Advertisment

ഇന്ന് നാം കാണുന്ന ലോകത്തിലെ ഏറ്റവും മികച്ചത് മിക്കവയും ഇന്ത്യയുടെ സ്വന്തമാണ്. ഈ രാജ്യം ലോകത്തിനു തന്നെ മാതൃകയാണ്. ആ മാറ്റം 2014 -ല്‍ തുടങ്ങിയതല്ല, 1947 മുതല്‍ ആരംഭിച്ചതാണ്. ഇന്നിപ്പോള്‍ ഇന്ത്യന്‍ ജനത ആശങ്കയിലാണ്. 2004 ആകുമോ 2014 ആകുമോ 2024 എന്ന ആശങ്ക. ഉത്തരം ജൂണ്‍ നാലിന് അറിയാം - ദാസനും വിജയനും

കോൺഗ്രസ്സിനെ ഇഷ്ടപ്പെട്ടിരുന്ന അല്ലെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്തിരുന്ന സമൂഹത്തിലെ മേലെ തട്ടിലെ ഉദ്യോഗസ്ഥർ, റിട്ടയേർഡ് ആയവർ, അന്യനാടുകളിൽ ഉന്നത നിലകളിൽ ജോലി ചെയ്യുന്നവർ, അത്യാവശ്യം ബോധമുള്ളവർ ഒന്നടങ്കം ബിജെപി പാളയത്തിലേക്ക് പോയതിന് കാരണം വാട്സാപ്പ് യൂണിവേഴ്സിറ്റികൾ ആണെങ്കിലും അതിനുമപ്പുറം കോൺഗ്രസ്സ് നേതാക്കളുടെ പിടിപ്പുകേട് ഒന്നുകൊണ്ടു മാത്രമാണ്.

author-image
ദാസനും വിജയനും
Updated On
New Update
indira gandhi jawaharlal nehru narendra modi manmohan singh

ഇന്ന് ഇന്ത്യ ഒന്നടങ്കം മൗനമാണ്, ഇന്ത്യയിലെ ജനങ്ങളും ഇന്ത്യയിലെ ന്യുനപക്ഷങ്ങളും ലേശം ബുദ്ധിയുള്ളവരും യഥാർത്ഥ ദേശസ്നേഹികളും മൗനസങ്കടത്തിലാണ്. ഇനി ഒരു തവണ കൂടി നരേന്ദ്ര മോഡിയും അമിത്ഷായും അവരുടെ യോഗിമാരും അധികാരത്തിൽ വന്നാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകളെ ഓർത്ത് 70 ശതമാനം ഇന്ത്യക്കാരനും മൗനത്തിലാണ്. ഇതുവരെ കാണാത്ത അല്ലെങ്കിൽ അനുഭവിക്കാത്ത ഒരു തിരഞ്ഞെടുപ്പാണ് നാം കാണുവാൻ പോകുന്നത്. ഇനി ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന ഭീതിപോലും ബിജെപിക്കെതിരെ ചിലർ പ്രചരിപ്പിക്കുന്നു. 

Advertisment

കോൺഗ്രസ്സിനെ ഇഷ്ടപ്പെട്ടിരുന്ന അല്ലെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്തിരുന്ന സമൂഹത്തിലെ മേലെ തട്ടിലെ ഉദ്യോഗസ്ഥർ, റിട്ടയേർഡ് ആയവർ, അന്യനാടുകളിൽ ഉന്നത നിലകളിൽ ജോലി ചെയ്യുന്നവർ, അത്യാവശ്യം ബോധമുള്ളവർ ഒന്നടങ്കം ബിജെപി പാളയത്തിലേക്ക് പോയതിന് കാരണം വാട്സാപ്പ് യൂണിവേഴ്സിറ്റികൾ ആണെങ്കിലും അതിനുമപ്പുറം കോൺഗ്രസ്സ് നേതാക്കളുടെ പിടിപ്പുകേട് ഒന്നുകൊണ്ടു മാത്രമാണ്.


മോദിജി നന്നായി അണിഞ്ഞൊരുങ്ങി ലോകപര്യടനത്തിലേക്ക് ഇറങ്ങിയപ്പോൾ ലോകനേതാക്കളെ കെട്ടിപ്പിടിച്ചപ്പോൾ ചെണ്ടകൾ കൊട്ടിയപ്പോൾ ഈ സാധാരണക്കാരായ ഉന്നത ഉദ്യോഗസ്ഥ വിഭാഗം കരുതി ഇതാണ് പ്രധാനമന്ത്രിയെന്ന്. 


അന്ന് നെഹ്രുവും ഇന്ദിരയും രാജീവും നരസിംഹറാവുവും മൻമോഹനും ലോകരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഒന്നാമതായി സോഷ്യൽ മീഡിയ ഇല്ലായിരുന്നു. അല്ലെങ്കിൽ ഇത്രേം വിപുലമായിരുന്നില്ല. അന്നത്തെ ദൂരദർശനും എൻഡിടിവിയുമൊക്കെ ഒരു ദിവസം വാർത്തകൾക്കിടയിൽ കാണിക്കുന്നത് മാത്രം നാം കണ്ടുകൊണ്ടിരുന്നു. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ലൈവായി ഫോട്ടോ ഷൂട്ടുകൾ കാണിക്കുമ്പോൾ ജനങ്ങൾക്കറിയില്ല എല്ലാം വെറും കണ്ണിൽ പൊടിയിടൽ തന്ത്രങ്ങൾ മാത്രമായിരുന്നു എന്നുള്ളത്.

അവർ കാണുമ്പോൾ നമ്മുടെ പ്രധാനമന്ത്രി ട്രംപിനെ കെട്ടിപ്പിടിക്കുന്നു, ഷെയ്ക്കുമാരെ ഉമ്മ വെക്കുന്നു, ചെണ്ട കൊട്ടുന്നു, നൃത്തം ചവിട്ടുന്നു. അപ്പോൾ അവർ മനസ്സിൽ വിചാരിച്ചു ഇപ്പോഴാണ് ഇന്ത്യയെ നാല് രാജ്യങ്ങൾ അറിയുവാൻ തുടങ്ങിയത് എന്ന്. 


ഇപ്പറഞ്ഞ രാജ്യങ്ങളെക്കാൾ സംസ്കാരം കൊണ്ടും ബുദ്ധി കൊണ്ടും നമ്മുടെ ഇന്ത്യ വളരെയേറെ മുന്നിലാണ്. നമ്മുടെ ആകെയുള്ള ഒരു ന്യുനത വൃത്തി വളരെ കുറവാണ് എന്നതാണ്. അതുപോലെ ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയാൽ അതിന്റെ ഫിനിഷിങ് വളരെ മോശവുമാണ്. അതല്ലാതെ നാം എടുത്തുനോക്കിയാൽ ഏറ്റവും നല്ല ഐടി ചെറുപ്പക്കാർ, ഏറ്റവും നല്ല ശാസ്ത്രജ്ഞർ, ഏറ്റവും നല്ല ഡോക്ടർമാർ, ഏറ്റവും നല്ല നേഴ്സ്മാർ, ഏറ്റവും നല്ല സ്‌പൈസസ്, ഏറ്റവും നല്ല ബസ്മതി അങ്ങനെയങ്ങനെ ഏറ്റവും നല്ലതായ ഒട്ടേറെ വസ്തുക്കളുടെ ശേഖരമാണ് ഇന്ത്യ.


പക്ഷെ നമ്മുക്ക് മാർക്കറ്റിംഗ് തീരെ അറിയില്ല. ഒപ്പം എല്ലാ കമ്പനിയിലും കാണുന്ന ഫിനാൻസ് കൺട്രോളേഴ്‌സ് എല്ലാറ്റിലും ലേശം പിശുക്ക് കാണിക്കുമ്പോൾ അവിടെ കോമ്പ്രമൈസ് ചെയ്യേണ്ടി വരുന്നു. 

നമ്മുടെ മുൻ പ്രസിഡന്റ് പ്രതിഭാ പാട്ടീൽ ലോകരാജ്യങ്ങളിൽ ചുറ്റി കറങ്ങി എന്ന് പറഞ്ഞുകൊണ്ട് കളിയാക്കിയിരുന്ന മീഡിയകളാണ് മോദിജി കറങ്ങുന്നത് ഇന്ത്യയെ വീണ്ടെടുക്കാൻ ആണെന്നുള്ള പ്രൊപ്പോഗണ്ട പടച്ചുവിട്ടത്. ഒരു ശരാശരി ബിജെപി അനുഭാവിയോട് സംസാരിച്ചാൽ അവരുടെ ഭാഷയിൽ 2014 നു ശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതും ഇന്ത്യ യുണൈറ്റഡ് നാഷൻസിൽ അംഗത്വം എടുത്തതും എന്ന് തോന്നിപോകുമെന്നാണ് കോൺഗ്രസുകാരുടെ ആക്ഷേപം. അവർക്കിപ്പോഴും രഞ്ജിതയുടെ നിത്യാനന്ദ സ്വാമിയുടെ കൈലാസം പോലെയാണ് ഇന്ത്യ. ഈയടുത്താണ് ഇന്ത്യ ഇന്ത്യയായത് എന്ന് തോന്നിപ്പോകുമാറാണ് കളികൾ എന്നാണ് എതിർ പ്രചരണം. 

ഏറ്റവും വിഷമം വരുന്ന ഒരു കാര്യം കൂടെ നടന്നിരുന്ന കൂട്ടുകാർ വരെ ഒളിഞ്ഞും പതുങ്ങിയും അല്ലാതെയും മോഡി ഭക്തിയിൽ പെട്ട് പോസ്റ്റുകൾ ഇടുന്നത് കാണുമ്പോൾ സങ്കടവും സഹതാപവും തോന്നുന്നു. അവർ നിതിൻ ഗഡ്കരിയെയോ അമിത്ഷായെയോ പുകഴ്ത്തിയാൽ ഇങ്ങനെ തോന്നുകയില്ല. കാരണം അവർ ബുദ്ധിയുള്ള കളികളാണ് കളിക്കുന്നത്.

ആരോട് എന്ത് പറഞ്ഞാലും ഗാന്ധി കുടുംബം, കുടുംബ വാഴ്ച, മക്കൾ രാഷ്ട്രീയം എന്നൊക്കെയാണ് കോൺഗ്രസിനെ പറ്റി പറയുവാനുള്ളത്. പണ്ട് ലീഡർ കെ കരുണാകരൻ നേരിട്ട അതെ യാതന. പിന്നീട് ലീഡറെ കളിയാക്കിയവരുടെയും ഇൻസൽട്ട് ചെയ്തവരുടെയും ഒക്കെ മക്കൾ, എംപി വീരേന്ദ്ര കുമാറിന്റെയും മമ്മുട്ടിയുടെയും, കെഎം മാണിയുടെയും, സകലമാന കോൺഗ്രസ്സ്, കമ്മ്യുണിസ്റ്റ് കാരുടെയും മകൻ അല്ലെങ്കിൽ മകൾ രാഷ്ട്രീയത്തിലോ സിനിമയിലോ വന്നപ്പോൾ എല്ലാവരും ആ പറച്ചിലുകൾ അവസാനിപ്പിച്ചു. 


കുടുംബവാഴ്ചയെ കുറ്റം പറയുന്ന ബിജെപിക്കാരുടെയും മക്കളും ഭാര്യയും ഒക്കെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുവാൻ തുടങ്ങിക്കഴിഞ്ഞു. അഴിമതി തുടച്ചുനീക്കും, സ്വിസ് ബാങ്കിലെ പണം മുഴുവൻ ഇന്ത്യയിൽ എത്തിക്കും എന്നൊക്കെ വീമ്പിളക്കിയവർ ഇന്നിപ്പോൾ അഴിമതിക്ക് യൂണിവേഴ്സിറ്റി പണിയുന്ന അദാനിയുടെ അടുക്കളക്കാരൻ ആയി മാറിക്കഴിഞ്ഞു. 


ഇലക്റ്ററൽ ബോണ്ട് എന്ന ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയിട്ടും എതിരാളികളെ ഇല്ലാതാക്കിയും ജയിലിലടച്ചും കൂറുമാറ്റിയും കളിക്കുന്നു. അർണാബ് ഗോസാമിമാർ ആസാമികളായി തരം താഴ്ന്നിരിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഇഷ്ടക്കാരെ കൊണ്ട് വിലക്കുവാങ്ങി എതിരാളികളുടെ പോസ്റ്റുകൾ മുക്കിയും വായടപ്പിച്ചും നീങ്ങുമ്പോൾ ഇന്ത്യക്കാരന്റെ മൗനത്തെ ഭയപ്പെടേണ്ടിയിരിക്കുന്നു. 

കേരളത്തിലെ വോട്ടർമാരിലും ബീഹാർ പോലെ ചില പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും ജനങ്ങളിൽ കാണുന്ന ഈ മൗനം ബിജെപി തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. ശരിക്കും ഒരു ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ദൽഹി സംസ്ഥാനം കയ്യിൽ ഇല്ലെങ്കിൽ ധാരാളം കാര്യങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കുവാൻ ആകില്ല എന്ന തിരിച്ചറിവാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്.

ടെലിഫോൺ ചോർത്തലും, എംഎൽഎ എംപി ചാക്കിട്ട് പിടുത്തവും, മാധ്യമ സിൻഡിക്കേറ്റും, പോലീസും സെക്യൂരിറ്റിയും ഇന്റലിജൻസും ഒക്കെ ചൊൽപ്പടിക്ക് നിർത്തണമെങ്കിൽ ദൽഹിയിൽ  ഭരണമില്ലെങ്കിൽ ആവില്ല. എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടാണ് ഈ അറസ്റ്റ്. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും മണ്ടത്തരമായ തീരുമാനമായിരുന്നു അതെന്ന് തങ്കലിപികളിൽ രേഖപ്പെടുത്തും.

2004 ആകുമോ 2014 ആകുമോ 2024  എന്നുള്ളത് ജൂൺ 4 നു അറിയാം എന്ന ആശ്വാസം !!

മോഡി ഭക്തിയിൽ നിന്നും പിന്നോട്ട് പോയിക്കൊണ്ട് എൻജിനീയർ ദാസനും

മോഡി ഭക്തിയിൽ തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടുകൊണ്ട് ദേശസ്നേഹി വിജയനും

Advertisment