Advertisment

ഇന്ത്യാ രാജ്യത്ത് എന്ത് വിഷയവും ഒറ്റ തവണയേ ഏശൂവെന്ന് മോദിയും, ഷായും മനസിലാക്കിയെന്ന് വേണം കരുതാന്‍; രണ്ടാം നിര നേതാക്കളുടെ അഭാവവും ബി.ജെ.പിക്ക് തിരിച്ചടിയായേക്കാം; 400 സീറ്റ് എന്നത് മിഥ്യധാരണയുമാകാം ! 'കോമ്പ്രമൈസ്' കളിക്ക് പോകാതെ പാര്‍ട്ടിയെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണം-ദാസനും വിജയനും

പത്തുകൊല്ലം ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് 2014 ൽ നേരിട്ട അതേ പ്രശ്നങ്ങൾ ഇത്തവണ എൻഡിഎ നേരിടുമ്പോൾ 2004 ലെ അനുഭവമാണോ ഇന്ത്യ മുന്നണി പരീക്ഷിക്കുന്നത് ? 

author-image
ദാസനും വിജയനും
Updated On
New Update
narendra modi amit shah

കാര്യങ്ങൾ പഴയതുപോലെ എളുപ്പമല്ല എന്ന തിരിച്ചറിവ് സാക്ഷാൽ നരേന്ദ്ര മോദിക്കും അമിത് ഷാക്കും അവരുടെ സ്പോൺസർമാരായ ആർഎസ്എസിനും ബോധ്യപ്പെട്ടിരിക്കുന്നുവെന്നുവേണം കരുതാന്‍. ഇന്ത്യ മഹാരാജ്യത്ത് എന്ത് വിഷയവും ഒരു തവണയേ ഏശുകയുള്ളൂ എന്നതും ഇവര്‍ ഭംഗിയായി മനസ്സിലാക്കിയിരിക്കുന്നു . 

Advertisment

വെറുപ്പ് പ്രചരിപ്പിച്ചും വർഗീയത പച്ചക്ക് പറഞ്ഞും ജനങ്ങളുടെ മനസ്സിൽ വിദ്വേഷം പടർത്തിയും പള്ളിയും അമ്പലവും വിഷയമാക്കിയും അയല്‍ രാജ്യങ്ങളുടെ പേരുകൾ പറഞ്ഞു പേടിപ്പിച്ചുമൊക്കെ നേടിയത് ഇനിയിപ്പോൾ നടക്കില്ല എന്നുള്ള ബോധം നേതാക്കളിൽ ഉടലെടുത്തിരിക്കുന്നു.

ബാലി കേറാമലയായ തൃശൂർ സീറ്റിനായി രണ്ടും മൂന്നും തവണ തൃശൂരിൽ എത്തിയപ്പോൾ, ഒരിക്കലും പ്രതീക്ഷയില്ലാത്ത പത്തനംതിട്ടയിലും പാലക്കാട്ടും ആറ്റിങ്ങലും പര്യടനം നടത്തിയപ്പോൾ ഒട്ടും പ്രതീക്ഷകൾ ഇല്ലാത്ത തമിഴ്‌നാട്ടിൽ പത്തോളം തവണ കയറിയിറങ്ങിയപ്പോൾ അദ്ദേഹം അറിഞ്ഞില്ല രാജസ്ഥാനിലെ രജപുത്ര കലാപം.

ബിജെപിയുടെ ഒരു മന്ത്രി പൊട്ടിച്ച വെടിയിൽ പതിനാലോളം ശതമാനം വരുന്ന രജപുത്ര വിഭാഗം ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുവാണ്. ഗുജറാത്തിൽ അവർ അഞ്ചു ശതമാനത്തോളം വരും. അതിർത്തി പങ്കിടുന്ന യുപിയിലും ഏകദേശം പത്തോളം ശതമാനം വരുന്ന രജപുത്രർ ബ്രിട്ടീഷുകാർക്ക് ''റൊട്ടി കേലിയെ ബേട്ടി ദിയാ'' ( ഭക്ഷണത്തിനു വേണ്ടി പെൺകുട്ടികളെ വെള്ളക്കാരനു സമ്മാനിച്ച് ) എന്ന് പറഞ്ഞപ്പോൾ ആ വിഷയം കോമ്പ്രമൈസ് ചെയുവാൻ നേതൃത്വത്തിനായില്ല.

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നും 2014 ൽ അഞ്ചു ലക്ഷത്തിഅറുപത്തിയയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലും 2019 ൽ അഞ്ചുലക്ഷത്തി ആയിരത്തി അഞ്ഞൂറ് വോട്ടിന്റെ ഭൂരിപക്ഷത്തിലും ജയിച്ചു കയറിയ ജനറൽ വികെ സിങ്ങിന് ഇത്തവണ സീറ്റ് കൊടുക്കാത്തതിൽ വളരെയധികം അമർഷം അദ്ദേഹത്തിന്റെ വിഭാഗമായ രാജപുത്രരിൽ അവമതിപ്പുണ്ടാക്കി.


അവർ പറയുന്നത് മോദിജിയുടെ വാരണാസിയിലെ ഭൂരിപക്ഷമായ 479505 നേക്കാൾ ഭൂരിപക്ഷം വികെ സിങ്ങിന് ലഭിച്ചപ്പോൾ രൂപം കൊണ്ട അസൂയയാണ് സീറ്റ് നിഷേധത്തിന് കാരണമായിരിക്കുന്നത് എന്നാണ്. കൂടാതെ യോഗി ആദിത്യനാഥിനും മനസ്സിലായി തുടങ്ങി അടുത്ത ഇര താനാണെന്ന്.


2014 ൽ ഡൽഹിയിൽ അണ്ണാ ഹസാരെയെ ഇറക്കി യുപിഎ സർക്കാരിനെതിരെ പ്രതിഷേധ കൊടുങ്കാറ്റ് ഇളക്കിവിട്ടുകൊണ്ട് യുപിഎ സർക്കാരിനെ മുട്ടുകുത്തിച്ച, ഗുജറാത്തിൽ മാത്രം വിലസിയിരുന്ന നരേന്ദ്ര മോദിയെയും അമിത്ഷായെയും കേന്ദ്രത്തിലേക്ക് ആനയിച്ചുകൊണ്ടുവന്ന, അരവിന്ദ് കെജ്രിവാളിനെ കണ്ടെത്തി കോൺഗ്രസ്സ് ഭൂരിപക്ഷ പ്രദേശങ്ങളിൽ ഡിവൈഡ് ആൻഡ് റൂൾ പോളിസി നടപ്പിലാക്കി കോൺഗ്രസിന്റെ നൂറ്റി പത്തോളം സീറ്റുകളിൽ പരാജയം ഉറപ്പാക്കിയ ആർഎസ്എസ് ബുദ്ധിജീവി നിതിൻ ഗഡ്കരിയെ ഒരു മൂലക്ക് ഇരുത്തിയതും പതിനഞ്ച് കൊല്ലം മധ്യപ്രദേശ് ഭരിച്ച പൃഥ്വിരാജ് ചൗഹാനെയും രാജസ്ഥാനിലെ ബിജെപിയുടെ മുഖമായ വസുന്ധരയെ അടുക്കളയിൽ ആക്കിയതും കർണ്ണാടകത്തിലെ ഈശ്വരപ്പയെ പുറത്താക്കിയതും ഹരിയാനയിലെ ഘട്ടറെ തെറിപ്പിച്ചതും ഒക്കെ യോഗി ആദിത്യനാഥ്‌ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട് . 

ഹിന്ദി ഹൃദയഭൂമിയായ എംപിയിലും , ഗുജറാത്തിലും രാജസ്ഥാനിലും യുപിയിലും പ്രാദേശിക നേതാക്കളോട് ചോദിക്കാതെ തന്നിഷ്ടപ്രകാരം സീറ്റു നിർണ്ണയം നടത്തിയത് തങ്ങൾക്കുമേലെ ഇനിയാരും വരരുത് എന്ന അജണ്ടയിലാണ്.


പ്രാദേശികമായി വേരുകളുള്ള പല നേതാക്കളെയും സിറ്റിംഗ് എംപിമാരെയും ഒഴിവാക്കിക്കൊണ്ട് കെട്ടിയിറക്കിയ ആളുകൾക്ക് സീറ്റുകൾ നൽകിയത് തമിഴ്‌നാട്ടിൽ ശശികല അനുവർത്തിച്ച അതേ രീതിയിൽ തന്നെയാണ്.


ഇനി ജയിച്ചുവരുന്ന എല്ലാവരും തങ്ങളുടെ അടിമകൾ ആയിരിക്കണം എന്നുള്ള അജണ്ടകൾ പാസാക്കിയപ്പോൾ പല ജാതി വിഭാഗങ്ങളും ബിജെപിയിൽ നിന്നും അകന്നുപോയത് ഒരു ഗോഡി മീഡിയയും ജനങ്ങളിൽ എത്തിച്ചിട്ടില്ല . 

ബീഹാറിൽ അധ്യാപകരും സർക്കാർ ജീവനക്കാരും എൻഡിഎക്ക് എതിരെ നടത്തിയ മഹാറാലിയും ഹരിയാന പഞ്ചാബ് ഡൽഹി എന്നിവിടങ്ങളിലെ കർഷകർ നടത്തി വരുന്ന പ്രക്ഷോഭങ്ങളും ജനങ്ങളിൽ എത്തിക്കുവാൻ സോഷ്യൽ മീഡിയയോ, വാട്സാപ്പോ , ചാനലുകളോ കൂട്ടാക്കുന്നില്ല എന്നതും കഷ്ടമാണ് .

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുള്ളിലെ കാരണവന്മാർ നടത്തിയ നിസ്സഹകരണവും , ഒറ്റുകളും, ചതികളും ഇത്തവണ ഏറെക്കുറെ പരിഹരിക്കുവാനായതും വിഘടിച്ചു നിന്നിരുന്ന ന്യുനപക്ഷ - ദളിത്  വോട്ടുകളിൽ വന്ന ഏകോപനവും പ്രാദേശിക കക്ഷികളുമായുള്ള ബന്ധങ്ങളും ഏറെക്കുറെ ഇന്ത്യമുന്നണിക്ക് അനുകൂലമാകുന്ന സാഹചര്യമാണ്  മനസിലാക്കുവാൻ സാധിക്കുന്നത് .

 ബിജെപിക്ക് വേണ്ടി ഓടിനടക്കുവാൻ രണ്ടാം നിരയിലും മൂന്നാം നിരയിലും പ്രഭാവമുള്ള നേതാക്കൾ ഇല്ലാത്തതും പല സീറ്റുകളിലും മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യത ഇല്ലാതില്ല. പത്തുകൊല്ലം ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് 2014 ൽ നേരിട്ട അതേ പ്രശ്നങ്ങൾ ഇത്തവണ എൻഡിഎ നേരിടുമ്പോൾ 2004 ലെ അനുഭവമാണോ ഇന്ത്യ മുന്നണി പരീക്ഷിക്കുന്നത് ? 

പ്രാദേശിക പാർട്ടികളുടെ നേതാക്കന്മാരിൽ കാണുന്ന ആവേശം, സ്റ്റാലിനും, അഖിലേഷും, തേജസ്വിയും, മമതയും , ഇത്തവണ ജീവന്മരണ പോരാട്ടമാണ് കാഴ്ചവെക്കുന്നത് .

എങ്ങനെ തിരിച്ചും മറിച്ചും വിലയിരുത്തിയാലും ബിജെപിക്ക് 400 സീറ്റ് എന്നത് ഒരു മിഥ്യയായി അവശേഷിക്കുന്നു. ഇന്ത്യമുന്നണിയാണ് അധികാരത്തിൽ കയറുന്നത് എങ്കിൽ മമത ബാനർജിയെ ആദ്യഘട്ടത്തിൽ പ്രധാനമന്ത്രിയാക്കി, സ്റ്റാലിനെയോ , അഖിലേഷിനെയോ ആഭ്യന്തരമന്ത്രിയാക്കി ഒരു കളി കളിച്ചാൽ കോൺഗ്രസ്സ് മുക്തഭാരതമെന്ന ആർഎസ്എസ് അജണ്ട എന്നെന്നേക്കുമായി ഇല്ലാതാക്കുവാൻ സാധിക്കും .

 യാതൊരു തരത്തിലും കോമ്പ്രമൈസ് കളിക്കാതെ , തത്ക്കാലം ഗാന്ധിജി - ഹരിചന്ദ്രൻ കളികൾ കോൺഗ്രസ്സ് മാറ്റിവെച്ചുകൊണ്ട് മോദിയും അമിത്ഷായും കാണിച്ചുതന്ന വഴികളിലൂടെ സഞ്ചരിച്ചാൽ നമ്മുക്ക് പാര്‍ട്ടിയെ വീണ്ടെടുക്കാം !!

വെറുപ്പും വിദ്വേഷവുമില്ലാത്ത നല്ലൊരു ഇന്ത്യക്കായി വോട്ട് ചെയ്തുകൊണ്ട് സാധാരണക്കാരൻ ദാസനും

എല്ലാറ്റിനും ഒരതിരുണ്ട് , അല്ലെങ്കിൽ ഉണ്ടാക്കണം എന്ന ദൃഢ നിശ്ചയത്തോടെ മറ്റൊരു വോട്ടർ വിജയനും

Advertisment