Advertisment

സെമി ഉറപ്പിക്കാൻ കിവികളും കങ്കാരുക്കളും; ആദ്യ മത്സരം രാവിലെ ധരംശാലയിൽ

ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും അവസാന മൂന്ന് മത്സരങ്ങളിൽ തകർപ്പൻ വിജയം നേടിയാണ് ഓസീസ് ഇന്ന് ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുന്നത്.

New Update
1394773-australia-vs-new-zealand.webp

ധരംശാലയിൽ: ലോകകപ്പിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡും ആസ്‌ത്രേലിയയും തമ്മിൽ നേരിടും. സെമി പ്രവേശനം ഉറപ്പിക്കലാണ് രണ്ട് ടീമും ലക്ഷ്യമിടുന്നത്. രാവിലെ പത്തരയ്ക്ക് ധരംശാലയിലാണ് മത്സരം.

Advertisment

ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും അവസാന മൂന്ന് മത്സരങ്ങളിൽ തകർപ്പൻ വിജയം നേടിയാണ് ഓസീസ് ഇന്ന് ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുന്നത്. അവസാന കളിയിൽ നെതർലൻഡ്‌സിനെതിരെ 309 റൺസിന്റെ ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണ് ടീം സ്വന്തമാക്കിയത്.

നിലവിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ആസ്‌ത്രേലിയയ്ക്ക് ആശങ്കകളില്ല. ഓപണർ ഡേവിഡ് വാർണർ അവസാന രണ്ട് കളികളിലും സെഞ്ച്വറി നേടി തകർപ്പൻ ഫോമിലാണ്. കഴിഞ്ഞ കളിയോടെ ഗ്ലെൻ മാക്‌സ്‌വെൽ ഫോം കണ്ടെത്തിയതോടെ ടീമിന്റെ മധ്യനിരയും കരുത്താർജിച്ചു.

ബൗളിങ്ങിൽ സ്പിന്നർ ആദം സാംപയിലാണ് ടീമിന്റെ ഏറ്റവുമധികം പ്രതീക്ഷ. അവസാന മൂന്ന് കളികളിൽനിന്ന് പന്ത്രണ്ട് വിക്കറ്റാണ് താരം നേടിയത്.

ആദ്യ നാല് മത്സരങ്ങൾ വിജയിച്ച ന്യൂസിലൻഡ് ഇന്ത്യയോടേറ്റ പരാജയത്തിന്റെ ക്ഷീണം മാറ്റാനാണ് ആസ്‌ത്രേലിയയ്‌ക്കെതിരെ ഇറങ്ങുന്നത്. താരങ്ങൾ തമ്മിലുള്ള ഒത്തിണക്കമാണ് ടൂർണമെന്റിൽ ന്യൂസിലൻഡിനു നേട്ടമാകുന്നത്. ഡേവൻ കോൺവേ, ഡാരി മിച്ചൽ, രച്ചിൻ രവീന്ദ്ര തുടങ്ങിയവരെല്ലാം ബാറ്റിങ്ങിൽ മികച്ച ഫോമിലാണ്. ഇന്ത്യൻ മണ്ണിൽ സാഹചര്യത്തിനൊത്ത് പ്രകടനം പുറത്തെടുക്കാൻ ഇവർക്കാകുന്നുണ്ട്.

സ്പിന്നർ മിച്ചൽ സാന്റ്‌നറാണ് ബൗളിങ്ങിൽ കിവികളുടെ തുറുപ്പുചീട്ട്. ടൂർണമെന്റിൽ എതിരാളികൾക്ക് റൺസ് വിട്ടുനൽകാതെ വിക്കറ്റ് വീഴ്ത്താൻ മിടുക്കനാണ് താരം.

ലോകകപ്പ് ചരിത്രത്തിൽ കരുത്തർ ആസ്‌ത്രേലിയയാണ്. ഏകദിന ലോകകപ്പിൽ ഇരുടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോൾ എട്ടിലും വിജയം ആസ്‌ത്രേലിയയ്‌ക്കൊപ്പമായിരുന്നു. ന്യൂസിലൻഡിനു മൂന്നു തവണ മാത്രമാണു ജയിക്കാനായത്.

world cup
Advertisment