Advertisment

ജോസ് കെ മാണിയുടെ ശക്തി 19 നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണായകം ! മധ്യകേരളത്തില്‍ മാത്രം ഫലം മാറ്റിമറിക്കാനാകുക 10 മണ്ഡലങ്ങളില്‍. ജോസ് കെ മാണിയെ സിപിഎം കൂടെക്കൂട്ടിയത് ഈ ശക്തി കണ്ടിട്ട് തന്നെ. കേരളാ കോണ്‍ഗ്രസിന്റെ സ്വാധീനത്തെക്കുറിച്ച് ഏരിയാ കമ്മറ്റികളുടെ റിപ്പോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് സിപിഎം. ഭരണത്തുടര്‍ച്ച ഉറപ്പു നല്‍കി ജോസ് കെ മാണി വിഭാഗവും

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിന് സംസ്ഥാനത്ത് നിര്‍ണായകമായ സ്വാധീനമുള്ള 19 നിയമസഭാ മണ്ഡലങ്ങളുണ്ടെന്ന നിഗമനത്തില്‍ സിപിഎം. കേരളാ കോണ്‍ഗ്രസിന്റെ സ്വാധീനത്തില്‍ ഈ മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് വിവിധ കീഴ്ഘടകങ്ങള്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുള്ളത്.

കേരളാ കോണ്‍ഗ്രസിന്റെ വരവോടെ ഈ 19 മണ്ഡലങ്ങളില്‍ 15 എണ്ണമെങ്കിലും നേടാനോ, നിലനിര്‍ത്താനോ കഴിയുമെന്നും സിപിഎം കണക്കൂക്കൂട്ടുന്നു.

പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി, കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, ഇടുക്കി, തൊടുപുഴ, ഉടുമ്പന്‍ചോല, റാന്നി, പിറവം, പെരുമ്പാവൂര്‍, വടക്കാഞ്ചേരി, മണ്ണാര്‍ക്കാട്, കുറ്റ്യാടി, പേരാമ്പ്ര, പേരാവൂര്‍, ഇരിക്കൂര്‍ എന്നീ മണ്ഡലങ്ങളാണ് ജോസ് കെ മാണി വിഭാഗത്തിന് സ്വാധീനമുണ്ടെന്ന് സിപിഎം വിലയിരുത്തിയത്.

നിലവില്‍ ഈ 19 സീറ്റില്‍ നാലിടത്തുമാത്രമാണ് ഇടതു മുന്നണി പ്രതിനിധികളുള്ളത്. ഇതിനു പുറമെ മധ്യകേരളത്തിലെ പത്തിലധികം മണ്ഡലങ്ങളില്‍ വിജയം നിര്‍ണയിക്കാനായ വോട്ടും ജോസ് കെ മാണിക്കുണ്ടെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

തെക്കന്‍ കേരളത്തില്‍ കഴിഞ്ഞ തവണ നേടിയ അത്രയും തിളക്കമാര്‍ന്ന വിജയം ഇക്കുറി ആവര്‍ത്തിക്കാനാവില്ല എന്നു തന്നെ സിപിഎം കണക്കുക്കൂട്ടുന്നു. അതുകൊണ്ടുതന്നെ മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസ് സഹായത്തോടെ 13 മുതല്‍ 16 സീറ്റാണ് സിപിഎം ലക്ഷ്യമിടുന്നത്.

പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, പിറവം, പെരുമ്പാവൂര്‍, പേരാവൂര്‍, കുറ്റ്യാടി സീറ്റുകള്‍ ജോസ് വിഭാഗത്തിന് നല്‍കാമെന്നു സിപിഎം ഏറെക്കുറെ അംഗീകരിച്ചിട്ടുണ്ട്.

റാന്നി, ഇരിക്കൂര്‍ മണ്ഡലങ്ങളിലും ജോസ് വിഭാഗത്തിന് കണ്ണുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമധാരണ ഇനിയും വൈകും. ജോസഫ് വിഭാഗം കൂടെ വന്നതോടെ ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകളില്‍ കൂടി സിപിഎം പ്രതീക്ഷവയ്ക്കുന്നുണ്ട്.

കത്തോലിക്കാസഭയുടെയും ബഷപ്പുമാരുടെയും പിന്തുണ ജോസ് കെ മാണിക്ക് ഉണ്ടെന്നും സിപിഎം വിശ്വസിക്കുന്നു. ഈ സാഹചര്യത്തില്‍ യുഡിഎഫില്‍ മുസ്ലീംലീഗിന് ലഭിക്കുന്ന പരിഗണനയ്ക്ക് സമാനമായ പരിഗണന ജോസ് വിഭാഗത്തിന് നല്‍കിയാല്‍ അതു തങ്ങള്‍ക്ക് ഗുണമാകുമെന്നണ് സിപിഎം വിലയിരുത്തല്‍.

കാര്‍ഷിക പ്രശ്‌നങ്ങളടക്കമുള്ള വിഷയങ്ങളും മുന്നോക്ക വിഭാഗത്തിലെ പിന്നാക്ക സംവരണം, ന്യൂനപക്ഷ സംവരണ വിഷയം തുടങ്ങിയ കാര്യങ്ങളില്‍ കത്തോലിക്കാ സഭയുടെ നിലപാടിന് അനുകൂലമായി നില്‍ക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാനും സിപിഎം ശ്രമം തുടങ്ങിയിട്ടുണ്ട്.

cpm jos k mani
Advertisment