Advertisment

''പെരിയോനെ എന്‍ റഹ്‌മാനേ....'' പാടി റീല്‍സ് ചെയ്യാന്‍ പോകുന്നവരെകൊണ്ട് മടുത്ത് ദുബായ് മരുഭൂമിയിലേയ്ക്കുള്ള വഴികള്‍ കമ്പിവേലി ഇട്ട് അടയ്ക്കുകയാണ്; 'കണ്‍മണീ അമ്പോട് കാതലന്മാര്‍' ഇപ്പോള്‍ പെരിയോനെ...പാടി മണലില്‍ കുമ്പിടുന്നു ! ആടുജീവിതം പഴയൊരു ചതിക്ക്‌ ബ്ലെസി എന്ന സംവിധായകന് കിട്ടിയ ഗുരുവിന്റെ 'ഗുരുത്വം' ആണ്; അത് ഓസ്‌കാര്‍ കൊണ്ടുവന്നില്ലെങ്കിലേ അത്ഭുതമുള്ളൂ-ദാസനും വിജയനും

ആദ്യത്തെ അഞ്ചു നാളിൽ മലയാള സിനിമ റെക്കോർഡുകൾ ഭേദിക്കും എന്നായപ്പോൾ കള്ള പ്രിന്റുകൾ ഇറക്കികൊണ്ട് തോല്പിക്കുവാൻ ശ്രമിച്ചു . പിന്നെ വരുന്നത് ലേശം കടുകട്ടിയായ ആരോപണങ്ങളായിരുന്നു .

author-image
ദാസനും വിജയനും
Updated On
New Update
goatlife

''ചെന്തീപ്പൊരി ചിന്തണ ചോലകൾ ചെന്താരകൾ ചോക്കണതോ മദയാനകൾ മ്ലാവ് കരിമ്പുലി കലി വാഴണ കാനനമോ കരിന്തേളുകൾ വള്ളി കരാളികൾ കരി മൂടിയ ... '' എന്ന ഭ്രമയുഗം കവിത സകലമാന റീലുകാരും ടിക് ടോക് നായകരും നായികമാരും ബ്ലാക്ക് & വൈറ്റിൽ തള്ളി തള്ളി കേട്ട് കേട്ട് മടുത്തുകൊണ്ടിരിക്കുമ്പോൾ ദാ വരുന്നു ''കൺമണി അൻപൊട് കാതലൻ''... 

Advertisment

''ഉന്ന നെനച്ച് പാക്കുംപോത് കവിത മനസില് അരുവി മാതിരി കൊട്ടുത്...ആനാ എന്താ എഴുതണംതാ ഓക്കുംതാ... അന്താ ..'' എന്ന ഗുണമുള്ള ഗുണയിലെ മോസ്റ്റ് റൊമാന്റിക് സോങ് കയറി കത്തി. ഗുണ റിലീസ് ആയതു മുതൽ മനസ്സിൽ വിങ്ങുന്ന  ഒരു സംഗീതമായാണ് ആ പാട്ടിനെ സ്നേഹിച്ചിരുന്നത് .

കമലഹാസന് ഗുണയെക്കാൾ ഗുണം ഗുണയുടെ ലൊക്കേഷനായിരുന്ന ഗുണകേവ്  ഉൾക്കൊണ്ടുകൊണ്ട് ഉണ്ടാക്കിയ 'മഞ്ഞുമ്മൽ ബോയ്സ്' നേടിയപ്പോൾ ലേശം പണം ഗുണയുടെ വക്താക്കൾക്ക് നൽകണം എന്നഭ്യർത്ഥിക്കുന്നു.

അങ്ങനെ ''കണ്മണീ അൻപോട് കാതലന്മാർ'' കൊടൈക്കനാൽ കയറിയിറങ്ങിയപ്പോൾ ദേ കേൾക്കുന്നു ''ഉമ്മാ ''എന്നൊരാശരീരി.

സുരേഷ് തിരിഞ്ഞുനോക്കിയപ്പോൾ സംശയമില്ല മൈന തന്നെ. ഇത്തവണ മൈനക്ക് പകരം ആടായിരുന്നു എന്ന് മാത്രം. പിന്നെ അവിടന്ന് അങ്ങോട്ട് ''പെരിയോനെ റഹമാനെ'' വിളികളായി .

പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ... പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ... അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ....


നാട്ടിൽ ചുട്ടുപൊള്ളുന്ന ചൂടാണെങ്കിലും അങ്ങകലെ പുതുമഴ വീഴണുണ്ട് എന്ന് കേൾക്കുമ്പോൾ മനസ്സിൽ കുളിരു പടർത്തുവാൻ സാക്ഷാൽ അള്ളാ റാഖ റഹ്മാനും ബ്ളസ്സിക്കും രാജുവിനും ആയി എന്നുള്ളത് മലയാളികൾക്ക് അഭിമാനിക്കാം.


 എ ആർ റഹ്മാന്റെ ആദ്യ സിനിമ സംഗീതം അപ്പുക്കുട്ടന്റെ യോദ്ധ ആയിരുന്നുവെങ്കിലും  ഇന്നിപ്പോൾ ''പെരിയോനെ റഹ്മാനെ'' എന്നുള്ളത് മലയാളി നെഞ്ചിൽ കയറ്റിക്കഴിഞ്ഞു. ആകെയുള്ള വിഷമം സകലമാന അണ്ടനും അടകോടനും സോഷ്യൽ മീഡിയയിൽ അവരുടെ മോന്തയിട്ട് ഈ പാട്ടിനെ കേൾക്കുവാൻ വയ്യാതെ ആക്കിയിരിക്കുന്നു എന്നതാണ്.

ദുബായിലും പരിസരങ്ങളിലും ഇന്നിപ്പോൾ മരുഭൂമിയിലേക്കുള്ള വഴികൾ കമ്പി വേലികൾ ഇട്ടുകൊണ്ട് അടച്ചിടുകയാണ്. അത്രമാത്രം റീലുകാരും ടിക് ടോക്കുകാരും മണലിൽ കുമ്പിട്ട് നിന്ന് ഉമ്മാനെയും പെരിയോനെയും  റഹ്മാനെയും വിളിക്കുവാൻ തുടങ്ങിയിരിക്കുന്നു.

ഇൻസ്റ്റ റീലുകൾ തുറക്കാൻ വയ്യാതെ ആയിരിക്കുന്നു. അതിനിടക്ക് ഇൻസ്റ്റായും എഫ്ബിയും പണിമുടക്കിയത് ഇതുകൊണ്ടാണെന്ന് കരുതുന്നവരും ഉണ്ട്. അധികമാരും പാര വെക്കാതെ മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുമ്പോൾ എല്ലാവരും കരുതി മലയാളി ഒന്നടങ്കം മാറിയെന്ന് . പാര വെപ്പും ഡി ഗ്രേഡിങ്ങും ഒക്കെ മറന്നുപോയെന്ന്. ബ്ലസിയും പൃഥ്വിയും നിർമ്മാതാക്കളും ആശ്വാസത്തിൽ ഇരിക്കുമ്പോൾ അവർ മെല്ലെ മെല്ലെ ഉണർന്നു തുടങ്ങി .

ആദ്യത്തെ അഞ്ചു നാളിൽ മലയാള സിനിമ റെക്കോർഡുകൾ ഭേദിക്കും എന്നായപ്പോൾ കള്ള പ്രിന്റുകൾ ഇറക്കികൊണ്ട് തോല്പിക്കുവാൻ ശ്രമിച്ചു . പിന്നെ വരുന്നത് ലേശം കടുകട്ടിയായ ആരോപണങ്ങളായിരുന്നു .

ബെന്യാമിൻ തന്നെ പുസ്തകം വിറ്റുപോകുവാനായി ലേശം ഭാഗങ്ങളിൽ കെഎസ് ഗോപാലകൃഷ്ണനും ബാറ്റൺബോസും ഒക്കെയായി. സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന ആടിനെ ലൈംഗികമായി പീഡിപ്പിക്കുന്ന കഥകൾ പുസ്തകത്തിൽ എഴുതിച്ചേർത്തിരുന്നു.

ആ സീനുകൾ സിനിമയിൽ ഷൂട്ട് ചെയ്തിരുന്നുവെന്നും സെൻസർ കട്ട് ചെയ്തതാണ് എന്ന ആരോപണങ്ങളും വന്നപ്പോൾ സകലമാന സംഘപരിവാരങ്ങളും അതിൻമേൽ കയറിപ്പിടിച്ചു. കാരണം നായകൻ നജീബ് ആണല്ലോ ?


ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന ഒരു സിനിമയെ കൊല്ലുവാനായി കുറെ മഞ്ഞ പത്രക്കാരും എഴുത്തുകാരും ഇറങ്ങിത്തിരിച്ചു. ആ പാവം മനുഷ്യൻ അന്ന് അറബിയുടെ പക്കൽ നിന്നും കിട്ടിയ പീഡനങ്ങളെക്കാൾ മാനസിക പീഡനങ്ങൾ നമ്മുടെ മഞ്ഞപത്രക്കാർ അങ്ങേർക്ക് കൊടുക്കുന്നുണ്ട്.


 സിനിമ ഇറങ്ങിയ സമയത്ത് പേരക്കുട്ടി മരണപ്പെട്ട വിഷമത്തിനിടയിൽ ഈ വക ആരോപണങ്ങൾ അദ്ദേഹത്തിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടാകാം. മലയാളി ഒന്നിനേം വെറുതെ വിടില്ല എന്നതിന്റെ ഉത്തമോദാഹരങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

 പത്തു പതിനാറു കൊല്ലം അദ്ധ്വാനിച്ചുണ്ടാക്കിയ ഒരു നല്ല സിനിമയെ ഇല്ലാതാക്കുവാൻ ശ്രമിച്ചാലും അതിനെ മറികടക്കും എന്നാണ് കളക്ഷനുകൾ സൂചിപ്പിക്കുന്നത് .


ബ്ലസി അദ്ദേഹത്തിന്റെ ഗുരുവായിരുന്ന പത്മരാജൻ സാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട അസിസ്റ്റന്റ് ആയിരുന്നു. അവസാന സിനിമ ഷൂട്ടിങ് സമയത്ത് സെറ്റിലെ ചില തൽപര കക്ഷികൾ മെനഞ്ഞെടുത്ത പാരകളിൽ പത്മരാജൻ വീണു പോകുകയും ബ്ലസിയുമായി മാനസികമായി അകൽച്ച ഉണ്ടാകുകയും ചെയ്തു.


 ഈ വിഷയം മനസ്സിലാക്കിയ ബ്ലസി പത്മരാജൻ സാറിനെ സ്വകാര്യമായി സന്ദർശിച്ചു കാര്യങ്ങൾ ബോധിപ്പിക്കുവാൻ വീട്ടിലെത്തി. പത്മരാജൻ സാർ കുളിക്കുകയായിരുന്നു. അദ്ദേഹം കുളിമുറിയുടെ വാതിൽ പാതി തുറന്നുകൊണ്ടു ബ്ലസിയോട് പറഞ്ഞു, '' നീയാണ് ശരിയെങ്കില്‍ എല്ലാം കാലം തെളിയിക്കും എന്ന് ''.

ബ്ലെസ്സിയുടെ ആദ്യ സിനിമ കാഴ്ച, മമ്മുട്ടിയുടെ ഒരു ഹിറ്റ് സിനിമയായിരുന്നു. പിന്നീട് വന്ന സിനിമകൾ എല്ലാം അത്യാവശ്യം മലയാളിയെ പിടിച്ചുകുലുക്കിയ സിനിമകൾ ആയിരുന്നുവെങ്കിലും '' ആട് ജീവിതം '' കേരളത്തിലേക്ക് ഓസ്കാർ എത്തിക്കും എന്നാണ് പടം കണ്ടവരുടെ ഏകകണ്ഠമായ അഭിപ്രായം .

എല്ലാം കാലം തെളിയിക്കും !!!



പെരിയോനെ റഹ്മാനെ എന്ന റീലുമായി വ്ലോഗർ ദാസനും

കണ്മണീ അൻപോട് കാതലനുമായി വൾഗർ വിജയനും 

Advertisment