നെ എന്ന് പറഞ്ഞതുപോലെയായി കാര്യങ്ങൾ. അഴിമതിപ്പണമില്ലാതെ ഒരു രാഷ്ട്രീയ പാർട്ടിക്കും പിടിച്ചുനിൽക്കുവാനാകില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ബിജെപി.

കേരളവും തമിഴ്നാടും 'ഇന്ത്യ'ക്ക് !

ഇനി നമ്മുക്ക് ഏകദേശ കണക്കുകളിലേക്ക് പോകാം, കേരളം 15 സീറ്റുകൾ ഇന്ത്യക്ക് അല്ലെങ്കിൽ കോൺഗ്രസിന് കിട്ടും  എന്ന് കരുതുക , തമിഴ്‌നാട്ടിൽ 39 സീറ്റിൽ 39 സീറ്റും ഇന്ത്യ മുന്നണിക്ക് കിട്ടുമെന്നത് തമിഴ്‌നാടിന്റെ ഒരു ട്രെൻഡ് ആണ്.

കഴിഞ്ഞ തവണ 38 കിട്ടുമ്പോൾ എഐഡിഎംകെ എന്ന ദ്രാവിഡ പാർട്ടി ബിജെപിയുടെ കൂടെയായിരുന്നു. ഇന്നിപ്പോൾ ബിജെപിയുടെ കൂടെ വക്ക് പൊട്ടിയ പാട്ടാളി മക്കൾ കക്ഷിയും കാലഹരണപ്പെട്ട തമിഴ് മനില കോൺഗ്രസ്സും ഒക്കെയാണ്.

എഐഡിഎംകെ മുന്നണിയിൽ എസ്ഡിപിഐ ഐഎൻഎൽ ഇത്യാദി എടുക്കാ ചരക്കുകളാണ് കൂടെ കൂട്ടിയിട്ടുള്ളത്. ഡിഎംകെ മുന്നണിയിൽ കോൺഗ്രസ്സും കമ്മ്യുണിസ്റ്റും എംഡിഎംകെയും ലീഗും ഒക്കെയുണ്ട്. ആയതിനാൽ തമിഴ്‌നാട്ടിൽ ഇത്തവണ ഇന്ത്യ മുന്നണി 39 ഇൽ 39 ഉം വൻ ഭൂരിപക്ഷത്തിൽ ജയിച്ചുവരും. 

കര്‍ണാടകയില്‍ കളി വേറെ ലവല്‍

കർണാടകത്തിൽ 28 സീറ്റുകളിൽ 26 എണ്ണവും ബിജെപി മുന്നണി നേടിയപ്പോൾ വെറും 2 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. എന്തൊക്കെ തന്നെയായാലും ഇത്തവണ കർണ്ണാടകം ഏകപക്ഷീയമായിരിക്കില്ല.

ഭരണം മാറി, ഈശ്വരപ്പ മാറി, സദാനന്ദ ഗൗഡ മാറുന്നു, യെദ്യൂരപ്പ പെണ്ണ് കേസിലേക്ക് മാറി, ഡികെ യുടെ ചരടുവലികൾ അമിത്ഷായുടെ ഉറക്കം കെടുത്തുന്നു. എങ്ങനെ വന്നാലും 50 - 50 ആയാലും ബിജെപിക്ക് കര്‍ണാടകയില്‍ 10 സീറ്റുകൾ കുറയുമെന്നത് ഉറപ്പ്.

അടുത്തത് ആന്ധ്രയാണ്. അവിടെ കഴിഞ്ഞതവണ ബിജെപി മുന്നണിക്ക് ലഭിച്ചത് 25 -ൽ 22 സീറ്റുകളാണ്. അന്ന് വൈഎസ്ആറിന്റെ മകൻ ബിജെപി മുന്നണിയിൽ ആയിരുന്നു. ഇത്തവണ തെലുഗുദേശമാണ് ബിജെപി മുന്നണയിൽ.

വൈഎസ്ആറിന്റെ മകൾ കോൺഗ്രസ്സിനെ നയിക്കുമ്പോൾ കേവലം 5 സീറ്റെങ്കിലും കോൺഗ്രസ്സ് പിടിച്ചേക്കാം. ഭാരത് ജോഡോ യാത്ര പോയിടത്തെല്ലാം ഒരു മാറ്റമുണ്ടെന്ന് തെലങ്കാന നമ്മെ കാണിച്ചുതന്നതാണ്.

തെലുങ്കാനയില്‍ രേവന്ത് മാജിക് ഫലിക്കുമോ ?

ഇനി തെലങ്കാന നോക്കിയാൽ 17 സീറ്റുകളിൽ 9  എണ്ണം ടിആർഎസ് പിടിച്ചപ്പോൾ 4 എണ്ണം ബിജെപിക്കും 3 എണ്ണം കോൺഗ്രസ്സിനും ലഭിച്ചു.

ഇത്തവണ 17 -ൽ 15 ഉം പിടിക്കുമെന്നാണ് രേവന്ത് റെഡ്ഢി പറയുന്നത് എങ്കിലും പത്തെണ്ണം കോൺഗ്രസ്സിന് ഉറപ്പാക്കാം. ബിജെപിയുടെ ബി ടീമായ ഒവൈസിയുടെ മജ്ലിസ് പാർട്ടി ഒരു സീറ്റിലും വന്നേക്കാം. അവരാണ് കോൺഗ്രസ്സിന്റെ സാദ്ധ്യതകൾ ഇല്ലാതാക്കുന്നത് എന്നറിഞ്ഞിട്ടു തന്നെയാണ് കോൺഗ്രസ്സ് കരുക്കൾ നീക്കുന്നത്.

ഇനിയുള്ളത് ഗോവയാണ്. കഴിഞ്ഞതവണത്തെ പോലെ ഓരോരോ സീറ്റുകൾ ഓരോരുത്തർക്കും ലഭിച്ചേക്കാം.

മഹാരാഷ്ട്രയുടെ മനസറിയും !

മഹാരാഷ്ട്രയിലേക്ക് കടന്നാൽ കാര്യങ്ങൾ വീറും വാശിയിലേക്കും മാറുന്ന കാഴ്ചകളാണ്. ശിവസേനയും എൻസിപിയും അവരുടെ ജീവന്മരണ പോരാട്ടമായി കാണുന്നതുകൊണ്ട് പണം വീശിയേക്കാം.


കഴിഞ്ഞ തവണ 48 -ൽ 41 സീറ്റുകൾ ബിജെപി മുന്നണി പിടിച്ചെടുത്തപ്പോൾ ഇത്തവണ ശിവസേന ഇന്ത്യക്കൊപ്പമാണ്. 18 സീറ്റുകൾ അവർക്ക് കിട്ടി. ഇത്തവണ എന്തായാലും 20-28 എന്നായിരിക്കും വിധി വരുന്നത് . അത് ആർക്കുമാകാം. ചിലപ്പോൾ ഇന്ത്യക്ക് 28 കിട്ടിയേക്കാം, പക്ഷെ 20 ഉറപ്പാണ്.


ഒഡീഷയിൽ 1 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത് . ഇത്തവണ 3 സീറ്റെങ്കിലും കോൺഗ്രസിന് ലഭിക്കും . രാഹുൽഗാന്ധിയുടെ യാത്ര ഏറെ ഗുണം ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നാണ് ഒഡീഷ.

ബംഗാളും ആസാമും പഴയ പടി

വെസ്റ്റ് ബംഗാളിൽ ഇത്തവണ മമത തൂത്തുവാരുന്ന ലക്ഷണങ്ങളാണ് കാണുന്നത്. ബിജെപി പഴയതുപോലെ വീറും വാശിയും അവിടെ കാണിക്കുന്നില്ല എന്നതാണ് ഒരു കാരണം.

മമതയ്ക്ക് 42 -ൽ 32 വരെ കിട്ടിയേക്കാം. കോൺഗ്രസ്സ് സിപിഎം കൂട്ടുകെട്ടിൽ കോൺഗ്രസിന് കഴിഞ്ഞതവണത്തെ 2 സീറ്റും നിലനിർത്താനായാൽ ബിജെപിക്കാണ് ക്ഷീണം.


ആസ്സാമിൽ 14 സീറ്റുകളിൽ 9 എണ്ണമാണ് ബിജെപിക്ക് കിട്ടിയത് കോൺഗ്രസിന് 3 സീറ്റും. അത് ഇത്തവണ 6  സീറ്റുകളാക്കി കോൺഗ്രസ്സ് ഉയർത്തിയേക്കാം. അവിടെയും രാഹുലിന്റെ യാത്രയാണ് മുഖ്യ ആകർഷകം. പിന്നെ സിആർസിയും പൗരത്വ ബില്ലും.


ഇനി ജാർക്കണ്ഡിലെക്ക് നോക്കിയാൽ അവിടെ 14 സീറ്റുകളിൽ 12 എണ്ണം ബിജെപി മുന്നണിക്കാണ്. 2 എണ്ണം ഇന്ത്യ മുന്നണിക്കും. എന്തൊക്കെ സംഭവിച്ചാലും ഇത്തവണ 10 സീറ്റുകളിൽ ഇന്ത്യ മുന്നണി വിജയിക്കുവാനുള്ള എല്ലാ സാദ്ധ്യതകളും പ്രാദേശിക വാർത്ത ചാനലുകളിൽ നിന്നും മനസ്സിലാക്കാം.

പിന്നെ ഇഡി വേട്ടയാടലുകളും അറസ്റ്റുകളും രാഹുലിന്റെ യാത്രയുമൊക്കെ കാര്യമായി അവിടെ സ്വാധീനിച്ചിട്ടുമുണ്ട്. ഉത്തരാഖണ്ഡിൽ അഞ്ചിൽ അഞ്ചും നേടിയ ബിജെപിക്ക് ഇത്തവണ രണ്ടെണ്ണം കൈവിട്ടേക്കാം. അവിടത്തെ അസംബ്ലി ഇലക്ഷന് ശേഷം ഉണ്ടായിരിക്കുന്ന സ്ഥിതി വിശേഷങ്ങൾ വെച്ചുനോക്കുമ്പോൾ ഇന്ത്യ മുന്നണിക്ക് രണ്ടെണ്ണം കിട്ടിയേ പറ്റൂ.

തകിടം മറിച്ചിലുകള്‍ക്ക് ബിഹാറിന്‍റെ മറുപടി ഉണ്ടാകുമോ ? 

ബീഹാറിലെ കാര്യം എടുത്തുനോക്കിയാൽ 40 സീറ്റുകളിൽ 39 എണ്ണവും നേടിയത് ബിജെപി - നിതീഷ് -പാസ്വാൻ മുന്നണിയാണ്. അന്നത്തെ തിരഞ്ഞെടുപ്പിൽ ലാലു പ്രസാദിന്റെ രണ്ടുമക്കളും രണ്ടു വഴിക്കായിരുന്നു. 

ഇന്നിപ്പോൾ നിതീഷ് കാണിച്ചുകൂട്ടിയ തോന്ന്യാസങ്ങളും പാസ്വാന്റെ സഹോദരന്റെ രാജിയും ഒക്കെ കണക്കുകൂട്ടി നോക്കിയാൽ പരമാവധി 20 സീറ്റുകളിൽ മാത്രമേ ബിജെപി സഖ്യം വിജയിക്കുവാനുള്ള സാദ്ധ്യതകൾ ഉള്ളൂ. കോൺഗ്രസ്സും തേജസ്വിയും നല്ല ബന്ധം പുലർത്തുന്നതുകൊണ്ട് 20 സീറ്റുറപ്പിക്കാം.


പാസ്വാന്റെ പാർട്ടിയിലെ അസ്വാരസ്യവും നിതീഷിനോടുള്ള വിശ്വാസക്കുറവും ചേർത്തുവായിക്കുമ്പോൾ ലാലു പ്രസാദ് ഇത്തവണ ബീഹാറിൽ ഗോളടിക്കും.


ഹിമാചൽ പ്രദേശത്തെ നാലിൽ നാല് സീറ്റ് ബിജെപി നേടിയിട്ടും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ കൈവിട്ടു പോയ സ്ഥിതിക്ക് അവിടെയും 50 -50 തത്വം സംഭവിച്ചേക്കാം. രണ്ടുകൂട്ടർക്കും രണ്ടുവീതം സീറ്റുകൾ നൽകി ഹിമാചൽ ജനത ആശിർവദിച്ചേക്കാം. 

ത്രിപുരയിലെ ആകെയുള്ള രണ്ടുസീറ്റുകളും ബിജെപി സ്വന്തമാക്കിയിരിക്കുന്ന വേളയിൽ കോൺഗ്രസ്സും സിപിഎമ്മും ചേർന്നുള്ള മൊഹബ്ബത്ത് ത്രിപുരയിൽ ഒരു സീറ്റ് നേടുവാനുള്ള പണികൾ ചെയ്തുവരുന്നു.

ഛത്തീസ്ഗഡിൽ പതിനൊന്നിൽ ഒമ്പതും ബിജെപി മുന്നണി നേടിയെങ്കിലും ഇത്തവണ ഭരണം കയ്യിൽ കിട്ടിയപ്പോൾ സംഭവിക്കുന്ന വിരുദ്ധ വികാരവും പ്രതിപക്ഷത്തിന്റെ ഐക്യവും കൂടി ചേരുമ്പോൾ ആറു സീറ്റുകൾ ബിജെപിക്കും അഞ്ചു സീറ്റുകൾ കോൺഗ്രസിനും ലഭിക്കുവാനുള്ള സാധ്യതകളാണ് പ്രാദേശിക ചാനലുകാർ റിപ്പോർട്ട് ചെയുന്നത്.

കാശ്മീരില്‍ ജനവിധി നിര്‍ണായകം

ജമ്മു കാശ്മീരിൽ മൊത്തമുള്ളത് ആറു ലോക്സഭാസീറ്റുകളാണ്. മൂന്നെണ്ണം ബിജെപിക്കും മൂന്നെണ്ണം ഫാറൂഖ് അബ്ദുല്ലക്കും. ഇത്തവണ ഫാറൂഖ് അബ്ദുല്ല കോൺഗ്രസ്സിന്റെ കൂടെയുള്ളത് കൊണ്ടും ബിജെപിയോടുള്ള വെറുപ്പുകൊണ്ടും ബിജെപിക്ക് ഒരു സീറ്റ് കൊണ്ട് തൃപ്തി പെടേണ്ടിവന്നേക്കാം.

മത്സരിച്ച 13 സീറ്റുകളിൽ എട്ടെണ്ണത്തിൽ കോൺഗ്രസ്സും നാലെണ്ണത്തിൽ ബിജെപി മുന്നണിയും ഒരെണ്ണത്തിൽ ആം ആദ്മി പാർട്ടിയും വിജയിച്ചുവെങ്കിലും ഇന്നിപ്പോൾ പഞ്ചാബ് ആകപ്പാടെ മാറി മറിഞ്ഞിരിക്കുന്നു.

ഇപ്പോഴത്തെ നില അനുസരിച്ചു നോക്കിയാൽ പത്ത് സീറ്റ് ഇന്ത്യ മുന്നണിക്കും 3 സീറ്റുകൾ ബിജെപി മുന്നണിക്കും കിട്ടിയേക്കാം . കർഷകസമരങ്ങളും കേന്ദ്ര ഭരണ വികാരവും ഖാലിസ്ഥാൻ പ്രശ്നങ്ങളും വെച്ച് നോക്കുമ്പോൾ ഇന്ത്യ മുന്നണി പത്തിലും കൂടുതൽ സീറ്റുകൾ നേടിയേക്കാം.

ഡല്‍ഹിയില്‍ സഖ്യം ആഷായില്ലെങ്കില്‍

ഡൽഹിയിൽ ഏഴിൽ ഏഴും ബിജെപി നേടിയപ്പോൾ ആം ആദ്മിയും കോൺഗ്രസ്സും പരസ്പരം പോരടിച്ചുകൊണ്ട് വട്ടപ്പൂജ്യമായത് മനസ്സിലാക്കിക്കൊണ്ട് ഇത്തവണ ഉണ്ടാക്കിയ സഖ്യത്തിൽ നാല് സീറ്റുകൾ ബിജെപിക്കും മൂന്ന് സീറ്റുകൾ ഇന്ത്യമുന്നണിക്കും കിട്ടിയേക്കാം. ചിലപ്പോൾ ഏഴിൽ ഏഴും ഇന്ത്യമുന്നണി വെട്ടി പിടിച്ചേക്കാം.

2014 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 140 സീറ്റുകളിൽ ആംആദ്മി പാർട്ടി കോൺഗ്രസിനെ തോൽക്കുവാൻ ഇടയാക്കിയത് മനസിലാക്കിയ നേതൃത്വം ആംആദ്മിയായി കൈകൊടുത്തുവെങ്കിലും ബിജെപിയുടെ ബി ടീമാണോ ആംആദ്മി എന്ന് സംശയിക്കേണ്ടിയും ഇരിക്കുന്നു . തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചതിക്കുഴികളിൽ വീഴാതിരുന്നാൽ ഇന്ത്യ മുന്നണിക്ക് എല്ലാം കൊണ്ടും നല്ല സമയമാണ്.

ഹരിയാന ബിജെപി സെഞ്ചുറി അടിച്ച സംസ്ഥാനം ആണെങ്കിലും തിരഞ്ഞെടുപ്പിന് മുന്നൊരുക്കം ചെയ്യുന്നതിനിടയിൽ പ്രധാനമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ മുഖ്യമന്ത്രിയുടെ സ്ഥാനഭ്രംശം പാർട്ടിയെ ഏറെ ക്ഷീണിപ്പിച്ചു എന്നാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നത്.

പത്തിൽ അഞ്ചെണ്ണം ഈസിയായി ബിജെപിക്ക് നഷ്ടപ്പെട്ടേക്കാം എന്നാണ് അവരുടെ അഭിപ്രായം. സെഞ്ചുറി അടിച്ച മറ്റൊരു ശക്തികേന്ദ്രമായ ഗുജറാത്തിൽ അസംബ്ലി തിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം നടത്തിയിരുന്നു.

പക്ഷെ ആം ആദ്മി തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെക്കുകയും അഞ്ചോളം നിയമസഭാ സീറ്റുകൾ പിടിക്കുകയും ചെയ്തു. കോൺഗ്രസിന് ധാരാളം സീറ്റുകൾ കപ്പിനും ചുണ്ടിനുമിടക്ക് നഷ്ടപ്പെട്ടത് ആം ആദ്മിയും ഉവൈസിയും കാരണമാണ്. ഇത്തവണ ആം ആദ്മി കൂടെയുള്ളപ്പോൾ ആറു സീറ്റെങ്കിലും കോൺഗ്രസ്സ് മുന്നണി പിടിച്ചേക്കാം.

രാജസ്ഥാനില്‍ കളി മാറുമോ

രാജസ്ഥാനിലും ബിജെപി മുന്നണി കോൺഗ്രസിനെ നിലം തൊടീച്ചില്ല. ഭരണം കയ്യിൽ ഉണ്ടായിട്ടും 25 -ൽ 25 ഉം നഷ്ടപ്പെട്ട കോൺഗ്രസ്സ്

എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന ഷോക്കിൽ നിന്നും മുക്തമായിട്ടില്ല. ഗുജറാത്തും ഹരിയാനയും രാജസ്ഥാനും പോലുള്ള സ്ഥലങ്ങളിലെ ഏകപക്ഷീയ വിജയത്തിലാണ് നമ്മുക്ക് ഇവിഎം നെ വരെ സംശയിക്കേണ്ടി വന്നത്.

ലോകത്ത് ഇലക്ട്രോണിക്സ് ആയ എന്തിലും മനുഷ്യൻ വിചാരിക്കുന്ന പോലെ എന്തും ചെയ്യാനാവുന്നത് കൊണ്ട് നാസിക്കിലെ ഫാക്ടറിയിൽ ഉണ്ടാക്കിയ ഇവിഎം നെ ചുമ്മാ എഴുതിത്തള്ളുവാൻ ആയിട്ടില്ല. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രീകരിക്കാതെ വെറും 200 സീറ്റുകളിൽ മാത്രമാണ് ഇവിഎം കളിക്കുന്നത് എന്നതാണ് നാം മനസിലാക്കേണ്ടത്.

എന്തായാലും ഇത്തവണ രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് പത്തു സീറ്റെങ്കിലും ഇന്ത്യ മുന്നണിക്ക് നേടിക്കൊടുക്കും എന്നാണ് അറിയുവാൻ കഴിയുന്നത്.

മധ്യപ്രദേശത്തിൽ 29 സീറ്റുകളിൽ 28 എണ്ണമാണ് ബിജെപി നേടിയത്. കോൺഗ്രസിന് പേരിനു ഒരെണ്ണവും. കമൽനാഥും ദിഗ്‌വിജയും സിന്ധ്യയുമൊക്കെ തലകുത്തി നിന്ന് പണിയെടുത്തിട്ടും കേവലം ഒരു സീറ്റ് എന്നത് നാണക്കേട് തന്നെ ആയിരുന്നു.


പക്ഷെ ഇത്തവണ കാര്യങ്ങൾ തകിടം മറിയുവാനുള്ള സാഹചര്യങ്ങൾ ഏറെയാണ്. മുൻ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും സീറ്റ് നിഷേധിക്കപ്പെട്ട പ്രജ്ഞ സിങ് പോലുള്ളവരുടെ ഭാഗത്തുനിന്നും പല അട്ടിമറികളും പ്രതീക്ഷിക്കാം. അസംബ്ലി തിരഞ്ഞെടുപ്പിൽ കമൽനാഥിനും മകനും അബദ്ധം ഇനി അവർത്തിക്കാതിരിക്കുവാൻ അവർ ശ്രദ്ധിക്കും.


ആയതിനാൽ ജയിക്കേണ്ടത് അവരുടെ മാത്രം ആവശ്യമാണ്. എട്ടു സീറ്റെങ്കിലും കോൺഗ്രസിന് ലഭിക്കാം എന്നാണ് കമൽനാഥ്‌ ലോബിയുടെ അഭിപ്രായം.

യുപി എന്ന പരീക്ഷണം

ഉത്തർപ്രദേശിൽ എൺപത് സീറ്റുകളിൽ 64 എണ്ണമാണ് ബിജെപി കയ്യടക്കിയത്. എസ്പി ബിഎസ്പി സഖ്യം 15 സീറ്റുകളിലും കോൺഗ്രസ്സ് കേവലം ഒരു സീറ്റിലും ജയിച്ചുകയറി. ശരിക്കും യുപിയുടെ ഘടന വെച്ചുനോക്കിയാൽ 20 മുതൽ 22 സീറ്റുകൾ വരെ കോൺഗ്രസിന് നേടുവാൻ സാധിക്കും.

പക്ഷെ കോൺഗ്രസ്സ് അനുകൂല വോട്ടുകൾ സമാഹരിക്കുവാനാകാതെ വിവിധ പാർട്ടികൾക്ക് വീതം വെച്ച് പോകുന്നു എന്നതാണ് അവിടെ കാണുന്ന ദയനീയത.


കഴിഞ്ഞ തവണ പകുതിയോളം സീറ്റുകളിൽ ഉത്തരവാദിത്വം പ്രിയങ്ക ഗാന്ധിക്കും പകുതിയോളം ജ്യോതിരാഹിത്യ സിന്ധ്യക്കും ആയിരുന്നു. പക്ഷെ സിന്ധ്യ തിരഞ്ഞെടുപ്പ് സമയത്ത് പാലം വലിച്ചപ്പോൾ കോൺഗ്രസ്സ് തകർന്നുപോയി. അതുകൊണ്ടാണ് സിന്ധ്യക്ക് പാർട്ടി വിടേണ്ടി വന്നതും . ഇത്തവണ എസ്പി - കോൺഗ്രസ്സ് സഖ്യം ആത്മാർത്ഥമായി നീങ്ങുന്നതുകൊണ്ട് മുപ്പത് സീറ്റെങ്കിലും പിടിക്കുവാൻ സാധിക്കും. ബിജെപി നാൽപ്പതിൽ ഒതുങ്ങേണ്ടിയും വരും.


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മണിപ്പൂർ വിഷയവും ചൈന വിഷയവും ഒക്കെ ആളിക്കത്തിയതിനാൽ പകുതിക്ക് മേലെ സീറ്റുകൾ ഇന്ത്യ മുന്നണി നേടുമെന്നാണ് പ്രാദേശിക കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്തായാലും ആർക്കായാലും ഒരു മഹാ ഭൂരിപക്ഷം ഒന്നും അവകാശ പെടുവാൻ ആകില്ല എങ്കിലും നേരിയ മുൻ‌തൂക്കം ബിജെപിക്ക് തന്നെയായിരിക്കും. 1996  അവർത്തിക്കുവാനാണ് സാധ്യത കാണുന്നത്. കൂടാതെ ഇന്നത്തെ ഇലക്റ്ററൽ ബോണ്ടുകൾ എന്താണെന്നും അതിലെ അഴിമതികൾ സാധാരണക്കാരിൽ എത്തിക്കുവാൻ സാധിക്കുമെങ്കിൽ ചിലപ്പോൾ 2004 അവർത്തിച്ചേക്കാം.


രാമക്ഷേത്രം പണി തീരാതെ ഉത്‌ഘാടനം നിർവഹിക്കുവാൻ പാടില്ലായിരുന്നു. ബിജെപിക്ക് പറയുവാൻ വിഷയങ്ങൾ ഇല്ല. രണ്ടാം നിരയിൽ നേതാക്കൾ ഇല്ല. മോഡി പ്രഭാവം കുറയുന്നു എന്നത് അദ്ദേഹം രണ്ടുതവണ തൃശൂരും പിന്നെ പത്തനം തിട്ടയിലും പാലക്കാട്ടും കോയമ്പത്തൂരും വന്നപ്പോൾ മനസിലായി. പഴയപോലെ ആൾക്കൂട്ടമില്ല, വാർത്തകളിൽ ഇടം പിടിക്കുന്നില്ല.


രാഹുൽ ഗാന്ധിയിൽ നേരിയ പ്രതീക്ഷ ചെറുപ്പക്കാരിൽ ഉള്ളതുകൊണ്ട് കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും മനഃസമാധാനിക്കാം !!!



ആരൊക്കെ വന്നാലും കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെ എന്ന് ദാസനും

ഇന്ത്യയിൽ ഇനി ഒരു തിരഞ്ഞെടുപ്പ് വേണോ എന്നുള്ളത് എല്ലാം ജൂൺ നാലിന് അറിയാനാവും എന്ന് വിജയനും

Advertisment