Advertisment

പാലക്കാടന്‍ ജനതയുമായി ഇഴകിച്ചേര്‍ന്ന എംപി ശ്രീകണ്ഠന്‍, ജനകീയതയില്‍ മുമ്പനായ കൃഷ്ണകുമാര്‍, മൂവരില്‍ സീനിയറായ മുന്‍ എംപി വിജയരാഘവന്‍ - സമുദായവും സമവാക്യങ്ങളും ജനകീയതയും വിധി നിശ്ചയിക്കുന്ന പാലക്കാടന്‍ മണ്ണില്‍ ഇത്തവണ ആര് വിജയക്കൊടി പറപ്പിക്കും - ദാസനും വിജയനും

മൂന്നു നായന്മാരാണ് പാലക്കാട്ട് അങ്കം വെട്ടുന്നത് എങ്കിലും നായന്മാരുടെ വോട്ടുകൾ എന്നും ഒരു കിണ്ണത്തിന്റെ വക്കത്തെ കടുകിന്റെ അവസ്ഥയിലായിരിക്കും. സാഹചര്യം അനുസരിച്ച് എപ്പോൾ വേണമെങ്കിലും മാറാവുന്ന വോട്ടർമാരാണ് അവർ. അതുകൊണ്ട് ശ്രീകണ്ഠനും കൃഷ്ണകുമാറും വിജയരാഘവനും കാത്തിരുന്നു തന്നെ കാണണം.

author-image
ദാസനും വിജയനും
Updated On
New Update
a vijayarakhavan sreekandan s krishnakumar

പാലക്കാടും പരിസരവും ചൂടുകൊണ്ട് പൊള്ളുമ്പോൾ ശ്രീകണ്ഠനും കൃഷ്ണകുമാറും വിജയരാഘവനും ജീവന്മരണ പോരാട്ടത്തിൽ ഓടുകയാണ്. ഇത്തവണ ശ്രീകണ്ഠനും കൃഷ്ണകുമാറും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ഇടതു ക്യാമ്പുകളിൽ മ്ലാനത അനുഭവപ്പെടുന്നു. പെൻഷൻ കിട്ടാത്തതിന്റെയും വിലക്കയറ്റവും ഏറ്റവും രൂക്ഷമായി ബാധിക്കുന്ന മണ്ഡലമാണ് പാലക്കാട്. കേരളത്തിലെ ഏറ്റവും അധികം സാധാരണക്കാരുടെ ജില്ലയാണ് പാലക്കാട്. അവിടത്തെ മുഖ്യ വിഷയം വിലക്കയറ്റം തന്നെയാണ് എന്നാണ് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ മനസിലാക്കുവാൻ സാധിച്ചത്.

Advertisment

ഇത്തവണ ബിജെപി രണ്ടാം സ്ഥാനത്ത് വരുവാൻ ഒട്ടേറെ സാദ്ധ്യതകൾ കാണുന്നുണ്ടെങ്കിലും മുനിസിപ്പൽ ചെയർമാൻ ആയിരുന്ന 'മൂത്താൻ' സമുദായക്കാരിയെ നായർ സമുദായക്കാർ ഒതുക്കിയപ്പോൾ മൂത്താൻ ഗ്രാമമായ വടക്കന്തറയിൽ  ബിജെപി കടുത്ത പ്രതിസന്ധി നേരിടുകയാണ്. മൂന്നു നായന്മാരാണ് പാലക്കാട്ട് അങ്കം വെട്ടുന്നത് എങ്കിലും നായന്മാരുടെ വോട്ടുകൾ എന്നും ഒരു കിണ്ണത്തിന്റെ വക്കത്തെ കടുകിന്റെ അവസ്ഥയിലായിരിക്കും. സാഹചര്യം അനുസരിച്ച് എപ്പോൾ വേണമെങ്കിലും മാറാവുന്ന വോട്ടർമാരാണ് അവർ. അതുകൊണ്ട് ശ്രീകണ്ഠനും കൃഷ്ണകുമാറും വിജയരാഘവനും കാത്തിരുന്നു തന്നെ കാണണം.


ഈഴവ സമുദായത്തിന്റെ വോട്ടുകൾ പണ്ടൊക്കെ ഒന്നടങ്കം ഇടത്തിലേക്ക് പോയിരുന്നുവെങ്കിലും ഇന്നിപ്പോൾ 40 % ഇടതിനും 30 ശതമാനം ബിജെപിക്കും 30 ശതമാനം കോൺഗ്രസ്സിനും ലഭിച്ചേക്കാം. കോൺഗ്രസ്സിന് ലഭിച്ചേക്കാവുന്ന ഭാഗങ്ങൾ അച്യുതന്റെ മണ്ഡലത്തിലും പരിസര പ്രദേശങ്ങളിൽ നിന്നുമായിരിക്കും.


സിറ്റിയിലെയും മലമ്പുഴയിലെയും ഈഴവ വോട്ടുകൾ ബിജെപിക്കും കോങ്ങാടും ഒറ്റപ്പാലവും ഷൊർണൂരും സിപിഎമ്മിനും അനുകൂലമായേക്കാം എന്നൊക്കെയാണ് കണക്കുകൂട്ടലുകൾ. മുസ്ലിം വോട്ടുബാങ്കിൽ 90 ശതമാനവും ശ്രീകണ്ഠന്റെ വിജയമുറപ്പിക്കുവാൻ സഹായിക്കും. അതുപോലെ കൽപ്പാത്തിക്കാർ പകുതി ശ്രീകണ്ഠനും പകുതി കൃഷ്ണകുമാറിനും വീതം വെക്കും.

പാലക്കാട് മണ്ഡലത്തിന്റെ പൊതുവായ സ്വഭാവമനുസരിച്ച് യുഡിഎഫ് ആധിപത്യം ഉണ്ടായിരുന്ന മണ്ഡലമായിരുന്നു. 1989  ൽ വിഎസ് വിജയരാഘവൻ എങ്ങനെ വന്നാലും ജയിച്ചുകയറുമെന്ന ആത്മവിശ്വാസത്താൽ തൊട്ടടുത്ത കോയമ്പത്തൂരും പൊള്ളാച്ചിയിലും കോൺഗ്രസിന് വോട്ട് പിടിക്കാൻ പോയപ്പോൾ അന്നത്തെ എതിരാളിയും ഇന്നത്തെ സ്ഥാനാർത്ഥിയുമായ എ വിജയരാഘവൻ വെറും 1286 വോട്ടുകൾക്ക് വിഎസ് വിജയരാഘവനെ മുട്ടുകുത്തിച്ചു.

അന്ന് എ വിജയരാഘവൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും, അന്നത്തെ സെനറ്റ് സിൻഡിക്കേറ്റ് മെമ്പർ ആയിരുന്ന മന്ത്രി ബിന്ദുവിനെ പ്രണയിച്ചു കല്യാണം കഴിച്ച പുതുമോടിയിലും വാർത്താ പ്രാധാന്യം നേടിയിരുന്നു. പിന്നെ പാലക്കാട്ടെ കണക്കനുസരിച്ചു ഏകദേശം ഇരുപതിനായിരത്തോളം വോട്ടുകൾ വിജയരാഘവന്മാർക്ക് മാറിയും മറിഞ്ഞും ജനം വോട്ട് ചെയ്തപ്പോൾ എ വിജയരാഘവന് എംപി ആകുവാനായി.

പക്ഷെ പാലക്കാട്ടുകാർക്കും മലബാറുകാർക്കും എ വിജയരാഘവനോട് വലിയ മമത ഒന്നുമില്ല. ജയരാജന്മാരോടും എകെ ബാലനോടും ഒക്കെയുള്ള സ്നേഹം പിടിച്ചുപറ്റുവാൻ വിജയരാഘവനായിട്ടില്ല. കൂടാതെ മുൻ വിവാദ എംഎൽഎ ശശിയുടെ ഫാക്ടറും വിജയരാഘവന് എതിരായി വോട്ടുകൾ മറിച്ചേക്കാം എന്നും ഇടതുക്യാമ്പുകളിൽ നിന്നും കേൾക്കുന്നുണ്ട്.


ശ്രീകണ്ഠൻ ഇക്കഴിഞ്ഞ അഞ്ചുകൊല്ലമായി പാലക്കാട്ടു നിന്നും ആകെ മാറിനിന്നിട്ടുള്ളത് ഡൽഹിയിൽ ലോക്സഭാ സമ്മേളനങ്ങൾക്ക് മാത്രമാണ്. ഏതൊരു കുഞ്ഞിക്കിടാവിനും നേരിട്ട് വന്നു കാര്യങ്ങൾ സംസാരിക്കുവാനുള്ള സൗകര്യങ്ങൾ ശ്രീകണ്ഠൻ ഒരുക്കിയിട്ടുണ്ട് എന്നത് ജനങ്ങളിൽ സ്നേഹം വളർത്തുവാൻ സാധിച്ചു. എ.വി ഗോപിനാഥ്‌ ലേശം പാരയാകുമെങ്കിലും അങ്ങേരുടെ വിലയും നിലയും അങ്ങേര്‌ത്തന്നെ തന്നെ കളഞ്ഞുകുളിച്ച സ്ഥിതിക്ക് വലിയ വോട്ട് ചോർച്ച ഒന്നും സംഭവിക്കുവാൻ സാധ്യതയില്ല.


മറ്റൊരു സൗമ്യനാണ് കൃഷ്ണകുമാർ എന്നത് വിജയരാഘവനാണ് ഭീഷണി. കൃഷ്ണകുമാർ പണ്ടേ മുതൽ പാലക്കാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. ബിജെപിയുടെ മറ്റുള്ള നേതാക്കന്മാരെ തുലനം ചെയ്തുനോക്കുമ്പോൾ ജനകീയ അടിത്തറയുള്ള ഏക നേതാവ് പാലക്കാട്ടെ കൃഷ്ണകുമാർ തന്നെയാണ്.

അദ്ദേഹം മറ്റുള്ളവരെ പോലെ സ്ഥാനമാനങ്ങൾക്കായി ഓടിനടക്കാത്തതുകൊണ്ടും പാലക്കാട്ട് ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടും പാലക്കാട്ടുകാരുടെ വിശ്വാസ്യത നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. മൂത്താൻ സമുദായത്തിൽ പെട്ട മുൻസിപ്പൽ ചെയർമാനെ ഇറക്കി വിട്ട വിഷയത്തിലാണ് ഒരു വിഭാഗം കൃഷ്ണകുമാറിനെതിരെ തിരിഞ്ഞിരിക്കുന്നത്. ആ വോട്ടുകൾ ശ്രീകണ്ഠന് അനുകൂലമായേക്കാം. 

എന്തായാലും പെരുമാറ്റം കൊണ്ടും പ്രവർത്തികൾ കൊണ്ടും കേരളത്തിലെ കോൺഗ്രസ്സ് എംപിമാരിൽ ഒന്നാമനായി മാറിയ ശ്രീകണ്ഠൻ ഇത്തവണ പാലക്കാട് കോൺഗ്രസിന് നേടിയെടുക്കും എന്നാണ് ജനസംസാരം. ചാനൽ സർവേകൾ കഴിഞ്ഞ കുറെ കാലങ്ങളായി നാം കാണുന്നുണ്ട്. അവർ എന്തുപറയുന്നുവോ അത് തലതിരിച്ചു നോക്കിയാൽ മാത്രം മതി.

ഇത്തവണയും ശ്രീകണ്ഠനായി പോസ്റ്ററുകൾ ഒട്ടിച്ചുകൊണ്ട് മൂത്താൻ ദാസനും

കൃഷ്ണകുമാരേട്ടനായി മൈക്ക് അനൗൺസ്മെന്റുമായി  വിജയപ്പനും

Advertisment