കോവിഡിനെതിരായ വാക്‌സിന്‍ 100% ഫലപ്രാപ്തി നല്‍കണമെന്നില്ല; ഏതെങ്കിലും വാക്‌സിന്‍ 50 മുതല്‍ 100 ശതമാനം വരെ ഫലപ്രാപ്തി പ്രകടിപ്പിച്ചാല്‍ ഉപയോഗത്തിനായി അനുമതി നല്‍കിയേക്കുമെന്ന് ഐസിഎംആര്‍

ഹെല്‍ത്ത് ഡസ്ക്
Wednesday, September 23, 2020

ഡല്‍ഹി: കോവിഡിനെതിരായ വാക്‌സിന്‍ 100% ഫലപ്രാപ്തി നല്‍കണമെന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ഏതെങ്കിലും വാക്‌സിന്‍ 50 മുതല്‍ 100 ശതമാനം വരെ ഫലപ്രാപ്തി പ്രകടിപ്പിച്ചാല്‍ ഉപയോഗത്തിനായി അനുമതി നല്‍കിയേക്കുമെന്നും ഐസിഎംആര്‍ അറിയിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കെതിരെയുളള വാക്‌സിനുകള്‍ പൂര്‍ണ ഫലപ്രാപ്തി പ്രകടിപ്പിക്കണമെന്നില്ല. വാക്‌സിനുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. സുരക്ഷിതത്വം, രോഗപ്രതിരോധശേഷി, ഫലപ്രാപ്തി.

ഇതില്‍ 50 ശതമാനം ഫലപ്രാപ്തി പ്രകടിപ്പിച്ചാല്‍ അത് സ്വീകരിക്കാവുന്നതാണ്. എങ്കിലും നൂറ് ശതമാനം ഫലപ്രാപ്തിയാണ് ലക്ഷ്യമിടുന്നതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.

നിലവില്‍ പരീക്ഷണം പുരോഗമിക്കുന്ന വാക്‌സിനുകളിലേതെങ്കിലും 50 ശതമാനത്തിനു മുകളില്‍ ഫലം നല്‍കിയാല്‍ പോലും അതു പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമാക്കുമെന്ന സൂചനയും ഐസിഎംആര്‍ നല്‍കി.

പരീക്ഷണം അവസാന ഘട്ടത്തിലെത്തിയ വാക്‌സിനുകള്‍ പോലും വിജയിക്കാന്‍ പകുതി സാധ്യത മാത്രമാണുള്ളതെന്നു ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയംഗം ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു.

×