Advertisment

ഈ ഒരാഴ്ച ജനങ്ങള്‍ക്ക് നിര്‍ണ്ണായകം. രോഗവ്യാപനം കുറഞ്ഞാല്‍ നിയന്ത്രണങ്ങളില്‍ ഇളവ്. അല്ലെങ്കില്‍ രണ്ടാം ഘട്ടം അവസാനിക്കുന്നിടത്തുനിന്ന് മൂന്നാം ഘട്ടം തുടങ്ങും ! എന്ത് വേണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം - പ്രധാനമന്ത്രി പറഞ്ഞതിന്‍റെ ചുരുക്കം ഇങ്ങനെ

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ന്യൂഡൽഹി ∙ ഈ ഒരാഴ്ച രാജ്യത്തെ ജനങ്ങള്‍ക്ക് നിര്‍ണ്ണായകമാണ്. കാരണം ലോക് ഡൌണ്‍ നീട്ടണമോ വേണ്ടയോ എന്ന തീരുമാനം ജനങ്ങള്‍ക്ക് വിട്ടു നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. രോഗവ്യാപനം കുറഞ്ഞാല്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും. അല്ലെങ്കില്‍ കാര്യങ്ങള്‍ കടുപ്പിക്കും. അപ്പോള്‍ അനുസരിക്കേണ്ട ഉത്തരവാദിത്വം ജനങ്ങള്‍ക്ക് തന്നെ.

550 പേര്‍ക്ക് മാത്രം കൊറോണ സ്ഥിരീകരിച്ചപ്പോള്‍ പ്രഖ്യാപിച്ചതായിരുന്നു ആദ്യ ലോക് ഡൌണ്‍. 20 ദിവസം പൂര്‍ത്തിയായപ്പോള്‍ ആ സംഖ്യ 10,541 ആയി. ഈ നില തുടര്‍ന്നാല്‍ രണ്ടാം ഘട്ടം അവസാനിക്കുന്നിടത്തുനിന്ന് മൂന്നാം ഘട്ടം തുടങ്ങുമെന്നാണ് പ്രധാനമന്ത്രി ഇന്ന് പറയാതെ പറഞ്ഞത്.

ലോകത്തെ മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ നില ഭേദമാണ്. എന്നാല്‍ മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കാര്യങ്ങള്‍ ആശങ്കാജനകമായ നിലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡൽഹി, തമിഴ്നാട് എന്നിവിടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ. നൂറിലേറെ പേർക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് മരണനിരക്ക് രാജസ്ഥാനിലും (0.37%) രണ്ടാമത് കേരളത്തിലുമാണ്.

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം ഇതുവരെ 10,541 ലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8,988 പേരാണ് ചികിത്സയിലുള്ളത്. 339 ആളുകൾ മരിച്ചു. മുംബൈ ധാരാവിയിൽ ചൊവ്വാഴ്ച രണ്ടു പേർ കൂടി മരിച്ചു. ആറ് പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ കോവിഡ് ബാധിതരുടെ എണ്ണം 55 ആയി. ഏഴ് പേർ മരിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരെ 2334 പേർക്കു രോഗം സ്ഥിരീകരിച്ചു. 160 പേർ മരിച്ചു.

കേരളത്തിൽ 378 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 178 രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്. 198 പേരും രോഗമുക്തരായി. രണ്ടു പേർ മരിച്ചു. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതിൽ പകുതിയിലേറെ പേരും (52.24%) രോഗമുക്തരായി.

 

covid 19
Advertisment