Advertisment

യാത്ര (കവിത)

author-image
സത്യം ഡെസ്ക്
New Update
yathra sreeja gopal

കൂരിരുൾ മായും മനസ്സിലൊരു മോഹമായ് 

ഈ യാത്രയെന്നെ മാടി വിളിക്കുന്നു..

പുലരും പൂക്കളിൽ പൂമേനിയഴകായ് 

നീഹാര മുത്തുകൾ ചേർന്നിരുന്നു..

മലനിരകൾ തഴുകിയ കുളിർകാറ്റിൻ സുഗന്ധം പടർത്തി 

വഴിനീളെ വരികളായ് 

മാമരങ്ങൾ..

ദലങ്ങൾ അടരുന്ന ആ മരച്ചോട്ടിൽ 

ഓർമ്മയുടെ മർമരം കർണ്ണസുഖം..

കഥചൊല്ലിയകലുന്ന പറവകൾ വാനിലായ് 

തിനതേടിയെവിടെയോ പോയ് മറഞ്ഞു..

ദൂരങ്ങൾ താണ്ടീയീ യാത്രയ്ക്കു കൂട്ടായി 

മനസ്സിൽ ഒളിപ്പിച്ച ആയിരം വർണ്ണങ്ങൾ.

പുഴകൾ തൻ ചന്തമായ് കുഞ്ഞോളങ്ങൾ 

പാവനമായൊരു ചിത്രം വരച്ചു 

ഉദയത്തിൻ ശോഭയായ് ഉയരും കിരണങ്ങൾ 

ആരെയോ പരതി ജലരാശിയിൽ 

ആളൊഴിഞ്ഞ കടവിലൊരു തോണി 

കടത്തുകാരനെ കാത്തു കാത്തങ്ങനെ 

തെങ്ങോലചന്തത്തിൽ തൂക്കണാം കുരുവിയും 

താളത്തിലങ്ങനെ ചാഞ്ചാടി രസിപ്പൂ.

കൊയ്തൊഴിഞ്ഞ വയൽവരമ്പിൽ കൊറ്റികൾ 

വിശ്രമിച്ചീടും കാഴ്ചയും കണ്ടുകൊണ്ടങ്ങനെ..

പരാതിയില്ലാതെ പ്രകൃതിയുടെ മാറിൽ 

പലവിധ പ്രാണികൾ പൂക്കളും മരുവുന്നു.

നയനാനന്തകരമായ് ഈ യാത്ര വീണ്ടും 

മണ്ണിൻ മണമുള്ള വരികൾ രചിപ്പൂ  

ജീവിത യാത്രയ്ക്കു നിറമേകിയങ്ങനെ 

ഇനിയും തുടരട്ടെ ഈ യാത്ര പിന്നെയും...

-ശ്രീജ ഗോപാൽ

Advertisment