Advertisment

സോളാര്‍ കത്തിലെ ഗൂഢാലോചനയ്ക്കു പിന്നില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന നേതാവും മധ്യകേരളത്തിലെ എംഎല്‍എയും ചാനല്‍ മേധാവിയുമുള്‍പ്പെട്ട സംഘം ! കത്തില്‍ കൂട്ടിച്ചേര്‍ത്ത വിവരങ്ങള്‍ ഇടതുമുന്നണിക്ക് ചോര്‍ത്തി നല്‍കിയത് മാധ്യമപ്രവര്‍ത്തകന്‍ ! ഗൂഢാലോചനയ്ക്ക് പിന്നില്‍ ഗണേഷ്‌കുമാറാണെന്ന ശരണ്യാ മനോജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്താകുന്നത് രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍. സത്യങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനുള്ള താക്കീത് ? സോളാര്‍ കേസ് പുനരന്വേഷിച്ചാല്‍ ആരോപണ വിധേയര്‍ നിരപരാധികളും ഇത്രകാലം അണിയറയില്‍ ചരട് വലിച്ചവര്‍ പ്രതികളുമായേക്കും ?

New Update

publive-image

Advertisment

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖരെ പ്രതികളാക്കാന്‍ വൈകിയ വേളയിലെങ്കിലും സര്ക്കാര്‍ തീരുമാനിച്ചത് രണ്ടു കാരണങ്ങള്‍ കൊണ്ടായിരിക്കാം. ഒന്ന് തെരെഞ്ഞെടുപ്പിനെ നേരിടുംമുന്‍പ് പ്രതിപക്ഷത്തെ തളര്‍ത്തണം.

രണ്ടു സ്വര്‍ണ്ണ , മയക്കുമരുന്നു കേസുകളില്‍ മുഖം വികൃതമായ സര്‍ക്കാരിന്റെയും സി പി എമ്മിന്‍റെയും ജാള്യത മറയ്ക്കാന്‍ സോളാര്‍ പരാതിക്കാരിയുടെ പീഡന കഥ അല്‍പ്പമെങ്കിലും ഉപകരിക്കുമെങ്കില്‍ അത് പ്രയോജനപ്പെടുത്തണം. പക്ഷേ സോളാര്‍ കഥയിലെ പഴയ വില്ലനായ ശരണ്യാ മനോജിന്‍റെ വെളിപ്പെടുത്തല്‍ എല്ലാം നശിപ്പിച്ചു.

ഇതോടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ പേര് കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

അങ്ങനെയെങ്കില്‍ മുന്‍പ് ഇപ്പോള്‍ മന്ത്രിയായ നേതാവ് യു ഡി എഫ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ 10 കോടി വാക്‍ദാനം നല്‍കിയെന്ന സോളാര്‍ പരാതിക്കാരിയുടെ മുന്‍ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കേണ്ടി വരും.

കഴിഞ്ഞ നാലരവര്‍ഷം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത സമയം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സോളാര്‍ കേസ് ഉപയോഗിക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുകയാണ് പുതിയ വെളിപ്പെടുത്തല്‍. സോളാര്‍ കേസില്‍ പരാതിക്കാരി ഉന്നയിച്ചിരുന്ന ചില കാര്യങ്ങളില്‍ വാസ്തവം ഉണ്ടായിരുന്നെങ്കിലും ഏറിയ പങ്കും രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള ഉപാധികളായി ചിലര്‍ മാറ്റിയെന്നാണ് ആക്ഷേപം.

കത്തിന് പിന്നിലെ കരുത്തര്‍ ?

മധ്യകേരളത്തിലെ ഒരു എംഎല്‍എ, സംസ്ഥാനത്തെ ഒരു ചാനല്‍ മേധാവി, കേരളത്തിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് എന്നിവരാണ് സോളാര്‍ കേസിലെ ഇരയുടെ കത്തിനു പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. മുന്‍മന്ത്രിയായ കെബി ഗണേഷ്‌കുമാറിന് വേണ്ടിയാണ് ഇര എഴുതിയ കത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത്.

ആദ്യം ഗൂഢാലോചനയില്‍ പങ്കാളിയായ എംഎല്‍എയും മുതിര്‍ന്ന നേതാവിന്റെ സഹായിയും അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി പരാതിക്കാരിയെ കാണുകയും കേസ് അവസാനിപ്പിക്കാനുള്ള നടപടികള്‍ക്കായി സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. പിന്നീട് മുതിര്‍ന്ന നേതാവും എംഎല്‍എയും ചേര്‍ന്ന് കത്തില്‍ പരാമര്‍ശിക്കേണ്ട നേതാക്കളുടെ പട്ടിക തയ്യാറാക്കുകയും ഇരയെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു.

ഇവരുടെ നിര്‍ദേശ പ്രകാരം തയ്യാറാക്കിയ കത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തിയത്. അക്കൂട്ടത്തിലാണ് കോണ്‍ഗ്രസ് നേതാവല്ലാത്ത എം എല്‍ എയുടെ പ്രത്യേക താല്‍പര്യം പരിഗണിച്ച് ജോസ് കെ മാണിയുടെ പേരും ലിസ്റ്റില്‍ ഇടംപിടിക്കുന്നത്.

4 പേജ് കടലാസിലൂടെ ഒഴുകിയത് കോടികള്‍

അട്ടക്കുളങ്ങര ജയിലില്‍ വച്ചു തയ്യാറാക്കിയ കത്തില്‍ 4 പേജുകള്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ ഇരയായ സ്ത്രീ ചില സാമ്പത്തിക നേട്ടങ്ങളും ലക്ഷ്യമിട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ മുതിര്‍ന്ന നേതാവ് ഇതിനായി ലക്ഷങ്ങളാണ് ചിലവഴിച്ചത്.

കത്തില്‍ പരാമര്‍ശിക്കുന്ന പല നേതാക്കളുടെയും കൈയ്യില്‍ നിന്നും ഇതുവരെ കോടിക്കണക്കിന് രൂപയാണ് ഇരയ്ക്ക് എന്നു പറഞ്ഞു കൈമാറ്റം ചെയ്യപ്പെട്ടതത്രേ. പ്രമുഖ നേതാവ് തിരുവനന്തപുരത്ത് വാങ്ങിയിട്ടിരുന്ന വസ്തു വിറ്റാണത്രെ കേസ് ഒതുക്കിയത്.

എന്നാല്‍ ഇതില്‍ പല തുകകളും ഇടനിലക്കാര്‍ വിഴുങ്ങിയതോടെ ഇരയുടെ കയ്യിലെത്തിയ തുക കുറഞ്ഞു. ഇതോടെയാണ് പലര്‍ക്കുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഇര രംഗത്തെത്തിയത്.

കേസിനോട് അനുബന്ധിച്ച് സാമ്പത്തിക ഇടപാടുകള്‍ നടന്ന കാര്യവും അതില്‍ ഇടനിലക്കാര്‍ മുതലെടുപ്പ് നടത്തിയതും ഇരതന്നെ മുന്‍പ് പത്രക്കാരോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഫലത്തില്‍ സോളാര്‍ പാനലിന്‍റെ പേരില്‍ നടത്തിയ തട്ടിപ്പിനെക്കാള്‍ പല മടങ്ങായിരുന്നു പീഡന പരാതികളുടെ പിന്നാമ്പുറങ്ങളിലൂടെ ഒഴുകിയത്.

കൂട്ടിച്ചേര്‍ത്ത പേരുകള്‍ ചോര്‍ത്തിയത് മാധ്യമ മേധാവി

അതിനിടെ കത്തില്‍ കൂട്ടിച്ചേര്‍ത്ത വിവരങ്ങള്‍ മനസിലാക്കിയ മാധ്യമ മേധാവി ഈ വിവരങ്ങള്‍ ചില ഇടതു നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കി. ഇതിന് വലിയ പ്രതിഫലമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതോടെയാണ് സോളാര്‍ കേസില്‍ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ ഇടതു മുന്നണി തുനിഞ്ഞത്.

പിന്നീട് ഈ വിവാദങ്ങള്‍ ഇടതുപക്ഷം ഏറ്റെടുത്തു. അതിന്റെ രാഷ്ട്രീയ പ്രതിഫലമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. എന്നാല്‍ അധികാരത്തില്‍ വന്നു നാലരവര്‍ഷത്തോളം ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിപക്ഷത്തിനെതിരെയുള്ള ഈ ആയുധം തെരഞ്ഞെടുത്തതും അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്.

ശരണ്യാ മനോജ് കരുതിക്കൂട്ടി തന്നെ ?

എന്നാല്‍ ഗണേഷ്‌കുമാറിനെ രക്ഷിക്കാനായാണ് സോളാര്‍ കേസില്‍ വലിയ ഗൂഢാലോചന നടന്നതെന്നും ഉമ്മന്‍ചാണ്ടിയെ കുരുക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും ആര്‍ ബാലകൃഷ്ണപിള്ളയുടെ അനന്തരവനും സന്തത സഹചാരിയുമായിരുന്ന ശരണ്യാ മനോജെന്ന സി മനോജ്കുമാര്‍ വെളിപ്പെടുത്തിയതോടെയാണ് സോളാറിലെ മറ്റൊരു ഗൂഢാലോചന പുറത്താകുന്നത്.

ഇതോടെ പുതിയ വെളിപ്പെടുത്തല്‍ കൂടി അന്വേഷിക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍. മാത്രമല്ല പല കാര്യങ്ങളിലും പരാതിക്കാരിയുടെ പക്കല്‍ ഉള്ളതിനെക്കാള്‍ ശക്തമായ തെളിവുകള്‍ ഇരിക്കുന്നത് ശരണ്യാ മനോജിന്‍റെയും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍റെയും കൈകളിലാണ്.

അതാണെങ്കില്‍ സര്‍ക്കാരിലെ പ്രമുഖര്‍ക്ക് എതിരെപോലും കോളിളക്കങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതുമാണെന്നാണ് വിവരം. കേസില്‍ കൂടുതല്‍ സത്യങ്ങള്‍ ഇനിയും പുറത്തുവരാന്‍ ബാക്കിയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി ഇന്ന് പറഞ്ഞിരിക്കുന്നത് വരാനിരിക്കുന്ന കോളിളക്കങ്ങളുടെ സൂചനകളാണ്.

അതേസമയം കത്തില്‍ പേര് പരാമര്‍ശിക്കുന്ന ജോസ് കെ മാണി, ഗൂഢാലോചന നടത്തിയെന്നു ആരോപണമുയരുന്ന ഗണേഷ്‌കുമാര്‍, സജി ചെറിയാന്‍ എംഎല്‍എ, കേസ് അട്ടിമറിക്കാന്‍ കോടികള്‍ വാക് ദാനം നല്കിയ നേതാവ് എന്നിവരടക്കമുള്ളമുള്ളവര്‍ ഇപ്പോള്‍ ഇടതു ക്യാമ്പിലാണ്. അതുകൊണ്ടുതന്നെ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ മുതിരാനിടയില്ല.

solar case
Advertisment